പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍നിന്ന്:
1950 ജൂലൈ 25 നാണ് പാലാ രൂപത സ്ഥാപിതമായത്. ദൈവംകനിഞ്ഞനുഗ്രഹിച്ച 75 വര്‍ഷങ്ങളുടെ സമ്പാദ്യമായി പാലാരൂപതയ്ക്കുള്ളത് ഈ രൂപതയില്‍ ജനിച്ചു വളര്‍ന്ന് സമര്‍പ്പിതജീവിതത്തിലേക്കു പ്രവേശിച്ച വൈദികരുടെയും സന്ന്യസ്തരുടെയും ത്യാഗവും, ദൈവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണത്തിനും നടത്തിപ്പിനുമായി ആത്മസമര്‍പ്പണം ചെയ്ത അല്മായസഹോദരങ്ങളുടെ സന്മനസ്സുമാണ്. കഴിഞ്ഞ 74 വര്‍ഷങ്ങളിലൂടെ ദൈവം നമ്മെ കൈപിടിച്ചു നടത്തി. സത്യവിശ്വാസം സംരക്ഷിക്കുക, കൈമാറ്റം ചെയ്യുക എന്നീ ഉത്തരവാദിത്വങ്ങളാണ്
ഈ നാളുകളില്‍ നമ്മള്‍ ഒരുമിച്ചു നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഭാഗ്യസ്മരണാര്‍ഹനായ വയലില്‍ തിരുമേനി 'കര്‍ത്താവ് എന്റെ പ്രകാശമാകുന്നു' എന്ന ആപ്തവാക്യംവഴിയും, അഭിവന്ദ്യ പള്ളിക്കാപറമ്പില്‍ പിതാവ് 'ജീവന്‍ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും' എന്ന ആപ്തവാക്യത്തിലൂടെയും നമ്മുടെ രൂപതയെ സമൃദ്ധമായി നയിച്ചു. അഭിവന്ദ്യ മാര്‍ ജേക്കബ്മുരിക്കന്‍പിതാവിന്റെയും നാളിതുവരെയുള്ള വികാരി ജനറാളച്ചന്മാരുടെയും രൂപതാകേന്ദ്രത്തിലെ മറ്റു വൈദികരുടെയും ശുശ്രൂഷകളെ പ്രത്യേകമായിസ്മരിക്കുന്നു.
കുറ്റങ്ങളുംകുറവുകളുംപോരായ്മകളുംമനസ്സിലാക്കുന്നതിനുംതിരുത്തുന്നതിനുമുള്ളഅവസരംകൂടിയാണ് പ്ലാറ്റിനം ജൂബിലി. സഭയുടെ വിശുദ്ധപാരമ്പര്യവും ലിറ്റര്‍ജിയും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും ചരിത്രവും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ ഇക്കാലങ്ങളില്‍ നാം നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാലാ രൂപതയുടെ ചരിത്രം അതിമനോഹരമായി ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കാന്‍ നമുക്കു കഴിഞ്ഞു. രൂപതയിലെ ഒട്ടനവധി പള്ളികളും പാരിഷ്ഹാളുകളും വൈദികമന്ദിരങ്ങളും സ്‌കൂളുകളും പുതുക്കിപ്പണിയുകയോ നവീകരിക്കുകയോ ചെയ്തുകഴിഞ്ഞു. ബഹുമാനപ്പെട്ട വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അപ്രകാരം, ദൈവാനുഗ്രഹത്തിന്റെ നിറവോടെയാണ് പ്ലാറ്റിനം ജൂബിലിയിലേക്കു നാം പ്രവേശിക്കുന്നത്.അജപാലനം, വിശ്വാസപരിശീലനം, ആതുരശുശ്രൂഷ, കാരുണ്യപ്രവര്‍ത്തനങ്ങള്‍, സംഘടനാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം രൂപതയുടെ തനിമ വെളിപ്പെടുത്തുന്നു.
