•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കേരള കോണ്‍ഗ്രസിന് 60 തികയുമ്പോള്‍

   കേരള കോണ്‍ഗ്രസ് പിറവിയെടുത്തിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. 1964 ഒക്‌ടോബര്‍ 9 ന് രൂപീകൃതമായ കേരള കോണ്‍ഗ്രസ് വ്യത്യസ്തമുന്നണികളിലായി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
   ദേശീയരാഷ്ട്രീയത്തില്‍ പ്രാദേശികപാര്‍ട്ടികള്‍ക്ക് ഇന്നു നിര്‍ണായകസ്ഥാനമുണ്ട്. കേരള കോണ്‍ഗ്രസ് ജന്മമെടുത്തു പതിറ്റാണ്ടുകള്‍ക്കുശേഷം രൂപംകൊണ്ട ടി.ഡി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ പ്രാദേശികപാര്‍ട്ടികള്‍പോലും ഇന്നു സംസ്ഥാനരാഷ്ട്രീയത്തിനുപുറമേ ദേശീയരാഷ്ട്രീയത്തിലും ചലനം സൃഷ്ടിക്കുന്നു. സമാനമായ ഒരു വളര്‍ച്ച കേരള കോണ്‍ഗ്രസിനും സാധ്യമാണെന്നിരിക്കെ, നാളിതുവരെയായിട്ടും ഉണ്ടായില്ല.
കാലാകാലങ്ങളില്‍ മധ്യവര്‍ഗത്തിന്റെയും കര്‍ഷകരുടെയും കരുത്തുറ്റ ശബ്ദമായി മാറാന്‍ കേരളകോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞുകൂടാ. കേരളത്തിന്റെ സാമൂഹിക-കാര്‍ഷിക-വൈജ്ഞാനികമേഖലകളിലെ നവോത്ഥാനത്തില്‍ കേരളകോണ്‍ഗ്രസ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ കേരളം കണ്ട ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു കോളജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കുകയെന്നത്. അതുവഴി സീറ്റുകള്‍ വര്‍ധിച്ചതുമൂലം പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവരുമായിരുന്ന ധാരാളം യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുങ്ങി. അന്നു വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്ന പി.ജെ. ജോസഫ് തുടങ്ങിവച്ച ഈ വിദ്യാഭ്യാസവിപ്ലവം, ഉന്നതവിദ്യാഭ്യാസവും വിദേശരാജ്യങ്ങളിലടക്കം മികച്ച ജോലിയും നേടി, നാടിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ യുവജനങ്ങളെ സഹായിച്ചു.
   കെ.എം. മാണി ആരംഭിച്ച കാരുണ്യലോട്ടറിയടക്കമുള്ള പദ്ധതികള്‍ മാരകരോഗങ്ങള്‍മൂലം വലയുന്ന അനേകര്‍ക്ക് ആശ്വാസമേകുന്നവയായിരുന്നു.
കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്ന നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്.
1964 ല്‍ രൂപീകൃതമായ കേരള കോണ്‍ഗ്രസ് 1965 ലെ കേരള നിയമസഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച് 24 സീറ്റുകളാണ് നേടിയത്.  കുതിരചിഹ്നത്തില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് 24 സീറ്റുകള്‍ ലഭിച്ചപ്പോള്‍, കേരളകോണ്‍ഗ്രസ് പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിച്ച പി.ഡി. തൊമ്മനും, ചാത്തന്നൂരില്‍ മത്സരിച്ച തങ്കപ്പന്‍പിള്ളയും ജയിച്ചു. സി. രാജഗോപാലാചാരിയുടെ സ്വതന്ത്രപാര്‍ട്ടിയുടെ ലേബലിലാണ് അവര്‍ മത്സരിച്ചത്.
അങ്കമാലി, ചങ്ങനാശേരി, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കരിമണ്ണൂര്‍, കാഞ്ഞിരപ്പള്ളി, വാഴൂര്‍, ഏറ്റുമാനൂര്‍, അകലക്കുന്നം, പാലാ, കടുത്തുരുത്തി, ചേര്‍ത്തല, കുട്ടനാട്, തിരുവല്ല, കല്ലൂപ്പാറ, ചെങ്ങന്നൂര്‍, ആറന്മുള, റാന്നി, പത്തനംതിട്ട, കോന്നി, കൊട്ടാരക്കര, പത്തനംതിട്ട, അടൂര്‍ എന്നിവയായിരുന്നു ആ ഇരുപത്തിനാലു സീറ്റുകള്‍. ഇതില്‍ കുന്നത്തൂരില്‍ ടി.കൃഷ്ണന്‍ മത്സരിച്ചത് റിസര്‍വേഷന്‍ സീറ്റിലായിരുന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാല്‍ വിളിച്ചുകൂട്ടാതെതന്നെ പ്രസിഡന്റ് നിയമസഭ പിരിച്ചുവിട്ടു.
