മെത്രാന്മാരും വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികളും ഉള്‍പ്പെടെ 360 പേര്‍ പങ്കെടുക്കും
കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ അരുണാപുരത്തുള്ള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
സഭ മുഴുവന്റെയും ആലോചനായോഗമാണ് മേജര്‍ ആര്‍ച്ചുബിഷപ് അധ്യക്ഷനായുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി അഥവാ സഭായോഗം. മെത്രാന്മാരുടെയും പുരോഹിത, സമര്‍പ്പിത, അല്മായപ്രതിനിധികളുടെയും സംയുക്തയോഗമായ അസംബ്ലി അഞ്ചുവര്‍ഷത്തിലൊരിക്കലാണ് കൂടുന്നത്. സഭയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടിവരുമ്പോള്‍, മേജര്‍ ആര്‍ച്ചുബിഷപ്പിനെയും മെത്രാന്‍സിനഡിനെയും സഹായിക്കാന്‍വേണ്ടിയുള്ള ആലോചനായോഗമാണിത്.
ഇതിനുമുമ്പ് അസംബ്ലി നടന്നത് 2016 ലാണ്. 2021 ല്‍ നടക്കേണ്ടിയിരുന്ന അസംബ്ലി കൊവിഡിനെത്തുടര്‍ന്നു വൈകുകയായിരുന്നു. പുതുക്കിയ നിയമപ്രകാരം, 80 വയസ്സില്‍ താഴെയുള്ള മെത്രാന്മാരും വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികളും ഉള്‍പ്പെടെയുള്ള 360 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.
' കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍' എന്നതാണ് ഇത്തവണത്തെ പ്രമേയം. വിശ്വാസരൂപീകരണത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിലെ അല്മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായശക്തീകരണം എന്നീ വിഷയങ്ങളും അസംബ്ലിയുടെ പ്രത്യേക വിചിന്തനത്തിനു വിധേയമാകും.
1992 ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998 ലായിരുന്നു. കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.