•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഏറുമാടത്തില്‍നിന്നൊരു സുവിശേഷം

വനാരെന്നറിയുന്നതിനുമുമ്പ് ഞാനാരെന്നറിയണമല്ലോ. മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം രോഗീസന്ദര്‍ശനത്തിനായി പോയപ്പോള്‍ കണ്ട ഒരു വന്ദ്യവയോധികന്‍. തീര്‍ത്തും കിടപ്പിലല്ല. എങ്കിലും, പരസഹായം കൂടാതെ നടക്കാന്‍ പറ്റില്ല. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം കിടക്കുകയാണ്. എന്നെ കണ്ടപാടേ എഴുന്നേറ്റിരുന്നു. മേല്‍ക്കട്ടിയില്‍ ബന്ധിച്ചിട്ടുള്ള കയറില്‍പ്പിടിച്ചാണെഴുന്നേറ്റത്. അല്പം സംസാരിച്ചുകഴിഞ്ഞപ്പോഴാണു പറയുന്നത്: ''അച്ചോ, സ്തുതി ചൊല്ലാന്‍ മറന്നുപോയി; ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' ഞാന്‍ വയസ്സു ചോദിച്ചു. ''39!'' മറുപടി വന്നു. അക്കൂട്ടത്തില്‍ പറഞ്ഞു: ''ഇനി കൂടിയാല്‍ പത്തോ ഇരുപത്തഞ്ചോവര്‍ഷംകൂടി കാണും...!'' ഞാന്‍ അല്പമൊന്നു പരുങ്ങി. അപ്പോള്‍ ഒരു ചോദ്യം.
''അച്ചന് എത്ര വയസ്സുണ്ട്?'' ഞാന്‍ പറഞ്ഞു: '39'. ഇനി, അതൊന്നു തിരിച്ചിട്ടുനോക്കിക്കേ...! ആളു മനസ്സിലായി. 
അല്പം കഴിഞ്ഞു. കണ്ണന്‍ചിരട്ടയുടെ വട്ടത്തിലുള്ള ഒരു പാടു കാണിച്ചുകൊണ്ട് അദ്ദേഹം സംസാരം തുടര്‍ന്നു. ദേഹണ്ഡിക്കാന്‍ മലബാറിനുപോയപ്പോഴുണ്ടായ അനുഭവം. വനം കൈയേറി ദേഹണ്ഡമാരംഭിച്ചു. കൂട്ടിനു കാട്ടുമൃഗങ്ങളെല്ലാമുണ്ട്. വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് നടക്കുന്നത്. ഒരു ദിവസം ഇതാ, അവന്‍ (കടുവ) തൊട്ടുമുമ്പില്‍! അകപ്പെട്ടെന്നുറപ്പ്! ദൈവമേ രക്ഷിക്കണേ എന്നു പറഞ്ഞുകൊണ്ട് ഇടത്തെ തോള്‍ അവന്റെ നേരേ നീട്ടി. വലത്തെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് അവന്റെ പള്ള കുത്തിക്കീറി. അവന്‍ അങ്ങോട്ടു ചരിഞ്ഞു. ഞാന്‍ ഇങ്ങോട്ടും! പിന്നെ ഒന്നും ഓര്‍ക്കുന്നില്ല.
ഏതായാലും, ഏറുമാടം അടുത്തായിരുന്നതിനാലും ദേഹണ്ഡക്കാരൊക്കെ സമീപത്തുണ്ടായിരുന്നതിനാലും കാറിച്ചയും കൂവിച്ചയും ബഹളവുമെല്ലാം കേട്ട് ആളുകള്‍ ഓടിക്കൂടി. ഏതാണ്ടൊക്കെ പച്ചമരുന്നു വച്ചുകെട്ടി രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. ദൈവം രക്ഷിച്ചു. 
