ന്യൂഡല്‍ഹി: സിനിമാമേഖലയിലെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം(2022) ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. നാലു പതിറ്റാണ്ടു നീളുന്ന അഭിനയജീവിതത്തിലെ സമഗ്രസംഭാവനകളാണ് പശ്ചിമബംഗാള്‍ സ്വദേശിയായ മിഥുന്‍ ചക്രവര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഒക്‌ടോബര്‍ എട്ടിന് 70-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം സമ്മാനിക്കുമെന്ന് വാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 1976 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യസിനിമയായ ''മൃഗയ''യിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ മിഥുന്‍ 1982 ല്‍ പുറത്തിറങ്ങിയ 'ഡിസ്‌കോ ഡാന്‍സറി'ലൂടെ ജനപ്രിയതാരമായി ഉയര്‍ന്നു. നീണ്ട സിനിമാജീവിതത്തിനിടെ രാഷ്ട്രീയത്തിലും മിഥുന്‍ തിളങ്ങിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി.യായിരുന്ന മിഥുന്‍ 2021 ല്‍ ബിജെപിയില്‍ ചേര്‍ന്നു. മൂന്നു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള മിഥുന്‍ 2024 ല്‍ പദ്മഭൂഷണ്‍പുരസ്‌കാരവും നേടിയിട്ടുണ്ട്.