•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വാക്കുകള്‍കൊണ്ടു വര്‍ണചിത്രം രചിക്കുമ്പോള്‍

ശീകരണത്തിന്റെ കല  എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ ''പ്രേരണയുടെ കല'' എന്നും വിശേഷിപ്പിക്കാം. മനുഷ്യന്റെ സാമൂഹികജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. മനുഷ്യമനസ്സുകളെ അത് അദ്വിതീയമായി സ്വാധീനിക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലയിലും വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അദ്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. 
    പ്രസംഗകലയ്ക്കു റിഹേഴ്‌സല്‍ ഇല്ലായെന്നു പറയാറുണ്ട്. കാരണം, കാണാതെ പഠിച്ച് ആവര്‍ത്തിക്കുന്നതല്ല പ്രസംഗം. അത് സ്വാഭാവികതയോടെ ഉള്ളില്‍നിന്നു വരേണ്ടതാണ്. തത്ത്വചിന്തകനായ ഹൊറേയ്‌സ് പറയുന്നു: ''വാക്കുകള്‍ക്കുവേണ്ടിയല്ല, വസ്തുതകള്‍ക്കും ചിന്തകള്‍ക്കുംവേണ്ടി തിരയുക. അവ മനസ്സില്‍ നിറയുമ്പോള്‍ വാക്കുകള്‍ അറിയാതെ വന്നുകൊള്ളും.'' നിരന്തരവായനയിലൂടെ ആശയങ്ങളെ മനസ്സില്‍ സ്വരൂപിക്കുക. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ അവ പ്രവഹിച്ചുകൊള്ളും. ഏതു വിഷയത്തെക്കുറിച്ചാണോ പ്രസംഗിക്കാന്‍ ആഗ്രഹിക്കുന്നത്, ആ വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തുക. അവ സ്വാംശീകരിച്ച് നമ്മുടെ ചിന്തയുമായി സമന്വയിപ്പിക്കണം. സ്വന്തം ചിന്തയില്‍ പാകം ചെയ്യുന്ന ആശയങ്ങള്‍ക്കു ശോഭ കൂടും. അവ്യക്തവും ദഹിക്കാത്തതുമായ ആശയങ്ങളെ ഒഴിവാക്കാം. പ്രസംഗവിഷയത്തില്‍ അഗാധമായ അറിവും ഉറച്ച വിശ്വാസവും ആത്മാര്‍ഥതയും തുടിച്ചു നില്‍ക്കണം.
    എന്തിനാണ് ഒരു പ്രസംഗം നമ്മള്‍ നടത്തുന്നതെന്ന് ആദ്യം തീരുമാനമെടുക്കണം.  പ്രസംഗകലയുടെ മര്‍മം ഉള്‍ക്കൊള്ളുംവിധം ഒരു സ്ഥൂലരൂപം മനസ്സില്‍ പ്ലാന്‍ ചെയ്യണം. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോള്‍, എത്രത്തോളം എന്നിങ്ങനെയുള്ള ചോദ്യങ്ങളുന്നയിച്ച് ഉത്തരങ്ങള്‍ കണ്ടെത്തണം. വിഷയത്തിന്റെ വിവിധവശങ്ങളും സ്വയംചോദിച്ച് ഉത്തരം കണ്ടെത്തിയിട്ടുവേണം പ്രസംഗത്തിനു പോകാന്‍. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം എന്നിങ്ങനെ പ്രസംഗത്തിന്റെ വിവിധഘട്ടങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം. പറയാനുള്ളതിനെക്കുറിച്ചു ബോധ്യമുണ്ടാവുക, ബോധ്യംവരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകനുണ്ടാകണം.
     യുക്തിഭദ്രമാകണം പ്രസംഗം. പ്രസംഗകന്‍ വര്‍ജിക്കേണ്ട ഏറ്റവും വലിയ ദോഷമാണ് വാചാടോപം അഥവാ വാചാലത. ദീര്‍ഘമായി പ്രസംഗിക്കുന്നു എന്നതിനെക്കാള്‍ എന്തുപറയുന്നു എന്നതിനാണു പ്രസക്തി. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയണം. കാച്ചിക്കുറുക്കിയ ശൈലിയാണു നല്ലത്. എഴുത്തിലായാലും പ്രസംഗത്തിലായാലും ചെറുതാണു ചേതോഹരം. മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണു വാഗ്മിത്വം. വാക്കുകള്‍ ചുരുക്കിയും അര്‍ഥം സംഗ്രഹിച്ചും പറയുന്നവനാണു വാഗ്മി. പ്രസംഗം വാക്കുകളില്‍ തെളിയുന്ന വര്‍ണചിത്രമാകണം. ലാളിത്യം, യുക്തിയുക്തത, ചമത്കാരം, ബോധവത്കരണം എന്നിവ പ്രസംഗത്തിന്റെ മുഖമുദ്രകളാവണം. പ്രസംഗം ആശയപരമായ ഒരു യുദ്ധമാണ്. മനസ്സിന്റെ നിറവില്‍നിന്ന് അധരങ്ങള്‍ സംസാരിക്കണം. അറിവാണ് പ്രസംഗകന്റെ ഏറ്റവും വലിയ സമ്പാദ്യം. ആത്മാംശം കൂടിച്ചേര്‍ന്ന പ്രസംഗങ്ങള്‍ മാനസാന്തരാനുഭവം സൃഷ്ടിക്കും. 
     പ്രസംഗം ഒരു ഹൃദയസംവാദമാകണം. വാക്യങ്ങളാണ് പ്രസംഗത്തിന്റെ ശരീരം. ചിന്തയാണ് പ്രസംഗത്തിന്റെ ആത്മാവ്, അംഗചലനങ്ങളാണ് പ്രസംഗത്തിന്റെ ജീവന്‍. ആശയങ്ങളുടെ ചേര്‍ച്ച, ശൈലിയുടെ യോജിപ്പ്, വികാരപ്രകടനത്തിന്റെ കൂടിച്ചേരല്‍ എന്നിവ സവിശേഷമാംവിധം ഉള്‍ച്ചേരുമ്പോള്‍ നല്ല പ്രസംഗമുണ്ടാകുന്നു. പ്രസംഗകനു വികാരങ്ങളുണ്ടായാലേ ശ്രോതാക്കള്‍ക്കു വിചാരങ്ങള്‍ ഉണ്ടാകൂ. എഴുത്തില്‍ കവിഞ്ഞ ശക്തി നല്ല പ്രസംഗത്തിനുണ്ട്. പ്രതിഭകൊണ്ട് എന്നതിനെക്കാള്‍ നിരന്തരമായ പരിശ്രമവും പരിശീലനവുംകൊണ്ട് നല്ല പ്രസംഗകരാകാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)