പാലാ: പ്രവാസികള്‍ ആതിഥേയരാജ്യങ്ങളില്‍ സേവനത്തിന്റെ മാതൃകയാകണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോളപ്രവാസിസംഗമം കൊയ്‌നോണിയ - 2024 പാലാ സെന്റ് തോമസ് കോളജ് ബിഷപ് വയലില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസം ഒരു പ്രക്രിയയാണെന്നും ഒരു പ്രശ്‌നമല്ലെന്നും ബിഷപ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെത്തുന്നവര്‍ അവിടത്തെ നന്മകള്‍ സ്വീകരിക്കണം. പ്രവാസികള്‍ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സംവാഹകരാണ്. പ്രവാസിസംഗമം പാലായുടെ ബലവും ശക്തിയുമാണെന്നും ബിഷപ് പറഞ്ഞു.
ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികള്‍ വിശ്വാസത്തിന്റെ സാക്ഷികളാകണമെന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു.
പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത പ്രവാസി അപ്പോസ്തലേറ്റ് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമര്‍പ്പണം ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് നിര്‍വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡികെയര്‍ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കലും പ്രവാസി അപ്പോസ്തലേറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വവികസന പരിശീലനപരിപാടിയായ ട്രെയിനിങ് ആന്‍ഡ് ഓറിയന്റേഷന്‍ പ്രോഗ്രാം രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തും ഉദ്ഘാടനം ചെയ്തു.
സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, സെന്‍ട്രല്‍ സെക്രട്ടറി ഷിനോജ് മാത്യു, രഞ്ജിത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കലാപരിപാടികള്‍ സംഗമത്തിനു മിഴിവേകി. വിവിധ തലങ്ങളിലെ പ്രതിഭകളെയും പ്രസംഗമത്സരവിജയികളെയും സംഗമത്തില്‍ അനുമോദിച്ചു. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് മിഡില്‍ ഈസ്റ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ സംഗമത്തില്‍ ചുമതലയേറ്റു.
പ്രാദേശികം
പ്രവാസികള്‍ സേവനത്തിന്റെ മാതൃകയാകണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
