ദീപനാളം ജൂലൈ 25 ലക്കത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ രചിച്ച ലേഖനം ചിന്തോദ്ദീപകമായിരുന്നു. സഹിക്കുന്നവരോടു പക്ഷം ചേരുന്ന അല്‍ഫോന്‍സിയന്‍ ദര്‍ശനത്തെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. സഹനത്തിന്റെ മൂല്യത്തെ സുലളിതമായി വ്യാഖ്യാനിക്കുന്ന നല്ലൊരു ലേഖനമായിരുന്നു അതെന്നു പറയട്ടെ.
സഹനത്തെ കൈനീട്ടി സ്വീകരിച്ചവളായിരുന്നു അല്‍ഫോന്‍സാമ്മ. ആ വിശുദ്ധവഴി ധാരാളം അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്കു ലഭിക്കുന്നുമുണ്ട്. പ്രാര്‍ഥനകളും യാചനകളും അപേക്ഷകളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് അവള്‍ അനുഗ്രഹത്തിന്റെ വരമാരി തന്റെ ദിവ്യമണവാളനോടു ചോദിച്ചു വാങ്ങി നിരന്തരം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. മുരിക്കന്‍ പിതാവു മുന്നോട്ടുവയ്ക്കുന്ന അല്‍ഫോന്‍സിയന്‍ ദര്‍ശനം മറ്റൊന്നാണ്. ഈശോയുടെ സഹനത്തോടു ചേരാന്‍, ആ സഹനം ഇന്നു ജീവിക്കുന്ന സാഹചര്യത്തില്‍ എപ്രകാരം നമ്മുടെ സമൂഹത്തോടു ബന്ധപ്പെടുത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യം. ഈശോയുടെ മുറിപ്പാടുകളിലേക്കു നോക്കി സ്വജീവിതത്തെ അല്‍ഫോന്‍സാമ്മ പൂര്‍ണമായി ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ആ മുറിപ്പാടുകളിലേക്കു നോക്കിയപ്പോള്‍ തനിക്കു ലഭിച്ച സഹനത്തിന്റെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു സാധിച്ചുവെന്നാണ് ബിഷപ് ചൂണ്ടിക്കാട്ടുന്ന കാര്യം.
സഹിക്കുന്നവരോടൊത്തു നില്ക്കുമ്പോഴാണ് ദൈവരാജ്യത്തിന്റെ ശക്തമായ രൂപമായി സഭയെ ലോകത്തിനു കാണാന്‍ സാധിക്കുന്നതെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഏറെ ചിന്തനീയമാണ്. ലോകത്തു ഹൃദ്രോഗവും കാന്‍സറും കിഡ്‌നിരോഗവുമായി വിഷമിക്കുന്ന അനേകരിലേക്കു പിതാവു വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഏറെ പണച്ചെലവുള്ള ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കാന്‍ വിഷമിക്കുന്ന അനേകായിരങ്ങളാണ് ഇന്നു കേരളത്തിലുള്ളത്. അവര്‍ മാത്രമല്ല, അവരുടെ കൂടെയുള്ള ബന്ധുക്കളും ഈ വേദന അനുനിമിഷം അനുഭവിക്കുന്നുവെന്ന സത്യം അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ വേദനിക്കുന്ന മനുഷ്യരുടെ നൊമ്പരം ഉള്‍ക്കൊള്ളുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നും അതാണ് അല്‍ഫോന്‍സിയന്‍ ദര്‍ശനത്തിന്റെ കാതലെന്നും പിതാവ് നമ്മോടു പറയുകയാണ്. അല്‍ഫോന്‍സാമ്മ താന്‍ മാത്രം വേദനിക്കുന്നുവെന്നല്ല ചിന്തിച്ചത്; വേദനിക്കുന്ന അനേകരെ ആ വിശുദ്ധ തന്റെ വേദനയില്‍ കണ്ടു.
ഉദാത്തമായ ലേഖനത്തിലൂടെ വായനക്കാരെ ധന്യരാക്കി മുരിക്കന്‍പിതാവിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
ദീപാ സെബാസ്റ്റ്യന്‍, പാലാ