മുപ്പതിലധികം വൈദികമേലധ്യക്ഷന്മാര്‍ക്കു ജന്മം നല്‍കിയ രൂപതയാണ് നമ്മുടേത്.ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മാര്‍ ജോണ്‍ പെരുമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നീ മെത്രാന്മാര്‍ പാലാ രൂപതയിലെ വൈദികസമൂഹത്തിലെ അംഗങ്ങളായിരുന്നു.
ധനലാഭമായിരുന്നില്ല രൂപതയുടെ പ്രവര്‍ത്തനലക്ഷ്യം. ഇന്ന് മാര്‍ സ്ലീവാ മെഡിസിറ്റി നല്‍കുന്ന സേവനം ഇതുവരെ രൂപതവഴി ദൈവം നല്‍കിയ
സേവനങ്ങളുടെ ചെറിയൊരംശം മാത്രമാണ്. അതിലെത്രയോ മടങ്ങാണ് കഴിഞ്ഞ മുക്കാല്‍നൂറ്റാണ്ടില്‍ പാവപ്പെട്ടവരായമനുഷ്യര്‍ക്കു തണലായിത്തീര്‍ന്ന നിരവധി പദ്ധതികളിലൂടെ രൂപതയില്‍ നടന്നത്. അവയുടെ ഒരു ഓഡിറ്റ് നോക്കിയാല്‍ ലാഭത്തിന്റെ കോളം ശൂന്യമായിരിക്കും. ലാഭം ഒരിക്കലും നമ്മള്‍ ആഗ്രഹിക്കുന്നുമില്ല.
വാണിജ്യതത്ത്വങ്ങള്‍ ധനനഷ്ടങ്ങളുടെ കണക്ക് ആവശ്യപ്പെടുമ്പോഴും വാണിജ്യനിഘണ്ടുവില്‍ കാണുന്ന ആത്മീയനേട്ടങ്ങളാണ് രൂപതയുടെ കൈമോശം വരാത്ത ആസ്തിയും നിധിയും. ഇന്ന് രൂപതയില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ഥാപനങ്ങളെല്ലാം രൂപതയിലെ ദൈവജനത്തിന്റെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തരൂപങ്ങളാണ്. ഇന്നു നാം അനുഭവിക്കുന്ന സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ആ കാലം സങ്കല്പിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്കോ യുവജനങ്ങള്‍ക്കോ സാധിക്കുകയില്ല. കറുപ്പും വെളുപ്പുമായ മങ്ങിയ കുറെ ഫോട്ടോകളോ മഷി മാഞ്ഞുപോകാറായ കുറെ കയ്യെഴുത്തു രേഖകളോ അന്നത്തെ ദുരിതങ്ങളുടെ ചിത്രം തരുന്നില്ല. കാരണം, അന്നത്തെ ദുരിതങ്ങള്‍ എന്താണെന്നു തിരിച്ചറിയാന്‍ വൈദികര്‍ക്കോ അല്മായര്‍ക്കോ താരതമ്യം ഒന്നുമില്ലായിരുന്നു. അന്ന് മൈക്രോവേവോ വൈദ്യുതിവിളക്കോ ഫാനോ റഫ്രിജറേറ്ററോ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളോ വാഹനങ്ങളോ ഒരു സ്ഥാപനത്തിനുമില്ലായിരുന്നു. ഇന്നു ജനങ്ങള്‍ക്കു ലഭ്യമായ ഭക്ഷണവസ്തുക്കള്‍ അന്ന് അന്യമായിരുന്നു. ജനങ്ങള്‍ക്കു പൊതുവെയും, വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും പ്രത്യേകിച്ചും പോഷകാഹാരം എന്നത് അന്നജംമാത്രമായി സങ്കല്പിച്ച കാലമായിരുന്നു അത്. രൂപതയുടെ ആദ്യത്തെ പതിറ്റാണ്ടില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തിനുമുമ്പുള്ള ഉപവാസം 12 മണിക്കൂറായിരുന്നു. യാത്രാസൗകര്യങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ വൈദികര്‍ ദുരിതപ്പെട്ടു ജീവിച്ച ആ കാലഘട്ടം ഇന്നു സങ്കല്പിക്കാന്‍ സാധിക്കുകയില്ല. അന്ന് എല്ലാവര്‍ക്കും ഊര്‍ജ്ജം പകര്‍ന്നതു ദൈവവിശ്വാസവും പരിശുദ്ധസിംഹാസനത്തോടും സഭാനിയമങ്ങളോടുമുള്ള വിശ്വസ്തതയും കൂദാശകളുടെ മുടങ്ങാത്ത സ്വീകരണവുമായിരുന്നു. സുകൃതമഞ്ജരി എന്ന പേരില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും സമര്‍പ്പിക്കപ്പെട്ടിരുന്ന വലിയ സമ്മാനങ്ങള്‍ അമൂല്യമായ ആത്മീയസമ്പത്തിന്റെ തെളിഞ്ഞ രേഖകള്‍ ആയിരുന്നു.
