''രണ്ടാഴ്ചയായി സര്‍ ഭക്ഷണം ഇറക്കീട്ട്. ഭക്ഷണം കഴിക്കുന്നത് അത്രയ്ക്കും ആസ്വദിച്ചിരുന്ന എനിക്ക് എങ്ങനെ ഈ അവസ്ഥ വന്നു?''
ആശയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ആദ്യം ഞാനും കണ്‍ഫ്യൂസ്ഡായി! പിന്നീടാണു മനസ്സിലായത്, ആശ വായില്‍ ഭക്ഷണമിട്ടു ചവച്ച് അത് ഇറക്കാതെ തുപ്പിക്കളയുകയാണെന്ന്. തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്ന അവസ്ഥ അവര്‍ക്കനുഭവപ്പെടുന്നു. എന്റെയടുത്തു വരുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പായിത്തന്നെ അവര്‍ക്കു ഭക്ഷണം നന്നായി ഇറക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്നെ കാണുന്നതിന് ഏതാനും ദിവസം മുമ്പായി പ്രശ്‌നം വര്‍ധിച്ചിരുന്നു. ഭക്ഷണം ഒട്ടുമേ ഇറക്കാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നപരിഹാരത്തിനായി പല ഹോസ്പിറ്റലുകളിലും പോയി. ടെസ്റ്റുകളില്‍ യാതൊരു പ്രശ്‌നവുമില്ല. അങ്ങനെ, ഒരു ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് അവര്‍ എന്റെയടുക്കല്‍ എത്തിയത്.
ആശയുടെ സ്വഭാവരീതികളും സംസാരവും പഠിച്ചപ്പോള്‍ മനസ്സിലായി, അവര്‍ ഒരു ക്ഷിപ്രകോപിയാണെന്ന്. ഇവരുടെ അരിശം ജോലിസ്ഥലത്തും വീട്ടിലും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ആശയുടെ അരിശവും ഭക്ഷണമിറക്കാന്‍ പറ്റാത്ത അവസ്ഥയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു ഞാന്‍ സംശയിച്ചു. ഈ സംശയം വെളിപ്പെടുത്താതെ അവരുടെ പ്രശ്‌നം അവരിലൂടെത്തന്നെ കണ്ടെത്താന്‍ ഉതകുന്ന ഹിപ്‌നോട്ടിക് തെറപ്പി നടത്തി. ആയതിന്റെ വെളിച്ചത്തില്‍ ലഭിച്ച വിവരം താഴെപ്പറയുംവിധമായിരുന്നു:
ഒരു മാസംമുമ്പ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് ആശ തന്റെ മേലധികാരിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആശയും മേലധികാരിയും അരിശമെന്ന വികാരം അനിയന്ത്രിതമായി ഉപയോഗിച്ചു. വഴക്കു മൂര്‍ച്ഛിച്ചപ്പോള്‍ താന്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം വലിച്ചെറിഞ്ഞ് വായിലെ ഭക്ഷണം തുപ്പിക്കളഞ്ഞ് ആശ മുറിവിട്ടിറങ്ങി.
അന്ന് അത്താഴസമയം മുതല്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ആശ വലഞ്ഞുതുടങ്ങി. തൊണ്ടയിലൂടെ ഭക്ഷണമിറക്കാന്‍ നന്നേ കഷ്ടപ്പെട്ടു.
എന്താണ് ആശയ്ക്കു സംഭവിച്ചത്?
മേലധികാരിയുമായി അമിതവാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തന്റെ ജോലി പോകുമോ എന്ന ഭയവും, ഭക്ഷണം വലിച്ചെറിഞ്ഞ് അവിടെനിന്നു ഇറങ്ങിപ്പോയ ഓര്‍മയും ചേര്‍ന്ന് ഉത്കണ്ഠ ഉടലെടുത്തു. അത് സൈക്കോസൊമാറ്റിക് ഡിസോര്‍ഡര്‍ എന്ന നിലയില്‍ അവരില്‍ ഭക്ഷണമിറക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു.
എന്താണ് സൈക്കോ
സൊമാറ്റിക് ഡിസോര്‍ഡര്‍?
