വിശ്വമാനവികതയുടെ മഹത്ത്വമുദ്‌ഘോഷിക്കുന്ന മലയാളിയുടെ മഹോത്സവമാണ് തിരുവോണം. കാലപ്രവാഹത്തില്‍ കൈമോശംവരാതെ മലയാളി നിധിപോലെ സൂക്ഷിക്കുന്ന, മണ്‍മറഞ്ഞുപോയ മനോജ്ഞമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മകളുമായി ബന്ധപ്പെട്ട ആഘോഷം. ജാതി മത വര്‍ഗവര്‍ണചിന്തകള്‍ ഒന്നുമില്ലാത്ത മഹത്തായ ഉത്സവം! ഓരോ മലയാളിയുടെയും ആത്മാഭിമാനമാണ് ഓണം. കാര്‍ഷികോത്സവമായ ഓണത്തിന്റെ ഭാസുരമായ പാരസ്പര്യം മലയാളി കാത്തുസൂക്ഷിക്കുന്നു.
ചിങ്ങപ്പുലരിക്ക് അഴകേറെയാണ്. ഓണപ്പൂക്കളവും ഓണസദ്യയും ഓണനിലാവും ഓണപ്പാട്ടും ഓണപ്പുടവയും ഓണക്കളിയും ഊഞ്ഞാലും എല്ലാം മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളാണ്. മനുഷ്യത്വത്തിന്റെ നിത്യപച്ച നിലനിര്‍ത്താനും ശാസ്ത്രമുന്നേറ്റത്തിന്റെ ആഘാതംകൊണ്ടു പരിക്കേല്‍ക്കാത്ത മനസ്സിന്റെ സഹജമായ സൗകുമാര്യത്തെയും ലാളിത്യത്തെയും സംവേദനശീലത്തെയും സംരക്ഷിക്കാനും ഓണാഘോഷത്തിലൂടെ നമുക്കു കഴിയേണ്ടതാണ്.
മഹാബലിയെന്ന പ്രജാക്ഷേമതത്പരനായ രാജാവിന്റെ ഭരണവും വാര്‍ഷികസന്ദര്‍ശനവുമെല്ലാം ഒരു മിത്താണെങ്കിലും ആഴമുള്ള ഒരു സന്ദേശം അഴകുള്ള ഈ കഥയിലുണ്ട്. അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശകാന്തിയുണ്ട്. നന്മയിലേക്കും കരുണയിലേക്കും ദിശ കാണിക്കുന്ന കാലാതീതമായ ഓര്‍മപ്പെടുത്തലുണ്ട്. വര്‍ഷത്തില്‍ ഒരൊറ്റ ദിവസത്തിനുമാത്രമുള്ള ആഘോഷമാകരുത് ഓണം. ആ കഥയ്ക്കുള്ളിലെ വിശ്വമാനവികതയുടെ സന്ദേശവും ഒരുമയുടെ ഉയിരുള്ള സംഗീതവും നാം കേള്‍ക്കാതെപോകരുത്. ഏതു പ്രതിസന്ധിയിലും സന്തോഷം കണ്ടെത്താനുള്ള മനുഷ്യന്റെ കഠിനശ്രമത്തിന്റെ ഹരിതാഭമായ ഇലയിലാണ് ഈ ഓണക്കാലത്തു നാം സദ്യ വിളമ്പേണ്ടത്.
ഓണത്തിന്റെ പുരാവൃത്തത്തിന് പുതിയ അര്‍ഥം കണ്ടെത്താനും മനുഷ്യന്റെ മൗലികസത്തയോട് അതിനെ അന്വയിക്കാനും ഭൂതകാലത്തെക്കുറിച്ചുള്ള ഈ അറിവ് ഭാവിയെ രൂപപ്പെടുത്തുന്നതിനു നിര്‍ണായകസ്വാധീനമാക്കാനും ശ്രമിക്കുന്നതിനു പകരം നമുക്കിന്ന് ഓണം ഒരുത്സവംമാത്രമാണ്. ഓണം ഓഫറില്‍ സാധനങ്ങള്‍ വില്‍ക്കുന്ന വിപണനമേളകളും വീട്ടുമുറ്റത്ത് തൊടിയിലെ പൂവിറുത്ത് ഇടുന്ന പൂക്കളങ്ങള്‍ക്കു പകരം വിപണിയില്‍നിന്നു പൂക്കള്‍ വാങ്ങിയിടുന്ന മെഗാ പൂക്കളങ്ങളും കോടികള്‍ മറിയുന്ന മദ്യവില്പനശാലകളും രാഷ്ട്രീയപാപ്പരത്തത്തിന്റെ കേളീരംഗങ്ങളും ഒക്കെയാണ് ഇന്നിന്റെ ഓണക്കാഴ്ചകള്‍. മാനുഷരെല്ലാരും ഒന്നുപോലെ സാഹോദര്യത്തെ നിത്യോത്സവമാക്കിയിരുന്ന മാവേലിനാടിന്റെ മുഖമുദ്ര കേരളം എത്രത്തോളം മറന്നിരിക്കുന്നു! കള്ളവും കപടതയും അഴിമതിയും ഇവിടെ നിറഞ്ഞാടുകയാണ്. ആപത്കരമായ വികസനനയങ്ങളും പ്രകൃതിചൂഷണവും നാടിനെ ഇല്ലായ്മ ചെയ്യുകയാണ്.
ഓണം ഓര്‍മകളുടെ ആഘോഷമാകുന്നതോടൊപ്പം ഓര്‍മിപ്പിക്കലുകളുടെ ഉണര്‍ത്തുപാട്ടുംകൂടിയാവണം. നന്മയിലേക്കുള്ള വഴികള്‍ മറക്കാതിരിക്കാന്‍, സാഹോദര്യത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും മനോഭാവം നഷ്ടമാകാതിരിക്കാന്‍, കരുണയും ആര്‍ദ്രതയും ക്ഷയിക്കാതിരിക്കാന്‍ മലയാളികള്‍ മനംനിറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്ന ഒരു മാവേലിനാട് നമുക്കു സ്വപ്നം കാണാം. കള്ളപ്പണവും കരിഞ്ചന്തയുമില്ലാത്ത, കൈക്കൂലിയും കുംഭകോണങ്ങളുമില്ലാത്ത കേരളം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതു സമയത്തും എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന, പ്രകൃതിക്കിണങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്ന കേരളം. പകര്‍ച്ചവ്യാധികള്‍ തീണ്ടാത്ത, വൈദ്യുതിയും വെള്ളവും നല്ല റോഡുകളും വീടുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്ന കേരളം. മാലിന്യം കുമിഞ്ഞുകൂടാത്ത പുഴകളും കായലുകളുമുള്ള കേരളം. മതസൗഹാര്‍ദവും പരസ്പരസഹകരണവും ഉന്നതവിദ്യാഭ്യാസസാധ്യതകളും മികവുറ്റ തൊഴില്‍സംസ്‌കാരവുമുള്ള കേരളം... അപ്പോഴും വൈലോപ്പിള്ളി വിഷുക്കണിയില്‍ പാടിയതുപോലെ, 'മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും!'