സാമ്പത്തികഞെരുക്കമുള്ള കാലത്തും രൂപതയിലെ വിശ്വാസികളും വൈദികരും അത് ആത്മീയസമ്പത്താക്കി മാറ്റി എന്നു പറയുമ്പോള്‍ ഇന്ന് ഒരു സാമ്പത്തികശാസ്ത്രജ്ഞനും അതു വിശദീകരിക്കാനാവില്ല. ആത്മീയതയുടെ മൂര്‍ത്തരൂപങ്ങളായ സ്ഥാപനങ്ങളെ തകര്‍ന്നുവീഴാതെ കാത്തുപോന്നത് രൂപതയുടെ വലിയ ധാര്‍മികശക്തികൊണ്ടാണ്. മീനച്ചില്‍ താലൂക്കിലെയും അടുത്തുള്ള വൈക്കം താലൂക്കിലെയും പ്രദേശങ്ങളുടെ സാംസ്‌കാരിക - കാര്‍ഷിക പാരമ്പര്യങ്ങള്‍ ഈ ആത്മീയശക്തിയില്‍ പച്ചപിടിച്ചു എന്നു പറയാന്‍ നമുക്കു സാധിക്കും. കാരണം, ആത്മീയമായ ദിശാബോധം ഭൗതികമായ നേട്ടങ്ങള്‍ക്കു പിന്നിലുണ്ടായതുകൊണ്ടാണ് ഇതു സാധ്യമായത്. ആദര്‍ശവാദവും ഭൗതികവാദവും (ശറലമഹശാെ മിറ ാമലേൃശമഹശാെ) വിപരീതരീതിയിലാണ് വസ്തുക്കളെ കാണുന്നത്. ഭൗതികവാദികള്‍ ആശയങ്ങളെ വസ്തുവിന്റെ ഉത്പന്നങ്ങളായിട്ടു കാണുന്നു. ആദര്‍ശവാദികള്‍ വസ്തുക്കളെ ആശയങ്ങളുടെ ഉത്പന്നമായി കാണുന്നു. ഈ രണ്ടു ചേരികളിലുംപെടാതെ ദൈവരാജ്യത്തിന്റെ നന്മയിലും ദൈവപുത്രന്റെ കൃപയിലും പരിശുദ്ധ റൂഹായുടെ സഹവാസത്തിലും എല്ലാ പ്രവര്‍ത്തനങ്ങളെയും വിശുദ്ധീകരിക്കാനും വിശദീകരിക്കാനും നമുക്കു സാധിച്ചിട്ടുണ്ട്.
