•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഞെട്ടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : കല കച്ചവടമായാല്‍!

    സംവിധായകന്‍ ആലപ്പി അഷറഫ് ഒരഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മിക്കുന്നു. പണമുണ്ടെങ്കില്‍ ആര്‍ക്കും സിനിമാ പ്രൊഡ്യൂസറാകാം; കലയും സാഹിത്യവുമായി പുലബന്ധംപോലും വേണമെന്നില്ല! ''പണംകൊണ്ടെറിഞ്ഞാലേ പണം കിട്ടൂ.'' ''പണത്തിനുമീതെ പരുന്തും പറക്കാ''
''പണമുള്ളവനേ മണമുള്ളൂ''
''പണമില്ലാത്തവന്‍ പിണം'' 
ഈ പഴഞ്ചൊല്ലുകളിലൊന്നും പതിരില്ല.
    കച്ചവടമുറപ്പിക്കുന്നതിനുമുമ്പ് സംവിധായകന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''എത്ര മുടക്കാം?'' ''എത്ര വേണമെന്നു പറഞ്ഞോളൂ.'' ഇങ്ങനെ പറയാന്‍ പറ്റുന്നവനു പടമെടുക്കാം. ഇങ്ങനെയൊരുത്തരം കിട്ടിയാല്‍പ്പിന്നെ തീരുമാനങ്ങളെല്ലാം സംവിധായകന്റേതാണ്. ആരു കഥയെഴുതണം? കഥ എന്താകണം? എന്താകരുത്? എന്തെല്ലാം ചേരുവകള്‍ ഉണ്ടാവണം?
   ഇതെല്ലാം സംവിധായകന്റെ തീരുമാനമാണ്. സ്വാഭാവികമായും കഥാകൃത്ത് പേരുള്ളയാളാകണം; ഒപ്പംതന്നെ, അഡ്ജസ്റ്റുമെന്റിനു വഴങ്ങണം. എങ്കില്‍പ്പിന്നെ, എന്തെഴുതിയാലും ഓക്കെ. അഭിനേതാക്കളെ തീരുമാനിക്കുന്നതു കഥാകൃത്തും സംവിധായകനും ചേര്‍ന്നാണ്. ഇരുകൂട്ടരുടെയും റോള്‍ 'ഫിഫ്റ്റി, ഫിഫ്റ്റി'യാണ്. സ്റ്റാര്‍വാല്യൂ ഉള്ളവര്‍ക്കേ റോള്‍ ഉണ്ടാവുകയുള്ളൂ. മൊത്തം എല്ലാം 'അഡ്ജസ്റ്റുമെന്റാ'ണ്. ചേരുവകളുടെ കൂട്ടത്തില്‍ 'സ്റ്റണ്ടും', 'സെക്‌സും', 'ഡ്രിങ്ക്‌സും', 'ഡ്രഗ്‌സും' നിര്‍ബന്ധമാണ്. പിന്നെ, തക്കിടതരികിട പാട്ടുകളും അവയ്‌ക്കൊപ്പിച്ചുള്ള നൃത്തതാണ്ഡവും വേണം. ഡ്രസ് മിനിമമേയാകാവൂ; പ്രത്യേകിച്ചു നടികള്‍ക്ക്! ചുരുക്കത്തില്‍, അതിരുകളോ അരുതുകളോ ഒന്നുമില്ല; എന്തുമാകാം. ഇത്രയുമൊക്കെയുണ്ടെങ്കില്‍ പടം ഹിറ്റായിക്കൊള്ളും.
നാടകത്തിന്റെ വികസിതരൂപമാണല്ലോ സിനിമ. നാടിന്റെ അകം നാടകം എന്നൊരു ചൊല്ലുണ്ട്. അതായത്, നാട്ടില്‍ നടമാടുന്ന കാര്യങ്ങളുടെയൊക്കെ ഒരു പരിച്ഛേദം. കാലികപ്രസക്തിയുള്ള കാര്യങ്ങള്‍ക്കു മുഖ്യപരിഗണന കൊടുത്തിരുന്നു. കണ്ടും കേട്ടും കൊണ്ടും കൊടുത്തുമുള്ള അനുഭവങ്ങള്‍ ഭാവനയുള്ള കഥാകൃത്തുക്കള്‍ ചിത്രീകരിക്കുന്ന കഥകള്‍. മുണ്ടശ്ശേരിമാഷ് പറയുന്നതുപോലെ 'പിങ്ങീഭവിച്ചു' മനസ്സില്‍ കിടക്കുന്ന കാര്യങ്ങള്‍ കഥാകൃത്തു നാടകരൂപത്തില്‍ അവതരിപ്പിക്കും.
