അന്തരിച്ച പ്രമുഖ ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റായെ ഓര്‍ക്കുമ്പോള്‍
2018 ഫെബ്രുവരി ആറാംതീയതി. അന്നായിരുന്നു ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ നേതൃത്വത്തില്‍, ജീവകാരുണ്യരംഗത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് വലിയൊരു ചടങ്ങില്‍വച്ച് പ്രശസ്ത വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ രത്തന്‍ ടാറ്റായ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കവേയാണ് ഫെബ്രുവരി രണ്ടിന് അദ്ദേഹത്തിന്റെ സുഹൃത്തിന് ഒരു ഫോണ്‍കോള്‍ വരുന്നത്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍വച്ച് ഫോണ്‍ നോക്കിയതും 11 മിസ്ഡ്‌കോളുകള്‍! വിളിച്ചത് രത്തന്‍ ടാറ്റാ. എന്തായിരിക്കാം അത്യാവശ്യമെന്നോര്‍ത്ത് തിരിച്ചുവിളിച്ചതും രത്തന്‍ ടാറ്റ പറഞ്ഞു:
അദ്ദേഹത്തിന് അവാര്‍ഡു ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല. കാരണവും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ്ക്കളാണ് ടാങ്കോയും ടിറ്റോയും. അതിലൊരാള്‍ക്ക് ഗുരുതരമായി അസുഖം ബാധിച്ചിരിക്കുകയാണ്. അവരെ ഉപേക്ഷിച്ച്, ഈ സമയം ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വീകരിക്കാന്‍ വരാന്‍ സാധിക്കുകയില്ല എന്ന് രത്തന്‍ ടാറ്റ പറഞ്ഞു.
വലിയൊരു രാജ്യാന്തരബഹുമതി ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ നേതൃത്വത്തില്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെക്കാള്‍ മൂല്യം ഗുരുതരമായി അസുഖം ബാധിച്ച തന്റെ പ്രിയപ്പെട്ട നായ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതാണെന്നു ബോധ്യപ്പെട്ട് അംഗീകാരത്തിന്റെ നേര്‍ക്ക് 'നോ' പറഞ്ഞ രത്തന്‍ ടാറ്റായിലെ സഹജീവിസ്‌നേഹിയെക്കുറിച്ചറിഞ്ഞ ചാള്‍സ് രാജകുമാരന്റെ മറുപടിയും ഇതായിരുന്നു:
''അതാണ് രത്തന്‍ ടാറ്റാ. അതാണ് ടാറ്റാ ഹൗസിനെ വേറിട്ടു നിര്‍ത്തുന്നതും.'' ആ വാക്കില്‍ എല്ലാം അടങ്ങിയിരുന്നു.
അടയ്ക്കാത്ത വാതില്‍
രത്തന്‍ ടാറ്റായുടെ സഹജീവിസ്‌നേഹം മുത്തച്ഛന്‍ ജെ.ആര്‍.ഡി. ടാറ്റയുടെ കാലംമുതലേ ആരംഭിച്ചതാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായ ബോംബെഹൗസിന്റെ ഗേറ്റ് ഏതു സമയവും തുറന്നുകിടന്നിരുന്നു. അവിടെ തെരുവുനായ്ക്കള്‍ക്ക് യഥേഷ്ടം ഭക്ഷണവും വിശ്രമവും അനുവദിച്ചിരുന്നു. ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോള്‍ തെരുവു നായ്ക്കള്‍ക്കായി പ്രത്യേക മുറിതന്നെ രത്തന്‍ ടാറ്റ ഒരുക്കി. ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ മെത്തയും വാക്‌സിനേഷനുമെല്ലാം അവിടെ ഒരുക്കിയിരുന്നു.
സമ്പത്തിന്റെ വില
സഹജീവിസ്‌നേഹമെന്നാല്‍ ചുറ്റുപാടുമുള്ള എല്ലാവരോടുമുള്ള സ്‌നേഹമായിരുന്നു രത്തന്‍ ടാറ്റയ്ക്ക്. പലരും ആശ്ചര്യപ്പെട്ടു ചോദിച്ച ഒരു ചോദ്യമുണ്ട്. ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നിട്ടും ഇന്ത്യയിലെ ആദ്യ പത്തു ധനികരില്‍ രത്തന്‍ ടാറ്റായോ അദ്ദേഹത്തിന്റെ ടാറ്റാ ഗ്രൂപ്പോ വരാത്തത് എന്താണെന്ന്? അതിനൊരു കാരണമുണ്ട്. അദ്ദേഹം സമ്പത്ത് ഒരിക്കലും തന്റെ സ്വാര്‍ഥതയ്ക്കായി കൂട്ടിക്കൂട്ടി വച്ചില്ല; മറിച്ച്, ലളിതജീവിതം നയിച്ചുകൊണ്ട് സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം തുടങ്ങിയമേഖലകളില്‍ അനേകലക്ഷം ആളുകളുടെ ഉന്നമനത്തിനായി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചെലവഴിക്കുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമാത്രമായി ടാറ്റാ ട്രസ്റ്റ് ഇതുവരെ ചെലഴിച്ചത് 10,000 കോടി രൂപയിലധികമാണ്. ബില്യണയര്‍മാരുടെ പട്ടികയില്‍ ഇടംനേടുകയും സ്വന്തം കുടുംബത്തിലുള്‍പ്പെടെ പരാജയപ്പെടുകയും സമ്പത്തിന്റെ ആധിക്യത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സമ്പന്നര്‍ക്കു പാഠമാവേണ്ടതാണ് രത്തന്‍ ടാറ്റായുടെ ജീവിതം.
