കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ചരിത്രമുറങ്ങുന്ന വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേകവേദിയില്‍ നടന്ന മെത്രാഭിഷേകകര്‍മങ്ങള്‍ക്കു കേരളസഭയിലെ വിവിധ മെത്രാന്മാരും വൈദികരും സന്ന്യസ്തരും വിശ്വാസിസമൂഹവും സാക്ഷികളായി.
വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മെത്രാഭിഷേകകര്‍മങ്ങള്‍. സ്ഥാനികചിഹ്നങ്ങളായ അംശമുടിയും മോതിരവും ദണ്ഡും പുതിയ മെത്രാനു മുഖ്യകാര്‍മികന്‍ നല്‍കി.
'ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും' എന്ന ആപ്തവാക്യമാണ് ഡോ. വാലുങ്കല്‍ മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ചിട്ടുള്ളത്. വരാപ്പുഴ മുന്‍ ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തി.
ആര്‍ച്ചുബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. എം. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരും വിവിധ റീത്തുകളില്‍നിന്നായി ഒട്ടേറെ മെത്രാന്മാരും ചടങ്ങുകൡ പങ്കെടുത്തു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പുമാരായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, നിയമരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.