•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആനയാണോ പുണ്യാളനാണോ മുന്നില്‍?

നോമ്പുവീടലിനോടനുബന്ധിച്ച് പതിവുള്ള കത്തിക്കുത്തൊരെണ്ണം അന്നുമുണ്ടായി. അന്ന് എന്നുപറഞ്ഞാല്‍ ഒരുപാടൊരുപാടുമുമ്പാണ്. കുത്തുകൊണ്ട മാത്തച്ചന്‍ തറയില്‍ത്തന്നെ വീണുമരിച്ചു. കുത്തിയ ആപ്പച്ചന്‍ മുങ്ങി. പിന്നെ പൊങ്ങിയതു പത്തിരുപത്തഞ്ചു വര്‍ഷം കഴിഞ്ഞാണ്. പൊങ്ങിയതാകട്ടെ കൈനിറയെ പണവുമായാണ്. ഇന്നത്തെ ഭാഷയില്‍പ്പറഞ്ഞാല്‍, മടിയില്‍ കനവുമായി! ഇതെങ്ങനെ എന്നതിനെ സംബന്ധിച്ച് പലരും പലതും പറയാറുണ്ട്. ഗള്‍ഫില്‍ പോയി സമ്പാദിച്ചതാണെന്നും ബോംബെയില്‍ അധോലോകബന്ധത്തിലൂടെയാണെന്നും സ്വര്‍ണക്കടത്തിലൂടെയാണെന്നും കള്ളപ്പണം വെളുപ്പിച്ചതാണെന്നുമൊക്കെയാണ് ആളുകള്‍ പറയാറുള്ളത്.
    ആപ്പച്ചന്‍ പൊങ്ങിയ അവസരത്തില്‍ ഫൊറോനാപ്പള്ളിയുടെ കുരിശുപള്ളിയായിരുന്ന കുരുക്കുമാക്കിക്കുരിശുപള്ളി പുതുക്കി വലുതാക്കിപ്പണിയുകയായിരുന്നു. ആപ്പച്ചന്‍ കൈയയച്ചു സംഭാവന നല്‍കി. അതോടെ ആപ്പച്ചനു പേരായി, പെരുമയായി. പഴയ ചരിത്രമെല്ലാം തേഞ്ഞുമാഞ്ഞുപോയി.
അങ്ങനെയിരിക്കേ, പള്ളിയിലെ പ്രധാന തിരുനാള്‍ വന്നു. അദ്ഭുതപ്രവര്‍ത്തകനായ അന്ത്രയോസ് അപ്പസ്‌തോലന്റെ നാമധേയത്തിലാണു പള്ളി. ആപ്പച്ചന്‍ പെരുന്നാളേറ്റു. പെരുന്നാള്‍ അടിപൊളിയാക്കാന്‍ തീരുമാനിച്ചു. പെരുന്നാളിന്റെ ഭാഗമായ കലാപരിപാടികള്‍, ഇല്യുമിനേഷന്‍, സദ്യ, നോട്ടീസ്, ബാനര്‍, പോസ്റ്റര്‍, സപ്ലിമെന്റ്, കേറ്ററിംഗ് മുതലായവയെല്ലാം റെഡിയാക്കി. സപ്ലിമെന്റിന്റെ മുന്‍വശത്ത് (ഫ്രണ്ട് പേജ്) പള്ളിയുടെയും പുണ്യാളച്ചന്റെയും പടം. അടിയില്‍ ആപ്പച്ചന്റെയും എംഎല്‍എ യുടെയും പൂര്‍ണകായചിത്രം! മറുവശത്ത് വികാരിയച്ചന്‍, കൈക്കാരന്മാര്‍, കണക്കന്‍, കപ്യാര്‍ എന്നിവരുടെ പടങ്ങളും വികാരിയച്ചന്റെ ലേഖനവും. പുണ്യാളനെക്കൊണ്ട് ഒരു അദ്ഭുതം പ്രവര്‍ത്തിപ്പിച്ചാല്‍ കൊള്ളാമെന്ന് ഒരു 'പൂതി' ആപ്പച്ചന്റെയുള്ളില്‍...! അതോടെ പുണ്യാളച്ചനും ആപ്പച്ചനും പേരാകുമല്ലോ. വിവരം പുറത്തുപറഞ്ഞില്ല.
