ഉത്തരേന്ത്യയിലെ ദളിത്-ആദിവാസി സമൂഹങ്ങളുടെ അവകാശസംരക്ഷണത്തിനായി ജീവിതം ഹോമിച്ച ഈശോസഭാവൈദികന്‍ ഫാ. സ്റ്റാന്‍സ്വാമി അന്തരിച്ചിട്ട് ജൂലൈ അഞ്ചിന് മൂന്നു വര്‍ഷം.
മാവോവാദിയെന്നും ദേശദ്രോഹിയെന്നും വിളിച്ച് ഭരണകൂടം ജയിലിലിട്ടു കൊലപ്പെടുത്തിയത് വിശുദ്ധനായ ഒരു മനുഷ്യനെയായിരുന്നു. ഇങ്ങനെ പറഞ്ഞത് ബീഹാറിലെ ''സിങ്ഭൂമിയിലെ'' ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുകയായിരുന്ന ഫാ. സ്റ്റാന്‍സ്വാമിക്കൊപ്പം എഴുപതുകളില്‍ ഒരുമിച്ചുതാമസിച്ചിട്ടുള്ള സ്റ്റാന്‍ തെക്കേക്കരയാണ്. അവിടെ ഒരു കുടുസുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
വളരെ കുറച്ചു ഭക്ഷണം മാത്രം കഴിച്ച് സഹജീവികളുടെ ഉയര്‍ച്ചയല്ലാതെ മറ്റൊന്നും മോഹിക്കാതെ സന്ന്യാസിയായാണ് അദ്ദേഹം ജീവിച്ചിരുന്നത്. മുറിയില്‍കയറുന്ന പ്രാണികളെപ്പോലും ഇല്ലാതാക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു. ദേഷ്യപ്പെടുമ്പോഴും ഏറ്റവും സൗമ്യമായിമാത്രം സംസാരിക്കുന്ന പ്രകൃതം. ആ മനുഷ്യനെയാണ് ചിലര്‍ ഭീകരന്‍ എന്നു വിളിച്ചത്, വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോഗ്ലാസ്‌പോലും നിഷേധിച്ചത്. ചികിത്സ നല്‍കാതെ, ജാമ്യം നല്‍കാതെ, ഒടുവില്‍ മരണത്തിന് എറിഞ്ഞുകൊടുത്തു. സ്റ്റാന്‍ തെക്കേക്കര ഓര്‍മിപ്പിച്ചു.
റോമന്‍കത്തോലിക്കാസഭയിലെ ഒരു സന്ന്യാസസമൂഹമാണ് ഈശോസഭ. ജെസ്യൂട്ടുകള്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26 നു ജനിച്ച സ്റ്റാന്‍സ്വാമി വൈദികസെമിനാരിപഠനത്തിനുശേഷം 1970 കളില്‍ ദൈവശാസ്ത്രം പഠിക്കുകയും ഫിലിൈപ്പന്‍സില്‍നിന്നു സാമൂഹികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. പഠനകാലത്ത് ബ്രസീലിയന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ് ഹോള്‍ഡര്‍ സെമറയുമായുണ്ടായ സൗഹൃദംമൂലം പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ സ്റ്റാന്‍സ്വാമിയെ സ്വാധീനിച്ചു.
1975 മുതല്‍ 86 വരെ ബാംഗ്ലൂരിലെ ജെസ്യൂട്ടുകള്‍ നടത്തുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. രാജ്യത്തെ ആദിവാസികളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി ആദിവാസിസമുദായാംഗങ്ങള്‍മാത്രം ഉള്‍പ്പെട്ട ഒരു ഗോത്ര ഉപദേശകസമിതി ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇതു നടപ്പാക്കാത്തതിനെ സ്റ്റാന്‍സ്വാമി ചോദ്യം ചെയ്തിരുന്നു.
