•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പവിത്രദാമ്പത്യത്തിന്റെ സ്‌നേഹസങ്കീര്‍ത്തനം

ഡോ. ലൂസി മാത്യു - ജോയി തോമസ് ദമ്പതിമാര്‍ രചിച്ച''Yes, we are blessed with cancer -   കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി'' എന്ന പുസ്തകം ഏറെ ഹൃദ്യമാണ്. വായനക്കാരില്‍ പ്രചോദനാത്മകചിന്തകളുണര്‍ത്തുന്ന ഒരു മനോഹരഗ്രന്ഥം.
ലൂസി മാത്യു എന്ന കോളജ് അധ്യാപികയാണ് പുസ്തകത്തിന്റെ കേന്ദ്രബിന്ദു. തന്റെ 45-ാം വയസ്സില്‍ സ്തനാര്‍ബുദം ബാധിക്കുന്നതും, ഭര്‍ത്താവായ ജോയിയുടെയും മക്കളുടെയും പിന്തുണയില്‍ രോഗത്തെ ധീരതയോടെ നേരിടുന്നതുമായ ഒട്ടേറെ സംഭവഗതികള്‍കൊണ്ടു സമ്പന്നമാണ് ഒന്നാംഭാഗം.
ജോയി തോമസ് ഭാര്യക്കുവേണ്ട എല്ലാ സംരക്ഷണവും കരുതലും പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതും, മക്കളായ ഡോ. ലിസും ഡോ. ടോമും പ്രായത്തിനതീതമായി മാതാപിതാക്കള്‍ക്കൊപ്പം നിന്നതും, രോഗം ഭേദമായപ്പോള്‍ ഒരു ഫിനീക്‌സ് പക്ഷിയെപ്പോലെ  ലൂസി പറന്നുയരുന്നതും വളരെ ഹൃദയസ്പര്‍ശിയായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.  എന്നാല്‍, ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം  ലൂസിക്കു വീണ്ടും കാന്‍സര്‍ ബാധിക്കുന്നതും ചികിത്സകള്‍ നിഷ്ഫലമാകുന്നതും ഒടുവില്‍ ദൈവത്തിന്റെ പദ്ധതിയുമായി സഹകരിച്ച് സമാധാനത്തോടെ ലൂസി നിത്യതയിലേക്കു പ്രവേശിക്കുന്നതും രണ്ടാം ഭാഗത്ത് വായനക്കാര്‍ ഉള്ളലിവോടെ വായിച്ചെടുക്കുന്നു. പ്രിയതമയെക്കുറിച്ചുള്ള ജോയിയുടെ ഓര്‍മച്ചിത്രങ്ങള്‍കൊണ്ടാണു പുസ്തകം അവസാനിക്കുന്നത്. പവിത്രമായ ദാമ്പത്യസ്‌നേഹത്തിന്റെ ജീവബിന്ദുക്കള്‍ ജോയിയുടെ ഓരോ ഓര്‍മയിലും പതിഞ്ഞുകിടക്കുന്നു.
അഞ്ചു ഭാഗങ്ങളായി ചിട്ടപ്പെടുത്തിയ, 314 പേജുള്ള പുസ്തകത്തിന്റെ ഓരോ ഭാഗവും അപൂര്‍വചിത്രങ്ങള്‍കൊണ്ടു സമ്പന്നമാണ്. മരണം തൊട്ടരികില്‍ നില്‍ക്കുമ്പോഴും  മകനോടൊത്തു സുസ്‌മേരവദനയായി കിടക്കുന്ന ലൂസിയുടെ ചിത്രം മനസ്സില്‍നിന്നു മായുകയില്ല. ഒരു ആത്മകഥപോലെ ഹൃദയാവര്‍ജകമാണ് ഓരോ ഭാഗവും. ജീവിതത്തെ മാറ്റിമറിച്ച ഒരു കഠിനരോഗമാണു വിഷയമെങ്കിലും, ഇടയില്‍ കടന്നുവരുന്ന കുടുംബവിശേഷങ്ങളും  കലാലയസ്മരണകളും ജീവിതപോരാട്ടങ്ങളും ജീവിതനേട്ടങ്ങളും അധ്യാപനജീവിതവുമെല്ലാം  ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
ജോയി-ലൂസി ദമ്പതിമാരുടെ ഇഴപിരിയാത്ത സ്‌നേഹത്തിന്റെ സങ്കീര്‍ത്തനംകൂടിയാണീ ഗ്രന്ഥം. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും 'എന്റെ ആള്‍' എന്ന് ആവര്‍ത്തിച്ചു വിളിക്കുന്നുണ്ട്. ലൂസി അവസാനമായി ഭര്‍ത്താവിനോടു പറയുന്നതും 'എന്റെ ആള്‍' കരയരുത് എന്നാണ്. അചഞ്ചലമായ ദൈവവിശ്വാസത്തില്‍നിന്നേ ഇത്ര ആഴമേറിയ ദാമ്പത്യസ്‌നേഹം ഉടലെടുക്കൂ എന്നു നമുക്കറിയാം. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉദ്ഭവത്തിനുപിന്നില്‍ ഒരു പ്രപഞ്ചാതീതശക്തിയുണ്ടെന്നു തീവ്രമായി വിശ്വസിക്കുകയും, രോഗവും വേദനയും സഹനവുമൊക്കെ  ദൈവികപദ്ധതിയുടെ ഭാഗമായിട്ടെടുക്കുകയും ചെയ്യുന്നു ഈ ദമ്പതികള്‍. ഭാര്യയും ഭര്‍ത്താവും ഈ വിഷയത്തില്‍ ശാസ്ത്രജ്ഞരുടെയും മഹാവ്യക്തികളുടെയും വാദങ്ങള്‍ ഡിബേറ്റ് ചെയ്യുന്നതും കാണാം. കുടുംബത്തിലെ സാധാരണജോലികള്‍ക്കിടയില്‍ ഇത്തരം സംവാദങ്ങള്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ബൗദ്ധികവികാസത്തിനും ഈശ്വരവിശ്വാസത്തില്‍ ആഴപ്പെടാനും എത്രയോ സഹായകമാണെന്നോര്‍ത്തുപോവുകയാണ്.
'കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി' എന്ന ഗ്രന്ഥനാമം ആ ദമ്പതിമാരുടെ സംഭാഷണത്തിനിടെ ഉടലെടുത്തതാണെന്നു വ്യക്തം. ഭൗതികമായി ചിന്തിച്ചാല്‍ ഇങ്ങനെയൊരു തലക്കെട്ടിനു യാതൊരു പ്രസക്തിയുമില്ല. എന്നാല്‍, ജോയി പറയുന്നതുപോലെ, കാന്‍സര്‍ അവരുടെ ചിന്താരീതിയില്‍ ഒരുപാടു മാറ്റങ്ങളുണ്ടാക്കി. ദൈവവിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടാനായി. ജീവിതത്തെയും മരണത്തെയും യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാന്‍ അവസരമുണ്ടാക്കി. തനിക്കു ലഭിച്ച ഹ്രസ്വകാലം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ ലൂസി ആവുന്നത്ര ശ്രമിച്ചു. 'സ്തനാര്‍ബുദം: സ്ത്രീകള്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകം രചിച്ച് അനേകം സ്ത്രീകള്‍ക്കു മാര്‍ഗദര്‍ശിയായി. മോട്ടിവേഷന്‍ ക്ലാസുകളും പ്രഭാഷണങ്ങളും 'ഡെക്കാന്‍ ക്രോണിക്കിള്‍' പോലുള്ള പത്രത്തിലെ വാര്‍ത്തകളുമെല്ലാം ലൂസിയെ പ്രശസ്തയാക്കി. ആദ്യരോഗമുക്തിക്കുശേഷമാണ് ലൂസി പിഎച്ച്ഡി കരസ്ഥമാക്കിയത്. ലഫ്റ്റനന്റ് പദവിയില്‍ ഗസറ്റഡ് റാങ്കില്‍ എന്‍.സി.സി. യൂണിറ്റിനെ പ്രശസ്തിയിലേക്കുയര്‍ത്തിയതും ഡിപ്പാര്‍ട്ടുമെന്റ് മേധാവിയായതും മക്കളോടുള്ള ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ത്തതുമെല്ലാം ആ സമയത്തുതന്നെ. ഇതിന്റെയൊക്കെ വെളിച്ചത്തിലാവും കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി എന്ന തലക്കെട്ടില്‍ തങ്ങളുടെ പുസ്തകത്തെ പ്രകാശിപ്പിച്ചത്.
ഈ പുസ്തകത്തിന് ആമുഖമെഴുതിയിരിക്കുന്നത് മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. വരുണ്‍ രാജനാണ്. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ ഈ പുസ്തകം 'ലൈഫ് ലെസണ്‍' ശ്രേണിയില്‍പ്പെടുത്തേണ്ട ഒന്നാണ്. 'ഈശോ... ഈശോ...' എന്നു മന്ത്രിച്ചുകൊണ്ട് ഭൂമി എന്ന കൂടുവിട്ട്  സ്വര്‍ഗത്തിലേക്കു പറന്നുപോയ പ്രിയ കൂട്ടുകാരിക്ക് ആദരാഞ്ജലികള്‍!
Yes, we are blessed with  cancer:  : കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി.  Authors: Dr. Lucy Mathew Parakulangara & Joy Thomas. Distributors: Telmedia- Mevida, Kottayam, Kerala.            8590041731      450
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)