•  3 Oct 2024
  •  ദീപം 57
  •  നാളം 30
ലേഖനം

മഹാദുരന്തം ഒരു വിളിപ്പാടകലെ

മുല്ലപ്പെരിയാര്‍ മുത്തശ്ശിക്ക് 130 വയസ്സ്

മ്മുടെ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒക്‌ടോബര്‍ പത്തിന് 129 വയസ്സു പൂര്‍ത്തിയാക്കും. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിലായിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ വരണ്ടുണങ്ങിയ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ബൃഹദ്പദ്ധതിയാണ് മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതി. ആധുനികതമിഴ്‌നാട്ടിലെ തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ അഞ്ചു ജില്ലകളിലെ വിസ്തൃതമായ ഭൂപ്രദേശം പൊന്നു വിളയിക്കുന്ന ഇടങ്ങളാക്കി മാറ്റിയത് മുല്ലപ്പെരിയാര്‍ അണക്കെട്ടു തടഞ്ഞുനിറുത്തിയ തേക്കടിത്തടാകത്തിലെ സമൃദ്ധമായ ജലമാണ്.
കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ സ്വപ്നപദ്ധതി
    ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്ത്യയില്‍ സേവനം ചെയ്തുവന്ന ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ പെന്നിക്വിക്കിന്റെയും വീട്ടമ്മയായ സാറായുടെയും ഇളയമകനായി 1841 ജനുവരി 15 ന് പൂനയില്‍ ഭൂജാതനായ ജോണ്‍, ലണ്ടനിലെ ചെല്‍ട്ടന്‍ഹാം കോളജില്‍നിന്ന് മിലിറ്ററി എഞ്ചിനീയറിങ്ങില്‍ ബിരുദം സമ്പാദിച്ചശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. മദ്രാസ് പ്രസിഡന്‍സിയിലെ പൊതുമരാമത്തുവകുപ്പില്‍ എന്‍ജിനീയറായി സേവനം ചെയ്തുവരവെയാണ് 1876 മുതലുള്ള മൂന്നു വര്‍ഷങ്ങള്‍ ഇന്ത്യയിലുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം ജോണിനെ വല്ലാതെ വേദനിപ്പിച്ചത്. ഇന്ത്യയിലൊട്ടാകെ ഒരു കോടിയോളം ജനങ്ങള്‍ പട്ടിണിമൂലം മരണമടഞ്ഞപ്പോള്‍ പ്രസിഡന്‍സിയില്‍മാത്രം പത്തു ലക്ഷം പേരുടെ ജീവനാണു പൊലിഞ്ഞത്. ജലസമൃദ്ധമായ പശ്ചിമഘട്ടത്തില്‍നിന്നാണു വൈഗനദി ഉദ്ഭവിക്കുന്നതെങ്കിലും വേനല്‍ക്കാലങ്ങളില്‍ അതു വറ്റിവരളുന്നത് ജോണിന്റെ മനസ്സില്‍ നൊമ്പരമായി അവശേഷിച്ചു. അതേസമയം, അയല്‍രാജ്യമായ തിരുവിതാംകൂറിലെ പടിഞ്ഞാറേക്ക് ഒഴുകിയിരുന്ന നദികളെല്ലാം വേനല്‍ക്കാലങ്ങളിലും നിറഞ്ഞൊഴുകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു; പ്രത്യേകിച്ചും, അതിര്‍ത്തിയോടു ചേര്‍ന്നൊഴുകുന്ന പെരിയാര്‍നദി. മധുരജില്ലയിലെ കോട്ടമലയ്ക്കടുത്തുനിന്ന് ഉദ്ഭവിക്കുന്ന വൈഗയും, തൊട്ടടുത്തുള്ള ചൊക്കാംപെട്ടിമലയില്‍ തുടങ്ങുന്ന പെരിയാറും തമ്മില്‍ വലിയ അകലമില്ലെന്നു കണ്ടെത്തിയ ജോണിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ സ്വപ്നപദ്ധതിയാണ് എ ഡി 1895 ല്‍ സഫലമായത്. 
