•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അച്ചോ, ഞാനാ... എം.എല്‍.എ. ഉമ്മച്ചന്‍...!

മയം രാത്രി ഒമ്പതുമണി. സെക്യൂരിറ്റി ഗേറ്റു പൂട്ടി. അപ്പോഴാണ് അയാള്‍ വരുന്നത്. കാലേലും കൈയേലും നില്ക്കത്തില്ല. അടി പൂക്കുറ്റി! അച്ചന്റെ പഴയ വാല്യക്കാരന്‍ പാപ്പ! ''എന്റെ അച്ചന്‍'' എന്നൊരു വിളിയും ചങ്കിനിെട്ടാരടിയും! ''താന്‍...?'' സെക്യൂരിറ്റി തിരക്കി. 
''എനിക്ക് എന്റെ അച്ചനെ കാണണം.'' 
''ഇനി സന്ദര്‍ശനം അനുവദിക്കില്ല.'' സെക്യൂരിറ്റി പറഞ്ഞു. 
''ഞാന്‍ എന്റെ അച്ചനെ കണ്ടിട്ടേ പോകുന്നുള്ളൂ.''
''പറ്റുകേലന്നു പറഞ്ഞില്ലേ?'' 
ഞാന്‍ എന്റെ അച്ചനെ കണ്ടിട്ടേ പോകുന്നുള്ളൂ എന്നു പറഞ്ഞ് സെക്യൂരിറ്റിയെ തള്ളിമാറ്റി അകത്തുകടക്കാന്‍ ശ്രമിച്ചതും ഉള്ളിലുള്ള ഖര-ദ്രവ സാധനങ്ങളെല്ലാം പുറത്തേക്കുവന്നതും ഒരുമിച്ചുകഴിഞ്ഞു!
അതു ചെന്നു പതിച്ചതാകട്ടെ, സെക്യൂരിറ്റിയുടെ മുഖത്ത്...! അയാള്‍ കരണക്കുറ്റിക്ക് ഒരു പൊട്ടീരും ഒരു തത്തീരും കൊടുത്തു...! പാപ്പ തെന്നിത്തെന്നി നടന്നകന്നു!
പിറ്റേന്നു രാവിലെ എട്ടു മണി കഴിഞ്ഞു. ബഹളം കേട്ട് അച്ചന്‍ കണ്ണുതുറന്നു. എങ്കിലും അറിയാതെ അടഞ്ഞു പോകുന്നു. രാത്രിയില്‍ ഒട്ടും ഉറങ്ങിയിട്ടില്ല. ദേഹത്തെല്ലാം ഇടിച്ചുനുറുക്കുന്ന വേദന..! ഉറക്കഗുളികയുടെ ബലത്തില്‍ ഒന്നു മയങ്ങിയപ്പോഴാണ് ഈ ബഹളം. അദ്ദേഹം കിടക്കുന്ന വാര്‍ഡിന്റെ കൗണ്ടറില്‍നിന്നാണു ബഹളം. ''എനിക്കു തിരുവനന്തപുരം പോകാനുള്ളതാ... അച്ചനെ കണ്ടിട്ടുവേണം പോകാന്‍'' ''അയ്യോ! അച്ചന്‍ ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല. ഇപ്പോള്‍ അല്പം ഒന്നു മയങ്ങുകയാണ്. സന്ദര്‍ശകരെ അനുവദിക്കരുതെന്നാണു ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.'' നഴ്‌സിന്റെ പതിഞ്ഞ ശബ്ദം!
''ഞാന്‍ ആരാണെന്നറിയാമോ?'' 
''എനിക്കറിയില്ല സാര്‍. എന്റെ വീട് കോഴിക്കോടാണ്. കഴിഞ്ഞയാഴ്ചയാണു വന്നു ചാര്‍ജെടുത്തത്'' 
''കോഴിക്കൂടും പട്ടിക്കൂടും!'' അയാള്‍ പിറുപിറുത്തു. ''അച്ചന്‍ കിടക്കുന്നതെവിടെയാ?''
