പാരില്‍പ്പടര്‍ന്നേറും പാപത്തിന്‍ പാഴിരുള്‍
പാടേ വിപാടനം ചെയ്തിടുവാന്‍
കാലിത്തൊഴുത്തില്‍ കതിരൊളി തൂകിടും
കാലത്തിന്‍ കാരണനെന്റെ ദൈവം
കന്മഷമൊട്ടും കലരാതെ ജാതയാം
കന്യാമറിയത്തിന്‍ തൃക്കൈകളില്‍
താലോലം താലോലമാടി മയങ്ങിടും
താരകപ്പൈതലാണെന്റെ ദൈവം
അമ്മിഞ്ഞപ്പാലു നുകര്‍ന്നുകൊണ്ടമ്മത-
ന്നാനനം നോക്കിച്ചിരിച്ചിരിക്കും
ആരോമലാണവനഖിലേശനാണവന്‍
ആരാധ്യനാണവനെന്റെ ദൈവം
അമ്മതന്‍ തോളത്തിരുന്നുകൊണ്ടമ്പിളി-
യമ്മാവനെന്നൊരു കൈതവത്താല്‍
നിത്യപിതാവിലേക്കാ വിരല്‍ത്തുമ്പുകള്‍
നീട്ടിത്തരുന്നവനെന്റെ ദൈവം
ആരാധനാലയവേദിയില്‍ പങ്കുചേര്‍-
ന്നാഗമതത്ത്വങ്ങള്‍ ചര്‍ച്ച ചെയ്യും
കൗമാര്യനാണവനെങ്കിലും ജ്ഞാനത്തില്‍
സൗകുമാര്യന്‍തന്നെയെന്റെ ദൈവം
ആരുടെ കണ്ണിനുമാനന്ദം നല്കുന്നോ-
നാരുടെ കാതും തണുപ്പിക്കുന്നോന്‍
ആരിലും കാരുണ്യം വാരിവിതറുന്നോ-
നാദരണീയനാണെന്റെ ദൈവം
അച്ഛനുള്ളിച്ഛകളേതും ഗ്രഹിച്ചതി
മെച്ചമായ്ത്തന്നെ തുണച്ചിരിക്കും
പയ്യനാണീശനാണെങ്കിലും വേലയില്‍
പയ്യനല്ലാത്തവനെന്റെ ദൈവം
കാനാപുരത്തിലെ കല്യാണവേളയില്‍
കന്യയാമമ്മതന്നാഗ്രഹത്താല്‍
ഹാ! വെറും വെള്ളം രുചിയേറും മുന്തിരി
നീരാക്കിത്തീര്‍ത്തവനെന്റെ ദൈവം
രക്ഷകവീഥികള്‍ വിസ്തൃതമാക്കുവാ-
നക്ഷീണമാസ്ഥയാ വേലചെയ്യും
സ്‌നാപകയോഗീന്ദ്രമൗലിയില്‍നിന്നുമായ്
സ്‌നാനം കൈക്കൊണ്ടവനെന്റെ ദൈവം
ദുഷ്‌കൃതം കൂടും ജഡത്തെ ജയിക്കുവാന്‍
സത്കൃതമാര്‍ഗങ്ങള്‍ കണ്ടെടുക്കാന്‍
ധ്യാനോപവാസത്തിന്‍ പ്രാധാന്യം താന്‍തന്നെ
മാനവര്‍ക്കേകിയോനെന്റെ ദൈവം
ഗ്ലീലാക്കടലില്‍ വലയെറിഞ്ഞീടുന്നൊ-
രേഴകളെക്കൂട്ടി കൂട്ടരാക്കി
മര്‍ത്ത്യമത്സ്യം പിടിപ്പാനായ് സംസാര
സാഗരം താണ്ടിയോനെന്റെ ദൈവം
തീരാത്ത രോഗങ്ങള്‍ സാത്താന്റെ തിന്മകള്‍
ഘോരാധി കുഷ്ഠഗണങ്ങളെല്ലാം
ചാരത്തു വന്നു നമിച്ചവരേവര്‍ക്കും
ദൂരസ്ഥനാക്കിയോനെന്റെ ദൈവം
(തുടരും)