•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അപ്രത്യക്ഷമാകുന്ന ജപ്പാന്‍നഗരങ്ങള്‍ നമുക്കൊരു പാഠമോ?

   ജപ്പാനിലെ 40 ശതമാനത്തിലധികം മുനിസിപ്പാലിറ്റികള്‍ കാലക്രമേണ അപ്രത്യക്ഷമാകുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ജനനനിരക്കുമൂലമുണ്ടാകുന്ന കുത്തനെയുള്ള ജനസംഖ്യാ ഇടിവുകാരണമാണ് ഇതു സംഭവിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള 1,729 പ്രാദേശികമുനിസിപ്പാലിറ്റികളില്‍ 744 എണ്ണവും ഇത്തരത്തില്‍ ഇല്ലാതാകാനുള്ള സാധ്യതയുള്ളതായി പഠനം കണ്ടെത്തുന്നു
    ''ഇങ്ങനെപോയാല്‍ ഈ രാജ്യംതന്നെ അപ്രത്യക്ഷമാകും,'' ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെഉപദേഷ്ടാവ് മസാക മോറി മുന്നറിയിപ്പുനല്‍കുന്നു. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം ജപ്പാനിലെ ജനസംഖ്യ 124 ദശലക്ഷമാണ്. അതായത്, 2015 നെ അപേക്ഷിച്ച് രാജ്യത്തെ ജനസംഖ്യ 30 ലക്ഷത്തോളംകുറഞ്ഞിരിക്കുന്നു. കൂടാതെ, ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ല്‍ രാജ്യത്ത് എട്ടു ലക്ഷത്തോളം കുട്ടികള്‍ ജനിച്ചപ്പോള്‍ 16 ലക്ഷം മരണങ്ങള്‍ രേഖപ്പെടുത്തി. അതായത്, ജനനങ്ങളുടെ ഇരട്ടിയോളം മരണങ്ങളാണ് ജപ്പാനില്‍ നടക്കുന്നത്. 
     ഇതുകൂടാതെ, കഴിഞ്ഞ വര്‍ഷം ജപ്പാനിലെ സന്താനോത്പാദനക്ഷമത (Total Fertility Rate (TFR)) 1.2 എന്ന ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഒരു സ്ത്രീ തന്റെ ജീവിതകാലത്തു ജന്മം നല്‍കുന്ന കുട്ടികളുടെ ശരാശരി എണ്ണത്തിനാണ് സന്താനോത്പാദനക്ഷമത എന്നു പറയുന്നത്. ജനസംഖ്യ സ്ഥിരമായി തുടരുന്നതിന് 2.1 എന്ന നിരക്ക് എങ്കിലും ആവശ്യമാണ്. ഇത് ജപ്പാന്റെ മാത്രം പ്രതിസന്ധിയല്ല; ദക്ഷിണ കൊറിയ (0.8), ചൈന (1.2), ഇറ്റലി (1.3),സ്‌പെയിന്‍ (1.3), റഷ്യ (1.5), ജര്‍മനി (1.5),
യു.കെ (1.6), തുടങ്ങിയ രാജ്യങ്ങളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. 
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല എന്നു കാണാം. 2021 ലെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടുപ്രകാരം കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.5 ആയിരുന്നു. കുറെ വര്‍ഷങ്ങളായി ഇതു കുറഞ്ഞുവരുന്നതായി ഈ റിപ്പോര്‍ട്ടു പറയുന്നു (2020 ല്‍  1.56,  2019 ല്‍ 1.68, 2018 ല്‍ 1.72). ഈ നില തുടരുകയാണെങ്കില്‍ കേരളത്തിന്റെ ഭാവിയും ആശങ്കാജനകമാണെന്നു കാണാന്‍ കഴിയും.  
''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍''
    ദൈവം മനുഷ്യനു നല്‍കിയ ആദ്യത്തെ അനുഗ്രഹം ഉത്പത്തിപ്പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍'' (ഉത്പ. 1:28). കുട്ടികള്‍ ദൈവത്തിന്റെ ദാനമായി ഇസ്രയേല്‍ജനം കണ്ടിരുന്നു. കൂടാതെ, സന്താനപുഷ്ടി ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളായി അവര്‍ പരിഗണിച്ചിരുന്നു. ''ഞാന്‍ നിങ്ങളെ കടാക്ഷിക്കുകയും സന്താനപുഷ്ടി നല്‍കി നിങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യും.'' (ലേവ്യ. 26:9). അതോടൊപ്പം, സന്താനരഹിതരായവര്‍ ദൈവാനുഗ്രഹം പ്രാപിച്ച് കുട്ടികള്‍ക്കു ജന്മം നല്കുന്നത് ബൈബിളില്‍ പലയിടത്തും കാണുന്നുണ്ട്. (ഉത്പ. 25:21, ഉത്പ 29:31, ന്യായ. 30:22, 1 സാമു.1). 