''റൂം നമ്പര്‍ തേര്‍ട്ടിന്‍'' 
''അതു ശകുനം പിടിച്ച നമ്പരാണല്ലോ...'' അയാള്‍ മുമ്പോട്ടുനടന്നു. ''അച്ചോ, ഞാനാ, എംഎല്‍എ ഉമ്മച്ചന്‍'' മുറിയുടെ ജനലില്‍ക്കൂടെയാണു സംസാരം. ''എങ്ങനെയുണ്ടച്ചോ? ഞാന്‍ തിരുവനന്തപുരം പോകയാ... മിനിസ്റ്ററുമായി ഒരപ്പോയ്ന്റ്‌മെന്റുണ്ട്. അച്ചനെ കണ്ട് വിവരം അന്വേഷിച്ചിട്ടുപോകാമെന്നു കരുതി വന്നതാ. കേസെല്ലാം ഞാന്‍ ഒതുക്കിത്തീര്‍ത്തോളാം... പോകട്ടെ?'' 
''ങ്ഉം.'' അച്ചന്‍ ഒന്നു മൂളി. അര്‍ഥഗര്‍ഭമായ മൂളല്‍.
ശാന്തനും ജനസമ്മതനുമായ വികാരിയച്ചന്‍. അദ്ദേഹം ബൈക്കോടിച്ചുപോവുകയായിരുന്നു. എതിരേ ഒരു കാര്‍ ഇരമ്പിപ്പാഞ്ഞുവരുന്നു. പിറകേ ഒരു ജീപ്പുനിറയെ ഗുണ്ടകള്‍. വടിയും വടിവാളും വെട്ടുകത്തിയുമെല്ലാമാണവരുടെ കൈയില്‍. കാറിന്റെ മുമ്പില്‍ ഒരു കരിങ്കൊടി...
അച്ചന്‍ പെട്ടെന്നു ബൈക്കു വെട്ടിച്ചു. ചെന്നുവീണത് കാനക്കുഴിയില്‍... വണ്ടിയിലുണ്ടായിരുന്നത് എം.എല്‍.എയുടെ ഗുണ്ടകള്‍... അതാണയാള്‍ ഒതുക്കിത്തീര്‍ക്കാമെന്നു പറഞ്ഞത്. അച്ചനെ ഒതുക്കി ഗുണ്ടകളെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണയാള്‍. മിനിസ്റ്ററെ കാണുന്നതും അതിനുതന്നെ..! അച്ചനെ കാണുന്നത് ഒരു മുന്‍കൂര്‍ജാമ്യത്തിനുവേണ്ടി!
എം എല്‍ എ പോയി അധികംകഴിയുന്നതിനുമുമ്പ് കപ്യാര്‍ അപ്പുണ്ണി വന്നു. അവന്‍ വന്നപാടേ അച്ചന്റെ മുറിയിലേക്കു നീങ്ങി. ''അച്ചോ, ഞാനാ അപ്പുണ്ണി.'' ജനല്‍കര്‍ട്ടന്‍ പൊക്കിനോക്കിക്കൊണ്ടാണു പറയുന്നത്. ''ഇന്നു കുര്‍ബാന ചൊല്ലാന്‍ വന്ന അച്ചന്‍ 'ടപ്പേ'ന്നു കുര്‍ബാന തീര്‍ത്തതുകൊണ്ട് ഞാന്‍ എല്ലാം എടുത്തുവച്ചേച്ച് ഇങ്ങോട്ടു വച്ചുപിടിച്ചു.'' ഒറ്റശ്വാസത്തിന് അവന്‍ ഇതെല്ലാം പറഞ്ഞിട്ടു നോക്കുമ്പോള്‍ അച്ചന്‍ കണ്ണു തുറന്നിട്ടില്ല. അവന്‍ വീണ്ടും വിളിച്ചു. ''അച്ചോ...'' അച്ചന്‍ കണ്ണു തുറന്നു. ''അച്ചന്‍ ഉറങ്ങുവാണോ? എന്നാ, ഉറങ്ങിക്കോളേ... ഞാന്‍ പിന്നെ വരാം.'' ഇത്രയും പറഞ്ഞ്, അവന്‍ വന്നപാടേ വിട്ടുപോയി.
