പാലാ: മലയാളത്തിന് അഭിമാനമേറ്റി പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ഓസ്‌ട്രേലിയന്‍മന്ത്രിസഭയില്‍. ഓസ്‌ട്രേലിയയില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്‍സണ്‍ സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ടെറിട്ടറി കാബിനറ്റില്‍ മന്ത്രിയായ ജിന്‍സണ് കായികം, കല, സാംസ്‌കാരികം, യുവജനക്ഷേമം, എന്നീ വകുപ്പുകളുടെ ചുമതലയാണുള്ളത്.
മൂന്നിലവ് പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്‌സി ചാള്‍സിന്റെയും പുത്രനായ ജിന്‍സണ്‍ ഓസ്‌ട്രേലിയയിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ മന്ത്രിസഭാംഗവുമായ ലേബര്‍ പാര്‍ട്ടിയിലെ കെയ്റ്റ് വെര്‍ഡന്റെ മണ്ഡലമാണ് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. നഴ്‌സിങ് മേഖലയില്‍ ജോലി നേടി 2011 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് (ഠഋങഒട)ഡയറക്ടറും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ചററുമാണ്.
ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റായ ചാലക്കുടി സ്വദേശി അനുപ്രിയയാണ് ഭാര്യ. മക്കള്‍: എയ്മി കേയ്റ്റിലിന്‍ ജിന്‍സണ്‍, അന്നാ ഇസബെല്‍ ജിന്‍സണ്‍. ദന്തഡോക്ടറായ ഡോ. ജിയോ ടോം ചാള്‍സ്, പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിന്‍ ചാള്‍സ് എന്നിവരാണ് ജിന്‍സണ്‍ന്റെ സഹോദരങ്ങള്‍. ആന്റോ ആന്റണി എം.പി. പിതൃസഹോദരനാണ്.