•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അന്യസംസ്ഥാനത്തൊഴിലാളികളില്ല നിര്‍മ്മാണമേഖല സ്തംഭനാവസ്ഥയില്‍

തൊഴിലാളികളെ കിട്ടാതെ വന്നതോടെ കേരളത്തിലെ നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധിയില്‍.  നിര്‍മ്മാണമേഖലയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊവിഡ് വ്യാപനത്തെ ഭയന്ന് കൂട്ടത്തോടെ നാടുവിട്ടതാണ് നിര്‍മ്മാണമേഖലയിലെ സ്തംഭനാവസ്ഥയ്ക്കു കാരണം. 
ഇതോടെ മലയാളിയുടെ സ്വപ്നസൗധങ്ങള്‍ക്കു മാത്രമല്ല, സര്‍ക്കാര്‍തലത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുവരെ ചലനമറ്റു. കേരളത്തിലെ വികസന പദ്ധതികള്‍ പലതും പാതിവഴി നിലച്ച അവസ്ഥയിലാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ ഇഴഞ്ഞതോടെ കരാറുകാരും  കനത്ത പ്രതിസന്ധിയിലായി.  പുതിയ കരാര്‍ പ്രകാരമുള്ള ജോലികള്‍ ആരംഭിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. നാട്ടില്‍ ആവശ്യത്തിനു ജോലിക്കാരില്ലാതെവന്നതും അന്യസംസ്ഥാനത്തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള പലായനവുമാണ് നിര്‍മ്മാണമേഖലയെ തകര്‍ത്തത്.  
അപ്രതീക്ഷിത ലോക്ഡൗണും കൊവിഡ് വ്യാപന ഭീതിയുമാണ് അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളം വിടാന്‍ കാരണം. അനാവശ്യ അഭ്യൂഹങ്ങളും വ്യാജ പ്രചരണങ്ങളും പടച്ചുവിട്ട് നമ്മള്‍ അവരെ ഭയപ്പെടുത്തിയെന്നു പറയുന്നതാവും ശരി. കൊവിഡ് വ്യാപനത്തിനിടെ വന്ന വ്യാജസന്ദേശങ്ങളെ ഭയന്ന് അവര്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്കു പലായനം ചെയ്യുകയായിരുന്നു. 
ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിക്കുകയും നിര്‍മ്മാണമേഖലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടും മേഖല ഉണരാത്തത് അന്യസംസ്ഥാനത്തൊഴിലാളികളുടെ കുറവൊന്നുകൊണ്ടുമാത്രമാണ്. ഒപ്പം നിര്‍മ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും, വിലവര്‍ദ്ധനയും പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും നിര്‍മ്മാണമേഖലയില്‍ ചലനങ്ങളുണ്ടാകാതെവന്നതോടെ ഈ മേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്ന സ്വദേശികളും ദുരിതത്തിലായിരിക്കുകയാണ്. 
നിര്‍മ്മാണസാമഗ്രികളുടെ വില കുത്തനെ വര്‍ദ്ധിച്ചു
ലോക്ഡൗണിനുശേഷം നിര്‍മ്മാണസാമഗ്രികളുടെ വില കുത്തനെ കൂടിയ കാഴ്ചയാണ് കാണാനായത്. സിമന്റിന് ഒരു പായ്ക്കറ്റില്‍ അറുപതുമുതല്‍ എഴുപതു രൂപ വരെയാണ് വര്‍ദ്ധിച്ചത്. കരിങ്കല്ലിന് ഒരു ലോഡിന് 250 മുതല്‍ മുന്നൂറ് രൂപ വരെ ഉയര്‍ന്നു. ദൂരമനുസരിച്ച് വില പിന്നെയും വ്യത്യാസപ്പെടും. കമ്പി, പാറമണല്‍, ഇഷ്ടിക തുടങ്ങിയവയ്ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഇവിടെയും തൊഴിലാളികളുടെ ക്ഷാമമാണ് വിലവര്‍ദ്ധനയ്ക്കു പ്രധാന കാരണമായി പറയുന്നത്. നിര്‍മ്മാണമേഖലയിലും അനുബന്ധ മേഖലകളിലും പണിയെടുക്കുന്നവരില്‍ കൂടുതലും അന്യസംസ്ഥാനത്തൊഴിലാളികള്‍തന്നെയാണ്. ഇവരില്ലാതെവന്നതോടെയാണ് മേഖല തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. വില കൂടിയതല്ല, സാധനങ്ങളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്കു കാരണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ക്വാറികള്‍ക്കു നിയന്ത്രണം വന്നതും ലോക്ഡൗണിനെത്തുടര്‍ന്ന് ചരക്കുനീക്കം സാധ്യമാകാതെവന്നതും സംസ്ഥാനത്ത് നിര്‍മ്മാണസാമഗ്രികളുടെ ലഭ്യതക്കുറവിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പരമ്പരാഗത തൊഴില്‍മേഖലയും പ്രതിസന്ധിയില്‍