അപ്പോഴിതാ കൈക്കാരന്മാര്‍ നാലുപേരും വരുന്നു. അവര്‍ കൗണ്ടറില്‍ചെന്ന്, അച്ചന്റെ സ്ഥിതി ചോദിച്ചുമനസ്സിലാക്കി. എന്നിട്ടു പരസ്പരം പറഞ്ഞു: ''അച്ചനെ ശല്യപ്പെടുത്തണ്ടാ'' കൗണ്ടറിലെ ഫോണ്‍ നമ്പര്‍ വാങ്ങിയിട്ട് നേഴ്‌സിനോടു പറഞ്ഞു: ''ഞങ്ങള്‍ ഈ നമ്പറില്‍ വിളിച്ചു വിവരം അറിഞ്ഞുകൊള്ളാം. എന്തെങ്കിലും വിശേഷം പ്രത്യേകിച്ചുണ്ടെങ്കില്‍ ഞങ്ങളുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ മതി. ഞങ്ങള്‍ ഉടനെ എത്തിക്കൊള്ളാം.'' ഫോണ്‍ നമ്പര്‍ കൊടുത്ത് അവര്‍ മടങ്ങി.
പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മാതൃവേദിക്കാരെത്തി. ഭാരവാഹികള്‍ മാത്രമേയുള്ളൂ. അവര്‍ കതകില്‍ മുട്ടിയെന്നു വരുത്തിയിട്ട് അകത്തുകയറി.  കൈയിലുണ്ടായിരുന്ന പൊതിക്കെട്ടുകള്‍ നിരത്തിവച്ചു. അതില്‍ അച്ചപ്പം, കുഴലപ്പം, ചീപ്പപ്പം, വട്ടയപ്പം, ചുരുട്ട്... അങ്ങനെ, ഒരുപാടു വെറൈറ്റികള്‍. അവര്‍ തമ്മില്‍ പിറുപിറുക്കുന്നതും കാല്‍പ്പെരുമാറ്റവുമെല്ലാം കേട്ട് അച്ചന്‍ കണ്ണുതുറന്നു: ''അച്ചാ, എങ്ങനെയുണ്ട്? കപ്യാരു പറഞ്ഞാ ഞങ്ങള്‍ വിവരമറിഞ്ഞത്.'' 
''റെസ്റ്റ് എടുക്കാനാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഹെഡിന്‍ജ്വറിയുണ്ട്. അതുകൊണ്ട്, സംസാരിക്കണ്ടാ എന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്'' 
പ്രസിഡന്റ് പറഞ്ഞു: ''അച്ചാ, ഞങ്ങള്‍ പൊയ്‌ക്കോളാം. അച്ചന്‍ നന്നായി വിശ്രമിക്കണേ... പിന്നെ, ഞങ്ങള്‍ കുറെ പലഹാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വീട്ടിലുണ്ടാക്കിയതാ... അച്ചന്‍ കഴിക്കണം!'' 
''എനിക്കിതൊന്നും കഴിക്കത്തില്ല; വിശപ്പ് ഒട്ടുമില്ല...!''
''എന്നാലും, ഞങ്ങള്‍ ഇവിടെ വച്ചിട്ടു പൊയ്‌ക്കോളാം. അച്ചനെ കാണാന്‍ വരുന്നവര്‍ക്കു കൊടുക്കാമല്ലോ...''
എല്ലാം ഭദ്രമായി അലമാരയില്‍ വച്ചിട്ട് സ്തുതി ചൊല്ലി അവര്‍ മടങ്ങാന്‍തുടങ്ങി. അപ്പോള്‍ സെക്രട്ടറി പറഞ്ഞു: ''അച്ചോ, മാതൃവേദിയുടെ വാര്‍ഷികറിപ്പോര്‍ട്ട് കൊടുക്കേണ്ട അവസാനതീയതി നാളെയാണ്. ഞങ്ങള്‍ റിപ്പോര്‍ട്ടു കൊണ്ടുവന്നിട്ടുണ്ട്. അച്ചന്‍ ഒന്ന് ഒപ്പിട്ടുതരുമോ? 