പെരിയാര്‍ ലീസ് എഗ്രിമെന്റ്
    തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലൂടെ ഒഴുകുന്ന പെരിയാറിനെയും മുല്ലയാറിനെയും അണകെട്ടി തടഞ്ഞുനിര്‍ത്തി സംഭരിക്കുന്ന വെള്ളം ടണലിലൂടെ കിഴക്കോട്ടു തിരിച്ചുവിട്ട് മദ്രാസ് പ്രസിഡന്‍സിയിലെ വൈഗ നദിയിയിലെത്തിക്കാനുള്ള ജലസേചനപദ്ധതിക്കുവേണ്ടി രണ്ടു കൂട്ടരും ചേര്‍ന്നു തയ്യാറാക്കിയതാണ് പെരിയാര്‍ ലീസ് എഗ്രിമെന്റ് (പെരിയാര്‍ പാട്ടക്കരാര്‍). തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ വിശാഖം തിരുനാള്‍ രാമവര്‍മയ്ക്കുവേണ്ടി അന്നത്തെ ദിവാനായിരുന്ന വി. രാമയ്യങ്കാറും പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്ന വെന്‍ലോക് പ്രഭുവിനുവേണ്ടി അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഹന്നിങ്ടണും കരാറില്‍ ഒപ്പുവച്ചു.
    1886 ഒക്‌ടോബര്‍ 29 ലെ ഉടമ്പടിപ്രകാരം വെള്ളം കയറി മൂടിപ്പോയേക്കാമെന്നു കണക്കുകൂട്ടിയ 8,000 ഏക്കര്‍ വനഭൂമിക്ക് ഏക്കറൊന്നിന് അഞ്ചു രൂപ നിരക്കില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് പ്രതിവര്‍ഷം 40,000 രൂപ പാട്ടത്തുക ലഭിക്കും. അണക്കെട്ടിന്റെ നിര്‍മാണത്തിനായി 100 ഏക്കര്‍ സ്ഥലം വിട്ടുനല്കുകയും വേണം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന നിബിഡവനത്തെയും അവിടെനിന്നു കുടിയിറക്കപ്പെടുന്ന ആദിവാസികളെയും നശിച്ചുപോകാവുന്ന ജീവജാലങ്ങളെയും ഓര്‍ത്ത് മഹാരാജാവ് അതീവദുഃഖിതനായിരുന്നുവെന്നു തിരുവിതാംകൂറിന്റെ ചരിത്രം സാക്ഷിക്കുന്നുണ്ട്. ദുഷ്ടലാക്കോടെ തയ്യാറാക്കിയ പാട്ടക്കരാറുമായി കവടിയാര്‍ കൊട്ടാരത്തില്‍ കയറിയിറങ്ങിയ ബ്രിട്ടീഷുദ്യോഗസ്ഥര്‍ ഭീഷണിയുടെ സ്വരമുയര്‍ത്തിയാകാം കരാറിലൊപ്പിടാന്‍ മഹാരാജാവിനെ നിര്‍ബന്ധിച്ചതെന്നു കരുതപ്പെടുന്നുണ്ട്. 999 വര്‍ഷം നീളുന്ന ഒരു കരാറിനാണ് മഹാരാജാവിനു വഴങ്ങേണ്ടിവന്നത്. ''എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഈ കരാറില്‍ ഒപ്പുവയ്ക്കുന്നത്'' എന്ന് മഹാരാജാവ് പ്രതികരിച്ചതായും ചരിത്രരേഖകളിലുണ്ട്.
