ഹേമകമ്മിറ്റി റിപ്പോര്‍ട്ട് മലയാളസിനിമയെ വല്ലാതെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് കേരളപൊലീസിന്റെ തലപ്പത്ത് വിവാദങ്ങള്‍ നീറിപ്പുകയുന്നത്. ക്രമസമാധാനച്ചുമതലയുള്ളവര്‍വരെ ക്രിമിനലിസത്തിന്റെ കൊടുമുടി കയറിയവരാണെന്നു കേള്‍ക്കുമ്പോള്‍ സംസ്ഥാനത്താകെ അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയും ഞെട്ടലുമാണുളവാകുന്നത്. പ്രതിക്കൂട്ടില്‍ ''വാഴുന്നവര്‍'' മുഖ്യമന്ത്രിയുടെ വിശ്വസ്തരാണെന്നുകൂടി അറിയുമ്പോള്‍ ഞെട്ടലിന്റെ ആഘാതം വര്‍ധിക്കുന്നതും ജനം ഭയചകിതരാകുന്നതും സ്വാഭാവികം.
സംസ്ഥാനപൊലീസിന്റെ തലപ്പത്ത് ക്രിമിനലുകളും കൊലപാതകികളുംവരെ ഉണ്ടെന്ന് ഇടതുപക്ഷ എം.എല്‍.എ. പി. വി. അന്‍വര്‍ ഉന്നയിച്ച കടുത്ത ആരോപണം സര്‍ക്കാരിനെ ഉലയ്ക്കുകമാത്രമല്ല, ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിവാദങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകകൂടിയാണു ചെയ്യുന്നത്. ആഭ്യന്തരവകുപ്പ് ഏതോ പവര്‍ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്ന പ്രതിപക്ഷാരോപണം നിലനില്ക്കുമ്പോഴാണ് ഭരണപക്ഷ എം.എല്‍.എ. എയ്ത ആക്ഷേപശരങ്ങള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതരാരോപണങ്ങളാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. സെപ്റ്റംബര്‍ ഒന്നാംതീയതി ഞായറാഴ്ച മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. സൈബര്‍സെല്ലിനെ ഉപയോഗിച്ച് മന്ത്രിമാരുടേതടക്കം രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്നതാണ് എഡിജിപിക്കെതിരായ മറ്റൊരാരോപണം. മാത്രമല്ല, പോലീസുദ്യോഗസ്ഥരുടെ ഫോണുകള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്നും എഡിജിപിയുടെ കുടുംബവും കള്ളക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരിക്കേ കരിപ്പുര്‍ വിമാനത്താവളംവഴി കടത്തിയ കള്ളക്കടത്തുസ്വര്‍ണം തട്ടിയെടുത്തെന്ന ആരോപണം പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെതിരേയും എം.എല്‍.എ. ഉന്നയിച്ചു. ഈ ആരോപണങ്ങളൊക്കെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നുകൂടി അന്‍വര്‍ തുറന്നടിച്ചു.
ഇതിനിടെ, സുജിത്ദാസിന്റേതെന്നപേരില്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം പൊലീസ്‌സേനയ്ക്കുണ്ടാക്കിയ മാനഹാനി ചെറുതല്ല.
വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് രണ്ടാം തീയതി തിങ്കളാഴ്ച കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനവേദിയില്‍, എഡിജിപിയുടെ സാന്നിധ്യത്തില്‍ത്തന്നെ, മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ്‌സേനയില്‍ പുഴുക്കുത്തുകളെയും ക്രിമിനലുകളെയും വച്ചുപൊറുപ്പിക്കില്ലെന്നു സമ്മേളനവേദിയില്‍ തുറന്നടിച്ച മുഖ്യമന്ത്രി മണിക്കൂറുകള്‍ക്കകം മലക്കംമറിഞ്ഞ കാഴ്ചയാണു പിന്നീടു കണ്ടത്.
കടുത്ത ആരോപണവിധേയനായ എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടതോടെ ജനമനസ്സുകളില്‍ പ്രതീക്ഷ മങ്ങി. മാത്രമല്ല, അജിത്കുമാറിനെതിരായ ആരോപണം അന്വേഷിക്കാന്‍ രൂപീകരിച്ച സംഘത്തിലുള്ളവരെല്ലാം അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരാണെന്ന വസ്തുത അന്വേഷണം പ്രഹസനംമാത്രമായിരിക്കുമെന്ന പുതിയ ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. ആരോപണവിധേയനായ എസ്. സുജിത്ദാസിനെ സസ്‌പെന്‍ഡു ചെയ്യുമെന്നായിരുന്നു സൂചനയെങ്കിലും പത്തനംതിട്ട എസ്.പി. സ്ഥാനത്തുനിന്നു മാറ്റുകമാത്രമാണുണ്ടായത്.
നീതിപാലകസേനയുടെ മര്‍മപ്രധാനമായ ചുമതലയിലും പദവിയിലുമിരിക്കുന്നവര്‍പോലും കൊടുംക്രിമിനലുകളാണെന്ന വെളിപ്പെടുത്തലുകള്‍ 2016 ല്‍ ആദ്യപിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ കേട്ടുതഴമ്പിച്ചതാണെങ്കില്‍ക്കൂടി അതിനെ നിസ്സാരവത്കരിക്കാനോ വാര്‍ത്ത കുഴിച്ചുമൂടാനോ പൗരബോധമുള്ള ആര്‍ക്കും സാധിക്കുന്നതല്ല. ക്രിമിനല്‍ബന്ധമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നു സര്‍ക്കാര്‍ വീണ്‍വാക്കു പറയുമ്പോഴും അതില്‍ എത്ര വമ്പന്‍സ്രാവുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങിനില്ക്കുന്നു. പൊലീസ് വകുപ്പ് സമ്പൂര്‍ണമായി അലക്കിവെളുപ്പിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. പൊലീസിന്റെ അധികാരദുര്‍വിനിയോഗവും വഴിവിട്ട ബന്ധങ്ങളും ക്രിമിനല്‍പശ്ചാത്തലവുമൊക്കെ പകല്‍പോലെ വ്യക്തമായിരിക്കേ, ഇത്തരം ദുഷ്പ്രവണതകളുടെ വേരറുക്കേണ്ടത് അനിവാര്യമാണ്. അതിനു സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടായേ പറ്റൂ. ആത്മവിശ്വാസത്തോടും അഭിമാനത്തോടുംകൂടി പണിയെടുക്കുന്ന, ചെയ്യുന്ന ജോലിയുടെ മഹത്ത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പൊലീസുദ്യോഗസ്ഥര്‍ക്കുകൂടിയാണ് വഴിവിട്ടു സഞ്ചരിക്കുന്നവര്‍ കളങ്കം ചാര്‍ത്തുന്നത് എന്നു കൂടി അവര്‍ ഓര്‍മിച്ചാല്‍ നന്ന്.
എഡിറ്റോറിയല്‍
പൊലീസ്‌സേനയിലും ശുദ്ധീകരണം അനിവാര്യം
