കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വിദേശത്ത്, ഒരു റെയില്‍വേസ്റ്റേഷനില്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. നല്ല വെടിപ്പും വൃത്തിയുമാണു സ്റ്റേഷന്. നമ്മുടെ പഞ്ചനക്ഷത്ര ആശുപത്രികളെക്കാള്‍ ഉത്തമം. രണ്ടു ചെറുപ്പക്കാര്‍ ടോയ്‌ലറ്റ് കഴുകുകയും തറ തുടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു. ശുദ്ധമായ മലയാളം. കുറച്ചുസമയം ഞാന്‍ അവരെത്തന്നെ നോക്കിയിരുന്നു. ഇതു മനസ്സിലാക്കിയ അവര്‍ എന്നോട് ''അമ്മച്ചി മലയാളിയാണോ'' എന്നു ചോദിച്ചു. 'അതെ'യെന്നു ഞാന്‍ പറഞ്ഞു. അപ്പോഴേക്കും അവരുടെ ജോലിസമയം കഴിഞ്ഞിരുന്നു. അവര്‍ എന്നോട് അവരുടെ ജീവിതത്തെപ്പറ്റി സംസാരിച്ചു. കേരളത്തില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങി ബി.ടെക് ബിരുദം നേടിയവരാണ്. വീടും സ്ഥലവും വിറ്റ് ഏജന്റുമാര്‍ക്ക് പണം നല്‍കി, ഇവിടെ എത്തിയതാണ്. ഒത്തിരിയേറെ അലഞ്ഞിട്ടും ജോലിയൊന്നും കിട്ടിയില്ല.
പ്രിയ മാതാപിതാക്കളേ, നമ്മുടെ നാട്ടില്‍ ഒരു ജോലിയും ചെയ്യാത്തവര്‍ ഓസ്‌ട്രേലിയ, കാനഡ, അയര്‍ലണ്ട്, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചെന്നാല്‍ ഏതു പണിയും ചെയ്യും! ഏതു പണിയും മാന്യതയുള്ളതാണ്. അത് നമുക്കും അറിയാം. എന്നാല്‍, നമ്മുടെ കുട്ടികള്‍ നമ്മുടെ രാജ്യത്തു ജോലി ചെയ്യട്ടെ. അതിനായി അവരെ പ്രാപ്തരാക്കുകയും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.
കേരളംപോലെ സുന്ദരമായ നാട് ഒരിടത്തുമില്ലെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. നമുക്കു വിശന്നാല്‍ കഴിക്കാന്‍ ചക്ക, മാങ്ങ, കപ്പ, ഏത്തവാഴ ഇവയെല്ലാമുണ്ട്. കുറച്ച് അധ്വാനിച്ചാല്‍ ഒരിക്കലും പട്ടിണി അനുഭവിക്കേണ്ടിവരില്ല. വിദേശത്തു പോകാന്‍ കുട്ടികള്‍ പറയുന്ന ന്യായം ഇവിടെ ജോലിയൊന്നും കിട്ടുകയില്ലെന്നാണ്. മിടുക്കരും അര്‍പ്പണമനോഭാവത്തോടെ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാലത്തുതന്നെ ജോലി ലഭിക്കാറില്ലേ? പഠനം കഴിഞ്ഞ്, അവര്‍ പഠിച്ച കാര്യം സ്വന്തമായി ചെയ്തുകൂടേ? ഡിഗ്രി പാസായവര്‍ക്കു കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കാമല്ലോ? അവനവന്റെ വീട്ടുമുറ്റത്ത് പത്തു വാഴ നട്ടുകൂടേ?
എല്ലാവരും വിദേശത്തായതുകൊണ്ട് പല വീടുകളും സ്ഥലങ്ങളും വെറുതെ കിടക്കുകയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പുതിയ സംരംഭം തുടങ്ങാം. അങ്ങനെ മാതാപിതാക്കള്‍ക്കു താങ്ങും തണലുമായി കേരളത്തില്‍ ജീവിക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാവണം.
കേരളത്തിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ വരുകയാണ്. പണ്ടെങ്ങുമില്ലാതിരുന്ന അവസ്ഥയാണിത്. ഇവിടെ ഇഷ്ടംപോലെ ജോലികളുണ്ട്. നമ്മള്‍ വിദേശത്തു ചെന്നാല്‍, ഇവിടെ അതിഥിത്തൊഴിലാളികള്‍ക്കു കൊടുക്കുന്ന അംഗീകാരമേ ലഭിക്കുകയുള്ളൂ.
പെണ്‍മക്കള്‍ക്കു വിവാഹാലോചനകള്‍ വരുമ്പോള്‍ പണ്ടത്തെ മാതാപിതാക്കള്‍ക്ക് ഒരു വീക്ഷണമുണ്ടായിരുന്നു - മക്കളെ അധികം ദൂരെയല്ലാതെ കെട്ടിക്കണം. കാരണം, അപ്പനും ആങ്ങളമാര്‍ക്കും വല്ലപ്പോഴെങ്കിലും അവളെ കാണാനും അന്വേഷിക്കാനും പറ്റും. മകളുടെ മുഖത്തുനോക്കി, അപ്പന്‍ അവളുടെ ജീവിതം വിലയിരുത്തിയിരുന്ന സുന്ദരമായ കാലം. എന്തെങ്കിലും പ്രയാസം മകള്‍ക്കുണ്ടെന്നു തോന്നിയാല്‍ ഉചിതമായ സമയത്ത് ഇടപെടുമായിരുന്നു. ഇപ്പോഴത്തെ മാതാപിതാക്കളുടെ വിചാരം മകളെ വിദേശത്തു ജോലിയുള്ളവരെക്കൊണ്ടു കെട്ടിക്കണമെന്നാണ്. മകള്‍ക്കും അതുതന്നെ വിചാരം.
ആയതിനാല്‍, പ്രിയപ്പെട്ട മാതാപിതാക്കളേ, നമ്മുടെ ഓമനകളെ വിദേശത്തേക്കു വിടാന്‍ താത്പര്യപ്പെടരുത്. ഓരോ ഏജന്‍സിയും മോഹനവാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ കുഞ്ഞുങ്ങള്‍ അവിടെച്ചെന്നാല്‍ കഷ്ടപ്പെടും. നമുക്കു കാണാനും സാധിക്കില്ല. ആരെങ്കിലുമൊക്കെ വിദേശത്തുപോയി പണി ചെയ്തു വലിയ വീടുവെച്ചായിരിക്കും. അതൊന്നും എല്ലാവര്‍ക്കും നടന്നെന്നു വരില്ല. അന്യസംസ്ഥാനത്തൊഴിലാളികളും കേരളത്തില്‍ വലിയ വീടുകള്‍ വയ്ക്കുകയും ഏക്കര്‍ക്കണക്കിനു കൃഷി കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്നു നമുക്കറിയാമല്ലോ?