''ഓര്‍മയ്ക്കു പേരാണിതോണം'' - കവി മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ ശ്രദ്ധേയം. എത്രമനോഹരമായിരുന്നു കഴിഞ്ഞ കാലം എന്ന ഓര്‍മപ്പെടുത്തലിന്റെ ഉത്സവമാണ് ഓരോ ഓണവും. ഭൂതകാലത്തിന്റെ നനുത്ത ഓര്‍മകളില്‍നിന്ന് വര്‍ത്തമാനത്തിലേക്കു കടക്കണം. വര്‍ത്തമാനത്തില്‍ നന്മ വിതച്ചാലേ പ്രതീക്ഷകള്‍ നിറഞ്ഞ നാളെ ഉണ്ടാവുകയുള്ളൂ. സങ്കടം പെയ്തിറങ്ങുന്ന കര്‍ക്കടകം ഇനി വേണ്ട. ദാരിദ്ര്യവും ഉണ്ടാവരുത്. അപചയങ്ങളും ഉണ്ടാവരുത്. പരസ്പരം കുതികാലുവെട്ടുന്ന, അപരനെ ചവിട്ടിത്താഴ്ത്തുന്ന, ജീവിക്കാന്‍ അനുവദിക്കാത്ത ഒരു കാലം ഉണ്ടാവരുത് എന്നതാകണം നമ്മുടെ മനസ്സില്‍ വിരിയേണ്ട ഓണനിലാവ്.
തൊടിയിലിറങ്ങി വിവിധതരം പൂക്കള്‍ ശേഖരിച്ച് അത്തപ്പൂക്കളം ഇടുന്ന പഴയകാലം മാറി. പകരം തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും കൊണ്ടുവരുന്ന പൂക്കളാണ് ഇന്നു നാം ഉപയോഗിക്കുന്നത്. ഇവിടെ ഓണം കമ്പോളവത്കരിക്കപ്പെടുന്നു. ഓണക്കാലത്തു വിപണി സജീവമാകുന്നു. എല്ലാം പുതുമയുള്ളതാകുന്നു. വസ്ത്രവും ഭക്ഷണവും കളികളും ആഘോഷങ്ങളും എല്ലാം... നന്മകള്‍ക്കു നിറം മങ്ങിത്തുടങ്ങിയ കാലമാണിത്. ഒരു മണി ചോറു താഴെ വീണാല്‍ അതു കളയാതെ എടുത്തു ഭക്ഷിച്ചിരുന്ന പൂര്‍വികര്‍ നമുക്കുണ്ടായിരുന്നു. എന്തെന്നാല്‍, ഓരോ മണി ചോറിലും ഈശ്വരന്റെ മുദ്രയുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഇത്തരം പുണ്യങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് മനുഷ്യന്‍ അസംതൃപ്തനായി അലയുന്നത്.
ഇനി, നമ്മള്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്ന മഹാബലിത്തമ്പുരാനാവട്ടെ, വാക്കു വ്രതമായി സ്വീകരിച്ചവനാണ്. വാമനന്റെ മുമ്പില്‍ ശിരസ്സു നമിച്ചുനില്‍ക്കുന്ന വിനീതനായ ഒരു ഭരണാധികാരിയാണ് നമ്മുടെ ഐതിഹ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാബലി. ആ വിശാലമനസ്സിനും വിനയത്തിനും അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹമോ, എല്ലാ ദിവസവും ഭഗവാനെ ദര്‍ശിക്കാനുള്ള വരമായിരുന്നു. മഹാബലിയെ ഓര്‍മിക്കുമ്പോള്‍ നമ്മളും തിരിച്ചറിയേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. നമ്മുടെ വാക്കുകള്‍ക്കു സത്യത്തിന്റെ പ്രകാശമുണ്ടായിരിക്കണം. ഉള്ളതു പങ്കുവയ്ക്കാനുള്ള വിശാലമനസ്സുണ്ടാവണം. മറ്റുള്ളവരുടെ മുന്നില്‍ ശിരസ്സുനമിക്കാനുള്ള വിനീതഭാവമുണ്ടാകണം. ഇത്തരത്തില്‍, നന്മയുള്ള മനസ്സിന്റെ ആഘോഷമാകണം ഓണം.
എല്ലാ ഉത്സവങ്ങളും കാര്‍ഷികസംസ്‌കൃതിയുമായി ബന്ധപ്പെട്ടതാണ്. ഓണവും ഒരു കാര്‍ഷികോത്സവമാണ്; വിളവെടുപ്പുത്സവം. നമ്മള്‍ ഏറ്റവും കൂടുതല്‍ ആദരിക്കേണ്ട ഒരു വിഭാഗം, അതു കര്‍ഷകരാണ്. അന്നദാതാക്കളാണ് അവര്‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഏറ്റവുമധികം വേദനിക്കുന്നതും മാറ്റിനിര്‍ത്തപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും കര്‍ഷകരാണ്.
നമ്മുടെ പുഴകള്‍ മലിനമായിരിക്കുന്നു, കൃഷിപ്പാടങ്ങള്‍ നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നു, നമ്മുടെ മണ്ണ് വിഷലിപ്തമായിരിക്കുന്നു. നമുക്കു നമ്മുടെ പുഴകളെ വീണ്ടെടുക്കണം, കൃഷിപ്പാടങ്ങളെ വീണ്ടെടുക്കണം, മണ്ണിനെ വീണ്ടെടുക്കണം, കൃഷിയെയും കാര്‍ഷികവിളകളെയും പ്രോത്സാഹിപ്പിക്കണം. അങ്ങനെ, നമുക്കു നമ്മുടെ സംസ്‌കാരത്തെത്തന്നെ വീണ്ടെടുക്കണം. മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തെ ഊട്ടിയുറപ്പിക്കണം. നമ്മുടെ ഭാഷ, നമ്മുടെ ഓണപ്പാട്ടുകള്‍, നമ്മുടെ ഓണക്കളികള്‍, നമ്മുടെ ഓണപ്പൂക്കള്‍, നമ്മുടെ കാര്‍ഷികവിഭവങ്ങള്‍, നമ്മുടെ ഭക്ഷണം ഒക്കെ വീണ്ടെടുക്കാനുള്ള ഓര്‍മപ്പെടുത്തലുമായിട്ടാണ് ഓരോ വര്‍ഷവും ഓണം കടന്നുവരുന്നത്. സ്വാര്‍ഥത വിതച്ചു സ്വാര്‍ഥത കൊയ്യുന്ന, തിന്മ വിതച്ചു മരണം കൊയ്യുന്ന പുതിയ കാലത്തിന്റെ ചെയ്തികളോടു വിട പറയാന്‍ ഈ ഓണാഘോഷത്തിനു കഴിയട്ടെ. ജീവിതത്തിന്റെ പാടവരമ്പുകളില്‍ സ്‌നേഹവും കരുണയും ആര്‍ദ്രതയും വിതച്ച് പവിത്രമായ ഹൃദയബന്ധങ്ങളുടെ ഓണപ്പാട്ടുകള്‍ പാടി നമുക്ക് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാം.