അസീസി (ഇറ്റലി) : ദിവ്യകാരുണ്യഭക്തിക്കായി തന്റെ ഹ്രസ്വജീവിതം ഉഴിഞ്ഞുവച്ച കാര്‍ലോ അക്വിത്തിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. അസീസിയിലുള്ള സെന്റ് ഫ്രാന്‍സീസ് ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍.
രക്താര്‍ബുദം ബാധിച്ച് 2006 ല്‍ പതിനഞ്ചാം വയസിലാണു കാര്‍ലോ മരിച്ചത്. കുഞ്ഞുന്നാളിലേ മരിയന്‍ ഭക്തനായിരുന്നു. പതിനൊന്നാംവയസ്സുമുതല്‍ ദിവ്യകാരുണ്യാദ്ഭുതങ്ങളെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ലോകമെമ്പാടുമുള്ള ഇത്തരം അദ്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വെബ്‌സൈറ്റ് (www.miracolieucharistici.org) തയ്യാറാക്കിയത് മരണത്തിനു മുമ്പാണ്.
ആന്ദ്രിയ-അന്റോണിയോ അക്വിത്തിസ് ദമ്പതികളുടെ മകനായി 1991 ല്‍ ലണ്ടനിലാണ് ജനിച്ചത്. മാതാപിതാക്കള്‍ വൈകാതെ ഇറ്റലിയിലേക്കു താമസം മാറ്റി. ഫുട്‌ബോളും, വീഡിയോ ഗെയിമും ഇഷ്ടപ്പെടുകയും ക്ലാസ്മുറിയില്‍ തമാശകള്‍ പൊട്ടിക്കുകയും ചെയ്തിരുന്ന കൊച്ചുമിടുക്കനായിരുന്നു കാര്‍ലോ. ഭക്തിയും അനുകമ്പയും സ്വഭാവത്തിന്റെ പ്രത്യേകതയായിരുന്നു. ആദ്യമായി കൂട്ടിവച്ചുണ്ടാക്കിയ പണം, ദിവസവും കുര്‍ബാനയ്ക്കായി പള്ളിയില്‍ പോകവേ കാണാറുണ്ടായിരുന്ന ഭവനരഹിതന് സ്ലീപ്പിംഗ് ബാഗ് വാങ്ങാനാണ് ഉപയോഗിച്ചത്.
ഫ്രാന്‍സീസ് മാര്‍പാപ്പാ 2018 ജൂലൈയില്‍ കാര്‍ലോയെ ധന്യനായി പ്രഖ്യാപിച്ചിരുന്നു.
അത്യപൂര്‍വ്വമായ പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച ബ്രസീലുകാരനായ ബാലന്‍, കാര്‍ലോയുടെ മധ്യസ്ഥതയാല്‍ 2013 ല്‍ സുഖം പ്രാപിച്ചു. ഇത് അദ്ഭുതമായി അംഗീകരിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ ഡിക്രി ഇറക്കിയതോടെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്താന്‍ തീരുമാനിച്ചത്.
അസീസിയിലെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വെല്ലീനിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്.