മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ള മുന്‍കാലനടപടികളിലും ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലപാടുകളിലും രോഷംപൂണ്ട് സെപ്റ്റംബര്‍ 24-ാം ലക്കം ദീപനാളം വാരികയില്‍ അഡ്വ. റസല്‍ ജോയി എഴുതിയ സുദീര്‍ഘമായ ലേഖനം വായിച്ചു. അണക്കെട്ടുകളുടെ ഈ മുത്തശ്ശിക്കുപകരം പുതിയൊരെണ്ണം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ലേഖനം വിരല്‍ചൂണ്ടുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിട്ട് ഈ മാസം പത്താംതീയതി 125 വര്‍ഷം പൂര്‍ത്തിയാക്കി. 10-10-1895 ലായിരുന്നു അണക്കെട്ടിന്റെ കമ്മീഷനിംഗ്. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷ് സര്‍ക്കാരും ചേര്‍ന്ന് ഒപ്പിട്ട 'പെരിയാര്‍ ലീസ് എഗ്രിമെന്റ്' ഈ മാസം 29-ാം തീയതി 134 വര്‍ഷം പൂര്‍ത്തിയാക്കും. 1200 അടി നീളവും 175 അടി ഉയരവും അടിത്തട്ടില്‍ 142 അടിവീതിയുമുള്ള അണക്കെട്ടു തടഞ്ഞുനിര്‍ത്തി രൂപപ്പെട്ട തേക്കടിത്തടാകം തിരുവിതാംകൂറിന്റെ 8000 ഏക്കര്‍ വനഭൂമിയാണ് മൂടിക്കളഞ്ഞത്. അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് 100 ഏക്കര്‍ സ്ഥലവും വിട്ടുകൊടുത്തു. കാട്ടുകല്ലുകള്‍ സുര്‍ക്കിമിശ്രിതം കൊണ്ടു ചേര്‍ത്തുവച്ച് 9 വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കിയ ഒരു കല്‍ക്കെട്ടു മാത്രമാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടിനു ചുറ്റിലുമുള്ള 22 ഭ്രംശമേഖലകളിലെവിടെയെങ്കിലും ശക്തമായ ഭൂചലനമുണ്ടായാല്‍ ഈ കല്‍ക്കെട്ട് ചീട്ടുകൊട്ടാരംപോലെ നിലംപതിക്കും.
അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയ കേന്ദ്രജലകമ്മീഷന്‍ 25-11-1979 ല്‍ രണ്ടു സംസ്ഥാനങ്ങളിലെയും വിദഗ്ധരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുകയും പുതിയൊരണക്കെട്ട് നിര്‍മ്മിക്കുന്നതിനു ധാരണയാവുകയും ചെയ്തതാണ്. എന്നാല്‍, 1980 മുതല്‍ നിലവില്‍ വന്ന കര്‍ശനമായ വനനിയമങ്ങള്‍ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു വിഘാതമായി.
2018 ഓഗസ്റ്റിലെ പ്രളയകാലത്ത് ജലനിരപ്പ് 152 അടിയിലേക്കുയര്‍ത്താന്‍ തമിഴ്‌നാടിന്റെ നീക്കമുണ്ടായപ്പോള്‍ 139 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തണമെന്ന സുപ്രീംകോടതി വിധി സമ്പാദിച്ചത് അഡ്വ. റസല്‍ ജോയിയാണ്. മുല്ലപ്പെരിയാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് ജലനിരപ്പ് ഇനിയും താഴ്ത്തണമെന്ന പുതിയ ഹര്‍ജിയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ അണക്കെട്ട് ഇനിയും 100 വര്‍ഷങ്ങള്‍കൂടി നിലനില്ക്കുമെന്ന റിട്ട. ജസ്റ്റീസ് കെ.ടി. തോമസിന്റെ വാദഗതി ബാലിശമാണെന്നാണ് അഡ്വ. റസല്‍ ജോയിയുടെ വാദം. അണക്കെട്ടു തകര്‍ന്നാലുണ്ടാകുന്ന നാശത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ലെന്നാണ് റസല്‍ ജോയി പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴെ പെരിയാര്‍ നദിയില്‍ 12 വലിയ ഡാമുകളും അനേകം ചെറിയ അണക്കെട്ടുകളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടുള്ള അഭിപ്രായമാണിത്. എല്ലാ അണക്കെട്ടുകളും തകര്‍ന്നാലുണ്ടാകാവുന്ന പ്രഹരശേഷി ഒരു മഹാദുരന്തത്തിലാകും അവസാനിക്കുക.