2024 ജൂലൈ 31 ന് പത്രങ്ങളില്‍ വന്ന ആ വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ്. കൊറിയര്‍ നല്‍കാനെന്നവ്യാജേന ഒരു സ്ത്രീ മുഖം മറച്ച് വഞ്ചിയൂരിലെ ഒരു വീട്ടിലെത്തി, വീട്ടമ്മയെ വെടിവയ്ക്കുന്നു. വെടികൊണ്ട വീട്ടമ്മ ഷിനി ഭാഗ്യത്തിനു രക്ഷപ്പെട്ടു. വെടിവച്ച സ്ത്രീയാകട്ടെ, ഒരാശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടറാണ്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ച് ജനങ്ങളുമായി അടുത്തിടപെടുന്ന സ്ത്രീ. എന്താണ് ഡോക്ടര്‍ക്ക് ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യാന്‍ കാരണമായത്?
ഡോക്ടര്‍ വിവാഹിതയാണ്, ഭര്‍ത്താവും ഡോക്ടര്‍തന്നെ. മറ്റൊരു പുരുഷനുമായി ഡോക്ടര്‍ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ആ പുരുഷന്‍ ഷിനിയെ വിവാഹം കഴിച്ച് വഞ്ചിയൂരിലെ വീട്ടില്‍ താമസിക്കുകയാണ്. കുറച്ചുകാലംകൊണ്ട് ഷിനിക്കു മനസ്സിലായി തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഫോണ്‍വിളിയും ഒത്തുകൂടലുമൊക്കെ നടക്കുന്നുണ്ടെന്നും.
ഇന്ന് പല പുരുഷന്മാരും സ്ത്രീകളും ഇങ്ങനെയുള്ള അവിഹിതബന്ധങ്ങളില്‍ വീണുപോകാറുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തുനിന്നോ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍വഴിയോ സ്ത്രീയും പുരുഷനും സ്‌നേഹബന്ധത്തിലാകുന്നു. ചിലപ്പോള്‍ വിവാഹം കഴിച്ചവരായിരിക്കും രണ്ടുപേരും. മക്കളും കൊച്ചുമക്കളും ഉള്ളവരായിരിക്കാം.
വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ബന്ധത്തിലായാല്‍ അവള്‍ക്ക് സ്വന്തം ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയോ കാര്യത്തില്‍ ശ്രദ്ധയില്ലെന്നാകും. ആദ്യകാലത്തൊക്കെ ഭര്‍ത്താവിനു മനസ്സിലാവുകയില്ലായിരിക്കാം. പിന്നീടു വഴക്കായി, ദേഹോപദ്രവമായി, കേസായി, ആകെ കുഴപ്പമായി. ചില ഭര്‍ത്താക്കന്മാര്‍ ക്ഷമയോടെ ജീവിക്കും. കാരണം, കുടുംബത്തിന് പേരുദോഷം വരരുതല്ലോ? മക്കളെയൊക്കെ ജീവിതാന്തസ്സില്‍ പ്രവേശിപ്പിക്കാനും ഇങ്ങനെയൊക്കെ ചിന്തിക്കും. മറ്റു ചില ഭര്‍ത്താക്കന്മാര്‍, ഭാര്യയെയും മക്കളെയും മറന്ന്, ഒന്നിച്ചു ജോലി ചെയ്യുന്ന സ്ത്രീയുടെ കൂടെ പോകാറുണ്ട്. സ്വന്തം വീട്ടില്‍ മക്കള്‍ക്കും ഭാര്യയ്ക്കും പണം കൊടുത്തില്ലെങ്കിലും സ്‌നേഹിതയ്ക്ക് വസ്തുവകകള്‍ പണയംവച്ച് കൃത്യമായി പണവും മറ്റും എത്തിക്കാറുണ്ട്. സ്വന്തം ഭാര്യയാകട്ടെ, ഇതെല്ലാം മനസ്സിലൊതുക്കി ജീവിക്കും. ഭര്‍ത്താവിനോട് എവിടെ പോകുന്നുവെന്ന് ചോദിക്കാന്‍പോലും അവള്‍ക്ക് അവകാശമില്ല. പിന്നെ വഴക്കായി. പിണക്കമായി. മക്കളും കൊച്ചുമക്കളുമൊക്കെയായ മനുഷ്യന്‍ വളരെക്കാലമായി കൊണ്ടുനടക്കുന്ന ദുശ്ശീലമാണ്.
ബൈബിളില്‍ ഒരു വാചകമുണ്ട്: ''ദുഷ്‌പ്രേരണങ്ങള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! (ലൂക്കാ 17:1)'' ജീവിതവിശുദ്ധിയില്‍ വിശ്വസിക്കുന്ന ഭാര്യയ്ക്ക്, ഭര്‍ത്താവിന്റെ ദുഷിച്ച ജീവിതം ഇഷ്ടപ്പെടുകയില്ല. അവള്‍ മനസ്സുനിറഞ്ഞ ദുഃഖത്തോടെ ഈശ്വരനോടു പ്രാര്‍ഥിക്കും. ഈശ്വരന്‍ പ്രാര്‍ഥന കേള്‍ക്കാതെപോകുകയില്ലെന്നു വിശ്വസിക്കും. ആയതിനാല്‍, നമുക്ക് മറ്റുള്ളവര്‍ക്കു ദുഷ്‌പ്രേരണ നല്‍കാതെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ഥിക്കാം.