'ഏറുമാടം' എന്ന വാക്ക് എന്റെ ചെവിയില്‍ മുഴങ്ങിനിന്നു. ഇതു കേട്ടിട്ടേയുള്ളൂ. എന്താണെന്നു ഞാന്‍ എടുത്തുചോദിച്ചു. മൂപ്പില്‍സ് കൂടുതല്‍ വാചാലനായി: നാലാള്‍ പിടിച്ചാല്‍ പിടി മുട്ടാത്ത മുട്ടന്‍മരങ്ങള്‍ വനത്തിലുണ്ട്. അതില്‍ ചിലതില്‍ നല്ല ഏനത്തിനു കവരകളുണ്ടാകും. ആന തുമ്പിക്കൈ നീട്ടിയാല്‍ എത്താത്ത ഉയരത്തില്‍ ബലമുള്ള ഇല്ലികള്‍ ശിഖരത്തില്‍ ബന്ധിച്ചു കെട്ടിനിര്‍ത്തും. അതില്‍പിന്നെ നെടുകെയും കുറുകെയും പൊട്ടിച്ച ഇല്ലിക്കമ്പുകള്‍ വച്ചുകെട്ടും. അപ്പോള്‍ ഒരു തട്ടുപോലെയാകും. ചുറ്റിലും ഇല്ലിക്കമ്പുകെട്ടി പുല്ലുമേഞ്ഞ് മറയ്ക്കും. നനയാതിരിക്കാന്‍ മേല്‍ക്കൂരകെട്ടി പുല്ലുമേയും. ഒരു കോണില്‍ ഒരു ചാക്കിട്ട് അതില്‍, കനത്തിനു മണ്ണിടും. അപ്പോള്‍ അടുപ്പുകൂട്ടാനുള്ള സൗകര്യമായി. അത്യാവശ്യം അരിയും കറിസാമാനങ്ങളും  കാപ്പിപ്പൊടിയുംകൊണ്ട്  വല്ലതും ആക്കിപ്പെറുക്കിക്കഴിക്കാം. രാത്രിയില്‍ പന്തം കൊളുത്തി നിര്‍ത്തും. തീ കണ്ടാല്‍ ആന പൊയ്‌ക്കൊള്ളും. കൂടാതെ, പടക്കവും കരുതിയിരിക്കും.  പടക്കം പൊട്ടുന്നതു കേട്ടാല്‍ ആന വിട്ടുപൊയ്‌ക്കൊള്ളും ഇതാണ് ഏറുമാടം.
''അടുത്തെങ്ങാനും പള്ളിയുണ്ടോ?'' ഞാന്‍ ചോദിച്ചു. ''എന്റെ അച്ചോ, എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ഒരു കാര്യം അതായിരുന്നു. പതിനഞ്ചു മൈലെങ്കിലും നടക്കണം പള്ളീല്‍പോകാന്‍. ഞായറാഴ്ചക്കുര്‍ബാന ഒരിക്കലും മുടക്കീട്ടില്ല കേട്ടോ!'' പതിനഞ്ചു മൈല്‍ നടന്നു കുര്‍ബാനയ്ക്കു പോവുക, അതും മുടങ്ങാതെ! ഇന്നു മുട്ടിനുമുട്ടിനു പള്ളികളുണ്ട്. സ്വന്തം വണ്ടിയില്ലാത്തവരോ ചുരുക്കം. എങ്കിലും... മനുഷ്യന്റെ മനോഭാവത്തില്‍ വന്ന മാറ്റം! ്യൂഞാന്‍ ഓര്‍ത്തുപോയി...! 
ചുറ്റുവട്ടത്തുള്ള എല്ലാവരുംകൂടി ഒരു ഷെഡ് ഉണ്ടാക്കി. പിറ്റേന്നുതന്നെ ആന അതു പൊക്കം വിട്ടു!
നിരാശപ്പെടാതെ, സാമാന്യം ഉറപ്പുള്ള മറ്റൊരു ഷെഡുണ്ടാക്കി. രാത്രികാലത്ത് തീ കത്തിച്ചു കാവലിരുന്നു. അതില്‍പ്പിന്നെ ആനയുടെ ശല്യം ഉണ്ടായില്ല. കുര്‍ബാന ചൊല്ലാന്‍ പതിനഞ്ചു മൈല്‍ അകലെനിന്ന് അച്ചന്‍ വരണം. ഞങ്ങള്‍ സങ്കടം അച്ചനെ അറിയിച്ചു. അച്ചന്‍ പറഞ്ഞു: ഞായറാഴ്ച പറ്റില്ല. ഇടദിവസം ആഴ്ചയില്‍ ഒരു കുര്‍ബാനചൊല്ലിത്തരാം! ആദ്യമൊക്കെ, ഞങ്ങള്‍ ആരെങ്കിലും പോയി അച്ചനെ കൂട്ടിക്കൊണ്ടുവന്നു. പിന്നെ, അച്ചന്‍ പറഞ്ഞു: ഞാന്‍ തന്നെ വന്നോളാം... കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങളുള്‍പ്പെടെ എല്ലാം ഒരു തുണിക്കെട്ടിലാക്കി അച്ചന്‍തന്നെ അതു ചുമന്നുകൊണ്ടുവന്നു കുര്‍ബാന ചൊല്ലിത്തന്നു...!