നിര്‍മ്മാണമേഖലയിലെ സ്തംഭനാവസ്ഥമൂലം, പരമ്പരാഗത തൊഴില്‍മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന തടിപ്പണി, ഇരുമ്പുപണി, കല്‍പ്പണി തുടങ്ങിയ പരമ്പരാഗത തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.  ഈ മേഖലയില്‍ 25 ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ഉണ്ടെന്നാണ് കണക്ക്. മേഖലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ സ്തംഭനാവസ്ഥ ഇവര്‍ക്ക് കനത്ത തിരിച്ചടിയാണു നല്‍കിയത്. പലരും കടക്കെണിയിലും മുഴുപ്പട്ടിണിയിലുമാണെന്ന് തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗതനിര്‍മ്മാണ ത്തൊഴിലാളികളെ  രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 
അന്യസംസ്ഥാനത്തൊഴിലാളികളുടെ സുരക്ഷ 
ഉറപ്പുവരുത്തണം

കേരളത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നത് അന്യസംസ്ഥാനത്തൊഴിലാളികളാണെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേരള പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഇവര്‍ക്ക് വൃത്തിയുള്ള താമസസൗകര്യം, മിനിമം വേതനം,  ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നടപടി വേണം. ജോലിക്കായെത്തുന്ന മുഴുവന്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും, ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, ഇന്‍ഷുറസ്, തൊഴില്‍ കാര്‍ഡ് തുടങ്ങിയവ നല്‍കുകയും വേണം. തൊഴില്‍വകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച്  അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് മാനുഷികപരിഗണന നല്‍കാന്‍ ഓരോ കോണ്‍ട്രാക്റ്ററും തയ്യാറാകണമെന്നും കേരള പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി തകിടിയേല്‍ പറഞ്ഞു. 
അന്യസംസ്ഥാനത്തൊഴിലാളികളുടെ തിരിച്ചുവരവും കാത്ത്...
കൊവിഡ്‌വ്യാപനഭീതിയെത്തുടര്‍ന്ന് നാടുവിട്ട അന്യസംസ്ഥാനത്തൊഴിലാളികളുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ് കേരളത്തിലെ നിര്‍മ്മാണമേഖല. മറുനാടന്‍തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇളവുകളും സഹായങ്ങളും സര്‍ക്കാര്‍തലത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പോയവരില്‍ ഭൂരിഭാഗവും മടങ്ങിവരാന്‍ തയ്യാറാകുന്നില്ല. കേരളത്തിന്റെ സ്വപ്നസൗധങ്ങളില്‍ പലതിലും അന്യസംസ്ഥാനത്തൊഴിലാളികളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പെരിവെയിലത്തും പെരുമഴയത്തും അവര്‍ കഷ്ടപ്പെടുന്നതുപോലെ മലയാളികള്‍ക്കു കഴിയില്ലെന്ന സത്യം മുന്നില്‍ നില്‍ക്കേ തുച്ഛമായ പ്രതിഫലമാണ് നമ്മള്‍ അവര്‍ക്കു നല്‍കുന്നത്.  മാനുഷികപരിഗണനപോലും നല്‍കാതെ ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡുകളില്‍ അവരെ നമ്മള്‍ ഉറക്കി. മലമൂത്രവിസര്‍ജ്ജനത്തിനു സംവിധാനങ്ങളൊരുക്കാനോ ശുദ്ധജലം നല്‍കാനോ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണം വാരുന്നവര്‍ ശ്രമിച്ചില്ല. അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇല്ലാതെവന്നതോടെയാണ് അവരുടെ കുറവ് നാം മനസിലാക്കിയത്. ഇനിയും കേരളത്തിന്റെ വികസന പദ്ധതികള്‍ ചലിച്ചുതുടങ്ങണമെങ്കില്‍ അവരെത്തണം. അവര്‍ക്കായി കാത്തിരിക്കുകയാണ് നിര്‍മ്മാണമേഖല. നമ്മുടെ സ്വപ്നസൗധങ്ങള്‍ക്കു ജീവന്‍ നല്‍കുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ ഇനിയും  തകരപ്പാട്ടയ്ക്കുള്ളില്‍ കിടത്താതെ അവരെയും മനുഷ്യരായിക്കാണാന്‍ നമുക്ക് ശ്രമിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)