•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വാതന്ത്ര്യം സാഹോദര്യത്തിന്റെ വീണ്ടെടുപ്പാവണം

''ഒരേയൊരിന്ത്യ ഒരൊറ്റ ജനത''  എന്ന ലക്ഷ്യത്തിനുവേണ്ടി ബ്രിട്ടീഷ്‌സാമ്രാജ്യത്തിനുനേരേ നെഞ്ചുവിരിച്ച് പ്രതിരോധം തീര്‍ത്ത ധീരദേശസ്‌നേഹികളെ നാം സ്വാതന്ത്ര്യദിനത്തില്‍ അനുസ്മരിക്കുന്നു.  അന്നു നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നു നമ്മുടെ നാട്. എന്നാല്‍, ഇന്ന് പാര്‍ട്ടിരാജ്യങ്ങളായി തിരിഞ്ഞ് പരസ്പരം പോരാടുന്നു. 
    ഭാരതത്തിന്റെ മാനവവിഭവ ശേഷിയും ജൈവസമ്പത്തും  സാംസ്‌കാരികൗന്നത്യവും തിരിച്ചറിയാത്ത, സ്വത്വബോധം നഷ്ടപ്പെട്ട് ഇരുട്ടില്‍ തളയ്ക്കപ്പെട്ട ഒരു ബന്ദിയുടെ മുറിവനുഭവങ്ങളാണ് ഇന്നു ഭാരതാംബയ്ക്കു പങ്കുവയ്ക്കാനുള്ളത്. 
     ഇവിടുത്തെ കര്‍ഷകരെയും കാര്‍ഷികവിഭവങ്ങളെയും പാടേ മറന്ന്, വിദേശോത്പന്നങ്ങളെ ഇറക്കുമതി ചെയ്ത്, വിദേശക്കമ്പനികള്‍ക്കും കുത്തകമുതലാളിമാര്‍ക്കും നാടിനെ തീറെഴുതിക്കൊടുത്തതിന്റെ തീരാനൊമ്പരമാണ് ഇന്നു ഭാരതീയന്റെ നെഞ്ചിനുള്ളില്‍ മുഴങ്ങുന്നത്.     
29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണപ്രദേശങ്ങളുമുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡം മാനവവിഭവശേഷിയുടെ കാര്യത്തില്‍ ലോകത്തിനുമുന്നില്‍ ഒരു മഹാദ്ഭുതംതന്നെയാണ്.    
     എന്നാല്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഭാരതമെന്ന ഒരേ വികാരത്തില്‍, പരസ്പരം കൈകോര്‍ത്തുനിന്ന സ്വാതന്ത്ര്യാനന്തരനാളുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാഴ്‌സിയും ജൈനനും എല്ലാംചേര്‍ന്ന് ഞങ്ങള്‍ ഒരേയൊരു ഇന്ത്യക്കാര്‍ എന്നു പറയാനുള്ള നെഞ്ചുറപ്പ് ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഈയൊരു കുലീനവികാരം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഇത്തവണത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഈ സാഹോദര്യത്തിന്റെ വീണ്ടെടുപ്പിലേക്കു നയിക്കുന്നതാകണം. കോടീശ്വരന്മാരുടെ വിരല്‍ത്തുമ്പിലൂടെ ഭാരതത്തിന്റെ ഭരണരഥമുരുളുമ്പോള്‍ കോടിക്കണക്കിനു ഭാരതീയര്‍ ഒരു മഹാത്മാവിന്റെ പിറവിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന സത്യം വിസ്മരിച്ചുകൂടാ.   
     മതതീവ്രവാദത്തിന്റെയും സാമ്പത്തിക അരാജകത്വത്തിന്റെയും ജാതിസ്പര്‍ധയുടെയും മതിലുകളില്‍ ഇടിച്ചുതകരുന്ന പൗരചേതനയെ ആരു രക്ഷിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അധിനിവേശമുതലാളിമാരുടെ ആര്‍ത്തിക്കുമുന്നില്‍ സ്വന്തം ജീവിതം എറിഞ്ഞിട്ടുകൊടുത്ത ഒരു മഹാത്മാവിന്റെ പിന്നില്‍ അണിനിരന്ന ദേശസ്‌നേഹികളുടെ രക്തം ഇന്നു നിലവിളിക്കുന്നുണ്ടാവും, സ്വാര്‍ഥമോഹങ്ങളുടെ കരവലയത്തിനുള്ളില്‍ ഞെരിഞ്ഞമരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെയോര്‍ത്ത്. 'എന്റെ ശരീരത്തില്‍ കാണുന്ന മര്‍ദ്ദനത്തിന്റെ ഈ പാടുകള്‍ ബ്രിട്ടീഷ്‌സാമ്രാജ്യമാകുന്ന മൃതശരീരം പൊതിഞ്ഞു കെട്ടിയെടുക്കാനുള്ള പട്ടു വസ്ത്രത്തിലെ സ്വര്‍ണ്ണക്കസവുകളാണ്' എന്നു പറഞ്ഞ ലാലാ ലജപതറായിയുടെ വാക്കുകള്‍ ഇന്നും  ഓരോ ഭാരതീയന്റെയും നെഞ്ചിനുള്ളിലെ താളമാണെന്ന കാര്യം നമ്മെ അഭിമാനപുളകിതരാക്കുന്നു. 
     വിഭാഗീയതയും അരാജകത്വവും മതതീവ്രവാദവുംകൊണ്ടു ശ്വാസംകിട്ടാതെ ഏന്തിവലിയുന്ന നിസ്സഹായതയുടെ കദനകഥകളാണെങ്ങും കേള്‍ക്കാനിടയാകുന്നത്. ഭാഷയുടെയും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അഴികള്‍ക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന ഭാരതീയര്‍ക്ക്, അധികാരിവര്‍ഗം സ്വാതന്ത്ര്യം ദുരുപയോഗിച്ചതിന്റെ നൊമ്പരമാണ് പങ്കുവയ്ക്കാനുള്ളത്. അതിനാല്‍ സത്യം, സ്‌നേഹം,  സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങള്‍ക്കുവേണ്ടി നാം ഒരുമിച്ചുനിന്നു പോരാടിയേ മതിയാവൂ. സത്യവും സ്‌നേഹവും നമ്മുടെ മനസ്സുകളെ ഭരിക്കട്ടെ.  അതിലൂടെമാത്രമേ നമ്മള്‍ സ്വതന്ത്രരാകൂ എന്ന കാര്യം മറക്കാതിരിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)