  കേരള കോണ്‍ഗ്രസ് വിജയിച്ചിട്ടുള്ള ഈ മണ്ഡലങ്ങള്‍ക്കുപുറമേ മലബാറിലെ കുടിയേറ്റമേഖലകളിലും തിരുവനന്തപുരത്തെ തീരദേശമേഖലകളിലും നിര്‍ണായകശക്തിയാകാന്‍ ഇന്നും കേരള കോണ്‍ഗ്രസിനു സാധിക്കും. പതിനഞ്ചാം കേരളനിയമസഭയില്‍ എല്‍ഡിഎഫിലും യുഡിഎഫിലുമായി 10 കേരള കോണ്‍ഗ്രസ് എം.എല്‍.എ.മാരാണുള്ളത്. ഇത് കുറഞ്ഞത് ഒന്നരയിരട്ടിയായി വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ കേരള കോണ്‍ഗ്രസുകള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നേരിട്ടു ചര്‍ച്ച നടത്തിയ അപൂര്‍വം  പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ പക്കല്‍ ഭദ്രമായിരിക്കുന്ന വിശാലമായ വോട്ടുബാങ്കിന്റെ ശക്തി ഇന്ദിരാഗാന്ധിപോലും തിരിച്ചറിഞ്ഞിരുന്നു. 1971 ലെ ലോകസഭയില്‍ മൂന്ന് എം.പി. മാരെ വിജയിപ്പിച്ചെടുത്ത പാര്‍ട്ടിയാണ്  കേരള കോണ്‍ഗ്രസ്. ഒരുകാലത്ത് കാര്‍ഷികമേഖലയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ നഴ്‌സിങ്ങും ഐ.റ്റി.യുമടക്കമുള്ള തൊഴില്‍മേഖലകളാണ് ജീവസന്ധാരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കാര്‍ഷികപ്രശ്‌നങ്ങള്‍ക്കൊപ്പം ഇത്തരം മേഖലകളിലുള്ള പ്രശ്‌നങ്ങള്‍കൂടി ഏറ്റെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ക്കു കഴിയേണ്ടിയിരിക്കുന്നു.
  നിയമസഭാസാമാജികരെന്ന നിലയിലും കേരളകോണ്‍ഗ്രസ് എം.എല്‍.എ. മാരുടെ പ്രകടനം മികച്ചതാണ്. കേരള കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ മണ്ഡലങ്ങളില്‍ ആധുനികരീതിയിലുള്ള റോഡുകളടക്കമുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് മുന്നിട്ടുനില്ക്കുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകനായ അഡ്വ. ജയശങ്കര്‍ അടുത്തിടെ അഭിപ്രായപ്പെടുകയുണ്ടായി.
   പി.ജെ. ജോസഫ് (തൊടുപുഴ), അഡ്വ. മോന്‍സ് ജോസഫ് (കടുത്തുരുത്തി), അഡ്വ. അനൂപ് ജേക്കബ് (പിറവം) എന്നിവരാണ് യുഡിഎഫിന്റെ ഭാഗമായിട്ടുള്ള കേരള കോണ്‍ഗ്രസ് എം.എല്‍.എ. മാര്‍.
  റോഷി അഗസ്റ്റിന്‍ (ഇടുക്കി), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശേരി), അഡ്വ. പ്രമോദ് നാരായണന്‍ (റാന്നി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), കെ.ബി. ഗണേഷ്‌കുമാര്‍ (കൊട്ടാരക്കര), അഡ്വ. ആന്റണി രാജു (തിരുവനന്തപുരം) എന്നിവരാണ് എല്‍ഡിഎഫിന്റെ ഭാഗമായുള്ള പതിനഞ്ചാം നിയമസഭയിലെ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍.
   ജോസ് കെ. മാണി രാജ്യസഭയില്‍ കേരള കോണ്‍ഗ്രസ്എമ്മിന്റെ പ്രതിനിധിയായി നിലകൊള്ളുമ്പോള്‍, അഡ്വ. ഫ്രാന്‍സിസ്  ജോര്‍ജ് ലോക്‌സഭയില്‍ കേരള കോണ്‍ഗ്രസിന്റെ ശബ്ദമായി മാറുന്നു.
  ഇന്ത്യയിലെ ജനസംഖ്യയുടെ 67.49 ശതമാനം പതിനഞ്ചു വയസ്സിനും അറുപത്തിനാലു വയസ്സിനും ഇടയിലുള്ളവരാണ്. 65 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം 6.83 മാത്രമാണ്. പതിന്നാലു വയസ്സുവരെയുള്ളവരാണ് 25.68 ശതമാനം.
   പാര്‍ട്ടി കൂടുതല്‍ വളര്‍ച്ചയിലേക്കു കടക്കണമെങ്കില്‍ ചെറുപ്പക്കാര്‍ക്കു കൂടുതല്‍ അവസരം നല്‌കേണ്ടിയിരിക്കുന്നു. കഴിവും നേതൃഗുണവും സമൂഹത്തില്‍ മാറ്റം വരുത്താന്‍ കഴിവുള്ളവരുമായ ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്കു കൂടുതലായി കടന്നുവരുന്നതോടൊപ്പം മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തുകൂടി ഉപയോഗപ്പെടുത്താന്‍ കേരളകോണ്‍ഗ്രസുകാര്‍ക്കു കഴിയണം. വ്യക്തവും ശക്തവുമായ ഒരു താത്ത്വികാടിത്തറയില്‍ ഈ പാര്‍ട്ടികള്‍  മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. 
   കേരള കോണ്‍ഗ്രസുകളെ ഇപ്പോള്‍ നയിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അടുത്ത പത്തു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ദിശാബോധത്തോടും വ്യക്തമായ കാഴ്ചപ്പാടോടുംകൂടി നടപ്പിലാക്കുകയാണെങ്കില്‍ കേരളരാഷ്ട്രീയത്തിലെ സുപ്രധാനശക്തിയായി മാറാന്‍ കേരള കോണ്‍ഗ്രസിനു കഴിയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)