മിക്കവരും കൊടിവച്ചു പിടിപ്പിച്ചു. കൊടി നന്നായി കായിച്ചു. മുളകിനു നല്ല വിലയും കിട്ടി. അതുകൊണ്ട്, എല്ലാവരും കൂടി സഹകരിച്ച് ഒരു പള്ളി പണിതു. സ്ഥിരമായി ഒരച്ചനും വന്നു. പിന്നെ, പള്ളിക്കൂടമായി, മഠമായി. അതോടെ വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ വലിയ സിറ്റിയായിപ്പോയില്ലേ...!
ദൈവം സഹായിച്ച്, ആദ്യകാലത്തെ കഷ്ടപ്പാടുകളൊക്കെ മാറി. കൃഷി നന്നായി നടത്തി. എല്ലാക്കൂട്ടവും പറമ്പി
ലുണ്ടായി.  പിള്ളേരെ പഠിപ്പിച്ചു. ഒരാളൊഴികെ എല്ലാവരും ജോലിക്കാരായി. അവരുടെ മക്ക
ളും പഠിച്ചു ജോലിക്കാരായി. പലരും വിദേശത്താണ്.
''പിന്നെന്താ മലബാറീന്ന് ഇങ്ങോട്ടു പോന്നത്?'' ഞാന്‍ ചോദിച്ചു. എല്ലാം ദൈവാനുഗ്രഹം. മാമ്മോദീസാ മുങ്ങിയ പള്ളിയില്‍ത്തന്നെ മരിച്ചടക്കും നടത്തിയാല്‍ക്കൊള്ളാമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ഇളയമോന്റെ ഇളയമോന്‍ ജോയിക്കുട്ടി. അവനെ എനിക്കു വലിയ കാര്യമായിരുന്നു. അവന് എന്നോടും ചെറുപ്പംമുതലേ ഇഷ്ടമാണ്. അവനു ജോലി കിട്ടിയത് ഇവിടെയാണ്. അവന്‍ ഇവിടെ സ്ഥിരതാമസവുമാക്കി. എന്റെ ഭാര്യ പണ്ടേ മരിച്ചുപോയിരുന്നു. എന്റെ ആഗ്രഹം മനസ്സിലാക്കിയ ജോയിക്കുട്ടി എന്നെ കൂട്ടിക്കൊണ്ടു പോന്നു. അങ്ങനെയാണ് ഇവിടെ എത്തിയത്.
''പള്ളി തൊട്ടടുത്തല്ലേ. തീര്‍ത്തും വയ്യാതായിട്ട് അധികമായില്ല. ഞാന്‍ എല്ലാ ദിവസവും രാവിലെ പള്ളീല്‍ പോകുമായിരുന്നു. അതിരാവിലെ ഉണരും. നാലുമണിക്ക് എഴുന്നേറ്റ് ഒരു മുഴുവന്‍ കൊന്ത ചൊല്ലും. പിന്നെ പള്ളീല്‍ പോകും. അഞ്ചരയ്ക്ക് പള്ളീലെത്തും. പള്ളി തുറക്കാനും മറ്റും ഞാന്‍ കപ്യാരുകൊച്ചനെ സഹായിക്കും. പിന്നെ പള്ളീലിരുന്നു കൊന്ത ചൊല്ലും. കുര്‍ബാന കഴിഞ്ഞു മടങ്ങിപ്പോരും. 
''ഒരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഭാഗ്യവാനാണ്. ജോയിക്കുട്ടിയും അവന്റെ ഭാര്യയും എന്നെ നന്നായി പരിചരിക്കുന്നുണ്ട്. എനിക്ക് ഒന്നിനും ഒരു കുറവും വരരുതെന്ന് അവര്‍ക്കു നിര്‍ബന്ധമാ. എങ്കിലും, അച്ചാ എനിക്കു മോക്ഷം കിട്ടുമോ?'' ''പേരപ്പനു മോക്ഷം കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാ മോക്ഷം കിട്ടുക?'' ഞാന്‍ പറഞ്ഞുനിര്‍ത്തി. ഈ വന്ദ്യവയോധികനെപ്പോലെ അപ്രഖ്യാപിതവിശുദ്ധരായി എത്രയോ ആളുകള്‍ ഉണ്ട്! അവരുടെയൊക്കെ നല്ല ജീവിതമല്ലേ സഭയുടെ സ്വത്ത്!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)