മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷനായിരുന്ന
അന്തരിച്ച ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സ്മരണാഞ്ജലി
മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷനും ആഗോള ക്രൈസ്തവ ഐക്യപ്രസ്ഥാനങ്ങളിലെ, സജീവസാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.
സഭകളുടെ മതിലും അതിരുംകടന്ന് മാനവരാശിയുടെ മാത്രമല്ല, ഭൂമിയില്‍പ്പിറന്ന സകലതിന്റെയും ഐക്യമായിരുന്നു അദ്ദേഹം ''എക്യുമെനിക്കല്‍'' എന്ന പദത്തിന് അര്‍ത്ഥമായി കല്പിച്ചിരുന്നത്. പരിസ്ഥിതിവാദിയും സംരക്ഷകനുമാകാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ ആശയംതന്നെയാണ്. മാരാമണ്‍ മണല്‍പ്പുറത്തു നടക്കുന്ന മതസമ്മേളനത്തില്‍ വനം വകുപ്പുമായിച്ചേര്‍ന്ന് വൃക്ഷത്തൈ വിതരണവും നടത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണം സഭയ്ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കല്പനകളും പുറപ്പെടുവിച്ചിരുന്നു. പള്ളികളും പരിസരവും പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ''ഹരിതബിഷപ്'' എന്നും അറിയപ്പെട്ടു. പരിസ്ഥിതിസംരക്ഷണവും മാനവികതയും ഒരുപോലെ ചേര്‍ന്നുപോയെങ്കിലേ ലോകം പൂര്‍ണ്ണമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
1931 ജൂണ്‍ 27 ന് മാരാമണ്‍ പാലക്കുന്നത്ത് കടോണ്‍ ലൂക്കോസ് - മറിയാമ്മ ദമ്പതികളുടെ മകനായി ജനനം. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, ആലുവ യു.സി. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം വെര്‍ജീനിയ സെമിനാരി, ഓക്‌സ്ഫഡ് വിക്ലിഫ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. വെര്‍ജീനിയ സെമിനാരി, സെറാമ്പൂര്‍ കോളജ്, അലഹബാദ് കാര്‍ഷികസര്‍വകലാശാല എന്നിവ ഡോക്ടറേറ്റു നല്കി അദ്ദേഹത്തെ ആദരിച്ചു. 1957 ഒക്‌ടോബര്‍ 18 ന് വൈദികപട്ടം ലഭിച്ചു. വിവിധ ഇടവകകളിലെ സേവനത്തിനുശേഷം 2007 ഒക്‌ടോബര്‍ 2 ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
എല്ലാ മതങ്ങളെയും ഒരുപോലെ കാണാനും ആദരിക്കാനും അദ്ദേഹം പഠിപ്പിച്ചു. മതസൗഹാര്‍ദ്ദവും സാഹോദര്യവും പലരും വാക്കുകളില്‍ മാത്രമൊതുക്കിയപ്പോള്‍ ജോസഫ് മാര്‍ത്തോമ്മാ തിരുമേനി അതു പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. അതിനുദാഹരണമാണ് ആറന്മുള വള്ളംകളിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തതും ഭക്തരുടെ കൂടെച്ചേര്‍ന്നു വള്ളപ്പാട്ട് പാടിയതും. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്കണമെന്ന് അദ്ദേഹം എന്നും വാദിച്ചു. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രികാലശുശ്രൂഷകളില്‍ സ്ത്രീകള്‍ക്കു സംബന്ധിക്കാന്‍ അദ്ദേഹം അനുവാദം നല്കി. അതുപോലെ, സമൂഹത്തിന്റെ അരികുകളിലേക്കു മാറ്റിനിര്‍ത്തപ്പെട്ട ട്രാന്‍സ്‌ജെഡറുകള്‍ക്കും അദ്ദേഹം മാരാമണ്‍ കണ്‍വെന്‍ഷന്റെ വിശ്വാസവേദി തുറന്നുകൊടുത്തു.
ജീവകാരുണ്യത്തിന്റെ ഉദാത്തമാതൃകയായിരുന്നു മാര്‍ത്തോമ്മാ തിരുമേനി. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്നു അദ്ദേഹം. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നീതി നിഷേധിക്കപ്പെട്ട ദളിത്‌ക്രൈസ്തവര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. ലാത്തൂര്‍, ഒഡീഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഭൂകമ്പപ്രളയദുരിതാശ്വാസപ്രവര്‍ത്തനം, സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, നാഗാലാന്റ് മണിപ്പൂര്‍, കംബോഡിയ, ശ്രീലങ്കന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമാധാനചര്‍ച്ചകള്‍ എന്നിവയ്ക്ക് അദ്ദേഹം നല്കിയ നേതൃത്വം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായി. യു.എന്‍. ലോകമതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പത്തനാപുരത്ത് പ്രത്യാശാഭവന്‍, മാവേലിക്കരയില്‍ ജ്യോതിസ്, മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായുള്ള നവജീവന്‍ എന്നിവയ്ക്ക് അദ്ദേഹം ആരംഭം കുറിച്ചു.
വലിപ്പച്ചെറുപ്പമോ കക്ഷിരാഷ്ട്രീയഭേദമോ ഇല്ലാത്ത വലിയ ഒരു സുഹൃദ്‌വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. മാനവികമൂല്യങ്ങള്‍ക്ക് ഉന്നതസ്ഥാനം നല്കി ഉദാത്തമാതൃകയായ ഈ മഹാത്മാവിന് പ്രണാമം!