ചങ്ങനാശ്ശേരി: പ്രപഞ്ചത്തെ കൂടുതല്‍ അറിയുന്തോറും ദൈവത്തെക്കുറിച്ച് വിസ്മയഭരിതരായിസംസാരിക്കുന്ന ശാസ്ത്രജ്ഞമാര്‍ ഉണ്ടാകുന്നത് മനുഷ്യരാശിക്ക് അനുഗ്രഹമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ഇന്ത്യയുടെ ശാസ്ത്ര വിജ്ഞാനീയം ലോകത്തിനു നല്കുന്ന അതുല്യസംഭാവന ഭൗതികശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ദ്യഢബന്ധത്തിന്റെ അറിവാണെന്നും ശാസ്ത്രവും ദൈവബോധവും തമ്മിലുള്ള ബന്ധം തകരുന്നത് അപകടമാണെന്നും അതു മനുഷ്യനെ യന്ത്രത്തെപ്പോലെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ അതു മനുഷ്യത്വം നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
ശാസ്ത്രപഥം സയന്‍സ് മാസികയുടെയും സയന്‍സ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരിമീഡിയ വില്ലേജില്‍ നടക്കുന്ന ശാസ്ത്ര പഠനക്യാമ്പ് - ടെക്‌നോവ 2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രയാന്‍ 3 ന്റെ മുഖ്യ നേതൃനിരയിലെ അംഗവും ജി.എസ്.എല്‍.വി.എംകെ 3 യുടെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടറുമായ ഡോ. ബിജു സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവാണ് ഒരു വിദ്യാര്‍ഥിയുടെ ശാസ്ത്രാഭിരുചിയുടെ അടിസ്ഥാനമെന്നും നിരീക്ഷണപാടവമാണ് ശാസ്ത്രജ്ഞനിലേക്കുള്ള വളര്‍ച്ചയിലെ ആദ്യപടിയെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കഡറി വിദ്യാര്‍ഥികള്‍ക്കായാണ് ടെക്‌നോവ സംഘടിക്കപ്പെടുന്നത്. 70ല്‍പ്പരം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ ത്രിദിന ക്യാമ്പില്‍ പങ്കെടുക്കുന്നു. ശാസ്ത്രസാങ്കേതികമേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കുന്നു. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റുകളുടെ മാനേജര്‍മാരായ ഫാ. മനോജ് കറുകയില്‍, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ഡൊമിനിക്ക് അയലുപറമ്പില്‍, ശാസ്ത്രപഥം മാസിക എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.