തുടരെ രണ്ട് ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം. ഒടുവില്‍, ഇപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും കിരീടം നിലനിര്‍ത്തി. ഇന്ത്യയുടെ പുരുഷഹോക്കി ടീം പഴയ ഔന്നത്യത്തിലേക്കു മടങ്ങുകയാണ്. ചൈനയിലെ ഹുലുന്‍ബിറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പി.ആര്‍. ശ്രീജേഷ് എന്ന ഗോള്‍ കീപ്പര്‍ വിരമിച്ചശേഷം ഇന്ത്യയുടെ പ്രഥമ ടൂര്‍ണമെന്റ് ആയിരുന്നിത്. മാത്രമല്ല, എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ ആറു രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കിരീടനേട്ടം കൈവരിച്ചത്.
പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ശ്രീജേഷിനും മന്‍പ്രീത്‌സിങ്ങിനും അത് നാലാം ഒളിമ്പിക്‌സ് ആയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്‌സിങ്ങിന് മൂന്നാം ഒളിമ്പിക്‌സും. പാരീസില്‍ മത്സരിച്ച ടീമില്‍ മന്‍പ്രീതും ഹര്‍മന്‍ പ്രീതും ഉള്‍പ്പെടെ പത്തു പേരെ നിലനിര്‍ത്തിയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ലക്ഷ്യം കോച്ച് ക്രെയ്ഗ് ഫള്‍ടന്‍ മുന്‍കൂട്ടിപ്പറഞ്ഞിരുന്നു, ''റാങ്കിങ് പോയിന്റുകള്‍ നിര്‍ണായകമാണ്. ഈ ടൂര്‍ണമെന്റോടെ പുതിയ ഒളിമ്പിക്‌സ് സൈക്കിള്‍ തുടങ്ങുകയാണ്.''
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ ലക്ഷ്യം 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സ് തന്നെ. പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിക്കുന്നതില്‍ കോച്ച് വിജയിച്ചുവെന്നു മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നു. അഞ്ചാംതവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വിജയിക്കുന്നത്. ഏഷ്യയിലെ ആറു മികച്ച ടീമുകള്‍ പങ്കെടുത്ത റൗണ്ട് റോബിന്‍ ടൂര്‍ണമെന്റിലെ വിജയം ഇന്ത്യ ഏഷ്യന്‍ ഹോക്കിയില്‍ രാജാക്കന്മാര്‍തന്നെയെന്ന് അടിവരയിടുന്നു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മികവ് ഒളിമ്പിക്‌സിലെന്നോണം ഇവിടെയും തുടര്‍ന്നു. ഡ്രാഗ് ഫ്‌ളിക്കിങ്ങിലെ വൈദഗ്ധ്യം ഹര്‍മന്‍പ്രീത് ആവര്‍ത്തിച്ചു. കൊറിയയ്ക്ക് എതിരേ നടന്ന ലീഗ് മത്സരത്തില്‍, രാജ്യാന്തരഹോക്കിയില്‍ 200 ഗോള്‍ തികയ്ക്കാനും ഇന്ത്യന്‍ നായകനു സാധിച്ചു. ഏറെക്കാലമായി ഹര്‍മന്‍പ്രീതിന്റെയും ശ്രീജേഷിന്റെയും മികവിലായിരുന്നു ഇന്ത്യന്‍ ഹോക്കിയുടെ കുതിപ്പ്. ശ്രീജേഷിനൊപ്പം അദ്ദേഹത്തിന്റെ പതിനാറാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചപ്പോള്‍ പുതിയ താരോദയത്തിന് അവസരം കൈവന്നു. ക്രഷന്‍ പഥക്കും സൂരജ് കര്‍ക്കേരയും ആണ് ഗോള്‍വലയം കാത്തത്. ക്രഷന്‍ പഥക്ക് ശ്രീജേഷിന്റെ നിഴലില്‍നിന്ന് മുന്നിലേക്കു കയറിയിരിക്കുന്നു.
റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ ചൈനയെയും (3-0) ജപ്പാനെയും (5-1) മലേഷ്യയെയും (8-1) ദക്ഷിണ കൊറിയയെയും (3-1) പാക്കിസ്ഥാനെയും (2-1) പരാജയപ്പെടുത്തി. സെമിയില്‍ ഇന്ത്യ കൊറിയയെയും (4-1) ചൈന പാക്കിസ്ഥാനെയും പരാജയപ്പെടുത്തി. കലാശക്കളിയില്‍ ആതിഥേയരായ ചൈനയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ വിജയം (1-10). ഫൈനലില്‍ ആദ്യ മൂന്നു ക്വാര്‍ട്ടറുകളില്‍ ചൈനയുടെ പ്രതിരോധം തകര്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞില്ല. ഡിഫന്‍ഡര്‍ ജുഗ്‌രാജ് സിങ് ആണ് ഇന്ത്യയുടെ നിര്‍ണായകഗോള്‍ നേടിയത്. അതും അന്‍പത്തൊന്നാം മിനിറ്റില്‍.
ഉത്തംസിങ്, ഹര്‍മന്‍പ്രീത് സിങ്, രാജ്കുമാര്‍, അരയ് ജിത്ത് സിങ് തുടങ്ങിയവരൊക്കെ ക്യാപ്റ്റനു പുറമേ ലക്ഷ്യം കണ്ടു. ഏഴു മത്സരങ്ങളില്‍ ഇന്ത്യ കേവലം അഞ്ചു ഗോളാണു വഴങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ ഹോക്കിയില്‍ ശക്തരായിരുന്ന കൊറിയ പിന്നാക്കം പോയപ്പോള്‍ ഇടക്കാലത്തെ തകര്‍ച്ചയില്‍നിന്നു പാക്കിസ്ഥാന്‍ കരകയറിയെന്നും ഓര്‍ക്കണം. പാരിസ് ഒളിമ്പിക്‌സിന് പാക്കിസ്ഥാന്‍ യോഗ്യത നേടിയിരുന്നില്ല. പ്രഥമമത്സരത്തില്‍ ഇന്ത്യയെ നേരിട്ട ചൈനയല്ല ഫൈനലില്‍ ഇറങ്ങിയത്. അവര്‍ ഏറെ മികവ് കൈവരിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസ് രണ്ടുവര്‍ഷവും ഒളിമ്പിക്‌സ് നാലു വര്‍ഷവും അകലെ നില്‍ക്കുന്നു. പാരിസ് ഒളിമ്പിക്‌സില്‍ മികവുകാട്ടിയ എത്രപേര്‍ക്ക് ഇക്കാലമത്രയും ഫോം നിലനിര്‍ത്താന്‍ കഴിയുമെന്നു പറയുകവയ്യ. ശക്തമായ രണ്ടാം നിര വളര്‍ന്നുവരേണ്ടതുണ്ട്. അതിനുള്ള ആദ്യപരീക്ഷണമാണ് ചൈനയില്‍ നടന്നത്. അതില്‍ ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു.
പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകുകയാണ്. ജേഴ്‌സി നിലനിര്‍ത്തിയിട്ടുമുണ്ട്. ശ്രീജേഷിന്റെ ആദ്യപരീക്ഷണം ഒക്‌ടോബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന സുല്‍ത്താന്‍ ഓഫ് ജൊഹോര്‍ കപ്പ് ആണ്. പക്ഷേ, ശ്രീജേഷിനെ ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി പലരും കാണുന്നുണ്ട്. ടീമിനെ മൊത്തം ഉത്തേജിപ്പിക്കാനുള്ള കഴിവ് ശ്രീജേഷിനുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മെന്റര്‍ ആയിട്ട് ശ്രീജേഷ് പ്രധാന ടൂര്‍ണമെന്റുകളില്‍ ഉണ്ടായാല്‍ നല്ലതായിരിക്കും.
മത്സരത്തിലുടനീളം മറ്റു താരങ്ങള്‍ക്കു നിര്‍ദേശം കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് ശ്രീജേഷിന്റേത്. ഇത് ഒട്ടേറെ യുവതാരങ്ങള്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ശ്രീജേഷ് ഇല്ലാതെ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടി എന്നതു ശരിയാണ്. പക്ഷേ, ഏഷ്യന്‍ ഗെയിംസില്‍ മത്സരം വ്യത്യസ്തമാകും. അടുത്ത ഏഷ്യന്‍ ഗെയിംസ് ടോക്കിയോയിലാണ് ആതിഥേയരെന്ന നിലയില്‍ ജപ്പാന്‍ കരുത്തുറ്റ ടീമിനെ ഇറക്കും. ചൈനയും ശക്തമാണ്. പാക്കിസ്ഥാനും കൊറിയയും മലേഷ്യയുമുണ്ടാകും. കളിക്കാരനല്ലെങ്കിലും ശ്രീജേഷിന്റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കും.