മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, എംപി-എംഎല്‍എമാര്‍, എല്ലാം ഉണ്ടാവുന്നതു രാഷ്ടീയപ്പാര്‍ട്ടികളില്‍നിന്നാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും രേഖാമൂലമുള്ള അംഗങ്ങളും ധാരാളമായിട്ടുണ്ട്.
മേല്‍പ്പറഞ്ഞവരെല്ലാം നാട്ടിലെ പൊതുജീവിതത്തില്‍ ചെയ്തുകൂട്ടുന്ന നിരവധി സാമൂഹിക സാമ്പത്തിക-സാംസ്‌കാരികതിന്മകള്‍ പൗരന്മാരായ നമ്മള്‍ അനുദിനം കണ്ടുകൊണ്ടിരിക്കുന്നു, അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കൊലപാതകം, കവര്‍ച്ച, അഴിമതി, വ്യക്തിഹത്യ, ആരോപണ-പ്രത്യാരോപണ പ്രസ്താവനകള്‍, സ്ത്രീവിരുദ്ധപ്രസ്താവനകള്‍ ഇവയെല്ലാം ഇവരില്‍ ചെറുതും വലുതുമായവര്‍ ചെയ്തുകൂട്ടുന്നുണ്ട്. ഇതിനൊരു ശമനം വരുത്താന്‍ സമയമായി.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഒരു 'ഉന്നതാധികാര അച്ചടക്കസ്ഥിരംസമിതി' ഉണ്ടാക്കി, അവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.
പൊതുജനങ്ങളില്‍നിന്നും പാര്‍ട്ടിക്കാരില്‍നിന്നും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെ മേല്‍പ്പറഞ്ഞ എല്ലാവര്‍ക്കുമെതിരേ പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനം എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാക്കണം.
മുഖ്യമന്ത്രിയോ സ്പീക്കറോ പ്രതിപക്ഷനേതാവോ എം. എല്‍.എമാരോ സാധാരണ അംഗങ്ങളോ ആരോപണവിധേയരായാല്‍ ആദ്യംതന്നെ അവരവരുടെ പാര്‍ട്ടിയുടെ അച്ചടക്ക സമതി പരാതി പരിശോധിക്കണം. നടപടികള്‍ സ്വീകരിക്കണം. ശിക്ഷിക്കേണ്ടവരെ, ശകാരിക്കേണ്ടവരെ, അങ്ങനെ ചെയ്യണം. ആ വിവരം വിളംബരപ്പെടുത്തണം.
നാടുമുഴുവന്‍ സമരമുണ്ടാക്കാനും ജനത്തെ തല്ലിച്ചതയ്ക്കാനും ഇടവരുത്തരുത്.
ആ ലെവലില്‍ എത്തിക്കേണ്ട കാര്യങ്ങള്‍ മാത്രമേ മറ്റു തലത്തിലുള്ള അന്വേഷണങ്ങള്‍ക്കു വിടേണ്ടതുള്ളൂ. ഇപ്പോഴത്തെ അരക്ഷിതാവസ്ഥ ഈ നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റിയിരിക്കുന്നു.
സര്‍വത്ര വെട്ടിപ്പും തട്ടിപ്പും ആര്‍ക്കും എന്തും ആകാവുന്ന പോലെ!