;''സൈക്കോ'' എന്നാല്‍ മനസ്; ''സൊമാറ്റിക്'' എന്നാല്‍ ശരീരം. മനസ്സില്‍ ചിന്തിക്കുന്ന ഏതൊരു കാര്യവും ശരീരത്തില്‍ പ്രതിഫലിക്കുന്നു. ഇതാണ് സൈക്കോ സൊമാറ്റിക്ക് ഇംപാക്റ്റ്. മനസ്സില്‍ ചിന്തിക്കുന്ന നെഗറ്റീവായ കാര്യങ്ങള്‍ ശരീരത്തില്‍ അസ്വസ്ഥത ഉളവാക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതാണ് സൈക്കോ സൊമാറ്റിക് ഡിസോര്‍ഡറായി അറിയപ്പെടുക. ഇവിടെ ഓര്‍ക്കേണ്ട വസ്തുത, മനസ്സില്‍ ചിന്തിക്കുന്ന നല്ല കാര്യങ്ങള്‍ ശരീരത്തില്‍ പോസിറ്റീവായി പ്രതിഫലിക്കും എന്നുകൂടിയാണ്. താഴെപ്പറയുന്ന ശാരീരികരോഗങ്ങള്‍ ചില സമയങ്ങളില്‍ സൈക്കോസൊമാറ്റിക് ഡിസോര്‍ഡറിന്റെ ഭാഗമാകാം. ശാരീരിക അസ്വസ്ഥതകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങള്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വേദനകള്‍, ഡയബെറ്റിക്‌സ്, ലൈംഗികപരമായ പ്രശ്‌നങ്ങള്‍, ത്വഗ്രോഗങ്ങള്‍ എന്നിവയൊക്കെ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടാം. ചില വ്യക്തികളില്‍ ഉണ്ടാകുന്ന 80 ശതമാനത്തിലധികം രോഗാവസ്ഥകളും ഇത്തരത്തിലുള്ളതാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. ശാസ്ത്രലോകം ഇന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഏകദേശം 10 ശതമാനം രോഗങ്ങളും സൈക്കോ സൊമാറ്റിക് ആണെന്നാണ്. മാരകമായ ഹൃദ്രോഗം സൈക്കോ സൊമാറ്റിക് ഡിസോര്‍ഡറായി സംഭവിക്കാമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വ്യക്തിയില്‍ ഉണ്ടാകുന്ന പിരിമുറുക്കം കാന്‍സറിനു കാരണമാകുന്നുവെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. സ്‌ട്രോക്കുകളും മാനസികപിരിമുറുക്കവുമായുള്ള ബന്ധവും പഠനവിധേയമാകുന്നു. പഠനങ്ങള്‍ തെളിയിക്കുന്നത് പാമ്പുകടിയേറ്റു മരിക്കുന്നതില്‍ വലിയ ഒരു ശതമാനം പാമ്പിന്റെ വിഷംകൊണ്ടല്ല; മറിച്ച്, ഭയത്തില്‍നിന്നുണ്ടാവുന്ന സൈക്കോ സൊമാറ്റിക് അവസ്ഥയാലാണ്.
സൈക്കോ സൊമാറ്റിക് ഡിസോര്‍ഡറിന്റെ പിടിയില്‍പ്പെടാതെ എങ്ങനെ രക്ഷപ്പെടാം?
ക്രിയാത്മചിന്തകളുടെ വ്യക്തികളായി മാറുക എന്നതാണ് ഈ പ്രശ്‌നത്തിന്റെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാനുള്ള മാര്‍ഗം. നമ്മുടെ ചിന്തകള്‍ നെഗറ്റീവാണെങ്കില്‍ അവ ശാരീരികപ്രശ്‌നങ്ങളായി പ്രതിഫലിക്കും. നല്ല ചിന്തകള്‍ മാനസിക-ശാരീരികാരോഗ്യം പ്രദാനം ചെയ്യും.
താഴെപ്പറയുന്ന രീതികള്‍ അവലംബിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍പ്പെടാതിരിക്കാന്‍ ഉപകരിക്കും.
a.ഏതൊരു വ്യക്തിയിലും ജീവിയിലും വസ്തുവിലും സാഹചര്യത്തിലും ആവുന്നത്ര നന്മകള്‍ കാണുക.
b.തന്നെക്കുറിച്ചുതന്നെ, വളരെ പോസിറ്റീവായ കാര്യങ്ങള്‍ മനസ്സില്‍ ഉരുവിടുക.
ഉദാ:-ഞാന്‍ ആരോഗ്യമുള്ള വ്യക്തിയാണ്.