ഗലീലിത്തടാകത്തില്‍ മുങ്ങാന്‍ തുടങ്ങിയ വഞ്ചിയിലെ ശിഷ്യരുടെ അനുഭവത്തിലൂടെ നമ്മള്‍ കടന്നുപോയിട്ടുണ്ട്. ദൈവവിശ്വാസം വര്‍ദ്ധിക്കാനിടവരുത്തിയ നിരവധി നന്മകള്‍ മാത്രമല്ല, ഈശോയോടൊപ്പം സഹനം ഏറ്റുവാങ്ങിയതിലുള്ള ഭാഗ്യവും നമ്മുടെ രൂപതയിലെ വൈദികരും സന്ന്യസ്തരും അല്മായരും തിരിച്ചറിഞ്ഞിട്ടുണ്ട്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ദൈവദാസന്‍ കണിയാരകത്ത് ബ്രൂണോ അച്ചന്റെയും ദൈവദാസി കൊളേത്താമ്മയുടെയും പുണ്യകുടീരങ്ങളില്‍നിന്ന് ദൈവാനുഗ്രഹം ഏറ്റുവാങ്ങി ജീവിക്കുന്നവരാണ് നമ്മള്‍. സ്‌കൂള്‍പരീക്ഷയില്‍ ജയിച്ചതുകൊണ്ടോ വിദേശത്തു ജോലി കിട്ടിയതുകൊണ്ടോമാത്രമല്ല, ജീവിതപരീക്ഷയില്‍ ജയിക്കുന്നതിനുവേണ്ടിയാണ് നമ്മുടെ പ്രിയപ്പെട്ട വിശ്വാസിസമൂഹം ഈ കബറിടങ്ങളില്‍ തീര്‍ത്ഥാടകരായി എത്തുന്നത്.
ഭൗതികമായി നിസ്വരായ സമര്‍പ്പിതരുടെയും ആത്മീയമായി സഹനങ്ങള്‍ നേരിടുന്ന വിശ്വാസികളുടെയും ത്യാഗങ്ങള്‍ ഒരു യൂട്യൂബിലും ഫേസ്ബുക്കിലും ലൈക്ക് നേടുന്നില്ലെങ്കിലും അദൃശ്യനായ ദൈവത്തിന്റെ മുമ്പില്‍ അവ വിലപ്പെട്ട നിധികളാണ്. മക്കളെച്ചൊല്ലിയും കുടുംബസമാധാനം കൊതിച്ചും എത്രയോ മാതാക്കളും അവിവാഹിതരായ സ്ത്രീജനങ്ങളും ആരും കാണാതെ കണ്ണീരൊഴുക്കുന്നുണ്ട്. ആധുനികകാലത്തും വലിയ മാറ്റമില്ലാതെ തുടരുന്ന ഇത്തരം നിമിഷങ്ങള്‍ ടെലിവിഷന്റെ കണ്ണീര്‍പരമ്പരകള്‍ക്കു പ്രചോദനം നല്‍കിയിട്ടുണ്ടാവും. എന്നാല്‍, യഥാര്‍ത്ഥമായ വേദന കലാരൂപങ്ങളിലല്ല. കാണപ്പെടാതെപോകുന്ന നല്ല ശമറായക്കാര്‍ നമുക്കു ചുറ്റുമുണ്ടെന്നതാണ് കണ്ണീര്‍പ്പടങ്ങളെക്കാളും കണ്ണീര്‍പ്പരമ്പരകളെക്കാളും വിലമതിക്കേണ്ടത്. ആ കണ്ണീര്‍ ദൈവം കാണാതിരിക്കുകയില്ല. തിരുക്കുടുംബത്തിന്റെയും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങള്‍ക്കുമുമ്പിലും ക്രൂശിതരൂപത്തിന്റെയും മാര്‍ സ്ലീവായുടെയും മുമ്പിലും ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനാനിരതരാകാത്തവര്‍ ഈ രൂപതയില്‍ ആരുമില്ലെന്ന് എനിക്കുറപ്പുണ്ട്. അവര്‍ക്കു ലഭിക്കുന്ന ശാന്തിയും സമാധാനവും, അന്ന് ഗലീലിയില്‍ ക്ഷോഭിച്ച കടല്‍ ശാന്തമാക്കിയ മിശിഹാ നല്‍കുന്നതുതന്നെയാണ്. കിടപ്പാടവും വാസയോഗ്യമായ ഭവനവും ഇല്ലാതെ കഴിയുന്ന ഏറെപ്പേര്‍ നമ്മുടെ രൂപതയ്ക്കുള്ളിലുണ്ട്. അത്തരം ആളുകള്‍ക്കുവേണ്ടി 1200 ഭവനങ്ങള്‍ പണിയാന്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നമുക്കു കഴിഞ്ഞതു ബഹുമാനപ്പെട്ട വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും അത്യധ്വാനംകൊണ്ടാണ്.
