കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ചുനല്‍കും. ഓഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരളകത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്ന്യാസസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ്. ഈ വീടുകള്‍ക്കാവശ്യമായ വീട്ടുപകരണങ്ങളും ലഭ്യമാക്കും. സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍സംഘത്തിന്റെയും സേവനവും ആവശ്യപ്രകാരം ലഭ്യമാക്കുന്നതാണ്. സഭ ഇതിനോടകം നല്‍കിവരുന്ന ട്രൗമാ കൗണ്‍സെലിംഗ് സേവനം തുടരും. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യസേവനവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് ഈ സേവനവിഭാഗത്തിന്റെ പ്രവര്‍ത്തനം.
വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരളകത്തോലിക്കാസഭ പങ്കുചേരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കേരളകത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്നും കെസിബിസി സമ്മേളനം വ്യക്തമാക്കി.