സ്റ്റാന്‍സ്വാമിയുടെ പ്രവര്‍ത്തനം മുഴുവന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. ആദിവാസി-ദളിത്പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. 1986 ല്‍ ഝാര്‍ഖണ്ഡിലെത്തിയ സ്റ്റാന്‍സ്വാമി അവിടെ ധാതുസമ്പത്ത് ഏറെയുള്ള ആദിവാസിമേഖലകളില്‍ ഖനികുത്തകകള്‍ക്കുവേണ്ടി ആദിവാസികളെ കുടിയിറക്കുന്നതിനെ ചോദ്യം ചെയ്തു. കുടിയിറക്കിനു വിധേയരാകേണ്ടിവന്ന ആദിവാസികളില്‍ അവകാശബോധമുണ്ടാക്കി ചൂഷണത്തിനെതിരേ സമരസജ്ജരാക്കി എന്നതാണ് സമ്പന്നകുത്തകകള്‍ക്കും ഭരണകൂടങ്ങള്‍ക്കും സ്റ്റാന്‍സ്വാമിയോടു വിരോധമുണ്ടാകാന്‍ ഏകകാരണം.
അന്യായമായി ജയിലിലടയ്ക്കപ്പെട്ട മൂവായിരത്തോളം ആദിവാസികളുടെ കഥ 2010 ല്‍ സ്റ്റാന്‍സ്വാമി പുസ്തകമാക്കി പ്രസിദ്ധീകരിച്ചതോടെ അദ്ദേഹത്തെ ചിലര്‍ അര്‍ബന്‍ നക്‌സലാക്കി. മാവോയിസ്റ്റുകള്‍ എന്നു മുദ്രയടിച്ച് ജയിലിലടച്ചിട്ടുള്ള ആളുകളെ മോചിപ്പിക്കുന്നതിനായി അദ്ദേഹവും സുധ ഭരദ്വാജും ചേര്‍ന്ന് പീഡിതതടവുകാരുടെ സോളിഡാരിറ്റി കമ്മറ്റി (പി.പി.എസ്.) രൂപീകരിച്ചതോടെ ഫാ. സ്റ്റാന്‍സ്വാമിയെ അവര്‍ മാവോയിസ്റ്റാക്കി.
1818 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂണെ കോദേഗാമില്‍ മേല്‍ജാതിക്കാരായ പേഷ്വാമാര്‍ക്കെതിരേ 'മഹര്‍' വിഭാഗക്കാരായ ദളിത്‌സൈനികര്‍ നേടിയ യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികം 2017 ഡിസംബര്‍ 31 ന് പൂണൈ ശനിഹര്‍വാഡ കോട്ടയില്‍ നടന്നിരുന്നു. ഈ പരിപാടിയില്‍ ഫാ. സ്റ്റാന്‍സ്വാമി പങ്കെടുത്തില്ലെന്നുമാത്രമല്ല, സംഘാടകനുമായിരുന്നില്ല. ഇരുന്നൂറ്റമ്പതോളം ഇടത് അംബേദ്കറിസ്റ്റ് സന്നദ്ധസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയതായിരുന്നു പരിപാടി. ആദിവാസിദളിത്പിന്നാക്കവിഭാഗങ്ങളുടെ കരുത്തു തെളിയിച്ച പരിപാടിയില്‍ അസ്വസ്ഥരായ സവര്‍ണസംഘപരിവാര്‍ നടത്തിയ ഇടപെടല്‍ വലിയ സംഘര്‍ഷത്തിനിടയാക്കി.
എന്നാല്‍, സംഘര്‍ഷത്തിന്റെയെല്ലാം പിന്നില്‍ പരിപാടി സംഘടിപ്പിച്ചവരാണെന്നാരോപിച്ച് പൊലീസ് രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പതിനഞ്ചോളം ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ആദിവാസി, ദളിത് തുടങ്ങിയ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിരന്തരം പൊരുതുന്നവര്‍ നാളെ ഭരണകൂടത്തിനു ഭീഷണിയായേക്കും എന്ന വിലയിരുത്തലാവാം ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ പ്രധാനികളെയെല്ലാം എന്‍.ഐ.എ. ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് യു.എ.പി.എ. ചുമത്തി തടവിലാക്കിയത്.
2020 ഒക്‌ടോബര്‍ 8 നാണ് ഫാ. സ്റ്റാന്‍സ്വാമിയെ ജെസ്യൂട്ട് സോഷ്യല്‍ ആക്ഷന്‍ സെന്ററായ ബാഗൈയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റു ചെയ്തത്.
കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ അലട്ടവേയായിരുന്നു ഫാദറിന്റെ അറസ്റ്റും ജയില്‍വാസവും. ഇന്ത്യയില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ള ഏറ്റവും പ്രായംകൂടിയ ആളാണ് അദ്ദേഹം. മെഡിക്കല്‍ കാരണങ്ങളിലുള്ള ഇടക്കാലജാമ്യം പ്രത്യേക എന്‍.ഐ.എ. കോടതി 2020 ഒക്‌ടോബര്‍ 2 ന് നിരസിച്ചു. പാര്‍ക്കിന്‍സണ്‍ രോഗംകാരണം ഗ്ലാസ് പിടിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രോയും സിപ്പറും ആവശ്യപ്പെട്ട് 2020 നവംബര്‍ 6 ന് അദ്ദേഹം പ്രത്യേകകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആ അപേക്ഷയോട് പ്രതികരിക്കാന്‍ എന്‍.ഐ.എ. കോടതിയില്‍ ആവശ്യപ്പെട്ടത് 20 ദിവസത്തെ സമയമാണ്. ഫാദറിന്റെ സ്‌ട്രോയും സിപ്പറും തങ്ങളുടെ പക്കലില്ലെന്ന് എന്‍.ഐ.എ. കോടതിയെ അറിയിച്ചത് നവംബര്‍ 26 ന്.
തന്റെ 83 വയസ്സും പാര്‍ക്കിന്‍സണ്‍ രോഗവും ചൂണ്ടിക്കാട്ടി രണ്ടാംതവണയും ജാമ്യത്തിനായി അപേക്ഷ നല്‍കി. സ്‌ട്രോ, സിപ്പര്‍, കമ്പിളിവസ്ത്രങ്ങള്‍ തുടങ്ങിയ ആവശ്യത്തിലും പെട്ടെന്നു തീരുമാനമെടുക്കാതെ ജയിലധികൃതരോട് അഭിപ്രായം ചോദിച്ച് കേസ് പിന്നെയും 2020 ഡിസംബര്‍ നാലിലേക്കു മാറ്റുകയാണു കോടതി ചെയ്തത്. ഒടുവില്‍ അറസ്റ്റിലായി 50 ദിവസത്തിനുശേഷമാണ് ജയിലധികൃതര്‍ സ്റ്റാന്‍സ്വാമിക്കൊരു സിപ്പര്‍ നല്‍കുന്നത്.
2020 നവംബറിലെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ. കോടതി 2021 മാര്‍ച്ച് 22 ന് നിരസിച്ചു. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന എന്‍.ഐ.എ. സ്റ്റാന്‍സ്വാമിക്കു ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ സ്റ്റാന്‍സ്വാമിയുടെ അഭിഭാഷകര്‍ 2021 മേയില്‍ മുംബൈ കോടതിയെ സമീപിച്ചശേഷമാണ് മേയ് 28 ന് 15 ദിവസത്തേക്ക് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാനായത്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി കനിഞ്ഞത്. 2021 ജൂലൈ 4 ന് അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായതിനാല്‍ മുംബൈ ഹോളിഫാമിലി ഹോസ്പിറ്റലില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കി. 2021 ജൂലൈ 5 ന് അദ്ദേഹം അന്തരിച്ചു.
ഫാ. സ്റ്റാന്‍സ്വാമിയുടേത് ജയിലിലെ കൊലപാതകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടു ബഹുമാനമായിരുന്നുവെന്നും മരണശേഷം മുംബൈ ഹൈക്കോടതി പറഞ്ഞത് വലിയ വിവാദമായിരുന്നു.
മാവോവാദികളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചതടക്കം 44 രേഖകള്‍ സ്റ്റാന്‍സ്വാമിയുടെ ലാപ്‌ടോപ്പില്‍ ഹാക്ക് ചെയ്ത് സ്ഥാപിച്ചതായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം 'ആഴ്‌സനല്‍ കണ്‍സള്‍ട്ടിങ്' പുറത്തുവിട്ട റിപ്പോര്‍ട്ടും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ രേഖകള്‍ തെളിവായി എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തിരുന്നു.
അവസാനശ്വാസംവരെയും പാവങ്ങള്‍ക്കുള്ള നീതിക്കും സ്വത്തിനുംവേണ്ടി പൊരുതിയ ഫാ. സ്റ്റാന്‍സ്വാമി സ്വന്തം ജീവിതംകൊണ്ടും രക്തസാക്ഷിത്വംകൊണ്ടും യേശുക്രിസ്തുവിന്റെ കുരിശിന്റെ വഴി പിന്തുടരുകയാണു ചെയ്തത്.