     പെരിയാര്‍ പാട്ടക്കരാറിന് 999 വര്‍ഷകാലാവധി നിശ്ചയിച്ചതുമുതല്‍ തുടങ്ങിയ ചതിയുടെ ചരിത്രം മുല്ലപ്പെരിയാര്‍ വിഷയത്തിനുണ്ട്. ബ്രിട്ടീഷ്ഭരണകാലത്തെ എല്ലാ ദീര്‍ഘകാല കരാറുകളും 99 വര്‍ഷത്തേക്കുള്ളതാണെങ്കില്‍ മുല്ലപ്പെരിയാറിനു  മാത്രം 999 വര്‍ഷങ്ങള്‍! അണക്കെട്ടിന്റെ നിര്‍മാണാവസരത്തില്‍ അമ്പതോ അറുപതോ വര്‍ഷം മാത്രമേ ആയുസ്സുള്ളൂ എന്നു കരുതിപ്പോന്ന ഒരു 'കല്‍ക്കെട്ടി'ന് ഒരു സഹസ്രാബ്ദക്കാലം നീളുന്ന കരാറോ? 99 വര്‍ഷത്തേക്കുള്ള ഉടമ്പടിയാണെന്നു മഹാരാജാവിനെ ബോധിപ്പിക്കുകയും, പിന്നീടെപ്പോഴോ ഒരു '9' കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിചിത്രമെന്നു പറയട്ടെ, ആദ്യപാട്ടക്കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇരുകക്ഷികളുടെയും സമ്മതത്തോടെ മറ്റൊരു 999 വര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കിയിരിക്കണമെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും കരാറിന്റെ ശരിപ്പകര്‍പ്പു കണ്ടിട്ടുള്ള മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേലും അഡ്വ. റസല്‍ ജോയിയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അണക്കെട്ടിന്റെ നിര്‍മാണം
    പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമസ്ഥാനത്തിനു താഴെയായാണ് അണക്കെട്ടിനു സ്ഥാനം നിശ്ചയിച്ചത്. 19-ാം നൂറ്റാണ്ടിലെ എഞ്ചിനീയറിംഗ് വിസ്മയമായി വിശേഷിപ്പിക്കപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 1887 ല്‍ അടിസ്ഥാനശില പാകി. അടിത്തട്ടിലുള്ള പാറ തുരന്നെടുത്ത്അടിക്കല്ലുകള്‍ ബലമായി ഉറപ്പിച്ചു. ചീഫ് എഞ്ചിനീയറായി നിയമിക്കപ്പെട്ട കേണല്‍ ജോണ്‍ പെന്നിക്വിക്ക് നിര്‍മാണപ്രവൃത്തികള്‍ക്കു മേല്‍നോട്ടം വഹിച്ചു. 
   കളിമണ്ണില്‍ വാര്‍ത്തെടുത്ത ഇഷ്ടിക, പൗഡര്‍ രൂപത്തില്‍ പൊടിച്ചെടുത്ത് ചുണ്ണാമ്പും വെള്ളവുമായി ചേര്‍ത്ത് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി തയ്യാറാക്കിയ സുര്‍ക്കിമിശ്രിതത്തില്‍ പ്രത്യേകം കീറിയെടുത്ത ആറിഞ്ചു ഘനമുള്ള പാറക്കല്ലുകള്‍ ഉറപ്പിച്ചായിരുന്നു നിര്‍മാണം. (സുര്‍ക്കിയില്‍ പതിപ്പിക്കുന്ന കല്ലുകള്‍ തെന്നിമാറാതെ യഥാസ്ഥാനത്തുറച്ചിരിക്കുന്നതിനു ശര്‍ക്കരയും മുട്ടവെള്ളയും പശ രൂപത്തിലാക്കി സുര്‍ക്കിയോടു ചേര്‍ത്തിരുന്നതായും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്). അണക്കെട്ടിന് ആയുസ്സ് കുറവായിരിക്കുമെന്നു നിര്‍മാണവേളയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഘനമുള്ള പാറക്കല്ലുകളുടെയും സുര്‍ക്കിയുടെയും മറ്റു നിര്‍മാണവസ്തുക്കളുടെയും ഭാരംകൊണ്ട് തറയില്‍ ഉറച്ചുനില്ക്കുന്ന ഗ്രാവിറ്റി ഡാം ആയതിനാല്‍ ഭൂകമ്പങ്ങളെയുംമറ്റു പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാന്‍ ഇത്തരം നിര്‍മാണരീതി ഫലപ്രദമാണെന്ന് പെന്നിക്വിക്കിന് ബോധ്യമുണ്ടായിരുന്നു.