    ആദ്യകാലനാടകങ്ങളൊക്കെ നാട്ടിന്‍പുറങ്ങളില്‍ നാട്ടുകാര്‍ ഒന്നുചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. നാട്ടില്‍ അതൊരുത്സവമായിരുന്നു. 'മാട്ടേല്‍നാടകം' എന്നൊരു വിശേഷണം പണ്ടുണ്ടായിരുന്നു. ഒരു ഉയര്‍ന്ന മാട്ടേല്‍ കെട്ടിയുണ്ടാക്കുന്ന വേദി. കമുകുകളാകും തൂണുകള്‍. ഇല്ലി പൊട്ടിച്ച് ഓലമേഞ്ഞ മേല്‍ക്കൂര. തട്ടിക്കൂട്ടിയ രംഗസംവിധാനങ്ങള്‍. മണ്ണെണ്ണയൊഴിച്ചു കത്തിച്ച പന്തങ്ങളുടെ വെളിച്ചത്തില്‍ അഭിനയം. പിന്നീടു പെട്രോമാക്‌സിന്റെ വിളക്കിന്റെ സഹായത്തോടെയായി അഭിനയം. ഗ്യാസ്‌ലൈറ്റ് എന്നും അതിനെ വിളിച്ചിരുന്നു. അഭിനയം മെച്ചമെന്നു തോന്നുന്ന രംഗങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ കാണികള്‍ വിളിച്ചുപറയും. ഇംഗ്ലീഷ് വാക്കാണ് ഉപയോഗിക്കാറ് - വണ്‍സ്‌മോര്‍! ഒരു നടന്‍ മൂന്നു തവണ സ്റ്റേജില്‍ കുത്തുകൊണ്ടു മരിക്കേണ്ട സാഹചര്യം ഉണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്. അന്നു സ്ത്രീവേഷം കെട്ടുന്നതു പുരുഷന്മാര്‍തന്നെയായിരുന്നു. അടൂര്‍ ഭാസിയും എസ്.പി. പിള്ളയുമൊക്കെ സ്ത്രീവേഷം കെട്ടിയിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. തുണിയും ചട്ടയും കുണുക്കുമിട്ടു നില്ക്കുന്ന അടൂര്‍ഭാസിയുടെ ചിത്രം ഇന്നും പ്രചാരത്തിലുണ്ട്.
   പണ്ടത്തെ നാടകങ്ങള്‍ക്കു കാര്യമായ ചെലവൊന്നുമുണ്ടായിരുന്നില്ല. ചെലവെല്ലാം സ്വന്തം കൈയില്‍നിന്നായിരുന്നു. ഒരിക്കല്‍ ഒരു തമാശയുണ്ടായി. പള്ളിപ്പെരുനാളിനോടനുബന്ധിച്ചാണ് നാടകം അരങ്ങേറുന്നത്. സമയം എട്ടുമണി എന്നാണ് അറിയിച്ചിരുന്നത്. പ്രദക്ഷിണം ഇറങ്ങിയപ്പോള്‍ സമയം ഏഴര! തിരിച്ചെത്തിയതു പത്തുമണിക്ക്! അഭിനേതാക്കളെല്ലാം മേക്കപ്പ് ചെയ്ത് ഏഴുമണിമുതല്‍ കാത്തിരിക്കുകയാണ്. കാത്തിരുന്നു മടുത്തപ്പോള്‍ പ്രധാന നടന്‍ ഒന്നു മയങ്ങിപ്പോയി. എന്തോ ഒരു ശബ്ദംകേട്ട് അയാള്‍ തലപൊക്കി നോക്കി. അപ്പോഴതാ, ഉണക്കമീന്‍ വറുത്ത് കറിയുംവച്ച് ഭാര്യ കൊടുത്തുവിട്ട പൊതിച്ചോറും കടിച്ചുപിടിച്ച്, ഒരു കാലന്‍പട്ടി ഓടുന്നു! അതെല്ലാം പഴയ കഥകള്‍!
   കാലക്രമേണ മികച്ച നാടകങ്ങള്‍ അരങ്ങേറിത്തുടങ്ങി. പല നാടക്രടൂപ്പുകളും രൂപംകൊണ്ടു. പേരുകേട്ട ചില ട്രൂപ്പുകള്‍  നാടകരംഗത്ത് ഒരു കൊടുങ്കാറ്റുതന്നെ അഴിച്ചുവിട്ടു. കലാനിലയം, ആലപ്പി തീയേറ്റേഴ്‌സ്, കെ.പി.എ.സി., ഗീഥാ ആര്‍ട്‌സ് ക്ലബ് എന്നിങ്ങനെ ഒട്ടേറെ കേള്‍വികേട്ട ഗ്രൂപ്പുകളുണ്ടായി. തിക്കുറിശ്ശി, എന്‍.എന്‍. പിള്ള, തിലകന്‍, കെ.പി.എ.സി. ലളിത, അടൂര്‍ ഭവാനി മുതലായവരൊക്കെ നാടകരംഗത്തുകൂടി കടന്നുവന്നിട്ടുള്ളവരാണ്.
