•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വാതന്ത്ര്യം എ.ഐ.യുടെ കാല്‍ക്കീഴിലോ?

മ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നാമേറെ അഭിമാനിക്കുന്നവരാണ്. വൈദേശികാടിമത്തത്തില്‍നിന്നു നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത് ശരിയായ കാഴ്ചപ്പാടുള്ളവരുടെ സഹനസമരത്തിലൂടെയായിരുന്നു. സുഖയാത്രയുടെ അബദ്ധവിചാരത്തില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ കാലമാണിത്. സ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ ജീവിക്കുന്നവര്‍! സ്വാതന്ത്ര്യം വീണ്ടും അടിമത്തമായി മാറിയോയെന്നു ചിന്തിക്കുന്നത് ഉചിതമാണ്.
    സ്വാര്‍ഥതയുടെ ''തടവറ''യിലാണ് നാമിന്ന്. താന്‍പോരിമയുടെ ഉച്ചസ്ഥായിയിലുള്ള അപശബ്ദങ്ങളാണ് പലയിടങ്ങളില്‍നിന്നുമുയരുന്നത്. അപരനെ തിരിച്ചറിയാനാകാത്തവിധം സ്വാര്‍ഥത നമ്മുടെ ഹൃദയത്തില്‍ ഇരുട്ടുപരത്തിയിരിക്കുന്നു. ഐക്യവും അഖണ്ഡതയും പ്രസംഗിക്കുമ്പോഴും ''വിഘടനം'' ഒരു സ്വപ്നമായി നാം കൊണ്ടുനടക്കുന്നുണ്ടോയെന്നു സംശയിക്കണം.
    തോളോടു തോള്‍ ചേരുന്ന ഹൃദയത്തുറവിന്റെ സ്വര്‍ഗീയ കാഴ്ചകളിലാണ് സ്വാതന്ത്ര്യം അര്‍ഥം പ്രാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി  ടെക്‌നോളജിയുടെ കടന്നുവരവില്‍ നാം വീണ്ടും അടിമത്തത്തിലാകുന്നു! നമുക്കു നാംതന്നെ താങ്ങും തണലുമാകാത്തിടത്താണ് 'എ.ഐ.' പരിഹാരം തേടുന്നത്. മൃഗസ്‌നേഹികള്‍ 'മൃഗാവകാശങ്ങള്‍' ഹര്‍ജികളാക്കുമ്പോള്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നു. കാര്‍ഷികസംസ്‌കൃതി നിറഞ്ഞ നമ്മുടെ നാട്ടില്‍ കൃഷിയും കര്‍ഷകരും നിരന്തര അവഗണനയിലാകുന്നതും അടിമത്തമല്ലേ? ബഹുമുഖപ്രതിഭകളും എണ്ണമറ്റ സാധ്യതകളും ഉണ്ടായിട്ടും തൊഴില്‍തേടി നാളെയുടെ മക്കള്‍ രാജ്യം വിടുന്നതും  അടിമത്തമാണ്.
     പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍പോലും നിറവേറ്റാനാവാതെ പതിനായിരങ്ങള്‍ കഴിയുന്ന നാട്ടില്‍ തൃപ്തി കണ്ടെത്താനാകാത്തവിധം വികസനം മുരടിച്ചിരിക്കുന്ന സ്വാതന്ത്ര്യനേട്ടത്തിനു ശോഭയുണ്ടോ? അപര്യാപ്തതകളുടെ നടുവില്‍ സ്വാതന്ത്ര്യാഘോഷം ഉപരിപ്ലവമാകില്ലേ? മനസ്സില്‍ സഹോദരങ്ങള്‍ക്ക് ഇടമില്ലാത്തിടത്തോളം നാം അടിമത്തത്തില്‍ത്തന്നെയല്ലേ? സീമാതീതമായ പിടിവിട്ടുപറക്കലല്ല സ്വാതന്ത്ര്യം; മറിച്ച്, അതിര്‍ത്തികളും അതിരുകളുമുള്ള ജീവിതത്തിന്റെ തിരിച്ചറിവാണ് സ്വാതന്ത്ര്യം!
     മനുഷ്യര്‍ക്കു  മനുഷ്യരെയും ഒപ്പം, വന്യമൃഗങ്ങളെയും പേടിക്കണം. ഇതിനിടയില്‍  നിയമത്തിന്റെ സംരക്ഷണം മൃഗങ്ങള്‍ക്കുതെന്നയെന്നതും വിചിത്രമായ സ്വാതന്ത്ര്യവും പുരോഗതിയുമാണ്.
നമ്മുടെ ഉന്നതവിദ്യാഭ്യാസം പ്രവാസത്തിന്റെ ചിറകിലേറുമ്പോള്‍, അതിനിടയിലൂടെ അരക്ഷിതാവസ്ഥയും നിരക്ഷരതയും ക്രൂരതയും അവിശ്വാസവും മോഷണവും കൊല്ലും കൊലയുമായി നമുക്കിടയിലേക്കു നുഴഞ്ഞുകയറി വേരുറപ്പിക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. നാട്ടിലെ തൊഴിലും ജീവിതസുരക്ഷയും അപകടത്തിലാകുമ്പോള്‍ അവസരം മുതലാക്കുന്ന 'അതിഥി' കളെ നാം അകക്കണ്ണു തുറന്നു കാണണം.