     രാമനാഥപുരത്തുനിന്ന് എത്തിച്ച 3,000 തൊഴിലാളികള്‍ക്കുപുറമേ കമ്പം, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കൊണ്ടുവന്ന രണ്ടായിരം താത്കാലികതൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി. ചുവട്ടില്‍ 138 അടി വീതിയില്‍ അടിത്തറ പണിത് 45 ഡിഗ്രി ചെരിവില്‍ കരിങ്കല്ലും സുര്‍ക്കിയും മണലുമുപയോഗിച്ചു കെട്ടിപ്പൊക്കിയ അണക്കെട്ടു മുകളിലെത്തിയപ്പോള്‍ 12 അടി മാത്രമാണു വീതി. 1,200 അടി നീളമുള്ള അണക്കെട്ടിന് വാച്ച്ടവര്‍ ഉള്‍പ്പെടെ 176 അടിയാണ് ഉയരം. വിദഗ്ധരായ പോര്‍ച്ചുഗീസ് കല്ലാശാരിമാരെ കൊച്ചിയില്‍നിന്നും, കുമ്മായത്തേപ്പുകാരെ ഗുജറാത്തിലെ കച്ചില്‍നിന്നും എത്തിച്ചാണ് ഒടുവിലത്തെ മിനുക്കുപണികള്‍ തീര്‍ത്തത്. തൊഴിലാളികളുടെ ഒരു ദിവസത്തെ പണിക്കൂലി 6 അണയായിരുന്നുവെന്നു രേഖകളിലുണ്ട് (38 പൈസ). അണക്കെട്ടിന്റെയും കനാലുകളുടെയും ടണലിന്റെയും നിര്‍മാണത്തിനിടയില്‍ മരണപ്പെട്ട തൊഴിലാളികളുടെ കൃത്യമായ കണക്ക് ഇന്നും ലഭ്യമല്ല. 5,704 അടി നീളത്തില്‍ പണി തീര്‍ത്ത ടണല്‍ ചുണ്ണാമ്പുപൊതിഞ്ഞാണ് പൂര്‍ത്തീകരിച്ചത്. 12 അടി വ്യാസമുള്ള ടണലിലൂടെ അതിര്‍ത്തിക്കപ്പുറമെത്തിച്ച വെള്ളം 5 ഇരുമ്പുപൈപ്പുകളിലൂടെ ലോവര്‍ ക്യാമ്പിലെത്തിച്ചു. വെള്ളം ശേഖരിച്ചുതുടങ്ങി 116 അടിയിലെത്തിയപ്പോള്‍ വലതുവശത്തുകൂടി കവിഞ്ഞൊഴുകിയതു തടഞ്ഞുനിറുത്താന്‍ മണ്ണുകൊണ്ടു നിര്‍മിച്ച തടയണയാണ് 'ബേബി ഡാം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. ഏറ്റവും ദുര്‍ബലമായ ഈ മണ്‍തിട്ടയ്ക്ക് ഉറച്ച അടിത്തറയില്ലെന്നും പറയപ്പെടുന്നുണ്ട്. 8 അടി വീതിയില്‍ നിര്‍മിച്ച ബേബി ഡാമിന് 47 അടി ഉയരവും 240 അടി നീളവുമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 850 മീറ്റര്‍ (2,890 അടി) ഉയരത്തില്‍ നിര്‍മിച്ച  അണക്കെട്ടുകളുടെയും അനുബന്ധസംവിധാനങ്ങളുടെയും പൂര്‍ത്തീകരണത്തോടെ 1895 ഒക്‌ടോബര്‍ 10 ന് വെന്‍ലോക് പ്രഭു മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതി കമ്മീഷന്‍ ചെയ്തു. അതിവൃഷ്ടിമൂലം വെള്ളം ക്രമാതീതമായി ഉയര്‍ന്നാല്‍ നിറഞ്ഞൊഴുകുന്നതിന് അണക്കെട്ടിന്റെ ഇടതുവശത്ത് 13 സ്പില്‍വേകള്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാനും പെന്നിക്വിക്ക് പ്രത്യകം ശ്രദ്ധ ചെലുത്തി. അണക്കെട്ടു രൂപംകൊടുത്ത പെരിയാര്‍ തടാകത്തിന്റെ (തേക്കടി) ആകെ സംഭരണശേഷി 44,32,30,000 ക്യുസെക്‌സ് ആണ് (നാല്പത്തിനാലു കോടി മുപ്പത്തിരണ്ടു ലക്ഷത്തി മുപ്പതിനായിരം ക്യുബിക് മീറ്റര്‍). ജലസേചനപദ്ധതി പൂര്‍ണസജ്ജമാക്കുന്നതിന് മദ്രാസ് പ്രസിഡന്‍സി ആകെ 84.71 ലക്ഷം രൂപ ചെലവാക്കിയ കണക്കുകളും കമ്മീഷനിംഗ് ദിവസം പുറത്തുവിട്ടിരുന്നു.