സന്തോഷത്തിന്റെ രഹസ്യം
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരകന്‍ രത്തന്‍ ടാറ്റായോടു ചോദിച്ചു: ജീവിതത്തില്‍ താങ്കള്‍ക്ക് ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷമേതാണ്? സന്തോഷത്തിന്റെ നാലു വ്യത്യസ്തഘട്ടത്തിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നും ഒടുവിലാണ് യഥാര്‍ഥ സന്തോഷം കണ്ടെത്തിയതെന്നും രത്തന്‍ ടാറ്റ പ്രതികരിച്ചു. വലിയ രീതിയില്‍ പണം സമ്പാദിച്ചതായിരുന്നു ആദ്യത്തെ ഘട്ടം. എന്നാല്‍, പ്രതീഷിച്ച സന്തോഷം നല്‍കാന്‍ പണത്തിനായില്ല. വലിയ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ശേഖരിച്ചതായിരുന്നു രണ്ടാമത്തെ ഘട്ടം. പക്ഷേ, അതിനും ആത്യന്തികസന്തോഷം നല്‍കാനായില്ല. മൂന്നാമത്തെ ഘട്ടത്തിലാവട്ടെ, ബിസിനസ് വന്‍തോതില്‍ വിപുലീകരിച്ചു. ലോകമെമ്പാടുമായി പടര്‍ത്തി വലുതാക്കി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഉള്‍പ്പെടെ 95% എണ്ണയും വിതരണം ചെയ്യുന്ന തരത്തിലേക്ക് കമ്പനിയെ വളര്‍ത്തി. ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്കുഫാക്ടറിയുടെ ഉടമയായി മാറി. പക്ഷേ, അപ്പോഴും യഥാര്‍ഥസന്തോഷം കണ്ടെത്താന്‍ സാധിച്ചില്ല.
നാലാമത്തെ ഘട്ടത്തിലാണ്, ഭിന്നശേഷിക്കാരായ 200 കുട്ടികള്‍ക്ക് വീല്‍ച്ചെയറുകള്‍ വാങ്ങി നല്‍കാമോയെന്ന് ഒരു സുഹൃത്ത് അദ്ദേഹത്തോടു ചോദിക്കുന്നത്. അദ്ദേഹമതു സമ്മതിച്ചു.
അപ്പോഴാണ് മറ്റൊരാവശ്യം കൂടി സുഹൃത്ത് ഉന്നയിക്കുന്നത്; അദ്ദേഹംതന്നെ അവര്‍ക്ക് വീല്‍ച്ചെയറുകള്‍ നേരിട്ടു നല്‍കണമെന്ന്. അതനുസരിച്ച് അദ്ദേഹംതന്നെ അവര്‍ക്ക് നേരിട്ടു വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തു. ആ സമയം ആ കുട്ടികളുടെ മുഖത്തു തെളിഞ്ഞ സന്തോഷം അദ്ദേഹത്തിന്റെ മനസ്സില്‍ കെടാതെനിന്നു.
തിരികെ പോരാന്‍നേരം ഒരു കുട്ടി അദ്ദേഹത്തിന്റെ കാലില്‍ മുറുകെപ്പിടിച്ചു. വിടുവിക്കാന്‍ നോക്കിയിട്ടും പറ്റിയില്ല. അപ്പോള്‍ അദ്ദേഹം അവനോടു ചോദിച്ചു: നിനക്ക് വേറേയെന്തെങ്കിലും വേണോ?
അവന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: എനിക്ക് താങ്കളുടെ മുഖം എന്നും ഓര്‍ത്തുവയ്ക്കണം. നാളെ സ്വര്‍ഗത്തില്‍വച്ച് നമ്മള്‍ വീണ്ടും കാണും.
