മണ്ണു വേണം ജലം വേണം വായു വേണം
നാളെയും വിണ്ണുപെയ്യാന്‍ നമുക്കിത്തിരി മലകളും വേണം
മരം വേണം മരുപ്പച്ചത്തണല്‍ വേണം,
ഭൂമിക്കൊരുടല്‍ വേണം ഉടയാത്തൊരു രൂപവും വേണം
പുഴകള്‍ വേണം നദികള്‍ വേണം പുഞ്ചപ്പാടങ്ങള്‍ വേണം
വസന്തത്തില്‍ പൂവുകള്‍തന്‍ പൂമണം വേണം
നദികള്‍ വേണം കിളികള്‍ വേണം കുയിലുകള്‍തന്‍ പാട്ടു വേണം മരംകൊത്തികള്‍ താളമിട്ടൊരു പാട്ടുകേള്‍ക്കേണം
ഇലകള്‍ വേണം കായ്കള്‍ വേണം ഇലത്താളം കൂടെവേണം കിളികളാരവമിട്ടു വാനില്‍ ഒഴുകിനീങ്ങേണം
പുലരി വേണം രാവു വേണം രാക്കിളിതന്‍ പാട്ടു വേണം
പനംപട്ടകള്‍ കാറ്റിലാടി രസിച്ചുനില്‍ക്കേണം
വയലു വേണം വലരി വേണം വയല്‍ക്കരെത്തഴുതാമ വേണം ഞാറുവാലിപ്പക്ഷികള്‍തന്‍ കാഹളം വേണം
തോടു വേണം കുളം വേണം തോട്ടിലൊത്തിരി മീന്‍ വേണം കാട്ടരുവികള്‍ പാട്ടുപാടി ഒഴുകിയെത്തേണം
തണലു വേണം കുളിരു വേണം താമരപ്പൂക്കളും വേണം
മലകളില്‍നിന്നൊഴുകിയെത്തും അരുവിയും വേണം
കാടു വേണം നാടു വേണം തലമുറയ്‌ക്കൊരു ഭാവി വേണം
കാട്ടുചോലകള്‍ നാട്ടിലെത്തി കുളിര്‍ നിറയ്‌ക്കേണം
ഇനി വരുന്നൊരു തലമുറയ്ക്കായ് ജലം വേണം വായു വേണം നാട്ടിലൊത്തിരി മരം വച്ചിട്ടാവിതീര്‍ക്കേണം
അമ്മയാണിത് നന്മയാണ് പ്രപഞ്ചമെന്ന മഹാത്ഭുതം
അമ്മ വാഴുക, നന്മ വാഴുക, മേന്മ വാഴുകയൂഴിയില്‍.
കവിത
മണ്ണ്
