ഭുവനേശ്വര്‍: രക്തസാക്ഷി ഫാ. അരുള്‍ദാസിന് അദ്ദേഹത്തിന്റെ 25-ാം ചരമവാര്‍ഷികദിനത്തില്‍ ആയിരങ്ങള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
ഒഡീഷയിലെ ബാലസോര്‍ രൂപതയില്‍പ്പെട്ട വിദൂരവനപ്രദേശമായ ജാമുബാനിയില്‍ നടന്ന 25-ാം രക്തസാക്ഷിത്വവാര്‍ഷികദിനാചരണത്തില്‍ നാലായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഈശോയുടെ ജീവിതത്തെ അടുത്തറിഞ്ഞ് അനുഗമിച്ച വ്യക്തിയാണ് ഫാ. അരുള്‍ദാസെന്നും ഈശോയെപ്പോലെ നല്ലിടയനായി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും വിശുദ്ധകുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു വചനസന്ദേശം നല്‍കിയ ബാലസോര്‍ ബിഷപ് ഡോ. വര്‍ഗീസ് തോട്ടംകര പറഞ്ഞു. 50 വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികരും സന്ന്യസ്തരും വിശ്വാസികളും ചടങ്ങില്‍ പങ്കാളികളായി.
''ഹൊ'' വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന ഒഡീഷയിലെ മയൂര്‍ബഞ്ജ് ജില്ലയിലെ ജാമുബാനിയില്‍ 1999 സെപ്റ്റംബര്‍ ഒന്നിന് അവിടത്തെ ക്രൈസ്തവസമൂഹത്തിനുവേണ്ടി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാനെത്തിയതായിരുന്നു 33 കാരനായിരുന്ന ഫാ. അരുള്‍ദാസ്.
വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഭക്ഷണവും കഴിച്ചശേഷം പ്രാദേശികജനത അവരുടെ സംസ്‌കാരത്തിന്റെകൂടി ഭാഗമായ നൃത്തവും പാട്ടുമായി ആഘോഷത്തിലായി. ഇതിനിടെ സ്ഥലത്തെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമികള്‍ നൃത്തം ചെയ്യുന്നവരെ വളഞ്ഞശേഷം ഫാ. അരുള്‍ദാസിനെയും സഹായി കാത്തേസിങ് ഗുണ്‍ഷിയെയും ആക്രമിക്കുകയായിരുന്നു. അക്രമികളെ കണ്ട് ഇറങ്ങിയോടി മരങ്ങള്‍ക്കിടയില്‍ മറഞ്ഞ ഫാ. അരുള്‍ദാസിനെ അക്രമികളിലൊരാള്‍ പിന്തുടര്‍ന്ന് അമ്പെയ്താണു കൊലപ്പെടുത്തിയത്. ജാമുബാനിയിലെ സാമൂഹികവിദ്യാഭ്യാസകാര്യങ്ങളില്‍ ഇടപെട്ടു സേവനം ചെയ്തുവരികയായിരുന്നു ഫാ. അരുള്‍ദാസ്. കുറച്ചു പുസ്തകങ്ങളും ഒരു പോക്കറ്റ് റേഡിയോയുംമാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
എളിമയുടെ മാതൃകയായിരുന്ന ഫാ. അരുള്‍ദാസിനു ഹ്രസ്വകാലംകൊണ്ട് 'ഹൊ' ജനതയുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിരുന്നു. 'എന്റെ ഹൃദയം എപ്പോഴും നിങ്ങളുടെ നീതിക്കുവേണ്ടിയാണു നിലകൊള്ളുന്നതെന്നും നിങ്ങള്‍ക്കു നീതി ലഭിക്കുംവരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം 'ഹൊ' ജനതയോടു പറയുമായിരുന്നു.
ഫാ. അരുള്‍ദാസ് കൊല്ലപ്പെടുമ്പോള്‍ കേവലം 18 'ഹൊ' കുടുംബങ്ങളാണ് ക്രൈസ്തവവിശ്വാസികളായി പ്രദേശത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രദേശത്തെ ക്രൈസ്തവകുടുംബങ്ങളുടെ എണ്ണം 400 ആയി ഉയര്‍ന്നതായി ഫാ. അരുള്‍ദാസിന്റെ ജീവചരിത്രം രചിച്ച ഫാ. വര്‍ഗീസ് പുതുമറ്റം പറഞ്ഞു.
പ്രാദേശികം
ഫാ. അരുള്‍ദാസിന്റെ 25-ാം രക്തസാക്ഷിത്വവാര്‍ഷികം