ജീവന്‍ ഒരു ഭീഷണി?
   മനുഷ്യജീവനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്തിരുന്ന ഒരു ലോകക്രമത്തില്‍നിന്ന്, ജീവനെ ഒരു ഭീഷണിയായി കാണാന്‍ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാറ്റങ്ങളെത്തുടര്‍ന്നാണ്. യുദ്ധത്തിനുശേഷം ലോകമെമ്പാടും ജനസംഖ്യയില്‍ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടായി ((baby boom) തോമസ് മാല്‍ത്തൂസ് എന്ന ഇംഗ്ലീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍  An Essay on the Principle of Population  എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവച്ച ജനസംഖ്യാതിയറി പാശ്ചാത്യനാടുകളില്‍ ഈ ഘട്ടത്തില്‍ പെട്ടെന്നു പ്രചാരം നേടി. ഈ തിയറി പ്രകാരം ലോകജനസംഖ്യ സമഗുണിതശ്രേണിയില്‍ (Geometric Progression: 1,2,4,8,16,...) പെരുകുമ്പോള്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ സമാന്തരശ്രേണിയില്‍ (Arithmatic Progression: 1,2,3,4,5...) വളരെ പരിമിതമായിമാത്രമേ ഉയരുകയുള്ളൂ.  ഇപ്രകാരം,  ജനങ്ങള്‍ക്ക് ആവശ്യമുള്ള വിഭവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നതുമൂലം ആളുകള്‍ കൊടിയ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തും എന്നതായിരുന്നു മാല്‍ത്തൂസിയന്‍ തിയറി. ഇതിനു ചുവടുപിടിച്ച് അമേരിക്കയിലുള്ള എര്‍ലിച്ച് ദമ്പതികള്‍ എഴുതിയ ജനസംഖ്യാബോംബ് (The Population Bomb)  എന്ന കൃതി പാശ്ചാത്യലോകത്ത് വളരെ ഭീതി ജനിപ്പിച്ചു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് ആളുകള്‍ പട്ടിണിമൂലം മരിക്കുമെന്നും, ഇതിനൊരു പ്രതിവിധിയായി മൂന്നാം ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ജനനനിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നും ഈ പുസ്തകത്തിലൂടെ ഇവര്‍ ആഹ്വാനം ചെയ്തു. ''ഇന്ത്യയില്‍ മൂന്നു കുട്ടികളില്‍ അധികമുള്ള എല്ലാ ആണുങ്ങളെയും നിര്‍ബന്ധമായും വന്ധ്യംകരിക്കേണ്ടതാണ്'' ഇവര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം, ആ സമയത്ത് ശക്തി പ്രാപിച്ച ഫെമിനിസ്റ്റ് ആശയങ്ങളും കൃത്രിമഗര്‍ഭനിരോധനഗുളികകളുടെ കണ്ടുപിടിത്തവും ജനനനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി.
കര്‍ശന ജനനനിയന്ത്രണപദ്ധതികള്‍
   ജനസംഖ്യ ഈ രീതിയില്‍ പെരുകിയാല്‍ ലോകത്തിന്റെ നിലനില്പുതന്നെ അപകടകരമായിത്തീരുമെന്ന ആശങ്ക ലോകം മുഴുവന്‍ പടര്‍ന്നു. ഇതുമൂലം, വികസിതരാഷ്ട്രങ്ങള്‍ ജനനനിയന്ത്രണത്തിനുവേണ്ടി ധാരാളം പണമൊഴുക്കാന്‍ ആരംഭിച്ചു. അതോടൊപ്പം, പാശ്ചാത്യനാടുകളില്‍ കുറഞ്ഞുവരുന്ന ജനനനിരക്കുമൂലം ഭാവിയില്‍ തങ്ങളുടെ അധീശത്വം നഷ്ടപ്പെടുമോ എന്ന ആശങ്ക ആ രാജ്യങ്ങള്‍ക്കുണ്ടായി. ഇതിനൊരു പ്രതിവിധിയായി അതികഠിനമായ ഗര്‍ഭനിരോധനമാര്‍ഗങ്ങളും നിര്‍ഭച്ഛിദ്രവും ലോകമെങ്ങും നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജനനനിയന്ത്രണം ഔദ്യോഗികനയമായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ചൈന ഒരു കുട്ടിമാത്രം എന്ന നയം നടപ്പാക്കി. ഇതുമൂലം 1971 മുതല്‍ ചൈനയില്‍മാത്രം 30 കോടിയോളം കുഞ്ഞുങ്ങള്‍ നിര്‍ബന്ധിതഗര്‍ഭച്ഛിദ്രംമൂലം വധിക്കപ്പെട്ടുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലാകട്ടെ, ജനസംഖ്യാനിയന്ത്രണത്തിനുള്ള മാര്‍ഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത് നിര്‍ബന്ധിതവന്ധ്യംകരണമായിരുന്നു. ഒരു കുടുംബത്തിനു രണ്ടു കുട്ടികള്‍ മതിയെന്ന നയം ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടു.