     അതുപോലെ, മറ്റൊരു മോഹമായിരുന്നു, പതിവുപരിപാടികള്‍ക്കുപുറമേ, എന്തെങ്കിലും ഒരു പുതുമ വേണമെന്നത്. 'ഐഡിയ' പലതും മനസ്സിലൂടെ കടന്നുപോയി. എങ്കിലും ക്ലിക്കു ചെയ്തത് പ്രദക്ഷിണത്തിന് ഒരു ആനയെ ഇറക്കുക എന്നതായിരുന്നു. പേരുകേട്ട അപൂര്‍വം ചില പള്ളികളില്‍മാത്രമുള്ള ഏര്‍പ്പാടാകുമ്പോള്‍ തന്റെ കുഗ്രാമത്തില്‍ അതൊരു വലിയ സംഭവമായി മാറും. ശിങ്കിടികള്‍ക്കെല്ലാം അതിഷ്ടപ്പെട്ടു.
യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ രണ്ടു ഗ്രൂപ്പായി. തലമൂത്ത കാരണവന്മാര്‍ക്ക് ഇതിനോടു യോജിപ്പില്ല. ചെറുപ്പക്കാര്‍ക്ക് ഒരു ഹരമായിത്തോന്നി. ചെറുപ്പക്കാരന്‍ വികാരിയച്ചനും ഉള്ളുകൊണ്ട് അതിനോടാണ് ആഭിമുഖ്യം. അതുകൊണ്ട് ന്യൂട്രലടിച്ചു. പരിപാടി ക്ലിക്കു ചെയ്താല്‍ ക്രെഡിറ്റു വികാരിയച്ചനുമുണ്ടല്ലോ. ചീറ്റിപ്പോയാല്‍ ആളുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്നു പറഞ്ഞു തടിയൂരാം. ചുരുക്കത്തില്‍, തീരുമാനം ആപ്പച്ചനനുകൂലമായിരുന്നു.
പെരുന്നാളടുത്തപ്പോള്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേരാന്‍ തീരുമാനിച്ചു. പള്ളിയോഗത്തിന്റെ അധ്യക്ഷന്‍ വികാരിയാകണമെന്ന പതിവു തിരുത്തിക്കുറിച്ചു. ആ യോഗത്തിലും ചേരിതിരിവുണ്ടായെങ്കിലും ആപ്പച്ചനുതന്നെയായിരുന്നു ഭൂരിപക്ഷം. ക്രമസമാധാനത്തിന്റെ കാര്യം എം.എല്‍.എ. ഏറ്റു. ആപ്പച്ചന്‍ തന്റെ ആനക്കാര്യം വിശദീകരിച്ചു. ആരോ ഒരു ക്രമപ്രശ്‌നം ഉന്നയിച്ചു. ആനയെ ഇറക്കാന്‍ അനുവാദം വാങ്ങണമെന്ന നിര്‍ദേശമുണ്ടല്ലോ? 'അതു ഞാനേറ്റു' എംഎല്‍എ പറഞ്ഞു. പ്രദക്ഷിണത്തിന് ആനയെ നിര്‍ത്തുന്നതു സംബന്ധിച്ചു തര്‍ക്കമുണ്ടായി. മുമ്പില്‍ത്തന്നെ വേണമെന്ന് ആപ്പച്ചന്‍ പറഞ്ഞു. 'ആനയാണോ പുണ്യാളനാണോ മുന്നില്‍ നില്‍ക്കേണ്ടത്?' എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍, ഏറ്റവും പിറകിലാകട്ടെ എന്നായി ഒരു കൂട്ടര്‍! പ്രദക്ഷിണത്തിന്റെ മധ്യത്തിലാകട്ടെ എന്നു മറ്റൊരു കൂട്ടര്‍. അവസാനം, വികാരിയച്ചന്‍ ഒരു നിര്‍ദേശം വച്ചു. പ്രദക്ഷിണം കുരിശിന്‍തൊട്ടി വലംവച്ചുവന്ന് പള്ളിയില്‍ കേറുന്നതിനുമുമ്പ് തിരുസ്വരൂപം മോണ്ടളത്തില്‍ വയ്ക്കുമ്പോള്‍ ആന ആഘോഷമായി വന്ന് തുമ്പിക്കൈ ഉയര്‍ത്തി പുണ്യാളച്ചനെ വണങ്ങട്ടെ. അപ്പോള്‍ ആളുകള്‍ക്കെല്ലാം കാണുകയും ചെയ്യാം. അതെല്ലാവര്‍ക്കും സമ്മതമായി.
