•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകം കീഴടക്കി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏഴു മത്‌സരങ്ങള്‍ ജയിച്ചു. പക്ഷേ, ഇന്ത്യയുടെ ഏഴാം ജയം കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആയപ്പോള്‍ ട്വന്റി 20 ലോകകപ്പ് രണ്ടാമതൊരിക്കല്‍ക്കൂടി ഇന്ത്യയ്ക്ക്. പ്രാഥമികറൗണ്ടില്‍ പാക്കിസ്ഥാനെയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയെയും സെമിയില്‍ ഇംഗ്ലണ്ടിനെയും തോല്പിച്ച ഇന്ത്യയുടെ ജൈത്രയാത്ര ആധികാരികമായിരുന്നു. 2007 ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യയ്ക്ക് 2011 നുശേഷം ആദ്യമായൊരു ഐ.സി.സി. ലോകകപ്പ്.
ടീം പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്കുമുമ്പേ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിശ്ചയിച്ച ബി.സി.സി.ഐ. മുന്‍ നായകന്‍ വിരാട് കോലിയുടെ സാന്നിധ്യവും ഉറപ്പിച്ചാണു ടീം തിരഞ്ഞെടുപ്പിലേക്കു കടന്നത്. ഹര്‍ദിക് പാണ്ഡ്യയെ ഉപനായകനാക്കിയപ്പോള്‍ ട്വന്റി 20 യില്‍ രോഹിതിനുശേഷം ആരെന്ന് ചോദ്യത്തിനും ഉത്തരം നല്‍കി. കാനഡയ്ക്ക് എതിരായ പ്രാഥമികറൗണ്ട് മത്സരം മഴ മുടക്കിയപ്പോള്‍ ബാക്കി മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ആധിപത്യം പ്രകടമായി. രോഹിത്തും കോലിയും ആദ്യമത്സരങ്ങളില്‍ ഫോമിലെത്താതെപോയപ്പോള്‍ ഉയര്‍ന്ന ആശങ്കകള്‍ക്കു പരിഹാരമായി ഇതരതാരങ്ങള്‍ രക്ഷകരുടെ റോള്‍ ഏറ്റെടുത്തു. സ്ഥിരം ഫോം കണ്ടെത്താന്‍ വിഷമിച്ചവര്‍ പക്ഷേ, അവസരത്തിനൊത്തുയര്‍ന്നു.
കളിക്കാരനായും ക്യാപ്റ്റനായും ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് കിരീടനേട്ടം. 2007 ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇക്കുറി ബാര്‍ബഡോസില്‍ ഇന്ത്യ കപ്പ് വീണ്ടെടുത്തു. വിജയസാധ്യത മാറിമാറി വന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനു പരാജയപ്പെടുത്തി. നിര്‍ണായകഘട്ടത്തില്‍ ബാറ്റിങ് ഫോം വീണ്ടെടുത്ത വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറി (59 പന്തില്‍ 76), അക്‌സര്‍ പട്ടേല്‍ നല്‍കിയ പിന്തുണ (31 പന്തില്‍ 47), ഹാര്‍ദിക് പാണ്ഡ്യബൗളിങ്ങില്‍ കൈവരിച്ച നിര്‍ണായക മികവ്, സൂര്യകുമാര്‍ യാദവിന്റെ ഉജ്ജ്വലക്യാച്ചുകള്‍. പരാജയത്തിന്റെ വക്കില്‍നിന്ന് ഇന്ത്യ തിരിച്ചുവന്ന് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സ് നേടി.  മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റിന് 169 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ക്വിന്റന്‍ ഡിക്കോക്കും (39) ട്രിസ്റ്റന്‍ സ്റ്റബ്‌സും(31) ഹെന്റിച്ച് ക്ലാസനും (52) ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കോളമെത്തിച്ചു. 15 ഓവറില്‍ സ്‌കോര്‍ നാലിന് 147 ആയിരുന്നു. 30 പന്തില്‍ 30 റണ്‍സ് എന്ന നിലയില്‍ വിജയം ദൃഷ്ടിപഥത്തില്‍ എത്തിയതാണ്.
ക്ലാസനെ ഹാര്‍ദിക് വീഴ്ത്തിയതോടെ കളി മാറി. അടിച്ചു തകര്‍ത്ത ഡേവിസ് മില്ലര്‍ ഹാര്‍ദിക്കിനെ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി വക്കില്‍ സൂര്യകുമാര്‍ കൈപ്പിടിയിലാക്കിയത് കളിയുടെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അതു സിക്‌സര്‍ അല്ല, ക്യാച്ച് തന്നെ എന്ന 'റിവ്യൂ' ഉറപ്പാക്കിയപ്പോള്‍ കപ്പ് ഇന്ത്യയ്ക്കു കൈയെത്തും ദൂരത്തായി. അക്‌സര്‍ പട്ടേലിനെതിരേ ക്ലാസന്‍ പായിച്ച സിക്‌സറുകള്‍ 93 മീറ്ററും 103 മീറ്ററുമാണ് പിന്നിട്ടത്. കുല്‍ദീപ് യാദവിനും കനത്തപ്രഹരം ഏല്‍ക്കേണ്ടിവന്നു.