ഇപ്പോള്‍ സംഭവിക്കുന്നത് 
   ജനസംഖ്യാവര്‍ധനയ്ക്കനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല എന്ന നവ മാല്‍ത്തൂസിയന്‍ സിദ്ധാന്തം തെറ്റാണെന്ന് കാലക്രമേണ തെളിയിക്കപ്പെട്ടു. ജനസംഖ്യ വളരെവേഗം വര്‍ധിച്ചെങ്കിലും മനുഷ്യരാശിയുടെ വലിയൊരു വിഭാഗത്തിന്റെ ജീവിതനിലവാരം  മനുഷ്യചരിത്രത്തില്‍ എപ്പോഴത്തെക്കാളും വളരെ ഉയര്‍ന്നിരിക്കുന്നതായി കാണാം. അതുപോലെ, ഭാവിയിലേക്കു നോക്കുമ്പോള്‍, സാമ്പത്തികവളര്‍ച്ചയ്ക്കുള്ള സാധ്യത ജനസംഖ്യാവളര്‍ച്ചയുടെ സാധ്യതയെക്കാള്‍ വളരെ വലുതാണ്. ഉദാഹരണമായി, ഗോതമ്പ്, അരി, മറ്റു ഭക്ഷണസാധനങ്ങള്‍ എന്നിവയുടെ പുതിയ ഇനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടു മുതല്‍ അഞ്ചു വരെ മടങ്ങു വിളവു വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണ്. ഇതുമൂലം, ആഗോളതലത്തില്‍ ഒരു ദശാബ്ദത്തില്‍ പട്ടിണിമൂലം മരിക്കുന്ന ആളുകളുടെ നിരക്ക് 1960 നെ അപേക്ഷിച്ച് 2010 ല്‍ ഏകദേശം 99 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത്, ജനസംഖ്യാപ്പെരുപ്പം പട്ടിണിക്കു കാരണമാകുന്നു എന്ന വാദം അടിസ്ഥാനരഹിതമായിരിക്കുന്നു. 
    യഥാര്‍ഥത്തില്‍, ജനസംഖ്യ അനിയന്ത്രിതമായി കുറയുന്നതാണ് ഇപ്പോള്‍ വികസിതരാജ്യങ്ങള്‍  അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. 2084 ന്റെ തുടക്കത്തില്‍ ലോകജനസംഖ്യ ഏകദേശം 10.3 ബില്യണ്‍ ആയി ഉയരുകയും, അതിനുശേഷം വര്‍ധന നിലച്ച് 2100 ഓടെ 10.2 ബില്യണില്‍ താഴെയായി ചുരുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു. യു.എന്‍. പഠനമനുസരിച്ച്, ലോകത്തിലെ 61 രാജ്യങ്ങളിലെ ജനസംഖ്യ 2050 ഓടെ കുറഞ്ഞുതുടങ്ങുകയും, ഇതില്‍ പല രാജ്യങ്ങളിലെയും ജനസംഖ്യ 15 ശതമാനത്തിലധികം കുറയുകയും ചെയ്യും. ഇതുകൂടാതെ, 2050 ആകുമ്പോഴേക്കും ആറില്‍ ഒരാള്‍ 65 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്ന് യു.എന്‍. കണക്കുകൂട്ടുന്നു. 2019 ല്‍ ഇത് 11 പേരില്‍ ഒരാള്‍ ആയിരുന്നു. 2100 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 61 ശതമാനവും പ്രായമായവരായിരിക്കും.
