''മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും'' (യോഹ. 3:6).
ഈ ഭൂമിയില്‍ ജീവന്റെ മൂന്നു ലോകങ്ങളാണുള്ളത്: സസ്യജീവന്‍, മൃഗജീവന്‍, മനുഷ്യജീവന്‍. ഈ മൂന്നു ലോകങ്ങളിലും ജീവന്‍ സമൃദ്ധമാകണം. സസ്യജീവന്റെയും മൃഗജീവന്റെയും സമൃദ്ധി ഉത്പാദനവര്‍ധനയാണ്. തെങ്ങിന്റെ സമൃദ്ധി തേങ്ങായുടെ എണ്ണത്തിലും പശുവിന്റെ സമൃദ്ധി പാലിന്റെ അളവിലുമാണ്. മനുഷ്യജീവന്റെ ആത്യന്തികമായ സമൃദ്ധി വിശുദ്ധിയും വിശുദ്ധരായ കുഞ്ഞുങ്ങളുമാണ്.
ജീവന്റെ സമൃദ്ധിക്ക് ഒരു രഹസ്യമുണ്ട്: വിത്തിന്റെ ഒരുക്കം. കൃഷിക്കാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നാലും വിത്തൊരുക്കപ്പെടുന്നില്ലെങ്കില്‍ ഫലസമൃദ്ധി ലഭിക്കുകയില്ല. ഒരുദാഹരണം ഇതു വ്യക്തമാക്കും. റബര്‍തോട്ടങ്ങളില്‍ ധാരാളം പടുകുരുപ്പകളുണ്ട്. അവ പറിച്ചു കുഴിച്ചുവച്ചാരും തോട്ടം പിടിപ്പിക്കാറില്ല. കാരണം, ഒരുക്കം ലഭിക്കാത്ത വിത്തില്‍നിന്നുള്ള തൈയില്‍നിന്നു തലകുത്തി തപസ്സു ചെയ്താലും ഫലസമൃദ്ധി ലഭിക്കുകയില്ല. മനുഷ്യജീവന്റെ സമൃദ്ധിക്കും വിത്തിന്റെ ഒരുക്കം (വിശുദ്ധീകരണം) അത്യന്താപേക്ഷിതമാണ്.
വിത്തിന്റെ ഒരുക്കം ജീവന്റെ ആദ്യത്തെ രണ്ടു ലോകങ്ങളിലേതില്‍നിന്നു തികച്ചും വ്യത്യസ്തമാണ് മനുഷ്യജീവന്റെ ലോകത്തില്‍. സസ്യജീവന്റെയും മൃഗജീവന്റെയും വിത്തിന്റെ ഒരുക്കം വിത്തില്‍ത്തന്നെയാണ്. എന്നാല്‍, മനുഷ്യജീവന്റെ വിത്തിന്റെ ഒരുക്കം വിത്തിന്റെ ഉടമകളുടെ ഹൃദയങ്ങളിലാണ് (അണ്ഡവും ബീജവുമാണ് മനുഷ്യജീവന്റെ വിത്ത്).
ഒരു ശിശുവിന്റെ വിശുദ്ധീകരണം എപ്പോള്‍ ആരംഭിക്കണമെന്നും എവിടെ ആരംഭിക്കണമെന്നും ജെറമിയയുടെ പുസ്തകത്തില്‍ കൃത്യമായി പറയുന്നുണ്ട്. ജെറമിയായോടു ദൈവം പറഞ്ഞു: ''മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു,'' (ജെറ. 1:4,5). ഒരു കുഞ്ഞ് ഉദരത്തില്‍ ജനിക്കുന്നതിനുമുമ്പേ ജന്മം കൊടുക്കുന്നവരുടെ ഹൃദയങ്ങളില്‍ ജനിക്കണം (വിശുദ്ധീകരിക്കപ്പെടണം) എന്നത് ഇതില്‍നിന്നു വ്യക്തമാണ്.
സ്‌നാപകയോഹന്നാന്‍ എലിസബത്തിന്റെ ഉദരത്തില്‍ എത്തുന്നതിനുമുമ്പ് സഖറിയായുടെ ഹൃദയത്തില്‍ ജനിച്ചിരുന്നു. മാലാഖയുടെ പ്രവചനം അതു വ്യക്തമാക്കുന്നു: ''സഖറിയാ, ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്കൊരു പുത്രന്‍ ജനിക്കും'' (ലൂക്കാ 1:13).
കൃത്യമായിപ്പറഞ്ഞാല്‍, മനുഷ്യജീവന്റെ പൂര്‍ണവിത്തു ജനിക്കുന്നത് (രൂപം കൊള്ളുന്നത്) അണ്ഡവും ബീജവൂം സ്ത്രീയുടെ ഉദരത്തില്‍ (ഫാലോപ്യന്‍ ട്യൂബില്‍) ഒന്നുചേരുമ്പോഴാണ്. ഒരു ശിശുവിന്റെ വിശുദ്ധീകരണം അത് ഉദരം വിടുന്നതിനു മുമ്പ് സംഭവിക്കണം. ജെറമിയായോടു ദൈവം പറഞ്ഞതു നാമോര്‍ക്കണം: ''ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു.'' (ജെറ. 1:5).
