ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം കേള്‍വിക്ക് ഇമ്പമുള്ളതാണ്. ഏകീകൃതതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഈ ആശയം ബിജെപിയുടേതല്ല. കുറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണത്. എങ്കിലും, ഈ വിഷയം ഗൗരവതരമായ പഠനത്തിനു വിധേയമാക്കിയത് ബിജെപിസര്‍ക്കാരാണ്. 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പുപ്രകടനപത്രികയില്‍ ബിജെപി ഉള്‍പ്പെടുത്തിയ വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃതതിരഞ്ഞെടുപ്പ്. ഇതിനോടകം രണ്ടു വാഗ്ദാനങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണവും ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്ന നടപടിയും. ഏകീകൃതതിരഞ്ഞെടുപ്പുരീതി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയാകുന്നത് ഏകീകൃതസിവില്‍കോഡ് നടപ്പാക്കുമെന്നുള്ള വാഗ്ദാനമാണ്.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി പഠിക്കുന്നതിന് മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി നിയോഗിക്കപ്പെട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചു. ഇനി അത് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിച്ച് ഇരുസഭകളിലും പാസ്സാക്കേണ്ടതുണ്ട്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ബിജെപി സര്‍ക്കാരിന്റെ ഭൂരിപക്ഷം കുറഞ്ഞിരിക്കുന്ന സമയമാണിത്. നിലവില്‍ തിരഞ്ഞെടുപ്പു നടക്കുന്നത് മൂന്നു തലത്തിലാണ് - പാര്‍ലമെന്റിലേക്ക്, നിയമസഭകളിലേക്ക്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്. രാംനാഥ് കോവിന്ദ് സമിതിയുടെ ശിപാര്‍ശപ്രകാരം പാര്‍ലമെന്റുതിരഞ്ഞെടുപ്പും നിയമസഭാതിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് പൊതുതിരഞ്ഞെടുപ്പിനുശേഷം നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കണം. മന്ത്രിസഭ അംഗീകരിച്ച ഏകീകൃതതിരഞ്ഞെടുപ്പിന്റെ ശിപാര്‍ശ പാര്‍ലമെന്റില്‍ നിയമമാക്കി മാറ്റുന്നതിന് ഭരണഘടനാഭേദഗതി ആവശ്യമാണ്. ഭരണഘടനയുടെ 83, 85, 172, 356 വകുപ്പുകളാണ് ഭേദഗതി ചെയ്യേണ്ടിവരിക. അത് സാങ്കേതികമായി സാധ്യമാണെങ്കിലും പ്രായോഗികതലത്തില്‍ എളുപ്പമല്ല. ഭരണഘടനാഭേദഗതിക്ക് ഇരുസഭകളിലും മൂന്നില്‍രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷവും ചെറിയ രാഷ്ട്രീയകക്ഷികളും എതിര്‍ത്തുനില്ക്കുമ്പോള്‍ സര്‍ക്കാരിനു ഭൂരിപക്ഷം കണ്ടെത്തുക എളുപ്പമാവില്ല.
ഏകീകൃതതിരഞ്ഞെടുപ്പു രീതിയായിരുന്നു 1967-68 വരെയും. പിന്നീടാണ് ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുരീതിയില്‍ മാറ്റം വരുന്നത്. ആ സമയത്ത് വോട്ടര്‍മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇപ്പോള്‍ ഏകദേശം 96 കോടി ജനങ്ങള്‍ വോട്ടവകാശമുള്ളവരാണ്. വോട്ടര്‍മാരുടെ എണ്ണം കൂടിയപ്പോള്‍ ഉദ്യോഗസ്ഥരുടെ എണ്ണവും സാങ്കേതികവിദ്യയുടെ ലഭ്യതയും വര്‍ധിച്ചിട്ടില്ലേ എന്ന ചോദ്യമുയരുക സ്വാഭാവികമാണ്.
ഏകീകൃതതിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രയോജനങ്ങളെ നിസ്സാരമായി കാണാനാവുകയില്ല. 1. ഭീമമായ ചെലവു കുറയ്ക്കാനാകും. ഒരു പൊതുതിരഞ്ഞടുപ്പിനു കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടിവരുന്ന തുക പതിനായിരം കോടിയിലധികമാണ്. സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്നത് അറുപതിനായിരം കോടിയുടെ മുകളിലാണ്. 2. ഉദ്യോഗസ്ഥരെയും പൊലീസുള്‍പ്പെടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും നാടിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്താനാകും. തിരഞ്ഞെടുപ്പിനുവേണ്ടി ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുമ്പോള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കപ്പെടാതെ പോകും. 3. തിരഞ്ഞെടുപ്പുപ്രചാരണത്തിനുവേണ്ടി മന്ത്രിമാരും മുതിര്‍ന്ന നേതാക്കന്മാരും പോകുന്നതുകൊണ്ട് ഭരണസ്തംഭനമുണ്ടാകുകയോ മന്ദഗതിയിലാവുകയോ ചെയ്യും. ഒറ്റത്തിരഞ്ഞെടുപ്പ് ഇതിനു പരിഹാരമാകും. 4. വോട്ടിംഗ് ശതമാനം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. പൊതുതിരഞ്ഞെടുപ്പ് നേരത്തേ അറിയാമെങ്കില്‍ സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലുമുള്ളവര്‍ക്ക് അവധി ക്രമീകരിച്ച് എത്തി വോട്ടു ചെയ്യാനാകും. 5. എപ്പോഴും തിരഞ്ഞെടുപ്പിനെ നേരിടുക എന്ന ബുദ്ധിമുട്ട് സാധാരണപൗരന്മാര്‍ക്കു മാറിക്കിട്ടും. തിരഞ്ഞെടുപ്പുകോലാഹലങ്ങള്‍ ചിലര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും.
ഏകീകൃതതിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. 1. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ചോരുന്നതിനു കാരണമാകും. ഏകീകൃതതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ദേശീയവിഷയങ്ങളും അന്താരാഷ്ട്രവിഷയങ്ങളുമാണ്. സാധാരണക്കാരന്റെ വിഷയങ്ങള്‍ ചര്‍ച്ചയാവുകയില്ല. 2. പ്രാദേശികവിഷയങ്ങള്‍ പരിഗണനാവിഷയമാവുകയില്ല. ദേശീയനേതാക്കന്മാര്‍ക്ക് പ്രാദേശികവിഷയങ്ങള്‍ അറിയില്ല. അതുകൊണ്ട് അത് അഭിസംബോധന ചെയ്യപ്പെടുന്നില്ല. ദേശീയനേതാക്കന്മാരുടെ വേദികളില്‍ പ്രാദേശികനേതാക്കന്മാരും അവരുടെ ആവശ്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകും. 3. ദേശീയപാര്‍ട്ടികള്‍ക്കോ ഭരിക്കുന്ന പാര്‍ട്ടിക്കോ മാത്രമാണു നേട്ടമുണ്ടാകുക. ഇപ്പോള്‍ രാജ്യത്ത് ആറു ദേശീയപാര്‍ട്ടികളാണുള്ളത്. 57 സംസ്ഥാനപാര്‍ട്ടികളും അംഗീകാരം ലഭിക്കാത്ത 2597 പാര്‍ട്ടികളുമുണ്ട്. അവരുടെ സ്വരം ശ്രദ്ധിക്കപ്പെടാതെപോകാനുള്ള സാധ്യത കൂടുതലാണ്. 4. ഭരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല. പാര്‍ലമെന്റില്‍ ജയിക്കുന്ന പാര്‍ട്ടിക്ക് നിയമസഭ കിട്ടണമെന്നില്ല. തിരഞ്ഞെടുപ്പ് ഒരുമിച്ചാണെങ്കില്‍ അതിന്റെ ആവേശത്തില്‍ നിയമസഭാവിജയവും സാധ്യമാകുമെന്ന കണക്കുകൂട്ടലുണ്ട് 5. ഏകീകൃതതിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കും സ്വഭാവത്തിനും എതിരാണ്. പാര്‍ലമെന്റിന്റെ സംസ്‌കാരമോ ഭാഷയോ അല്ല നിയമസഭകളില്‍. നിയമസഭകളെ പാര്‍ലമെന്റു വിഴുങ്ങാനുള്ള സാധ്യത പലരും തള്ളിക്കളയുന്നില്ല. ചുരുക്കത്തില്‍, ഏകീകൃതതിരഞ്ഞെടുപ്പ് എളുപ്പമാകുകയില്ല.