    ഈ പ്രതിസന്ധികള്‍ നേരിടുന്നതിനായി ലോകരാജ്യങ്ങള്‍ തങ്ങളുടെ പ്രഖ്യാപിതനയങ്ങളില്‍ അടിയന്തരമായി മാറ്റംവരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചിരുന്ന  രാജ്യങ്ങള്‍ ഇപ്പോള്‍ ഇതിനെ എതിര്‍ത്തുതുടങ്ങിയിരിക്കുന്നു. ചൈനയില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 1.16 ആയി കുറഞ്ഞതിനെത്തുടര്‍ന്ന്, ഒരു കുട്ടിമാത്രം മതി എന്ന നയം മൂന്നു കുട്ടികള്‍വരെ ആകാമെന്നു തിരുത്തിയിരിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ രാജ്യത്തിലെ സ്ത്രീകളോട് എട്ടോ അതിലധികമോ കുട്ടികള്‍ക്കു ജന്മം നല്‍കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു. 
കേരളത്തിന്റെ സ്ഥിതി 
   കേരളത്തിന്റെ സ്ഥിതിയും വളരെ ആശങ്കാജനകമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ലെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടുപ്രകാരം കേരളത്തിലെ ജനനനിരക്ക് തുടര്‍ച്ചയായി കുറയുകയും മരണനിരക്ക് കൂടുകയും ചെയ്യുന്നു. 2011 ല്‍ ആയിരം പേര്‍ക്ക് 16.75 ശതമാനം ഉണ്ടായിരുന്ന ജനനനിരക്ക് 2021 ആയപ്പോഴേക്കും 11.94 ആയി കുത്തനെ കുറഞ്ഞു.
   2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്) പ്രകാരം, കേരളത്തിന്റെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 0.5 ആണ്. ഇതില്‍  മലപ്പുറം ജില്ലയിലെ വളര്‍ച്ചാനിരക്കാണ് ഏറ്റവും കൂടുതല്‍ (1.6).  തൊട്ടുപുറകേ കാസര്‍ഗോഡും പാലക്കാടുമാണുള്ളത്. ഇതിനുപുറമേ, ഇടുക്കിപോലുള്ള ജില്ലകളില്‍ അവിവാഹിതരായ യുവാക്കളുടെ എണ്ണം പെരുകി വരുന്നത് ആശങ്കയുണര്‍ത്തുന്നു. അതായത്, കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ജനസംഖ്യ കുറഞ്ഞു വരുമ്പോള്‍, വടക്കന്‍ ജില്ലകളില്‍ ഇത് കൂടിവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. 
   ഇതിനോടു സമാനമായ കണക്കുകളാണ് സംസ്ഥാനവിദ്യാഭ്യാസവകുപ്പും പുറത്തുവിടുന്നത്. പുതുതായി സ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.7%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.2%) പത്തനംതിട്ട ജില്ലയിലുമാണ്. ഇതിനു പുറമേ, 25 വിദ്യാര്‍ഥികളില്‍ താഴെയുള്ള സംസ്ഥാനത്തെ 20 ശതമാനം സ്‌കൂളുകളും പത്തനംതിട്ടയിലാണുള്ളത്.   
ഇതിനോടൊപ്പം, കേരളം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് വിദേശരാജ്യങ്ങളിലേക്കുമുള്ള യുവാക്കളുടെ അഭൂതപൂര്‍വമായ കുടിയേറ്റം. കേരള മൈഗ്രേഷന്‍ സര്‍വേപ്രകാരം, വിദേശങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ  കുടിയേറ്റം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയായിട്ടുണ്ട്. 2018 ല്‍ 1,29,763 വിദ്യാര്‍ഥികള്‍  വിദേശത്തേക്കു പോയെങ്കില്‍, 2023 ആയപ്പോഴേക്കും ഇത് ഏകദേശം 2,50,000 ആയി ഉയര്‍ന്നു. ഇതില്‍, എറണാകുളത്തുനിന്നാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനു പോയത്, 43,990 പേര്‍. തൊട്ടുപിന്നാലെ തൃശൂരും കോട്ടയവുമാണുള്ളത്.  