''എന്റെ കൈ കണ്ടില്ലേ? ഒപ്പിടാതെ അങ്ങു കൊടുത്തേച്ചാല്‍ മതി.'' അങ്ങനെ സമ്മതിച്ച് അവര്‍ പിരിഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നുമണിയായിക്കാണും. അപ്പോഴാണു മദര്‍ പട്രീഷ്യായും അസിസ്റ്റന്റ് മദര്‍ ലുത്തീസിയായും വരുന്നത്. അവരുടെ കൈയിലും ഒരു പൊതിക്കെട്ടുണ്ട്. ചാരിയിരുന്ന കതക് സാവകാശം തുറന്ന് അവര്‍ അകത്തുകടന്നു. ''അച്ചന്‍ ഉറങ്ങുകയാണെന്നാ തോന്നുന്നെ... നമുക്ക് അല്പനേരം പുറത്തിറങ്ങിയിരുന്നാലോ?'' മദര്‍ പറഞ്ഞു. 'നമുക്ക് പതുക്കെ ഒന്നു വിളിച്ചുനോക്കാം.' അസിസ്റ്റന്റ് മദര്‍ അഭിപ്രായപ്പെട്ടു. അവര്‍ പതുക്കെ അച്ചനെ വിളിച്ചു. അച്ചന്‍ കണ്ണു തുറന്നു. ''അച്ചോ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' അച്ചന്‍ സാവകാശം കൈകൂപ്പി. അറിയാതെ കണ്ണടഞ്ഞുപോകുന്നു. ''അച്ചന്‍ ഉറങ്ങട്ടെ; നമുക്കു പോകാം.'' അക്കൂട്ടത്തില്‍ പൊതിയഴിച്ചശേഷം അച്ചനോടു പറഞ്ഞു: ''അച്ചാ, ഇതു ചക്ക വേയിച്ചതാണ്. അച്ചന്‍ ഇറച്ചിയും മീനും കൂട്ടുകേലാത്തതുകൊണ്ട് അരിഞ്ഞുപുഴുങ്ങി. ചമ്മന്തിയുമുണ്ട്.'' മദറിന്റെ നിര്‍ദേശത്തിന് അച്ചന്റെ മറുപടി. ''എനിക്കു വിശപ്പൊട്ടുമില്ല.'' ''എങ്കിലും ഇതിവിടെയിരുന്നോട്ടെ; അച്ചനു വിശപ്പുണ്ടാകുമ്പോള്‍ കഴിച്ചുനോക്കേ; മരുന്നുകള്‍ ഒത്തിരിയുള്ളപ്പോള്‍ എന്തെങ്കിലും കഴിച്ചില്ലെങ്കില്‍...?'' അവര്‍ അലമാരി തുറന്ന് അതവിടെ വച്ചിട്ട് സ്തുതിചൊല്ലി പിരിഞ്ഞു.
സന്ധ്യ മയങ്ങിയപ്പോള്‍ യുവജനസംഘടനയുടെ ഭാരവാഹികള്‍ വന്നു. അവര്‍ നേരേ അകത്തേക്കു കേറിച്ചെന്നു. ഒരുത്തന്‍ അച്ചന്റെ കിടക്കയില്‍ ഇരിക്കാന്‍ തുടങ്ങി. ''എടോ ഉവ്വേ, അവിടെയാണോ ഇരിക്കുന്നത്?'' അവന്‍ ചാടിയെണീറ്റു. ''അച്ചോ, സംഭവം എങ്ങനെയാ?'' പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തില്‍ ഒരുത്തന്റെ സ്വരം.
''എടാ, നിന്റെ തൊള്ള തുറക്കാതെ... പതുക്കെ പറ.'' പ്രസിഡന്റ് അവനെ തിരുത്തി. അപ്പോള്‍, ഖജാന്‍ജി ഓടിച്ചെന്ന് അലമാര തുറന്നു. അതു ശ്രദ്ധിച്ച അച്ചന്‍ എന്തോ ആംഗ്യം കാണിച്ചു. കാര്യം മനസ്സിലാക്കിയ അവന്‍ പതിവുപോലെ ഡൈനമിക്കായി. ''എടാ, ആക്രാന്തം കാണിക്കാതെ.'' സെക്രട്ടറിയുടെ കമന്റ്. ഒരുവിധത്തില്‍ എല്ലാറ്റിനെയും പുറത്തിറക്കി പ്രസിഡന്റും സെക്രട്ടറിയും അച്ചന്റെ അടുത്തുചെന്ന് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ച് പുറത്തേക്കിറങ്ങി സ്ഥലംവിട്ടു. അച്ചന്‍ വീണ്ടും മയക്കത്തിലാണ്ടു...!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)