ചുരുക്കിപ്പറയാം: ഇന്നു ഭൂമിയില്‍ 800 കോടിയിലധികം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ഇവരെ മൂന്നു ഗണമായി തിരിക്കാം: ഒന്ന്, ഹൃദയത്തില്‍ ജനിച്ചവര്‍ (വിശുദ്ധീകരിക്കപ്പെട്ടവര്‍) രണ്ട്, ഉദരത്തില്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍. മൂന്ന്, ഉദരം വിടുന്നതുവരെ വിശുദ്ധീകരണം ലഭിക്കാത്തവര്‍.
ഇവരില്‍ ആദ്യത്തെ രണ്ടു ഗണത്തില്‍പ്പെട്ടവരില്‍, വിത്തിനു വിശുദ്ധീകരണം ലഭിച്ചവരില്‍, ജീവന്‍ സമൃദ്ധമാകും. ഇവര്‍ ആത്മാവില്‍നിന്നു ജനിച്ചവരാണ്. ഇവര്‍ ദൈവഭയവും ധര്‍മബോധവുമുള്ളവരായിരിക്കും.
മൂന്നാമത്തെ ഗണത്തില്‍പ്പെട്ടവര്‍, വിത്തിന് വിശുദ്ധീകരണം ലഭിക്കാത്തവരാണ്. ഇവരെ നോക്കിക്കൊണ്ടാണ് യേശു പറഞ്ഞത്, മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ് എന്ന്.
''ഉദരത്തില്‍ ജനിക്കുന്നതു മൃഗമാണ്. യഥാര്‍ഥമനുഷ്യന്‍ ജനിക്കുന്നതു ഹൃദയത്തിലാണ്''- സ്വാമി വിവേകാനന്ദന്‍.
ക്രൈസ്തവവിശ്വാസജീവിതത്തിന്റെ മുരടിപ്പിനും, ഇന്നു ലോകത്തെ ഗ്രസിച്ചിരിക്കുന്ന എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും കാരണം മാംസത്തില്‍നിന്നുള്ള ജനനമാണ്. മലര്‍വാടിയാകേണ്ട ഈ ഭൂമിയെ മണലാരണ്യമാക്കുന്നതും മറ്റൊന്നല്ല.
''ചെറുകിടാങ്ങള്‍തന്‍ കളിയിടം മുതല്‍
ജനനേതാക്കള്‍തന്‍ മഹാസഭ യോളം
അടിമുടി അരിച്ചു കേറുന്നോ-
രഴിമതി ചോര കുടിപ്പതും നോക്കി.''...
എന്നു സുഗതകുമാരിയെ ക്കൊണ്ടും,
''മര്‍ത്ത്യനു മര്‍ത്ത്യനെപ്പോലെ യിത്ര
നിര്‍ദയനായോരു ശത്രുവില്ല.
മര്‍ദനവൈഭവമിത്തരത്തില്‍
ക്രുദ്ധമൃഗങ്ങള്‍ക്കു പോലുമില്ല''
എന്നു ചങ്ങമ്പുഴയെക്കൊണ്ടും പാടിച്ചതും മാംസത്തില്‍ നിന്നുള്ള ജനനമാണ്.
ഇത്രയും പറഞ്ഞപ്പോള്‍ ഒരു കാര്യംകൂടി പറയാതെ വയ്യാ. സസ്യലോകത്തിലും മൃഗലോകത്തിലും ഒരുക്കം കാട്ടാത്ത വിത്തില്‍നിന്നുള്ള തൈയില്‍ നിന്നു ഫലസമൃദ്ധി ലഭിക്കുകയില്ല. എന്നാല്‍, ഹൃദയത്തിലും ഉദരത്തിലും വിശുദ്ധീകരണം ലഭിക്കാത്തവര്‍ക്കും, ഓട്ടോണമസ് സ്റ്റേജില്‍ എത്തുമ്പോള്‍, സ്വന്തം ബോധ്യത്തില്‍നിന്നു കര്‍മം ചെയ്യാന്‍ കഴിവാര്‍ജ്ജിക്കുമ്പോള്‍ തീവ്രമായി ആഗ്രഹിച്ചു പരിശ്രമിച്ചാല്‍ ജീവന്റെ സമൃദ്ധി സ്വന്തമാക്കാം. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് സഭ പന്ത്രണ്ടു കൊല്ലം വിശ്വാസപരിശീലനം നല്‍കുന്നത്. സഭയുടെ ഈ തിരിച്ചറിവ് വിശ്വാസപരിശീലകര്‍ക്കും ഉണ്ടായിരിക്കണം.