കൃഷിയില്‍ പൂര്‍വികരുടെ പാത പിന്തുടരുകയാണ് മാതാപിതാക്കളും മക്കളും. ഭരണങ്ങാനം പഞ്ചായത്തിലെ ഇളംതോട്ടം ചന്ദ്രന്‍കുന്നേല്‍ ഡേവിസ് സി. ജേക്കബും ഭാര്യ സൗമ്യയും അധ്യാപകരാണ്. ഇവര്‍ സ്‌കൂളില്‍നിന്നു തിരിച്ചെത്തിയാല്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുകയായി. ഫിലോസാന്‍, റമ്പൂട്ടാന്‍, പ്ലാവ്, മാവ്, തെങ്ങ്, വാഴ, റബര്‍, നാരകം, ഓറഞ്ച്, ആര്യവേപ്പ്, കറിവേപ്പ്, മരച്ചീനി, ചേന, ചേമ്പ്, വഴുതന, വെണ്ട, ചീര, കോവല്‍, പയര്‍, മുരിങ്ങ, മള്‍ബറി തുടങ്ങിയവ കൃഷി ചെയ്തുവരുന്നു. ഇവയ്‌ക്കെല്ലാം ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. അതായത്, കാലിവളവും വേപ്പിന്‍പിണ്ണാക്കും. കീടനാശിനി അടിക്കാറില്ല.
ഈ വര്‍ഷം ചിങ്ങം ഒന്നിന് കുട്ടിക്കര്‍ഷകയായി ഭരണങ്ങാനം കൃഷിഭവന്‍ തിരഞ്ഞെടുത്തത് ഇവരുടെ മകളായ എയ്ഞ്ചല്‍ മരിയ ഡേവിസിനെയാണ്. പ്രവിത്താനം സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. എട്ടാംക്ലാസിലാണ് എയ്ഞ്ചല്‍ പഠിക്കുന്നത്. സ്‌കൂള്‍ വിട്ടുവന്നാല്‍ മാതാപിതാക്കളോടൊപ്പം സന്ധ്യവരെ കൃഷിയില്‍ വ്യാപൃതയാണ്.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമല്ലേ ഈ കിടക്കുന്നത്. നമുക്ക് ഇവിടെ കൃഷി ചെയ്താലോ എന്നുള്ള വല്യപ്പച്ചന്റെ ചോദ്യത്തിനു മുമ്പില്‍ എയ്ഞ്ചലിനു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വല്യപ്പച്ചന്‍ മുന്നിലിറങ്ങും. ഞങ്ങളും കൂട്ടത്തിലിറങ്ങും. അതാണ് മോള്‍ക്ക് കുട്ടിക്കര്‍ഷകയുടെ ആദരവു ലഭിക്കാന്‍ കാരണമായതെന്ന് എയ്ഞ്ചലിന്റെ മാതാവും അധ്യാപികയുമായ സൗമ്യ പറയുന്നു.
നമ്മുടെ കുട്ടികള്‍ക്ക് കൃഷിയില്‍ താത്പര്യം ഉണ്ടാകണമെങ്കില്‍ മുതിര്‍ന്നവര്‍ കൃഷിയിടത്തിലേക്കിറങ്ങി മാതൃക കാണിക്കണമെന്നാണ് സൗമ്യയുടെ അഭിപ്രായം.
ഇളംതോട്ടം ഇടവകാംഗങ്ങളാണ് ഈ കുടുംബം. ഡേവിസ് 25 വര്‍ഷമായി സണ്‍ഡേസ്‌കൂള്‍ അധ്യാപകനാണ്. അതില്‍ 11 വര്‍ഷം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗമ്യ 13 വര്‍ഷമായി സണ്‍ഡേ സ്‌കൂള്‍ ഓഫീസ് സ്റ്റാഫായിരുന്നു.
എയ്ഞ്ചലിനെക്കൂടാതെ അന്ന എലിസബത്ത് ഡേവിസ്, ജേക്ക് ജേക്കബ് ഡേവിസ്, ഹെയ്‌സല്‍ ട്രീസാ ഡേവിസ് എന്നിവരും ഡേവിസ് - സൗമ്യ ദമ്പതികളുടെ മക്കളാണ്.
- ജോസഫ് കുമ്പുക്കന്‍