1998 ഒക്‌ടോബര്‍ മാസം 11-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ കുരിശിന്റെ തെരേസാ ബനദിക്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധയുടെ തിരുനാള്‍ ഓഗസ്റ്റ് 9-ാം തീയതിയാണ്.
ആവൃതിയിലെ അറസ്റ്റ്
നെതര്‍ലന്‍ഡ്‌സിലെ എഹ്റ്റ് (Echt) എന്ന പട്ടണത്തിലെ കര്‍മലീത്താ മിണ്ടാമഠം. 1942 ഓഗസ്റ്റുമാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണി. സന്ന്യാസിനികള്‍ മാനസികപ്രാര്‍ഥനയുടെ നിശ്ശബ്ദതയിലാണ്.
രണ്ടാം ലോകമഹായുദ്ധകാലമാണ്. 1940 മുതല്‍ നെതര്‍ലന്‍ഡ്‌സിനെ ഹിറ്റ്‌ലറുടെ ജര്‍മന്‍ സൈന്യം കീഴടക്കി ഭരിക്കുകയാണ്. ജര്‍മന്‍രഹസ്യപ്പൊലീസിലെ (GESTAPO) രണ്ടുപേര്‍വന്ന് സന്ന്യാസിനികള്‍ നിശ്ശബ്ദപ്രാര്‍ഥനയിലായിരുന്ന മഠത്തിന്റെ വാതിലില്‍ ശക്തിയോടെ മുട്ടുന്നു. പ്രിയോരമ്മ വാതില്‍ തുറന്നു. പൊലീസിനു വേണ്ടത് എദിത്ത് സ്റ്റൈനിനെയും (സിസ്റ്റര്‍ തെരേസാ ബനിദിക്ത) അവരുടെ സഹോദരി റോസയെയുമാണ്. യഹൂദവംശജരായ ഇവരെ ഏതാനും മിനിറ്റുകള്‍കൊണ്ടു കസ്റ്റഡിയിലെടുത്ത് പൊലീസുകാര്‍ സ്ഥലംവിട്ടു. എദിത്ത് സ്റ്റൈന്‍ തന്റെ സഹോദരി റോസയോടു പറഞ്ഞ വാക്കുകള്‍ സ്തബ്ധരായി നിന്ന സന്ന്യാസിനികള്‍ കേട്ടു: ''വരൂ, നമ്മുടെ ജനത്തിനായി നമുക്കു പോകാം.''
ഇവിടെ 'നമ്മുടെ ജനം' എന്നതുകൊണ്ട് എദിത്ത് സ്റ്റൈന്‍ ഉദ്ദേശിക്കുന്നത്, ഹിറ്റ്‌ലറുടെ നാസി ഭരണകൂടം ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യഹൂദസമൂഹത്തെയാണ്. യൂറോപ്പിലുള്ള മുഴുവന്‍ യഹൂദരുടെയും വംശനാശമാണ് ആസൂത്രണം ചെയ്തു നടപ്പാക്കിക്കൊണ്ടിരുന്നത്. യഹൂദവിരോധം പച്ചയ്ക്കു പറഞ്ഞുകൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഭരണം പിടിച്ചത്. ഒരു സ്വേച്ഛാധിപതി എത്ര ക്രൂരനും ദുഷ്ടനുമാണെങ്കിലും വാഗ്വിലാസത്തിലൂടെ ജനസമ്മതി നേടുമെന്നതിന് മകുടോദാഹരണമാണ് ഹിറ്റ്‌ലര്‍. 1938 ലെ Man of the year ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തത് അഡോള്‍ഫ് ഹിറ്റ്‌ലറെയാണ്! എന്നാല്‍ ദീത്രിച്ച് ബൊനേഫര്‍, റൂപ്പര്‍ട്ട് മയര്‍, ആല്‍ഫ്രെഡ് ദെല്‍പ് എന്നിവരെപ്പോലെ എദിത്ത് സ്റ്റൈനും ഹിറ്റ്‌ലറിന്റെ നാസി പ്രത്യയശാസ്ത്രത്തിന്റെ അപകടം ആദ്യംമുതലേ തിരിച്ചറിഞ്ഞിരുന്നു. പതിനൊന്നാം പീയൂസ് മാര്‍പാപ്പായെക്കൊണ്ട് നാസിസത്തിനെതിരേ ഒരു ചാക്രികലേഖനം പുറപ്പെടുവിക്കാന്‍ 1933 ല്‍ എദിത്ത് സ്റ്റൈന്‍ ശ്രമിക്കുകയുണ്ടായി.