    മക്കള്‍ ചിറകടിച്ചു പറന്നുപോകുന്നു. നാട്ടില്‍ വൃദ്ധര്‍ തടവറയിലാകുന്നു; അനാരോഗ്യവും ശുഷ്‌കായുസ്സും അവരെ വേട്ടയാടുന്നു. മക്കള്‍ക്കുപകരം 'അതിഥി'കള്‍ വൃദ്ധപരിചരണം ഏറ്റെടുക്കുമ്പോള്‍ ഓര്‍മകളുടെ തടങ്കലില്‍ മൗനം തളംകെട്ടിനില്ക്കുന്നു. ഭീതിയും ആശങ്കയും ആകുലതയും നാടിന്റെ ഭാഗമാകുന്നു; മലയാളത്തിന്റെ ആള്‍ബലവും കുടുംബബലവും ഇല്ലാതാകുന്നു. പഴയ തലമുറ മണ്ണടിയുന്നതോടെ  കുടുംബബന്ധങ്ങള്‍ ഓര്‍മയാകുന്നു. സ്വാതന്ത്ര്യം എവിടെയെത്തിനില്ക്കുന്നു? വികസനം ആശാവഹമായി വളരുന്നുണ്ടോ? ചിന്തിക്കണം; തിരുത്തണം.
     നാളെയുടെ കേരളത്തിന്റെ 'യുവത്വം' അപകടത്തിലാണ്. യുവതയില്ലാത്തിടത്തു  വളര്‍ച്ചയില്ലാതാകും; വൃദ്ധരുടെ തേങ്ങല്‍ നൊമ്പരമുളവാക്കും; മനുഷ്യര്‍ക്ക് മനുഷ്യര്‍തന്നെയാണ് സഹയാത്രികര്‍. ഭാഷയും സംസ്‌കാരവും ബന്ധസ്വന്തങ്ങളും പാരമ്പര്യങ്ങളും തകിടംമറിക്കുന്ന കുടിയേറ്റം ഭയാനകമാണ്.
      മനസ്സിന്റെ സ്വസ്ഥതയ്ക്കും സ്വാതന്ത്ര്യത്തിനും വിഘാതമാക്കുന്ന ബന്ധങ്ങളുടെ അകല്‍ച്ച മറ്റെന്തുണ്ടെങ്കിലും നമുക്കിടയില്‍ അസ്വസ്ഥതകള്‍ തീര്‍ക്കുന്നതുതന്നെ. നമുക്കിടയില്‍ അനുനിമിഷം പടരുന്ന ഏകാന്തതയിലേക്കാണ് പല ക്രൂരതകളുടെയും അരുതായ്മകളുടെയും ഇരച്ചുകയറ്റം! നമ്മുടെ യുവതയുടെ ശൂന്യതയിലേക്കു പല അതിഥികളും കടന്നുകയറുന്നുണ്ട്. സ്വാതന്ത്ര്യത്തിന് അര്‍ഥം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. 'ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുമ്പ് ഒരു സ്‌നേഹിതനെപ്പോലെ മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു നല്‍കുന്നു'വെന്നുള്ള മഹദ്വചനം  ഇന്നിന്റെ മനഃസാക്ഷിയിലേക്കൊരു ചൂണ്ടുപലകയാണ്. 'ഞാന്‍'മാത്രമുള്ള ലോകം വളരുന്നതിനാല്‍ ചുറ്റുമെന്തു നടന്നാലും നമുക്കെല്ലാം നിസ്സംഗതമാത്രം; ഒന്നും നമ്മെ ബാധിക്കുന്നതല്ലെന്ന ഒരു 'സ്വാതന്ത്ര്യം' നമ്മുടെ തടവറയാണ്.
     സ്വന്തരാജ്യത്ത് സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതി സംജാതമാകുന്നെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യമെന്തെന്നു നാം ചിന്തിക്കണം. അയലത്തുള്ളവരുടെ പട്ടിണിയും ജീവിക്കാനാകാത്ത സാഹചര്യങ്ങളും നാമറിയാന്‍ ശ്രമിക്കാറില്ല. ഭയംകൂടാതെ പുറത്തിറങ്ങി നടക്കാനാകാത്തവിധം പീഡനങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പ്രായമോ വിദ്യാഭ്യാസമോ തൊഴിലോ സാമ്പത്തികമോയെന്നു വ്യത്യാസമില്ലാതെ മനുഷ്യത്വം ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന് ശോഭയും അര്‍ഥവുമുണ്ടോ? അടിസ്ഥാനജീവിതസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍പോലും നാം പുരോഗതിയുടെ പാത തേടാത്തപ്പോള്‍ എവിടെ നില്ക്കുന്നു സ്വാതന്ത്ര്യവും  ജനാധിപത്യവുമൊക്കെ?
     മക്കള്‍ക്കു കാലോചിതമായ പഠനരീതികളും തൊഴിലവസരങ്ങളും ഉണ്ടാകണം. യുവതയെ രാഷ്ട്രീയത്തിന്റെ അണികളാക്കാതെ രാഷ്ട്രനിര്‍മിതിയില്‍ പങ്കാളികളാക്കാനുള്ള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യണം. നമ്മുടെ നാടിന്റെ പണം വിദേശത്തേക്ക് ഒഴുകുന്നതില്‍ നമുക്കു  വീണ്ടുവിചാരമുണ്ടാകണം. നാടിന്റെ നാളെകളില്‍ നട്ടെല്ലാകേണ്ട യുവതയെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ക്രിയാത്മകമായ ആസൂത്രണങ്ങള്‍ ഉണ്ടാകണം. നാട്ടില്‍ നാട്ടുകാരില്ലാതാകുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്കും 'അതിഥി'കളുടെ മേല്‍വിലാസമില്ലാത്ത വരവിനും താമസത്തിനും തൊഴിലെടുപ്പിനും കര്‍ക്കശമായ നിയമസംവിധാനങ്ങളുണ്ടാകണം. സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)