- എന്റെ ജീവിതം സന്തോഷം നിറഞ്ഞതാണ്.
-ഞാന്‍ നല്ല ഓര്‍മശക്തിയുള്ള വ്യക്തിയാണ്.
c.പരാജയങ്ങള്‍ വിജയത്തിന്റെ താക്കോലായി കാണുകയും ആയതില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക.
d.ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും നിങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജീവിച്ചിരിക്കുന്നതു മനസ്സില്‍ കാണുക.
e. ജീവിതം ആരോഗ്യകരമായി ആഘോഷിക്കാന്‍ സമയം കണ്ടെത്തുക. ആഘോഷമെന്നത് ഒരു മാനസികാവസ്ഥയാണ്. പണം ധൂര്‍ത്താക്കാതെയും പ്രത്യേക സാഹചര്യമില്ലാതെയും നമുക്ക് അനുദിനജീവിതത്തെ ആഘോഷമാക്കി മാറ്റാം.
- യാത്രകള്‍ പോവുക.
-സുഹൃത്തുക്കളുമായി സമയം ആരോഗ്യകരമായി ചെലവഴിക്കുക. മദ്യം ലഹരിപദാര്‍ഥങ്ങള്‍, സിഗരറ്റ് എന്നിവയൊക്കെ ഒഴിവാക്കി ആഘോഷിക്കുക.
- നാടകം, സിനിമ, സംഗീതപരിപാടികള്‍, മറ്റു കായികവിനോദപരിപാടികള്‍ എന്നിവയില്‍ കുടുംബവും സുഹൃത്തുക്കളുമൊപ്പം പങ്കെടുക്കുക.
- കുടുംബാംഗങ്ങളുടെ കൂടെ സമയം ചെലവഴിക്കുക എന്നിവയൊക്കെ ആഘോഷങ്ങളാണ്.
f. പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുമ്പോട്ടു പോകുന്നതില്‍ ഒരു ത്രില്ല് കണ്ടെത്തുക.
g. വ്യായാമം ശീലമാക്കുക.
h. ശരിയായ ഭക്ഷണശീലം സ്വായത്തമാക്കുക.
i ക്ഷമിക്കുക, മറക്കുക, താഴ്ന്നുകൊടുക്കുക എന്നീ മഹദ്ഗുണങ്ങള്‍ പരിശീലിക്കുക, പ്രാവര്‍ത്തികമാക്കുക.
j. വായനയിലൂടെയും മറ്റ് ഉപാധികളിലൂടെയും ക്രിയാത്മക അറിവു നേടുക.
k. സ്വന്തമായി വിചിന്തനം നടത്താന്‍ സമയം കണ്ടെത്തുക.
l. മറ്റുള്ളവരുടെ ഇടിച്ചുതാഴ്ത്തുന്ന രീതിയിലുള്ള വാക്കുകളെയും പ്രവൃത്തികളെയും അവഗണിക്കുക.
m. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ചര്‍ച്ചകള്‍ക്കു സമയം കണ്ടെത്തുക.
n. താന്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ശരിയാണെന്ന ചിന്ത അവസാനിപ്പിക്കുകയും തെറ്റു ചെയ്തു എന്നു ബോധ്യമായാല്‍ 'എന്നോടു ക്ഷമിക്കണം' എന്നു പറയാന്‍ പഠിക്കുകയും ചെയ്യുക. ക്ഷമ ചോദിക്കാനും ക്ഷമിക്കാനും കഴിയുക എന്നത് ശരിയായ മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്.
o. നല്ല കൂട്ടുകാരുമായി ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുക.
p. നെഗറ്റീവായ ചിന്തകള്‍ വര്‍ധിക്കുന്നെങ്കില്‍ ഒരു കൗണ്‍സലറുടെ സഹായം തേടുക. ആവശ്യമെങ്കില്‍ സൈക്യാട്രിസ്റ്റിനെയും കാണുക.
q. ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന ശക്തി നമ്മെയും പരിപാലിക്കുമെന്ന് ഉറച്ചുവിശ്വസിക്കുക.
ചുരുക്കത്തില്‍, ക്രിയാത്മകമായ ശീലങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിഞ്ഞാല്‍ സൈക്കോ സൊമാറ്റിക് ഡിസോര്‍ഡറുകള്‍ മാറി നില്‍ക്കും. ഇന്ന് ആശയുടെ ജീവിതത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്.