സ്പിന്നിനെ തുണയ്ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. ഇന്ത്യയെ രക്ഷിച്ചത് പേസ് ബൗളിങ് നിരയാണ്. അവസാന ഓവര്‍ പാണ്ഡ്യയ്ക്കായി മാറ്റിവച്ച് രോഹിത് ശര്‍മ വിജയം ഉറപ്പിക്കുകയായിരുന്നു. നിര്‍ണായകഘട്ടത്തില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷദീപ്‌സിങ്ങും റണ്‍ ഒഴുക്ക് തടഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും അര്‍ഷദീപും ബുമ്രയും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. 
പോയവര്‍ഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഓസ്‌ട്രേലിയയോടു തോറ്റ ഇന്ത്യ നഷ്ടങ്ങളുടെ കഥ മാറ്റിയെഴുതി. കപില്‍ദേവിനും മഹേന്ദ്രസിങ് ധോണിക്കുംശേഷം ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കിയ നായകനായി രോഹിത് ശര്‍മ. ഇതോടെ ട്വിന്റി 20 യില്‍ 50 വിജയങ്ങള്‍ നേടിയ നായകനുമായി രോഹിത്. സെമി വിജയത്തോടെതന്നെ, പാക്കി സ്ഥാന്റെ ബാബര്‍ അസമിന്റെ 48 വിജയങ്ങളുടെ റെക്കോര്‍ഡ് രോഹിത് മറികടന്നിരുന്നു.
വിവിധ ലോകകപ്പുകളില്‍ ഏഴുതവണ സെമിയില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ പ്രഥമഫൈനല്‍ ആയിരുന്നിത്. സെമിയില്‍ അഫ്ഗാനെതിരേ ആധികാരികജയം നേടിയ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ ഭാഗ്യം തുണച്ചില്ലെന്നു പറയാം. എയ്ഡണ്‍ മാര്‍ക്രമിന്റെ ടീം അത്യുജ്ജ്വല ഫീല്‍ഡിങ്ങാണു കാഴ്ച വച്ചത്. കെന്‍സിങ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമായിരുന്നു ഇത്. ഇന്ത്യയാകട്ടെ അഫ്ഗാനിസ്ഥനെതിരേ 47 റണ്‍സ് വിജയം നേടിയത് ഇതേ വേദിയിലായിരുന്നു.
പരാജയമറിയാതെ കലാശക്കളിക്കിറങ്ങിയ രണ്ടു ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. പേസ് ബൗളിങ്ങിലും സ്പിന്നര്‍മാരെ നേരിടാന്‍ കരുത്തുള്ള ബാറ്റര്‍മാരുടെ കാര്യത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ, ഭാഗ്യം തുണച്ചില്ല. ഇന്ത്യയുടെ വിജയം ആഘോഷിക്കുമ്പോഴും അതില്‍ ഭാഗ്യത്തിന്റെ പിന്‍ബലവുമുണ്ടായിരുന്നു എന്നു പറയണം. 12.3 ഓവറില്‍ നാലിന് 106 റണ്‍സ് നേടിയ ടീമിനു പക്ഷേ, ഇന്ത്യയുടെതുപോലെ വാലറ്റംവരെ ബാറ്റിങ് മികവ് ഇല്ലാതെപോയി. 
ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തതിനെപറ്റിയും ഫോമിലെത്താതെ വിഷമിച്ച വിരാട് കോലിയെ ഒഴിവാക്കണമെന്നും ശിവം ദുബെയ്ക്കു പകരം സഞ്ജു സാംസനെ ഇറക്കണമെന്നുമൊക്കെ മുറവിളികൂട്ടിയ വിമര്‍ശകര്‍ക്കുള്ള മറുപടികൂടിയായിരുന്നു കലാശക്കൊട്ട്. കോലിക്കും രോഹിതിനും ഇനിയൊരു ലോകകപ്പ് സാധ്യതയില്ല. ഇരുവരും അവര്‍ക്കു പിന്നാലെ രവീന്ദ്ര ജഡേജയും ട്വന്റി 20 ക്രിക്കറ്റില്‍നിന്നു വിടവാങ്ങല്‍ പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡ് കോച്ചിങ് ചുമതലയില്‍നിന്ന് ഒഴിയുകയുമാണ്. ഇവര്‍ക്കു തല ഉയര്‍ത്തി പുതുനിരയ്ക്ക് വഴി തുറക്കാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രഗല്ഭരുടെ ഒരു നിരതന്നെ അവസരം കാത്തുകഴിയുന്നു. ഇനി അവരുടെ കാലം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)