എദിത്ത് സ്റ്റൈനിനെയും റോസയെയും പിടിച്ചുകൊണ്ടുപോയ 1942 ഓഗസ്റ്റ് രണ്ടിന് ഒരാഴ്ചമുമ്പ്, ജൂലൈ 26 ഞായറാഴ്ച നെതര്‍ലന്‍ഡ്‌സിലെ എല്ലാ കത്തോലിക്കാദൈവാലയങ്ങളിലും യഹൂദര്‍ക്കെതിരേ നാസി അധിനിവേശഭരണകൂടം നടത്തുന്ന ക്രൂരനടപടികളെ അപലപിക്കുന്ന, ഒരു സംയുക്ത ഇടയലേഖനം വായിക്കുകയുണ്ടായി. അതിനു പ്രതികാരനടപടിയായിട്ടാണ് നാസിഭരണകൂടം, യഹൂദവംശജരായ കത്തോലിക്കരെയും അറസ്റ്റുചെയ്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയയ്ക്കാന്‍ തീരുമാനിച്ചത്.
കുരിശിന്റെ പാതയില്‍
കുരിശിന്റെ വി. യോഹന്നാന്റെ നാനൂറാം ജന്മവാര്‍ഷികത്തിന് (1542-1942) സഭാധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് 'കുരിശിന്റെ ശാസ്ത്രം' എന്ന ഈടുറ്റ ഗ്രന്ഥം, സി. തെരേസ ബനദിക്ത എഴുതി പൂര്‍ത്തിയാക്കിയ ദിവസംതന്നെയാണ് അവര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. ആ ദിവസങ്ങളില്‍ അറസ്റ്റുചെയ്യപ്പെട്ട എല്ലാവരെയും മൃഗങ്ങളെ കൊണ്ടുപോകുന്ന വാഗണുകളില്‍ കുത്തിനിറച്ചു. അതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഈ ട്രെയിന്‍ പോളണ്ടിലെ ഔഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് 1942 ഓഗസ്റ്റുമാസം ഏഴാം തീയതി പുറപ്പെട്ടു. അതിനുമുമ്പുള്ള ദിവസങ്ങളില്‍ താത്കാലികക്യാമ്പുകളിലാണ് അവരെയെല്ലാം പാര്‍പ്പിച്ചിരുന്നത്. സഭാവസ്ത്രം അണിഞ്ഞിരുന്ന സിസ്റ്റര്‍ തെരേസാ ബനദിക്ത കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കാനും അവര്‍ക്കു ഭക്ഷണം നല്കാനുമെല്ലാം ശ്രദ്ധിച്ചു. ഭയന്നുവിറച്ചിരുന്നവര്‍ക്ക് ആശ്വാസം പകരാനും അവര്‍ ശ്രമിച്ചു. എഹ്റ്റ് ആശ്രമത്തിലേക്ക് എഴുതിയ കത്തുകളിലൊന്നില്‍ അവര്‍ എഴുതി: ''ഏകപ്രത്യാശയായ കുരിശിനു സ്തുതി.''
ക്യാമ്പിലെ ഡെച്ചുകാരായ ചില ജോലിക്കാരുടെ സന്മനസ്സുകൊണ്ടാണ് കത്തുകള്‍ ലക്ഷ്യത്തിലെത്തിയത്.