യുവജനങ്ങളുടെ ഇടയിലെ കോളിളക്കങ്ങള്‍ ശാന്തമാക്കുന്നതും ഇതേ പ്രാര്‍ഥനതന്നെയാണ്. കുടുംബപ്രാര്‍ഥനയുടെ നിമിഷങ്ങള്‍ നമുക്കു സമ്മാനിച്ച ശാന്തി പില്‍ക്കാലങ്ങളിലെങ്കിലും മധുരമായ ഓര്‍മകളായി ഇന്നു മുതിര്‍ന്നവരിലും യുവജനങ്ങളിലും ഉണ്ടെന്നു നമുക്കറിയാം. വര്‍ത്തമാനകാലത്തെ ദുഃഖങ്ങളെ കരുണയോടെ കാണുന്ന നേത്രങ്ങള്‍ തിരുസ്സഭയിലൂടെ പ്രകാശിക്കുന്നുണ്ട്.
പറമ്പില്‍/പള്ളിവീട്ടില്‍ ചാണ്ടിമെത്രാനും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും നിധീരിക്കല്‍ മാണിക്കത്തനാരും നമ്മുടെ സഭയുടെയും രൂപതയുടെയും അനശ്വരവ്യക്തിത്വങ്ങളാണ്. പാരമ്പര്യത്തില്‍ അടിയുറച്ച, പ്രതീക്ഷയില്‍ വളരുന്ന പുതിയ തലമുറകളെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ വിശ്വാസപരിശീലകരായ എല്ലാ മുതിര്‍ന്നവര്‍ക്കും ചുമതലയുണ്ട്. കൂടുതല്‍ ക്ഷമയോടെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനം നടത്താന്‍ നിസ്വാര്‍ഥരായ യുവജനങ്ങള്‍ മുമ്പോട്ടുവരുന്നതില്‍ രൂപത എന്നും ആനന്ദിക്കുന്നു.
കഴിഞ്ഞ 74 വര്‍ഷങ്ങളില്‍ ദൈവാലയശുശ്രൂഷികളും പള്ളിജീവനക്കാരുമായി നമ്മുടെ ഇടവകകളില്‍ നിസ്വാര്‍ഥസേവനം കാഴ്ചവച്ച എല്ലാവരെയും ഇത്തരുണത്തില്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു. പ്രതിഫലം എന്തെങ്കിലും നല്‍കി അവരുടെ സേവനത്തിന്റെ മൂല്യത്തെ ചെറുതാക്കാനാവില്ല. അവരുടെ നന്മയും സന്മനസ്സും പ്രതിഫലംകൊണ്ടു സമ്മാനിക്കാവുന്നതല്ല. അമൂല്യം എന്നു കരുതാവുന്ന ആ സേവനങ്ങള്‍ അവരുടെ മൂല്യം നഷ്ടപ്പെടുത്താത്ത സ്മാരകങ്ങളായി നിലനില്ക്കട്ടെ.