    ഒരാള്‍ കരിമരുന്നുകലാപ്രകടനത്തിന്റെ കാര്യം എടുത്തിട്ടു. മൂന്നു സെറ്റ് വെടിക്കെട്ട് താന്‍ ഏര്‍പ്പാടാക്കിയിട്ടുള്ളതായി ആപ്പച്ചന്‍ പറഞ്ഞു. പക്ഷേ, വികാരിയച്ചന്‍ അതു വീറ്റോ ചെയ്തു. രൂപതയില്‍നിന്നു കര്‍ശനമായ നിരോധനമുള്ളതിനാല്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ലെന്ന്അദ്ദേഹം തീര്‍ത്തുപറഞ്ഞു. മനസ്സില്ലാമനസ്സോടെ ആപ്പച്ചന്‍ വഴങ്ങി.
        പെരുന്നാള്‍ദിവസമായി. പള്ളിയും പരിസരവും വര്‍ണപ്പകിട്ടാര്‍ന്ന ഇലുമിനേഷന്‍കൊണ്ടു മിന്നിത്തിളങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍, കാതടപ്പിക്കുന്ന ശബ്ദകോലാഹലം, വച്ചുവാണിഭക്കാരുടെ കച്ചവടാരവം. ആഘോഷമായ തിരുനാള്‍ കുര്‍ബാന ചൊല്ലുന്നതു ഗാനഗന്ധര്‍വന്‍ എന്നു പേരുകേട്ട സ്വര്‍ണക്കാവില്‍ ജിമ്മിച്ചനും സംഘവും. സുപ്രസിദ്ധ വചനപ്രഘോഷകന്‍ പൊടിക്കല്ലുങ്കല്‍ ബര്‍ണാര്‍ദച്ചനാണ് തിരുനാള്‍സന്ദേശം. അദ്ദേഹത്തിന്റെ പൊടിപൊടിപ്പന്‍ പ്രസംഗം. ബഹു. വികാരിയച്ചനെയും പ്രസുദേന്തി ആപ്പച്ചനെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ബാന്റും ചെണ്ടയുമെല്ലാം പൊടിപൊടിച്ചു. പ്രദക്ഷിണം കഴിഞ്ഞ് ഉടനെതന്നെ കലാപരിപാടികള്‍. ആദ്യം നാടകമായിരുന്നു. അതു കുഴപ്പംകൂടാതെ കഴിഞ്ഞു. പിന്നെ ഗാനമേള! അതു പതിവുപോലെ അലമ്പി. ചെറിയ തോതില്‍ ഉന്തും തള്ളുമൊക്കെയുണ്ടായി. പാട്ടിനൊപ്പിച്ചു നൃത്തം ചവിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു അത്. ഏതായാലും പൊലീസിടപെട്ട് എല്ലാം ശാന്തമാക്കി. അങ്ങനെ, തലേന്നാള്‍പെരുന്നാള്‍ അവസാനിച്ചു.
     പിറ്റേന്ന്, പ്രധാനതിരുനാളിനു റാസയായിരുന്നു. രൂപതയിലെ നവവൈദികരാണ് റാസക്കുര്‍ബാന ചൊല്ലിയത്. റാസ കഴിഞ്ഞ് ഉടനെതന്നെ പ്രദക്ഷിണമിറങ്ങി. പ്രസുദേന്തി ആപ്പച്ചന്‍ തന്റെ നിറസാന്നിധ്യംകൊണ്ടു  ശ്രദ്ധേയനായി. നേര്‍ച്ചയിടാന്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ പ്രസുദേന്തിയും എംഎല്‍എയും നേര്‍ച്ച നല്കാന്‍ പോസു ചെയ്തു. വീഡിയോയും എടുത്തു. വോളണ്ടിയേഴ്‌സ് പ്രദക്ഷിണം നയിക്കുന്നുണ്ടെങ്കിലും അവരെ നയിക്കുന്നത് ആപ്പച്ചനാണ്. അതിനുള്ള തെളിവാണ് ചങ്ങഴിവട്ടം വരുന്ന ബാഡ്ജും ഒരടി നീളം വരുന്ന റിബണും. ചെണ്ടമേളക്കാരുടെ അടുത്തുനിന്ന് അവര്‍ക്കു താളം പകര്‍ന്നു. പിന്നെ ബാന്റുമേളക്കാര്‍ക്കു പ്രോത്സാഹനം നല്‍കി. ഇതിനിടെ പാലികയുടെ കീഴില്‍ അച്ചന്മാര്‍ക്കൊപ്പം നടന്നുനീങ്ങി. പിന്നെ, പിള്ളേരുടെ പരിചമുട്ട്, മാര്‍ഗംകളി എന്നിവിടങ്ങളിലും പോയി അവരെ പ്രോത്സാഹിപ്പിച്ചു.