    ജോലിയില്‍നിന്നു വിരമിച്ചശേഷം 1896 ല്‍ ഭാര്യയും അഞ്ചു മക്കളുമായി പെന്നിക്വിക്ക് എന്ന 55 കാരന്‍ വിശ്രമജീവിതത്തിനായി ഇംഗ്ലണ്ടിലേക്കു കപ്പല്‍ കയറി. അവിടെയും ഉത്തരവാദപ്പെട്ട ഒരു ജോലിയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. റോയല്‍ ഇന്ത്യന്‍ എഞ്ചിനീയറിങ് കോളജിന്റെ പ്രസിഡന്റായിട്ടായിരുന്നു നിയമനം. പിന്നീട്, മദ്രാസ് പ്രസിഡന്‍സിയുടെ നിയമനിര്‍മാണസഭയില്‍ അംഗമായി നിയോഗിക്കപ്പെട്ടു. 1911 മാര്‍ച്ച് 9-ാം തീയതിയായിരുന്നു മഹാനായ ആ മനുഷ്യസ്‌നേഹിയുടെ അന്ത്യം. 
   ഇംഗ്ലണ്ടിലെ സറേ (Surrey)  സംസ്ഥാനത്തെ കാംബര്‍ലിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഫ്രിംലിയിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള ദൈവാലയസിമിത്തേരിയിലെ കല്ലറയില്‍ സംസ്‌കരിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ അദ്ദേഹം ചെയ്ത നിസ്വാര്‍ഥസേവനങ്ങള്‍ രേഖപ്പെടുത്തിയ ഒരു ശിലാഫലകം കല്ലറയില്‍ സ്ഥാപിച്ചിട്ടുണ്ട്. 2019 ല്‍ കല്ലറയ്ക്കടുത്തു സ്ഥാപിച്ച പെന്നിക്വിക്കിന്റെ പ്രതിമയ്ക്കു പുറമേ, 2022 ല്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായപ്രതിമയും അവിടേക്കു കയറ്റിയയച്ചു. മധുരയിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിലും തേക്കടി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ  മുമ്പിലും പെന്നിക്വിക്കിന്റെ പ്രതിമകള്‍ കാണാനാകും. 
