തൃശൂര്‍: ഇഎസ്എ റിപ്പോര്‍ട്ടും ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും ബയോ ഡൈവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് മലയോരജനതയുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും പശ്ചിമഘട്ടജനസംരക്ഷണസമിതി രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
തൃശൂര്‍ രാമനിലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി എം.പി., വി ഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറ എന്നിവരും പങ്കെടുത്തു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇഎസ്എ റിപ്പോര്‍ട്ടും പുതിയ ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും എത്രയുംവേഗം ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായെങ്കിലേ ആറാമത്തെ ഇഎസ്എ കരടില്‍ സൂചിപ്പിക്കുന്നതുപ്രകാരം പരാതി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്കു സാധിക്കുകയുള്ളൂവെന്നു ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മറ്റ് സൈറ്റിലെ ഭൂപടത്തെ അടിസ്ഥാനമാക്കി അയയ്ക്കുന്ന ആക്ഷേപങ്ങള്‍ കരടുവിജ്ഞാപനത്തിനെതിരേയുള്ള ആക്ഷേപങ്ങളായി പരിഗണിക്കില്ലെന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ആറാമത്തെ കരടുവിജ്ഞാപനത്തില്‍ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എ യുടെ കടസ്ട്രല്‍ മാപ്പും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പിനൊപ്പും കടസ്ട്രല്‍ മാപ്പും സൈറ്റില്‍ ലഭ്യമാക്കിയശേഷം പൊതുജനങ്ങള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ അറുപതു ദിവസത്തെയെങ്കിലും അവസരം നല്‍കണമെന്നും കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നു ബിഷപ്പുമാര്‍ നിര്‍ദേശിച്ചു.
ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളില്‍ പരിസ്ഥിതിസംവേദകമേഖല (ഇഎസ്എ) എന്ന് എഴുതിച്ചേര്‍ക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. അത്തരം ആധാരങ്ങള്‍വച്ച് വായ്പയെടുക്കാനോ സ്ഥലം വില്‍ക്കാനോ സാധിക്കുന്നില്ല.
ഇഎസ്എ നിയമത്തിന്റെ അടിസ്ഥാനയൂണിറ്റ് വില്ലേജായിരിക്കേ, കേരളത്തില്‍ റവന്യൂ വില്ലേജുകളില്‍നിന്ന് ഫോറസ്റ്റുവില്ലേജുകളെ വേര്‍തിരിച്ചില്ലെങ്കില്‍ നിലവിലുള്ള സ്ഥിതിയനുസരിച്ച് ഒരു വില്ലേജിന്റെ പേരും അതിന്റെ അതിര്‍ത്തി കാണിക്കുന്ന മാപ്പുകളും ഇഎസ്എ നിയന്ത്രണങ്ങളില്‍പ്പെട്ടാല്‍ റവന്യൂവില്ലേജുകള്‍ മുഴുവന്‍ ഈ നിയമത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ കാരണമാകും. ഇഎസ്എ നിലനില്‍ക്കുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് കേരളം വ്യത്യസ്തമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.