    പ്രദക്ഷിണം ടൗണ്‍ ചുറ്റി പള്ളിയെത്താറായപ്പോഴാണ് ആപ്പച്ചന്‍ ആനയുടെ കാര്യം ഓര്‍ത്തത്. ഡ്രൈവറെ മൊബൈലില്‍ വിളിച്ചുവരുത്തി മുമ്പോട്ടുപോയി. നേരത്തേ പറഞ്ഞേര്‍പ്പാടാക്കിയിരുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പള്ളിപ്പറമ്പില്‍ത്തന്നെ തളച്ചിട്ടുണ്ടായിരുന്നു. അവന്റെ അടുത്തുചെന്ന് പഴക്കുല സമ്മാനിച്ച് അവനെ തൊട്ടുതലോടി ചങ്ങാത്തത്തിലായി. പ്രദക്ഷിണം വരുമ്പോള്‍ ആനപ്പുറത്തു കയറിച്ചെന്ന് പുണ്യവാളനെ വരവേല്ക്കണമെന്നായിരുന്നു ആപ്പച്ചന്റെ പ്ലാന്‍. പക്ഷേ, ആനക്കാരന്‍ അതിനു സമ്മതിച്ചില്ല. ആന ഇടയുമെന്നു പറഞ്ഞാണ് ആപ്പച്ചനെ പിന്തിരിപ്പിച്ചത്. ആപ്പച്ചനെക്കാള്‍ വിവരം ആനക്കാരനുണ്ടായിരുന്നു എന്നുമാത്രം!
     പ്രദക്ഷിണം കുരിശിന്‍തൊട്ടിയിലെത്തി. ആപ്പച്ചന്‍ ചെന്ന് പ്രദക്ഷിണത്തെ എതിരേറ്റു. പ്രദക്ഷിണത്തിന്റെകൂടെ പാലികയുടെ കീഴില്‍നിന്ന് പള്ളിയിലേക്കു നയിച്ചു.
    തിരുസ്വരൂപം മോണ്ടളത്തില്‍ സ്ഥാപിച്ചു. ജനക്കൂട്ടം മോണ്ടളത്തിനുചുറ്റും തിങ്ങിക്കൂടി. വികാരിയച്ചനും എം.എല്‍.എ.യും ഇടപെട്ട് ആള്‍ക്കൂട്ടത്തെ ഒതുക്കിനിര്‍ത്തി. ആനയെക്കാണാന്‍ കുസൃതിപ്പിള്ളേര്‍ അടുത്തുള്ള മരക്കൊമ്പുകളില്‍ സ്ഥാനംപിടിച്ചിരുന്നു. ആനക്കാര്‍ രണ്ടുപേരും ശ്രദ്ധാപൂര്‍വം ആനയെ നിയന്ത്രിച്ചു തിരുസ്വരൂപത്തിന്റെ മുമ്പിലെത്തിച്ചു. ആന മുന്‍കാലുകള്‍ മടക്കി, തുമ്പിക്കൈ ഉയര്‍ത്തി തിരുസ്വരൂപം വണങ്ങി. ആനക്കാര്‍ ആനയെ പുറത്തേക്കു നയിച്ചു. ആളുകളെല്ലാം പള്ളിക്കകത്തു കയറി സമാപനപ്രാര്‍ഥനയില്‍ പങ്കുകൊണ്ടു.
     അപ്പോഴാണ് ആപ്പച്ചന്‍ ഒരു കാര്യം മറന്നതോര്‍ത്തത്. ആനയുടെ അടുത്തുനിന്ന് ഒരു ഫോട്ടോ എടുക്കണമെന്നത്. പാപ്പാന്മാരോടു പറഞ്ഞു, ആന തുമ്പിക്കൈ ഉയര്‍ത്തി ആദരമര്‍പ്പിക്കുമ്പോള്‍ ആപ്പച്ചന്‍ അടുത്തുനില്ക്കുന്ന  ഫോട്ടോയ്ക്കു പോസു ചെയ്യിക്കണമെന്ന്. പാപ്പാന്മാര്‍ പറഞ്ഞു: അതു റിസ്‌കാണ്. ആന ഇടയാന്‍ പാടില്ലായ്കയില്ല. പക്ഷേ, ആപ്പച്ചനു നിര്‍ബന്ധം. അവര്‍ ആനയെ പിറകോട്ടുതിരിച്ചു. ആനയെ പോസു ചെയ്യിച്ചു. ആപ്പച്ചന്‍ ആനയോടു ചേര്‍ന്നുനിന്നു. ആന തുമ്പിക്കൈ ഉയര്‍ത്തി ആപ്പച്ചനെ പൊക്കിയെടുത്ത് ചുരുട്ടിക്കൂട്ടി ഒരേറും ഒരലര്‍ച്ചയും...!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)