യഹൂദരെ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ഔഷ്‌വിറ്റ്‌സിലേക്കാണ് ഈ യാത്രയെന്ന് സി. തെരേസാ ബനദിക്തായ്ക്ക് ഊഹിക്കാന്‍ സാധിച്ചിരുന്നിരിക്കണം.
ജര്‍മനിയിലെ ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ 'കിഴക്കോട്ടാണ് യാത്ര' എന്നു ലത്തീനിലെഴുതിയ ഒരു കുറിപ്പ് സി. തെരേസ ബനദിക്ത പ്‌ളാറ്റുഫോമില്‍ ഇട്ടു. അതിശയകരമായ വഴിയിലൂടെ ആ കുറിപ്പ് സിസ്റ്റര്‍ ബനദിക്തയുടെ നാട്ടുകാരിയായ ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിനിയുടെ കൈയിലെത്തി!
രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം ഈ മരണവണ്ടി ഔഷ്‌വിറ്റ്‌സിലെത്തി. യാത്രയ്ക്കിടയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആദ്യമേ പുറത്തെടുത്ത് ദഹിപ്പിച്ചുകളയാനായി നീക്കിയിട്ടു. ബാക്കിയുള്ളവരില്‍ കുറച്ചൊക്കെ ആരോഗ്യമുള്ളവരെ പണിയെടുപ്പിക്കാനായി മാറ്റിനിര്‍ത്തി. സി. തെരേസ ബനദിക്തയും റോസയും മറ്റനേകരും തീര്‍ത്തും അവശരായിരുന്നു. അവരെയെല്ലാം ഗ്യാസ് ചേമ്പറില്‍ അടച്ചു വിഷവാതകം തുറന്നുവിട്ടു കൊന്നു. അത് 1942 ഓഗസ്റ്റ് 9-ാം തീയതിയായിരുന്നു.
സത്യം അന്വേഷിച്ചുള്ള ഒരു ജീവിതയാത്ര
1891 ല്‍ അന്ന് ജര്‍മന്‍സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബ്രഡ്‌ലാവിലാണ് എദിത്ത് സ്റ്റൈന്‍ ജനിച്ചത്. ഇന്ന് അത് പോളണ്ടിലെ വ്രൊക്കൊളേവ് എന്ന പട്ടണമാണ്. ഒരു യഹൂദകുടുംബത്തില്‍ ഒക്‌ടോബര്‍ 12-ാം തീയതി സ്റ്റൈന്‍ ദമ്പതികള്‍ക്കു പതിനൊന്നാമത്തെ സന്താനമായിട്ടാണ് എദിത്ത് ജനിച്ചത്. അന്നു യഹൂദര്‍ക്ക് പുണ്യദിനമായ 'യോംകിപ്പൂര്‍' ആയിരുന്നു. എദിത്തിന് രണ്ടു വയസ്സു തികയുംമുമ്പ് തടിവ്യാപാരിയായ പിതാവു മരണമടഞ്ഞു. ജന്മനഗരമായ ബ്രസ്‌ലാവിലെ പഠനങ്ങള്‍ക്കുശേഷം ഉപരിപഠനത്തിനായി ജര്‍മനിയിലെ ഗേറ്റിംഗന്‍ സര്‍വകലാശാലയില്‍ 22-ാം വയസ്സില്‍ എദിത്ത് എത്തിച്ചേര്‍ന്നു. അവിടെ ദാര്‍ശനികാചാര്യനായ എഡ്മണ്ട് ഹുസേര്‍ളിന്റെ അതിസമര്‍ഥയായ ശിഷ്യയായിരുന്നു എദിത്ത് സ്റ്റൈന്‍. സത്യം അന്വേഷിക്കുന്നവന്‍, അവനത് സമ്മതിച്ചാലും ഇല്ലെങ്കിലും ദൈവത്തെയാണ് അന്വേഷിക്കുന്നതെന്ന് പില്‍ക്കാലത്തു പറഞ്ഞിട്ടുണ്ടെങ്കിലും പഠനകാലത്ത് അവര്‍ ദൈവവിശ്വാസിയായിരുന്നില്ല.