സമാന്തരമായി സിനിമാമേഖലയും വളര്‍ന്നുകൊണ്ടിരുന്നു. 1895 ല്‍ പാരീസില്‍ ലൂമിയര്‍ ബ്രദേഴ്‌സാണ് ആദ്യമായി ചലിക്കുന്ന ചിത്രം അവതരിപ്പിച്ചത്. ആദ്യകാല ചിത്രങ്ങള്‍ സംസാരിക്കുന്നവയായിരുന്നില്ല. 'പൊട്ടന്‍' സിനിമ എന്നാണറിയപ്പെട്ടിരുന്നത്. 1927 ലാണ് ആദ്യശബ്ദചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 'ദ ജാസ് സിങ്ങര്‍' എന്നായിരുന്നു അതിന്റെ പേര്. 1928 ലാണ് മലയാളത്തിലെ ആദ്യനിശ്ശബ്ദചിത്രമായ വിഗതകുമാരന്‍ പുറത്തിറങ്ങുന്നത്. അഗസ്തീശ്വരത്തു ജനിച്ച ജോസഫ് ചെല്ലയ്യ  ദാനിയേല്‍ എന്ന വ്യവസായപ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിര്‍മാതാവും. അന്നു നാലു ലക്ഷം രൂപമുടക്കിയാണ് ഇതു പുറത്തിറക്കിയത്. കേരളത്തിലായിരുന്നു ഇതിന്റെ ചിത്രീകരണം. ആദ്യമലയാളചലച്ചിത്രത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ ജെ.സി. ദാനിയേല്‍ ആണ് മലയാളസിനിമയുടെ പിതാവ്. 'ബാലന്‍' ആണ് മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം. അതിന്റെ നിര്‍മാതാവ് റ്റി.ആര്‍. സുന്ദരവും രചനയും സംവിധാനവും നിര്‍വഹിച്ചത് മുതുകുളം രാഘവന്‍പിള്ളയുമാണ്. ഇന്നത്തെ സിനിമയ്ക്ക് ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രപാരമ്പര്യമാണുള്ളത്. വന്നിട്ടുള്ള മാറ്റങ്ങള്‍ അദ്ഭുതാവഹവും അഭിമാനകരവും.
   പക്ഷേ, ഇന്നിപ്പോള്‍ എന്താ സ്ഥിതി? എല്ലാം കുത്തഴിഞ്ഞിരിക്കുന്നു. പറയാനോ കേള്‍ക്കാനോ കൊള്ളാത്ത കാര്യങ്ങളാണു പുറത്തുവരുന്നത്. സിനിമാലോകം ഇന്ന് ഒരു വന്യജീവികേന്ദ്രമായി മാറിയിരിക്കുന്നു. വന്യജീവികളെ വെല്ലുന്ന ജീവിതശൈലി. അവ തീറ്റ തേടുന്നു; ഇണ ചേരുന്നു; നിദ്രയിലാഴുന്നു. വനത്തിലേതു നാല്ക്കാലിമൃഗങ്ങളാണെങ്കില്‍ സിനിമയിലേത് ഇരുകാലിജീവികളാണെന്നൊരു വ്യത്യാസംമാത്രം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടു വന്നശേഷമാണ് ഇത്രയും നിന്ദ്യവും നീചവും ക്രൂരവുമാണ് വെള്ളിത്തിരയുടെ അണിയറയില്‍ നടക്കുന്നതെന്നു കേട്ടു മലയാളികള്‍ ഞെട്ടിയത്. വെള്ളിത്തിരയിലെ നായകന്മാര്‍ ജീവിതത്തില്‍ വില്ലന്മാരാണെന്ന സത്യം സാംസ്‌കാരികലോകത്തെ വല്ലാത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൂല്യം എന്നൊന്ന് ഇല്ലാതായിരിക്കുന്നു. ധാര്‍മികാധഃപതനമെന്നല്ല, ധാര്‍മികനാശംതന്നെ സംഭവിച്ചിരിക്കുന്നു! വലിയ വലിയ താരങ്ങളില്‍നിന്നുണ്ടായ തിക്താനുഭവങ്ങള്‍, മാനം നഷ്ടപ്പെട്ട കഥകള്‍  ഓരോ നടിമാര്‍ വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നു; കണ്ഠമിടറുന്നു; അവരുടെ മുഖത്ത് അറപ്പും വെറുപ്പും പ്രകടമാകുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍! എല്ലാം വെള്ളിത്തിരയില്‍ വെള്ളപൂശപ്പെടുന്നു. സമൂഹത്തില്‍ താരങ്ങളായി വിലസുന്നു, ന്യൂജെന്നിന്റെ  ആരാധനാപാത്രങ്ങള്‍! അവരെ ഒന്നു കാണാന്‍, അവര്‍ക്കൊപ്പമൊരു സെല്‍ഫിയെടുക്കാന്‍... മത്സരം!