രൂപതയോടുള്ള വിധേയത്വം പുലര്‍ത്താനായി ജീവിതം സമര്‍പ്പിച്ച വൈദികരുടെ ജീവിതങ്ങള്‍ സ്മരിക്കാന്‍ നമുക്കു സമയം കണ്ടെത്താം; ഒപ്പം, രൂപതയിലെ സമര്‍പ്പിതസഹോദരിമാരെയും. കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ ഏറെയുള്ളപ്പോഴും അവസരോചിതമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. എ.കെ.സി.സി.പോലെയുള്ള അല്മായ മുന്നേറ്റപ്രസ്ഥാനങ്ങള്‍ സുസംഘടിതമായി. സമുദായസ്‌നേഹം വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ജലപ്രളയങ്ങള്‍ ഉണ്ടായപ്പോള്‍ നമ്മുടെ രൂപത ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
നമുക്ക് ഏറ്റവും പ്രിയങ്കരനായ അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 50 വര്‍ഷങ്ങളുടെ സ്മരണ നമ്മുടെ ഭദ്രാസനദൈവാലയത്തില്‍വച്ച് സമുചിതമായി ആഘോഷിക്കാന്‍ നമുക്കു കഴിഞ്ഞു. 2014 ല്‍ പാലായില്‍വച്ചു നടത്തിയ സി.ബി.സി.ഐ. സമ്മേളനവും ചരിത്രസ്മാരകമായി ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഈ വര്‍ഷം ഓഗസ്റ്റ് 22-25 തീയതികളില്‍ അരുണാപുരത്തുള്ള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടത്തപ്പെടുകയാണല്ലോ. സീറോമലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട വൈദികരും സമര്‍പ്പിതരും അല്മായരും അസംബ്ലിയില്‍ പങ്കെടുക്കും. 2023 നവംബര്‍ 21-22 തീയതികളില്‍ നാം നടത്തിയ എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ അജപാലനമേഖലയില്‍ മുന്‍ഗണന കൊടുക്കേണ്ട നിരവധി കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ രൂപതയുടെ പ്രധാനപ്പെട്ട സ്ഥാപനമായ സെന്റ് തോമസ് കോളജിന് ഓട്ടോണമസ്പദവി ലഭിച്ചതും ദൈവം നമ്മോടു കാണിച്ച വലിയ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായി കരുതുകയാണ്.
രൂപതയുടെ സമസ്തമേഖലകളുടെയും നവീകരണമാണ് പ്ലാറ്റിനം ജൂബിലിയില്‍ ലക്ഷ്യം വയ്ക്കുന്നത്. നവീകരണത്തിന്റെ ആദ്യപടിയായി രൂപതയിലെ എല്ലാ ഭവനങ്ങളിലും ഹോം മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. നാല്പതിനായിരത്തിലധികം വീടുകളില്‍ ഇതിനോടകം നമ്മുടെ ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു.
പ്ലാറ്റിനംജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 26 ന് ഭരണങ്ങാനം അല്‍ഫോന്‍സാ ഷ്രൈനില്‍വച്ചു നടത്തുകയാണ്. അന്നേദിവസത്തെ പരിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട എല്ലാ വൈദികരും വലിയമെത്രാപ്പോലീത്തായോടുചേര്‍ന്നു പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആത്മീയപ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ജൂബിലിവര്‍ഷത്തില്‍ നടത്തുന്നത്. രൂപതക്കച്ചേരി, ഷലോം സെന്ററിലെ വൈദികര്‍, ഫൊറോനാവികാരിമാര്‍, ആലോചനാസമിതിയംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ബഹുമാനപ്പെട്ട പ്രൊവിന്‍ഷ്യല്‍മാര്‍ എന്നിവരോട് ആലോചിച്ച് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കു രൂപഭാവങ്ങള്‍ നല്‍കിക്കഴിഞ്ഞു.
പ്ലാറ്റിനം ജൂബിലിവര്‍ഷം നമുക്കു വിശ്വാസത്തില്‍ ആഴപ്പെടാനും സുവിശേഷചൈതന്യത്തില്‍ കൂടുതല്‍ വളരാനുമുള്ള അവസരമാകട്ടെ. പാലാ രൂപതയിലെ ഓരോ വ്യക്തിയുടെയും ജൂബിലിയാണ് ഇത്.