താരകനിരയുടെ രാജനാമീശോയ്ക്കു
താരാട്ടു പാടിയ മേരിയമ്മേ
മാലാഖമാരെല്ലാം താണുവണങ്ങുന്ന
ഈശോയുറങ്ങുന്നു നിന്മടിയില്‍!
താരിളം പൈതലാമീശോയെ ലാളിച്ച്മടിയില്‍ കിടത്തുമ്പോള്‍ ഓര്‍ത്തുവോ നീ?
ജീവനകന്നൊരാപ്പൂമേനി വീണ്ടും നിന്‍
മടിയില്‍ക്കിടത്തേണം കാല്‍വരിയില്‍!
രാജാക്കള്‍പോലും വണങ്ങുന്നൊരീ ശിശു
രാജാക്കന്മാരുടെ രാജാവെന്ന്!
അജപാലകര്‍വന്നു വാഴ്ത്തുമീ പൊന്നുണ്ണി
പാപത്തെ നീക്കുന്ന കുഞ്ഞാടെന്ന്!
നിന്‍തോളില്‍ തലചായ്ച്ചുറങ്ങുന്നൊരീപൈതല്‍
തിന്മതന്‍ തലയെ പിളര്‍ക്കും നൂനം!
ജനപദമൊന്നാകെ ദണ്ഡിനാല്‍ ഭരിപ്പവന്‍
തിന്മയെ തോല്‍പ്പിക്കും തന്‍നിണത്താല്‍!
സുരലോകനിരയെല്ലാം വാഴ്ത്തുന്ന ഈശോയെ കൈകളില്‍ കാക്കുന്നോരമ്മ നീയേ
മാലാഖമാരങ്ങേ വിറയോടെ നോക്കുന്നു
മാറോടു പുത്രനെ ചേര്‍ത്തനേരം.
മൗനത്തിലാഴ്ന്ന നിന്‍ ഗാനത്തിന്‍ വീചിയില്‍
പാപത്തിന്‍ കോട്ടകള്‍ പൊട്ടിടുന്നൂ
സൗമ്യമായ് വിരിയുന്ന നിന്‍മന്ദഹാസത്താല്‍
ശോഭിതമാകുന്നു ലോകമെങ്ങും
ആദിമാതാവായ ഹവ്വാതന്‍ തിന്മയാല്‍
പാപത്തില്‍ വീണോരാ മാനവര്‍ക്കായ്
രക്ഷകന്നുരുവാകാനുദരമന്നേകീ നീ
ഭൂലോകനാഥന്റെ അമ്മയായി
ഉത്പത്തിതന്നിലെ വാഗ്ദാനപ്പൊരുളാകും
തിന്മതന്‍ ശത്രുവാം സ്ത്രീ നീയല്ലോ!
വസ്ത്രമായ് സൂര്യനെയെടുത്തുടുത്തീടുന്ന
'വെളിപാടി'ന്‍ സ്ത്രീയും നീതന്നെയല്ലോ!
ദൈവത്തെ ഉദരത്തില്‍ വഹിച്ചപ്പോള്‍ നീയൊരു
വാഗ്ദാനപേടകമായിമാറി
പൂര്‍ണനാം ദൈവവും മര്‍ത്ത്യനുമായോരാ
ഈശോമിശിഹായെ ഞങ്ങള്‍ക്കേകീ
ദൈവമാതാവാകും കന്യാമറിയമേ
അമലോത്ഭവയാകും മേരിമാതേ
നിത്യമാം കന്യകേ, സ്വര്‍ഗാരോപിതയേ
വിശ്വാസമേകണേ മക്കള്‍ക്കെന്നും
നിന്‍പക്കലണയുന്ന പാപികള്‍ ഞങ്ങള്‍ക്ക്
നല്‍കൃപ പ്രാപിക്കാന്‍ തുണയേകണേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ഥിക്കണേയമ്മേ
ഇപ്പോഴും മൃത്യുവിന്‍ നേരത്തിലും.
കവിത
മാതൃവണക്കം