അഴിയാക്കുരുക്കുകള്‍
   1961 ലെ അതിവൃഷ്ടിമൂലമുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നത്.  സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് പരമാവധി സംഭരണശേഷിയായ 152 അടിയാക്കണമെന്നു തമിഴ്‌നാടും, ബലക്ഷയം ബാധിച്ച അണക്കെട്ട് കാലപ്പഴക്കം ചെന്നതിനാല്‍ ഉന്മൂലനം ((decommission) ചെയ്യണമെന്നു കേരളവും വാദിച്ചു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ത്തന്നെ 1886 ഒക്‌ടോബര്‍ 29 ലെ ആദ്യകരാര്‍ പുതുക്കിയെടുക്കാനുള്ള  ഗൂഢതന്ത്രങ്ങളും തമിഴ്‌നാടു മെനയുന്നുണ്ടായിരുന്നു. 1970 ഒക്‌ടോബര്‍ 29 ന് അവര്‍ ആ ലക്ഷ്യം നേടുകയും ചെയ്തു. തന്റെ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍  ഒരു പാര്‍ലമെന്റുസീറ്റ് തരപ്പെടുത്തിയതിന്റെ പ്രത്യുപകാരമായി അക്കാലത്തെ കേരളമുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ 1954 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ അടുത്ത 999 വര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കിനല്‍കി. ഈ ഉടമ്പടിപ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുവാദവും നല്കി. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയും, മന്ത്രിസഭയുടെ അംഗീകാരമില്ലാതെയും ഏകപക്ഷീയമായി മുഖ്യമന്ത്രി എടുത്ത ഈ രാഷ്ട്രീയതീരുമാനമാണ് നമ്മുടെ വാദഗതികള്‍ ഒന്നിനു പിറകേ മറ്റൊന്നായി പരാജയപ്പെടാനുള്ള പ്രധാനകാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്.
     1979 ല്‍ ഇടുക്കിജില്ലയിലുണ്ടായ ഒരു ചെറിയ ഭൂമികുലുക്കം സൃഷ്ടിച്ച പ്രകമ്പനം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുണ്ടാക്കിയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയെ സമീപിച്ചതോടെ തര്‍ക്കവിഷയം വീണ്ടും സജീവമായി. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടായാല്‍ അണക്കെട്ടു പൂര്‍ണമായും തകര്‍ന്നുവീഴുമെന്നായിരുന്നു കേരളത്തിന്റെ വാദം. അണക്കെട്ടു പരിശോധിച്ച കേന്ദ്രജലക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ജലനിരപ്പ് 142 അടിയില്‍നിന്നു 136 ലേക്കു താഴ്ത്താന്‍ നിര്‍ദേശിക്കുകയും, അണക്കെട്ട് അടിയന്തരമായി ബലപ്പെടുത്താനുള്ള ഉത്തരവിടുകയും ചെയ്തു.
    ബലപ്പെടുത്തലിന്റെ ഭാഗമായി മൂന്നു കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി തമിഴ്‌നാട് അവകാശപ്പെട്ടു. ഒന്ന്, 324 മീറ്റര്‍ നീളമുള്ള അണക്കെട്ടിന്റെ മുഴുവന്‍ നീളത്തിലും ഒരു മീറ്ററിന് 12 ടണ്‍ എന്ന കണക്കില്‍ കോണ്‍ക്രീറ്റ് ക്യാപിംഗ് നടത്തി. രണ്ട്, 10 മീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റു ഭിത്തികെട്ടി പുറംഭിത്തിക്ക് അധികബലം നല്കി. മൂന്ന്, 102 ഉരുക്കുസിലിണ്ടറുകള്‍ 10 അടിയോളം അടിപ്പാറയിലേക്ക് ഇറക്കി അവയില്‍ സിമിന്റു നിറച്ച് കേബിള്‍ ആങ്കറിംഗ് നടത്തി. ഇത്തരം ബലപ്പെടുത്തല്‍നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം 152 അടിയിലേക്ക് ജലനിരപ്പുയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ  സമീപിച്ചു. 142 അടിയില്‍നിന്നു 136 ലേക്ക് ജലനിരപ്പു താഴ്ത്തിയപ്പോള്‍ മൂന്നുവിള കൃഷി ചെയ്തിരുന്നത് രണ്ടു വിളയായി ചുരുക്കേണ്ടിവന്നെന്നും അവര്‍ വാദിച്ചു. ഈ കേസിലാണ് ജലനിരപ്പ് വീണ്ടും 142ലേക്ക് ഉയര്‍ത്താനുള്ള അനുകൂലവിധിയുണ്ടായത്. കേന്ദ്രജലക്കമ്മീഷന്‍ രണ്ടു കൂട്ടരെയും ഒരുമിച്ചിരുത്തി പഴയ അണക്കെട്ടിന് 370 മീറ്റര്‍ താഴെ പുതിയൊരെണ്ണം പണിയാന്‍ 1979 നവംബര്‍ 29 ന് തീരുമാനിക്കുകയും ചെയ്തു.