ജനസംഖ്യാപിരമിഡ്
   ജനസംഖ്യയുടെ വിതരണം ഒരു പിരമിഡ് രൂപത്തിലാകുന്നതാണ് ഏറ്റവും അഭികാമ്യം. അതായത്, പ്രായമായവരുടെ എണ്ണം കുറവും, യുവജനങ്ങളുടെ എണ്ണം കൂടിയും ഇരിക്കണം. എന്നാല്‍, മൈഗ്രേഷന്‍സര്‍വേപ്രകാരം, കേരളത്തിലെ ജനസംഖ്യാപിരമിഡ് ഇപ്പോള്‍ ഒരു ചതുരാകൃതിയിലാണ് കാണപ്പെടുന്നത്. പണിയെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് ഇതിനര്‍ഥം. കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അതിഥിത്തൊഴിലാളികളുടെ വര്‍ധിച്ച സാന്നിധ്യം ഇതിനെ സാധൂകരിക്കുന്നു. 
    ദേശീയ ജനസംഖ്യാ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുപ്രകാരം 2036ല്‍ കേരളത്തിലെ  ജനസംഖ്യ 3.69 കോടിയിലെത്തും. പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 72.99 വയസ്സില്‍നിന്ന് 74.49 ആയി ഉയരുകയും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 80.15 വയസ്സ് ആകുകയും ചെയ്യും. തന്മൂലം, കേരളത്തിലെ ആളുകളുടെ ശരാശരി പ്രായം 33.51 ല്‍ നിന്ന് 39.5 ആയി ഉയരും. ഇതുകൂടാതെ, 14 വയസ്സിനു താഴെയുള്ളവര്‍ നിലവിലെ 21.8% നിന്ന് 17.7% ആയി കുറയും. 
1559 പ്രായപരിധിയില്‍ ഉള്ളവരുടെ എണ്ണം 22.39 ലക്ഷത്തില്‍ നിന്ന് 21.97 ലക്ഷമായി കുറയും. എന്നാല്‍, 60 നു മുകളില്‍ പ്രായം വരുന്നവര്‍ 50 ലക്ഷത്തില്‍നിന്ന് 84 ലക്ഷമാകും. അതായത്, 2036 ല്‍ കേരളത്തിലെ  അഞ്ചിലൊരാള്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരിക്കും.
 അങ്ങനെ, കേരളം അതിവേഗം പ്രായമായവരുടെ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് നാം കാണുന്നത്.
സഭയുടെ പ്രവാചകദൗത്യം
   1960 കള്‍ മുതലാണ് പാശ്ചാത്യസംസ്‌കാരം ധാര്‍മികാധഃപതനത്തിലേക്കു  കൂപ്പുകുത്തിയത് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയും. അപ്പോള്‍മുതല്‍ ജനസംഖ്യാവളര്‍ച്ചയിലും ഇടിവുണ്ടായി. ഇതിനു പ്രധാന കാരണമായി പറയുന്നത് ഗര്‍ഭനിരോധനഗുളികയുടെ ആവിര്‍ഭാവവും വ്യാപകഉപയോഗവുമാണ്. ഇത് പാശ്ചാത്യനാടുകളില്‍ 'ലൈംഗികവിപ്ലവ'ത്തിനു കാരണമായി. തന്മൂലം, വേശ്യാവൃത്തി, ദാമ്പത്യ അവിശ്വസ്തത, വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, മറ്റു തിന്മകള്‍ എന്നിവയില്‍ അഭൂതപൂര്‍വമായ വര്‍ധന ഉണ്ടായി. 
എന്നാല്‍, തിരുസ്സഭ ഈ സാമൂഹ്യതിന്മയ്‌ക്കെതിരേ പ്രതികരിക്കാന്‍ സധൈര്യം മുന്നോട്ടുവന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പ ഈ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുകയും അവയുടെ പരിണതഫലങ്ങള്‍ മുന്‍കൂട്ടി കാണുകയും ചെയ്തു. 'മനുഷ്യജീവിതത്തെക്കുറിച്ച്' എന്നര്‍ഥംവരുന്ന ഹ്യൂമാനെ വിത്തേ (Humanae Vitae)  എന്ന ഒരു ചാക്രികലേഖനം 1968 ജൂലൈ 25 ന് പ്രസിദ്ധീകരിച്ചു. ഇതില്‍, ഗര്‍ഭനിരോധനത്തിനും ഗര്‍ഭച്ഛിദ്രത്തിനും എതിരേയുള്ള സഭാപ്രബോധനങ്ങള്‍ മാര്‍പാപ്പ സധൈര്യം പ്രഖ്യാപിച്ചു. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തില്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് ഈ ചാക്രികലേഖനത്തിലൂടെ സഭ പ്രവാചകധീരതയോടെ ലോകത്തിനു മുന്നറിയിപ്പു നല്‍കി. 