    നടന്മാര്‍മാത്രമല്ല, നടിമാരില്‍ പലരും വില്ലത്തികളാണെന്നുള്ളതു മറക്കാനാവില്ല. ഒരു കാലത്ത്, കേരളത്തില്‍ ബഹുഭാര്യത്വവും ബഹുഭര്‍ത്തൃത്വവും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ സിനിമയില്‍ അതു തുടരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ പിറകേപോകുന്ന ഭാര്യമാര്‍. ഭാര്യയെ ഉപേക്ഷിച്ചു കാമുകിയുടെ പിറകേ ഭര്‍ത്താക്കന്മാര്‍! മാതൃകാകുടുംബം നയിക്കുന്ന സിനിമാതാരങ്ങള്‍ അധികമില്ല എന്നോര്‍ക്കണം.
പതിനഞ്ചു പേരുള്ള  പവര്‍ഗ്രൂപ്പുണ്ടെന്നാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പറയുന്നത്. അതിലെ വമ്പന്മാരും കൊമ്പന്മാരും വനാന്തരങ്ങളില്‍ മറഞ്ഞിരിക്കുകയാണ്. വമ്പന്‍സ്രാവുകളും തിമിംഗലങ്ങളും സമുദ്രത്തിന്റെ ആഴങ്ങളില്‍ വിലസുന്നു. ഡ്രഡ്ജര്‍ ഇറക്കിയാല്‍പോലും അവരെ പിടിക്കാനാകുമെന്നു തോന്നുന്നില്ല. അത്ര പിടിപാടാണ് അവര്‍ക്കുള്ളത്. രാഷ്ട്രീയലോബികളും പൊലീസ് മാഫിയാബന്ധങ്ങളും ഒക്കെ നിലവിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല.
    ഹേമകമ്മിറ്റിയെ നിയോഗിച്ച ചരിത്രനേട്ടത്തില്‍ ഊറ്റംകൊള്ളുന്ന സര്‍ക്കാര്‍ നാലരവര്‍ഷം അതിന്മേല്‍ അടയിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. മാധ്യമങ്ങളും കോടതിയും ഇടപെട്ടില്ലായിരുന്നെങ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവരില്ലായിരുന്നു എന്നതു പകല്‍പോലെ സ്പഷ്ടമാണ്. നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുത്ത ചില നടിമാര്‍ രംഗത്തുവന്നതു വലിയ വിപ്ലവത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ജീവിതത്തില്‍ അവരാണ് യഥാര്‍ഥത്തില്‍ നായികമാര്‍! ഏതെല്ലാം തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് അവര്‍ക്കു വിധേയരാകേണ്ടിവന്നത്! ജീവിക്കാന്‍വേണ്ടി മാനംകളയേണ്ടി വന്നവര്‍. ഭീഷണിക്കുമുമ്പില്‍ വഴങ്ങേണ്ടി വന്നവര്‍! സിനിമയില്‍ വരുന്ന പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടണമെങ്കില്‍ വഴങ്ങേണ്ടിവരുന്ന സ്ഥിതിവിശേഷം! എത്ര ഭംഗിയായി അഭിനയിച്ചാലും റീടേക്കുകൊണ്ടു പൊറുതിമുട്ടിക്കുന്ന സംവിധായകരും നടന്മാരും!
    ഹേമകമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവന്നെങ്കിലും, നടപടികള്‍ ആരംഭിച്ചെങ്കിലും തിരിമറികളും അട്ടിമറികളും ഭീഷണികളും സമ്മര്‍ദങ്ങളും ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്നു. പേടിച്ചും വിറച്ചും കമ്മിറ്റിക്കുമുമ്പില്‍ ഹാജരായി സങ്കടം ബോധിപ്പിച്ചവര്‍, ഇനി കേസുമായി മുന്നോട്ടുപോയെങ്കിലേ നടപടിയുണ്ടാകൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. വമ്പന്മാരെ തൊടാന്‍ ഭരണപ്രതിപക്ഷഭേദമെന്യേ രാഷ്ട്രീയക്കാര്‍ പേടിച്ചുനില്ക്കുന്നു.
സാംസ്‌കാരികനായകന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്നവരൊക്കെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ കൊടിയുടെ മറവില്‍ പതുങ്ങിയിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി മാത്രമേ പലരുടെയും തൂലിക ചലിക്കൂ. പദവി, പൊന്നാട, പുരസ്‌കാരം... മതി!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)