ഭരണങ്ങാനം: അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ ഒരുമിച്ചു പ്രകാശനം ചെയ്യുന്നതിന് പുണ്യഭൂമിയായ ഭരണങ്ങാനം സാക്ഷ്യംവഹിച്ചു. വിനായക് നിര്‍മലിന്റെ നൂറാമതു പുസ്തകമായ ''നീയൊന്നും അറിയുന്നില്ലെങ്കിലും'' എന്ന ലേഖനസമാഹാരവും മകന്‍ യോഹന്‍ ജോസഫ് ബിജുവിന്റെ ആദ്യകൃതിയായ ''മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജ്'' എന്ന നോവലുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അസ്സീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും സെന്റ് ജോസഫ് കപ്പുച്ചിന്‍ പ്രൊവിന്‍സ് മുന്‍ പ്രൊവിന്‍ഷ്യാളുമായ ഫാ. മാത്യു പൈകട വിനായകിന്റെ പുസ്തകവും, ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍ യോഹന്റെ പുസ്തകവും പ്രകാശനം ചെയ്തു. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നിയാസ് ടി എച്ച് വിനായകിന്റെ പുസ്തകവും സെന്റ് തോമസ് ടിടിഐയിലെ അധ്യാപികയും യോഹന്റെ അമ്മയുമായ ഷീജാമോള്‍ തോമസ് 'മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജും' ഏറ്റുവാങ്ങി. പുസ്തകപ്രകാശനച്ചടങ്ങിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ദീപനാളം വാരികയുടെ ചീഫ് എഡിറ്ററും കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടറുമായ ഫാ. കുര്യന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. സ്നേഹസേന മുന്‍ ഡയറക്ടറും മാധ്യമനിരീക്ഷകനുമായ ഡോ ജോര്‍ജ് സെബാസ്റ്റ്യന്‍ എസ് ജെ ഉദ്ഘാടനം ചെയ്തു. ജീവന്‍ബുക്‌സ് ഡയറക്ടര്‍ ഫാ. അലക്സ് കിഴക്കേക്കടവില്‍, ഫാ. ഫ്രാന്‍സിസ് എടാട്ടുകാരന്‍, ഫാ. സിബി പാറടിയില്‍, ഫാ. ജിനോയി കപ്പുച്ചിന്‍, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ. ജോസഫ് കുറുപ്പശ്ശേരി, ജോണി തോമസ് മണിമല, ഡോ. ടി.എം. മോളിക്കുട്ടി, എത്സമ്മ ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. വിനായക് നിര്‍മലിന്റെ ആദ്യകൃതിയായ 'പുതിയകീര്‍ത്തന'ങ്ങളുടെ പ്രസാധകരായ ജീവന്‍ ബുക്സാണ് നൂറാമത്തെ പുസ്തകത്തിന്റെയും പ്രസാധകര്‍.