പൊതുവിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നു തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ എല്‍.എസ്.എസ്., യു.എസ്.എസ്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കാണിക്കുന്ന ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയും അക്ഷന്തവ്യമായ അപരാധമാണെന്നു പറയാതെ വയ്യ. കഴിഞ്ഞ ഫെബ്രുവരി 28 ന് എല്‍.എസ്.എസ്., യു.എസ്.എസ്. സ്‌കോളര്‍ഷിപ്പുപരീക്ഷകള്‍ നടന്ന വേളയിലെങ്കിലും മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പനര്‍ഹരായവര്‍ക്ക് അതു ലഭിക്കുമെന്നു കുട്ടികളും രക്ഷിതാക്കളും വെറുതെ ആശിച്ചുപോയി! കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 37 കോടിയോളം രൂപ സര്‍ക്കാര്‍ നല്കാനുണ്ട് എന്ന പച്ചപ്പരമാര്‍ഥം ഏറെ സങ്കടകരവും ലജ്ജാകരവുമാണ്. കുട്ടികളുടെ പഠനനിലവാരമുയര്‍ത്താന്‍ പ്രചോദകശക്തിയാകേണ്ട സര്‍ക്കാരാണ് അവരുടെ 'കലത്തില്‍ കൈയിട്ടുവാരി' അവര്‍ക്കര്‍ഹമായതു പിടിച്ചുവച്ചിരിക്കുന്നതെന്നോര്‍ക്കണം!
പാഠപുസ്തകത്തിനപ്പുറം പരന്ന വായനയിലൂടെയും മറ്റും പൊതുവിജ്ഞാനം ആര്‍ജിക്കുന്നതിനു പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് സ്‌കോളര്‍ഷിപ്പുപരീക്ഷകള്‍ ആവിഷ്‌കരിച്ചത്. ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പുപരീക്ഷ എഴുതുന്ന ലക്ഷക്കണക്കിനു കുട്ടികളില്‍ ഒരു വര്‍ഷം ശരാശരി പതിനായിരത്തിലധികം പേര്‍ക്ക് എല്‍.എസ്.എസ്. മാത്രം കിട്ടുന്നുണ്ട്. യു.എസ്.എസ്. കൂടി കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കൂടും. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടി എല്‍.എസ്.എസ്. പരീക്ഷയില്‍ വിജയിയായാല്‍ 5, 6, 7 ക്ലാസുകളില്‍ ആയിരം രൂപ പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഏഴാം ക്ലാസില്‍ യു.എസ്.എസ്. പരീക്ഷ പാസാകുന്ന കുട്ടിക്ക് 8, 9, 10 ക്ലാസുകളില്‍ 1500 രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. അപ്രകാരം, എല്‍.എസ്.എസ്. നേടിയ കുട്ടിക്ക് 3000 രൂപയും യു.എസ്.എസ്. നേടിയയാള്‍ക്ക് 4500 രൂപയും ലഭിക്കും. മിടുക്കരായ കുട്ടികള്‍ക്ക് അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ സ്‌കോളര്‍ഷിപ്പു നേടാന്‍ അവസരം ഒരുക്കുന്നതിലൂടെ അവരിലെ ക്രിയാത്മകതയും പഠനോത്സുകതയും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്‌കോളര്‍ഷിപ്പുതുക എത്രയായിക്കൊള്ളട്ടെ, അതു കൈയില്‍ കിട്ടുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ആനന്ദവും ആത്മാഭിമാനവും പറഞ്ഞറിയിക്കാനാവുന്നതാണോ? മാത്രമോ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ചുറ്റുപാടുകളിലുള്ളവര്‍ക്ക് ഇതൊരു കൈത്താങ്ങുമാണ് എന്നിരിക്കേയാണ്, തങ്ങള്‍ക്ക് അര്‍ഹമായ സമ്മാനത്തുക കൈയെത്തിപ്പിടിക്കാന്‍വേണ്ടി കുട്ടികളും അവരുടെ രക്ഷിതാക്കളും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്‌കോളര്‍ഷിപ്പുവിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാര്‍തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 31 കോടി രൂപ കുടിശ്ശികയുണ്ടെന്നും അത് ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. 