സെപ്റ്റംബര്‍ 8 പരി. മറിയത്തിന്റെ പിറവിത്തിരുനാള്‍
മരിയഭക്തിക്ക് ആദിമസഭയോളം പഴക്കമുണ്ടെങ്കിലും ആറാംനൂറ്റാണ്ടില്‍ പൗരസ്ത്യക്രിസ്ത്യാനികളാണ് പരിശുദ്ധമറിയത്തിന്റെ പിറവിത്തിരുനാളിന് ആരംഭം കുറിച്ചത്. ഒമ്പതാം നൂറ്റാണ്ടിലാണ് എട്ടുദിവസത്തെ നോമ്പാചരണത്തോടെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്കിടയില്‍ പരിശുദ്ധമറിയത്തിന്റെ പിറവിത്തിരുനാളാചരണം ആരംഭിച്ചത്.
ഒമ്പതാം നൂറ്റാണ്ടില്‍ മുഹമ്മദീയര്‍ കൊടുങ്ങല്ലൂര്‍ ആക്രമിക്കുകയും അറബിരാജാവായ അബ്ദുള്‍ മലേക്ക് നസ്രാണിയുവതികളെ തന്റെ കൊട്ടാരത്തിലെ തോഴീസംഘത്തില്‍ ചേര്‍ക്കാന്‍ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതികള്‍ ഭയവിഹ്വലരും നിസ്സഹായരുമായി ദൈവാലയത്തില്‍ അഭയം പ്രാപിച്ചു. തങ്ങളുടെ ചാരിത്രശുദ്ധി നഷ്ടപ്പെടാതിരിക്കാനും ഈ ക്രൂരവിനോദത്തിനു വിരാമമിടാനും വിലാപത്തോടും കണ്ണീരോടുംകൂടി പരിശുദ്ധമറിയത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അവര്‍ ഒരു നേര്‍ച്ച നേരുകയും ചെയ്തു. എട്ടുദിവസം പ്രാര്‍ഥനയും പ്രായശ്ചിത്തവും ഉപവാസവും നോമ്പുമായി ദൈവാലയത്തില്‍ ഭജനമിരുന്നുകൊള്ളാമെന്നായിരുന്നു അവരുടെ നേര്‍ച്ച. നേര്‍ച്ചയ്ക്കു ഫലം ലഭിക്കുകയും മൂന്നാം ദിവസം രാജാവ് മരിക്കുകയും ചെയ്തുവെന്നാണു ചരിത്രം!
പരിശുദ്ധമറിയത്തോടുള്ള നന്ദിസൂചകമായി പിന്നീടങ്ങോട്ട് അവളുടെ ജനനത്തിരുനാളിനൊരുക്കമായി എട്ടുദിവസങ്ങള്‍ വ്രതശുദ്ധിയോടെ നോമ്പും ഉപവാസവും പ്രാര്‍ഥനയുമായി ദൈവാലയത്തില്‍ ഭജനമിരുന്നുകൊണ്ടുള്ള നോമ്പാചരണം തുടര്‍ന്നുകൊണ്ടേയിരുന്നു. 'പരിശുദ്ധാത്മാവിന്റെ വീണ' എന്നറിയപ്പെടുന്ന വേദപാരംഗതനായ മാര്‍ അപ്രേം മറിയത്തെക്കുറിച്ചു രചിച്ച കീര്‍ത്തനങ്ങളും അപദാനങ്ങളും ആലപിച്ചുകൊണ്ട് പലവട്ടം മുട്ടുകുത്തി കുമ്പിടുന്ന രീതിയും അവര്‍ അനുഷ്ഠിച്ചുപോന്നു. എട്ടാം ദിവസം തങ്ങളുടെ ദൈവാലയവാസം പൂര്‍ത്തിയാക്കി സ്വഭവനങ്ങളിലേക്കു മടങ്ങുന്നതിനുമുമ്പായി സ്‌നേഹവിരുന്നൊരുക്കി പങ്കുവയ്ക്കുക എന്നൊരു പതിവും നിലനിന്നിരുന്നു. നാനാജാതിമതസ്ഥരും ഈ നോമ്പാചരണം ഭക്തിയോടും നിഷ്ഠയോടും വ്രതശുദ്ധിയോടുംകൂടി അനുഷ്ഠിക്കുകയും നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപിച്ച് ആത്മനിര്‍വൃതി നേടുകയും ചെയ്യുന്നു. പല പുരാതനദൈവാലയങ്ങളിലേക്കും ഈ വാര്‍ത്ത വാമൊഴിയായി പരന്നൊഴുകി. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്കിടയില്‍ മരിയഭക്തിക്കു പുതിയൊരു മാനം കൈവരുകയും ചെയ്തു.