   തമിഴ്‌നാട് നടത്തിയ ബലപ്പെടുത്തല്‍ നടപടികള്‍ എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് അന്വേഷിക്കാന്‍ ഒരു വിദഗ്ധസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കല്ലുകളെ ഒന്നിനോടൊന്നു ചേര്‍ത്തുവയ്ക്കാന്‍ ഉപയോഗിച്ച സുര്‍ക്കിമിശ്രിതത്തിന്റെ 60 ശതമാനവും തുടക്കംമുതലുള്ള ചോര്‍ച്ചകളിലൂടെ നഷ്ടപ്പെട്ടുവെന്ന് പരിശോധനകളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ബോര്‍ഹോളുകളുണ്ടാക്കി മുകളില്‍നിന്ന് റിമോട്ട് സെന്‍സിംഗ്  വീഹിക്കിള്‍ ഉള്ളിലേക്കു കടത്തിവിട്ടപ്പോള്‍ പൊള്ളയായ ഭാഗങ്ങളിലൂടെയാണു കടന്നുപോയതെന്നും കണ്ടെത്തിയിട്ടുള്ളതാണ്. കാട്ടുകല്ലുകള്‍ അടുക്കിവച്ച ഒരു കല്‍ക്കെട്ടുമാത്രമായി അവശേഷിക്കുന്ന ഈ അണക്കെട്ട് തകര്‍ന്നുവീണില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടുപ്രകാരം ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നു ഭാരതം സ്വതന്ത്രമായപ്പോള്‍, ബ്രിട്ടീഷിന്ത്യയുമായി ചേര്‍ന്ന് ഒപ്പിട്ട എല്ലാ കരാറുകളും റദ്ദായതാണ്. അക്കാലത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഒരു പ്രത്യേക രാജശാസനത്തിലൂടെ പെരിയാര്‍ ലീസ് എഗ്രിമെന്റ് റദ്ദായ വിവരം പെരുമ്പറ കൊട്ടി ജനങ്ങളെ മുഴുവന്‍ അറിയിച്ചതും ചരിത്രസംഭവമാണ്. താന്‍ ദിവാനായിരിക്കുന്ന തിരുവിതാംകൂറിനു ഗുണകരമല്ലാത്ത കരാറിന്റെ നിയമവിരുദ്ധതയും ദോഷവശങ്ങളും തിരിച്ചറിഞ്ഞ സര്‍ സി. പി. രാമസ്വാമി അയ്യര്‍, അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്‍ പ്രഭുവിനെ തന്റെ വിയോജിപ്പറിയിക്കുകയും ചെയ്തു. പെരിയാറില്‍ അണ കെട്ടിനിറുത്തി മദ്രാസ് പ്രസിഡന്‍സിയിലേക്കു തിരിച്ചുവിട്ട വെള്ളം  ഉപയോഗിച്ച് അവര്‍ 25 ലക്ഷം രൂപ പ്രതിവര്‍ഷം നേടുന്നുണ്ടെന്നും, തിരുവിതാംകൂറിന് പാട്ടത്തുക ലഭിക്കുന്നത് 40,000 രൂപ മാത്രമാണെന്നും വൈസ്രോയിയെ ബോധിപ്പിക്കാനും സര്‍  സി.പി.ക്കു കഴിഞ്ഞു.