ക്രൈസ്തവരായ സഹപാഠികളുടെയും പ്രഫസര്‍മാരുടെയും സ്വാധീനത്തില്‍ അവര്‍ വിശുദ്ധഗ്രന്ഥം വായിച്ചുതുടങ്ങി.
മാനസാന്തരവഴിയില്‍ ഏറ്റവും നിര്‍ണായകമായ ചുവടുവയ്പ് ഒരു സഹപാഠിയുടെ വീട്ടില്‍വച്ച് വിശുദ്ധ അമ്മ ത്രേസ്യായുടെ ജീവചരിത്രം വായിക്കാനിടയായതാണ്. ഒറ്റ രാത്രികൊണ്ട് പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ 'ഇതാണു സത്യം' എന്നു ബോധ്യപ്പെടുകയും പിറ്റേദിവസംതന്നെ കത്തോലിക്കാമതബോധനഗ്രന്ഥവും കുര്‍ബാനപ്പുസ്തകവും വാങ്ങുകയും ചെയ്തു. അവയെല്ലാം ഹൃദിസ്ഥമാക്കി. 1921 ജനുവരി മാസം ഒന്നാംതീയതി ബര്‍ഗസ് അബേണിലെ സെന്റ് മാര്‍ട്ടിന്‍സ് കത്തോലിക്കാപ്പള്ളിയില്‍വച്ച് എദിത്ത് സ്റ്റൈന്‍ മാമ്മോദീസാ സ്വീകരിച്ചു. വി. അമ്മത്രേസ്യായുടെ കര്‍മലീത്താമഠത്തില്‍ ചേരണമെന്ന ആഗ്രഹം 1933 ല്‍മാത്രമാണു സഫലമായത്. നാല്പത്തിരണ്ടാം പിറന്നാള്‍ കഴിഞ്ഞ് രണ്ടാം ദിവസം 1933 ഒക്‌ടോബര്‍ മാസം 14-ാം തീയതി വി. കുരിശിന്റെ തെരേസാ ബനദിക്ത എന്ന പേരു സ്വീകരിച്ച് സഭാവസ്ത്രമണിഞ്ഞു. കൊളോണിലെ മഠത്തിലാണ് ചേര്‍ന്നത്. ഹിറ്റ്‌ലറിന്റെ ഭരണത്തിന്‍കീഴില്‍ അവര്‍ സുരക്ഷിതയല്ല എന്ന കാരണത്താലാണ് ഹോളണ്ടിലെ എക്റ്റ് എന്ന മഠത്തിലേക്കു മാറ്റിയത്. ഹോളണ്ട് കീഴടക്കിയ നാസികള്‍ അവരെ അറസ്റ്റു ചെയ്തു.
നാമകരണനടപടികള്‍
ഈശോയുടെ ശിഷ്യത്വം സ്വീകരിച്ച് കുരിശിന്റെ മാര്‍ഗത്തിലൂടെ രക്തസാക്ഷിത്വം വരിച്ച സി. തെരേസ ബനദിക്തയുടെ നാമകരണനടപടികള്‍ക്ക് 1962 ല്‍ കൊളോണില്‍ കാര്‍ഡിനല്‍ ഫ്രിംഗ്‌സ് ആരംഭം കുറിച്ചു. 1987 മേയ്മാസം ഒന്നാംതീയതി പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ കൊളോണില്‍വച്ച് സി. തെരേസാ ബനദിക്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1998 ഒക്‌ടോബര്‍ 11-ാം തീയതി റോമില്‍വച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാതന്നെ അവരെ വിശുദ്ധയായി പ്രഖ്യാപിക്കുകയും യൂറോപ്പിന്റെ സഹമധ്യസ്ഥയായി നിശ്ചയിക്കുകയും ചെയ്തു
.(Reference: Dr. Jose Valiya-mattam CMI, Sr. Teresa Benedicta of the Cross: Excellence and challenges of Her Discipleship. Dharm-aram 2016)