2019-20 സാമ്പത്തികവര്‍ഷംമുതല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ രണ്ടു തവണ ശേഖരിച്ചെങ്കിലും കണക്കുകള്‍ക്കു വ്യക്തതയും കൃത്യതയുമില്ല എന്നാണു കണ്ടെത്തിയിരിക്കുന്നത്. അര്‍ഹതയില്ലാത്ത കുട്ടികളുടെ പേരുവിവരം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് ആക്ഷേപമുന്നയിക്കുന്നു. 2019-20 മുതലുള്ള വിവരങ്ങള്‍ പരീക്ഷാഭവന്‍ വികസിപ്പിച്ച പോര്‍ട്ടല്‍ മുഖാന്തരം ജൂണ്‍ 18 നകം അതതു സ്‌കൂളുകള്‍ നേരിട്ടു നല്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍, 2017 ലും 2018 ലും പരീക്ഷ ജയിച്ചവര്‍ക്കും തുക പൂര്‍ണമായി കൊടുത്തിട്ടില്ലെന്നു പരാതിയുണ്ട്. അതും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസഡയറക്ടറേറ്റും ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളും മതിയായ ഉദ്യോഗസ്ഥരും സംസ്ഥാനത്ത് ഉണ്ടായിരിക്കേ, അവിടെയൊന്നും സ്‌കോളര്‍ഷിപ്പുസംബന്ധമായ കണക്കുകളും രേഖകളുമൊന്നുമില്ലെന്നു വിദ്യാഭ്യാസവകുപ്പു പറയുമ്പോള്‍, ഒരന്വേഷണമെങ്കിലും നടത്താനുള്ള മിനിമംമര്യാദയും ആത്മാര്‍ഥതയും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കുണ്ടാവുമോ എന്നതാണ് ജനത്തിനു ചോദിക്കാനുള്ളത്. മിടുക്കരായ നമ്മുടെ കൊച്ചുകുട്ടികള്‍ക്കു പ്രചോദനവും ആവേശവും പകരേണ്ട പൊതുവിദ്യാഭ്യാസവകുപ്പ് അക്ഷന്തവ്യമായ കൃത്യവിലോപം കാട്ടി പൊതുസമൂഹത്തിന്റെ മുമ്പില്‍ അപഹാസ്യരായിരിക്കുന്നതു സര്‍ക്കാര്‍ കണ്ണുതുറന്നു കാണേണ്ടതാണ്. വിദ്യാഭ്യാസവകുപ്പും ഉദ്യോഗസ്ഥവൃന്ദവും നിരുത്തരവാദിത്വത്തിന്റെ നെറുകയില്‍ കയറിയിരിക്കുന്നതു കണ്ടു സഹികെട്ട് നമ്മുടെ മലയാളിക്കുട്ടികള്‍ മറുനാടുകളിലേക്കു കൂട്ടപ്പലായനം നടത്തുന്നതിന് നാം ആരെയാണു പഴിക്കേണ്ടത് എന്നതു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
സംസ്ഥാനം ദിനംപ്രതി കടംകേറി മുടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, സാമ്പത്തിക അച്ചടക്കവും കൃത്യമായ ഓഡിറ്റിങ്ങും നിര്‍ബന്ധമായുണ്ടാകണം. ശരിയായ രേഖകളും കണക്കുകളുമില്ലെന്നു പറയുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നിസ്സംഗതയും നിരുത്തരവാദിത്വവുമുണ്ടായാല്‍ ബന്ധപ്പെട്ട മേലധികാരികള്‍ താമസംവിനാ നടപടിയെടുക്കാന്‍ ഇച്ഛാശക്തി കാണിക്കണം. പൊതുഖജനാവ് കാലിയായിക്കൊണ്ടിരിക്കേ, വകതിരിവില്ലാതെ സമ്പത്തു ചെലവഴിക്കുന്നതും കുട്ടികള്‍ക്കര്‍ഹമായ സ്‌കോളര്‍ഷിപ്പുതുകകള്‍ പിടിച്ചുവച്ചിരിക്കുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നു പറയേണ്ടിയിരിക്കുന്നു.