യഥാര്‍ഥസന്തോഷം, നേടുന്നതിനെക്കാള്‍ നല്‍കുന്നതിലാണ് എന്നദ്ദേഹം അന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ മാധുര്യം കൊവിഡ്കാലത്ത് കേരളവും അനുഭവിച്ചു. കൊവിഡ് രോഗികള്‍ക്കായി കാസര്‍ഗോട്ട് സൗജന്യമായി ടാറ്റാ ഗ്രൂപ്പ് ആശുപത്രി നിര്‍മിച്ചുനല്കി.
തിരിച്ചടികളെ വിജയത്തിന്റെ ഇന്ധനമാക്കി
തിരിച്ചടികള്‍ നേരിട്ടപ്പോള്‍ തളരാത്ത മനസ്സുമായി അതിനെ അതീജിവിച്ച ചരിത്രമാണ് രത്തന്‍ ടാറ്റായ്ക്കുള്ളത്.
രത്തന് പത്തു വയസ്സു പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തി. പിന്നീട് വളര്‍ത്തിയതെല്ലാം മുത്തശ്ശിയായിരുന്നു. മുത്തശ്ശിയുടെ വാക്കുകള്‍ രത്തന് എന്നും വഴികാട്ടിയായി. എവിടെയും തലയുയര്‍ത്തി നില്‍ക്കണം, പരിഹാസങ്ങളെ അവഗണിച്ചുകൊണ്ടു മുന്നേറണം, ആരോടും പരുഷമായി പെരുമാറരുത് എന്നീ വാക്കുകള്‍ രത്തന്റെ ജീവിതത്തില്‍ കെടാവിളക്കായി.
വലിയ സമ്പത്തിലും ആഡംബരപ്രിയനായിരുന്നില്ല രത്തന്‍. ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതുവരെ കൊളാബയിലെ ലളിതമായ ഫ്‌ളാറ്റിലായിരുന്നു രത്തന്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നത്.
ദേശീയതയുടെ മുഖമുദ്രകൂടിയായിരുന്നു ടാറ്റാ. അങ്ങനെ ആദ്യത്തെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറായ ടാറ്റാ ഇന്‍ഡിക്ക 1998 ല്‍ പുറത്തിറക്കി. പക്ഷേ, വിപണിയില്‍ തിരിച്ചടി നേരിട്ടതോടെ ഒരുവര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടേണ്ടിവന്നു.അങ്ങനെ ഫോര്‍ഡുകമ്പനിയുമായി ചര്‍ച്ചയ്ക്കുപോയ രത്തന്‍ ടാറ്റായോട് ഫോര്‍ഡിന്റെ മേധാവി പറഞ്ഞു: നിങ്ങള്‍ക്ക് യാതൊന്നും അറിയില്ല. പിന്നെ എന്തിനാണ് കാര്‍നിര്‍മാണം ആരംഭിച്ചത്. ഇത് ഞങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കു തരുന്ന ഔദാര്യമാണ്. തന്റെ ജീവനക്കാരുടെ മുമ്പില്‍വച്ച് ഫോര്‍ഡിന്റെ മേധാവി ബില്‍ ഫോര്‍ഡില്‍നിന്നുകേട്ട വാക്കുകള്‍ അദ്ദേഹത്തെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു. അങ്ങനെ, വില്‍ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു, മുംബൈയിലേക്കു മടങ്ങി. തെറ്റുകള്‍ തിരുത്തിക്കൊണ്ട് വീണ്ടും കാറുകള്‍ വിപണിയിലിറക്കി. വിജയം സ്വന്തമാക്കി.
പത്തുവര്‍ഷത്തിനുശേഷം കാലം ബില്‍ഫോര്‍ഡിനെ രത്തന്റെ മുമ്പിലെത്തിച്ചു. സാമ്പത്തികനഷ്ടത്തെത്തുടര്‍ന്ന് ഫോര്‍ഡിന്റെ ജാഗ്വറും ലാന്‍ഡ് റോവറും വില്‍ക്കാനായി രത്തന്‍ ടാറ്റായുടെ മുമ്പിലെത്തി ബില്‍ഫോര്‍ഡ്. അന്ന് ബില്‍ഫോര്‍ഡ് രത്തന്‍ ടാറ്റായോട് ഇങ്ങനെ പഴയ വാചകം മാറ്റിപ്പറഞ്ഞു: താങ്കള്‍ ചെയ്യുന്നത് ഞങ്ങള്‍ക്കു വലിയൊരു സഹായമാണ്, നന്ദി. രത്തന്‍ ടാറ്റായുടെ ജീവിതം അവസാനിക്കുന്നില്ല. ചെയ്ത നന്മപ്രവൃത്തികളിലൂടെ, ജീവിതം കാണിച്ചു നല്‍കിയ പ്രചോദനത്തിലൂടെ അനേകരുടെ ഹൃദയത്തില്‍ അദ്ദേഹം കെടാവിളക്കായി ജീവിക്കുന്നു.