എട്ടുനോമ്പാചരണത്തോടെ പരിശുദ്ധമറിയത്തിന്റെ ജനനത്തിരുനാള്‍ കൊണ്ടാടുന്ന പല മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളും കേരളത്തിലുണ്ട്. മരിയഭക്തിയുടെ സിരാകേന്ദ്രമാണ് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ചുഡീക്കന്‍ തീര്‍ഥാടനദൈവാലയം. ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ പരിശുദ്ധ മറിയത്തിന്റെ പ്രഥമപ്രത്യക്ഷീകരണം നടന്ന പുണ്യപുരാതനഭൂമിയാണ് കുറവിലങ്ങാട്. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈറ്റില്ലമായ കുറവിലങ്ങാട് പള്ളിയിലും നൂറ്റാണ്ടുകള്‍ക്കുമുമ്പേ എട്ടുനോമ്പാചരണത്തോടെ മറിയത്തിന്റെ ജനനത്തിരുനാള്‍ കൊണ്ടാടിയിരുന്നു. മുത്തിയമ്മ തെളിച്ചുനല്‍കിയ നീരുറവയില്‍നിന്നുള്ള തീര്‍ഥജലം ഭക്തജനങ്ങള്‍ക്കു സൗഖ്യംപകരുന്ന ഔഷധമായി പരിണമിക്കുന്നു. എട്ടുനോമ്പാചരിക്കുന്ന ചരിത്രപ്രസിദ്ധങ്ങളായ മരിയന്‍തീര്‍ഥാടനകേന്ദ്രങ്ങളാണ് മണര്‍കാട് പള്ളി, ചങ്ങനാശേരി പാറേല്‍പ്പള്ളി, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി, നെടിയശാല പള്ളി, നാഗപ്പുഴ പള്ളി, വെച്ചൂര്‍ പള്ളി തുടങ്ങിയവ. ഇവിടെയെല്ലാം ആയിരക്കണക്കിനു ജനങ്ങളാണ് വ്രതശുദ്ധിയോടും നോമ്പാചരണത്തോടുംകൂടി അമ്മയ്ക്കുമുമ്പില്‍ കരങ്ങള്‍ നീട്ടുന്നതും കണ്ണുകളുയര്‍ത്തുന്നതും അനുഗ്രഹപ്പൂമഴയില്‍ നനഞ്ഞുകുളിക്കുന്നതും.
പരിശുദ്ധമറിയം ദൈവത്തിന്റെ മഹോന്നതസൃഷ്ടിയാണ്. അവളെ പിന്നിലാക്കാന്‍ തക്ക മറ്റ് ഒരു വ്യക്തിയെയും ദൈവം സൃഷ്ടിച്ചിട്ടില്ല. അനാദിയിലേ ദൈവത്തിന്റെ മനതാരില്‍ വിരിഞ്ഞ അമലമനോഹരിയാണവള്‍. ഉത്പത്തിമുതല്‍ വെളിപാടുവരെ പ്രത്യക്ഷമായും പരോക്ഷമായും നിറഞ്ഞുനില്ക്കുന്ന സ്ത്രീരത്‌നമാണവള്‍. ദൈവം വന്‍കാര്യങ്ങള്‍ നടപ്പാക്കുന്നതിനു തനിക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കുകയും വേര്‍തിരിച്ചു മാറ്റിനിര്‍ത്തുകയും സുദീര്‍ഘവും ക്ഷമാപൂര്‍വവുമായ കാത്തിരിപ്പിലൂടെ കടത്തിവിട്ട് ഒരുക്കിയെടുക്കുകയും ചെയ്യുന്നു. എക്കാലത്തെയും ചരിത്രങ്ങളും പാരമ്പര്യങ്ങളും മാനവരാശിക്കു നല്‍കുന്ന പാഠങ്ങളാണിത്. അങ്ങനെ ദൈവത്താല്‍ ഒരുക്കപ്പെട്ടവരാണ് ദൈവഭക്തരും നീതിനിഷ്ഠരും സല്‍ഗുണസമ്പന്നരും ദാവീദുവംശജരുമായിരുന്ന അന്നാ - യോവാക്കിം ദമ്പതികള്‍. സന്താനസൗഭാഗ്യമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ അവര്‍ കഴിഞ്ഞുകൂടി. അനപത്യദുഃഖത്തിന്റെ പാരമ്യതയിലും മനോവേദനയുടെയും ഒറ്റപ്പെടുത്തലിന്റെയും കുറ്റപ്പെടുത്തലിന്റെയും നീറ്റലിലും കഴിയവേ അവരുടെ വാര്‍ധക്യത്തില്‍ ദൈവം ഉദരഫലം നല്‍കി അനുഗ്രഹിച്ചു.
സമയത്തിന്റെ തികവില്‍ അന്ന ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി! സ്വര്‍ഗവും ഭൂമിയും കോള്‍മയിര്‍കൊണ്ട അനര്‍ഘനിമിഷമായിരുന്നു അത്. മറിയം എന്ന പേരില്‍ത്തന്നെ അവരുടെ അസ്തിത്വവും വ്യക്തിത്വവും മഹത്ത്വവും ദൗത്യവും നിക്ഷിപ്തമാണ്! മറിയത്തിന്റെ ജനനം ബി.സി. 20 ലാണെന്നും എ.ഡി. 42 ല്‍ തന്റെ 62-ാമത്തെ വയസ്സില്‍ നിദ്ര വരിച്ചെന്നുമാണ് പാരമ്പര്യങ്ങളില്‍നിന്നു ലഭ്യമാകുന്ന അറിവുകള്‍. രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ഭൂമി മുഴുവന്‍ സുഗന്ധം പരത്തി പനിനീര്‍പ്പൂപോലെ അവള്‍ തന്റെ തീര്‍ഥാടനം തുടരുകയാണ്! ആ പദതാരില്‍ താണുവണങ്ങാം! സ്തുതികളുയര്‍ത്താം! പാടി നമിക്കാം! ആ കരംപിടിച്ചു മുന്നേറാം. രക്ഷ സുനിശ്ചിതം!!