കാലക്രമേണ, ഈ പ്രവചനങ്ങളെല്ലാം യഥാര്‍ഥ്യമായിത്തീരുന്നത് ലോകം കണ്ടു. ലൈംഗികഅരാജകത്വവും അധാര്‍മികതയും ലോകത്തില്‍ വ്യാപിച്ചു. സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളാക്കി കാണുന്ന ചൂഷണസംസ്‌കാരം സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും പടര്‍ന്നു. 'എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗര്‍ഭച്ഛിദ്രവും ലിംഗമാറ്റശസ്ത്രക്രിയകളും, LGBTQIA+  പോലുള്ള ആശയങ്ങളും സമൂഹത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. കുട്ടികളെ സ്വീകരിക്കാനുള്ള ദമ്പതികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ ജനസംഖ്യാനിയത്രണവും സ്ത്രീസ്വാതന്ത്ര്യവാദങ്ങളും നിരത്തി സര്‍ക്കാരുകള്‍ ഇടപെട്ടുതുടങ്ങി.
ഇനിയെന്ത്?
  അപ്രത്യക്ഷമാകുന്ന ജപ്പാന്‍ നഗരങ്ങളെപ്പോലെ നമ്മുടെ പല ഇടവകകളും  അപ്രത്യക്ഷമാകാനുള്ള സാഹചര്യം അതിവിദൂരമല്ല. ഇപ്പോള്‍ത്തന്നെ ഇതിന്റെ സൂചനകള്‍ പലയിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മുടെ ഇടവകകളില്‍ സംഭവിക്കുന്ന ജനനവും മരണവും തമ്മിലുള്ള അന്തരം നോക്കിയാല്‍ ഇത് ലളിതമായി മനസ്സിലാക്കാന്‍ സാധിക്കും.  
   അതിനാല്‍, ജീവന്റെ മഹത്ത്വം ഉദ്‌ഘോഷിക്കാന്‍ നാം ഇനിയും മടിച്ചുനില്‍ക്കരുത്. സഭയ്ക്ക്  നല്‍കപ്പെട്ടിരിക്കുന്ന ഈ പ്രവാചകദൗത്യം ധീരതയോടെ ഏറ്റെടുത്തുകൊണ്ട് ജീവനെ തുറന്ന മനസ്സോടെ സ്വീകരിക്കുവാന്‍ നമ്മുടെ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് സമുദായസംരക്ഷണത്തിനുവേണ്ടിമാത്രമല്ല, മനുഷ്യരാശിയുടെതന്നെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ്. 'ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി' ലോകത്തിലേക്കുവന്ന ക്രിസ്തുവിന്റെ സന്ദേശം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കാന്‍ നാം പരിശ്രമിക്കണം.
'ജീവന്റെ സുവിശേഷം' എന്ന ചാക്രികലേഖനത്തിലൂടെ സഭ ആവശ്യപ്പെടുന്നതുപോലെ എല്ലാ ജീവിതാവസ്ഥയിലുമുള്ള മനുഷ്യജീവനെയും നാം ബഹുമാനിക്കുകയും സംരക്ഷിക്കുകയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യണം. പ്രത്യേകമായി, പ്രായമായവരും മക്കള്‍ അടുത്തില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് നമ്മുടെ ഇടവകകളില്‍ കൂടുതല്‍ പരിഗണന കൊടുക്കണം. യുവജനങ്ങളെപ്പോലെ, പ്രായമായവര്‍ക്കും ഒരുമിച്ചുകൂടാനും സമയം ചെലവഴിക്കാനുമുള്ള ഇടങ്ങളായി നമ്മുടെ ദൈവാലയപരിസരങ്ങള്‍ മാറേണ്ടതുണ്ട്. അതുപോലെതന്നെ, വിവാഹപ്രായമെത്തിയിട്ടും വിവാഹം കഴിക്കാനാകാതെ വിഷമിക്കുന്ന യുവജനങ്ങളുടെ കാര്യത്തില്‍ സഭ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഇതിനുംപുറമെ, കേരളത്തില്‍ത്തന്നെ തുടരുന്ന യുവജനങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ നേടാന്‍ സഹായിക്കുകയും, സ്റ്റാര്‍ട്ടപ്പുകള്‍പോലുള്ള സംരംഭങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യണം.  ഇങ്ങനെ ഒരു പുത്തന്‍ ജീവസംസ്‌കാരം (culture of life)  സമൂഹത്തില്‍ രൂപം നല്‍കുവാന്‍ നാം മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)