    1947 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ 177-ാം വകുപ്പുപ്രകാരം, നാട്ടുരാജ്യങ്ങള്‍ ഉള്‍ക്കൊണ്ട സംസ്ഥാനവും ഭാരതസര്‍ക്കാരും തമ്മിലുള്ള കരാറായി മാറുകയും ബ്രിട്ടീഷിന്ത്യയുടെ തുടര്‍ച്ച കേന്ദ്രസര്‍ക്കാരിലും തിരുവിതാംകൂറിന്റേത് കേരളസംസ്ഥാനത്തിനുമായി. കരാറിന്റെ ഒരു ഘട്ടത്തിലും തമിഴ്‌നാട് കക്ഷിയായിരുന്നിട്ടില്ല. അതിനാല്‍ത്തന്നെ 1970 ഒക്‌ടോബര്‍ 29 ന് സി. അച്യുതമേനോന്‍ പുതുക്കി നല്‍കിയ കരാറും അസാധുവായി പരിഗണിക്കണം. കരാര്‍ പുതുക്കിനല്കിയപ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുവാദംകൂടി വാങ്ങിച്ചെടുത്തതും ആദ്യകരാറിന്റെ ലംഘനമായി കണക്കാക്കണം.
    129 വര്‍ഷം പഴക്കമുള്ള പഴയ അണക്കെട്ടിനു പകരമായി പുതിയൊരെണ്ണം നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കമായി പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനു കേരളത്തിനു കിട്ടിയ അനുമതി ദേശീയ വനംവന്യജീവിബോര്‍ഡ് പിന്‍വലിച്ചത് തമിഴ്‌നാടിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്. പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനുള്ള  കേരളത്തിന്റെ അപേക്ഷയെ തമിഴ്‌നാട് ശക്തമായി എതിര്‍ക്കുകയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി പുതിയ ഒരു അണക്കെട്ടിന്റെ ആവശ്യമില്ലെന്നു നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം പരിഗണിച്ച അഞ്ചംഗഭരണഘടനാബെഞ്ച് രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടെങ്കില്‍ മാത്രം പുതിയ ഒരു അണക്കെട്ടിന്റെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. 2014 മേയ് എട്ടിലെ ഈ ഉത്തരവു പ്രാബല്യത്തിലുള്ളപ്പോള്‍ പരിസ്ഥിതി ആഘാതപഠനം നിയമവിരുദ്ധമാണെന്നും തമിഴ്‌നാട് വാദിച്ചു. കേരളം ബോര്‍ഹോളുണ്ടാക്കി അണക്കെട്ടിന്റെ ഉള്ളു പരിശോധിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്നും, പരമോന്നത കോടതിയുടെ ഉത്തരവുകള്‍പോലും ലംഘിക്കുന്ന കേരളം കോടതിയലക്ഷ്യമാണു കാട്ടുന്നതെന്നും അവര്‍ ആരോപിച്ചു. 2014 മേയ് 8 ലെ സുപ്രീംകോടതിവിധി പിന്നീട് എടുത്ത പല തീരുമാനങ്ങളും തമിഴ്‌നാടിന് അനുകൂലഘടകമായി.
     തമിഴ്‌നാട്ടിലെ ജനങ്ങളും അവരുടെ നേതാക്കളും മുല്ലപ്പെരിയാര്‍വിഷയം വികാരപരമായി കാണുന്നവരാണ്. ജലസേചനത്തിനാവശ്യമായ വെള്ളം മുടങ്ങാതെ കിട്ടിയില്ലെങ്കില്‍ അവരുടെ അഞ്ചു ജില്ലകളിലെ  കാര്‍ഷികവിളകള്‍ നിശേഷം നശിക്കും. പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്മക്കള്‍ക്കുള്ള വെള്ളം നിഷേധിക്കുകയില്ലെന്ന്  കേരളം എത്രയോ തവണ ആവര്‍ത്തിച്ചുപറഞ്ഞിരിക്കുന്നു! ജനങ്ങളുടെയും ജീവജാലങ്ങളുടെയും വസ്തുവകകളുടെയും സുരക്ഷയാണ് നമുക്കു പ്രധാനം. അണക്കെട്ടിനു താഴേക്കുള്ള പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ള ഏകദേശം 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ  ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനാനന്തരതര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും കേന്ദ്രസര്‍ക്കാരിനു കഴിയണം. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഒരു സമവായം പ്രശ്‌നപരിഹാരത്തിനു കൂടിയേതീരൂ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)