അനാദികാലംമുതല്‍ മനുഷ്യന്‍ അറിവുേതടിയുള്ള യാത്രയിലാണ്. അതവനെ ലിപികളുടെ രൂപീകരണത്തിലേക്കും എഴുത്തിലേക്കും നയിച്ചു. ഭാഷയുടെ സങ്കീര്‍ണത സ്വായത്തമാക്കിയതാണ് മനുഷ്യനെ യഥാര്‍ഥത്തില്‍ സാംസ്‌കാരികപുരോഗതിയിലേക്കു നയിച്ചത്. ഏതു ഭാഷയുടേതായാലും അക്ഷരങ്ങളുടെ വസന്തമാണ് വായന.
കേരളത്തില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കംകുറിക്കുകയും മലയാളികളെ വായനയുടെ ലോകത്തേക്കു നയിക്കുകയും ചെയ്ത പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. ജൂണ്‍ 19 മുതല്‍ 25 വരെ സമൃദ്ധമായ വായനയിലൂടെയും ബോധവത്കരണപരിപാടികള്‍ നടത്തിയും വായനവാരംകൊണ്ടാടുന്നു. 1947 ല്‍ രൂപീകൃതമായ തിരുക്കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957 ല്‍ കേരള ഗ്രന്ഥശാലാസംഘമായത്. വായനയുടെ സമുദ്ധാരണത്തിനുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത പി എന്‍ പണിക്കര്‍ എന്ന മഹാപ്രതിഭ 1995 ജൂണ്‍ 19 ന് അന്തരിച്ചു.
വായന മരിച്ചു എന്നു വിലപിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് വായന മരിച്ചിട്ടില്ല; ഈ സാങ്കേതികയുഗത്തില്‍ വായനയുടെ രീതികള്‍ മാറിയെന്നാണ്. പുസ്തകങ്ങളുടെ സ്ഥാനം മൊബൈലുകള്‍, ടാബുകള്‍, കൈന്‍ഡില്‍ തുടങ്ങിയവ കീഴടക്കി. വിരല്‍ത്തുമ്പില്‍ തീര്‍ക്കുന്ന ഈ സാങ്കേതികവിസ്മയവും പുതുവായനലോകം സ്വീകരിച്ചു. രൂപവും ഭാവവും മാറിയെങ്കിലും വായനയുടെ വസന്തം തീര്‍ത്തുകൊണ്ടു മുന്നോട്ടുപോകാന്‍ പുതുതലമുറയ്ക്കു കഴിയുന്നുണ്ട്.
മനുഷ്യജീവിതത്തില്‍ വായനയുടെ പ്രസക്തിയെന്താണ് അല്ലെങ്കില്‍ വായന മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയാണ്? ആത്യന്തികമായി മനുഷ്യനിലുള്ള സാംസ്‌കാരത്തെ കടഞ്ഞെടുക്കുന്ന ശുദ്ധീകരണപ്രക്രിയയാണ് വായനയിലൂടെ സംഭവിക്കുന്നത്. മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന സംസ്‌കാരത്തിന്റെ വക്താക്കളായി ഓരോ മനുഷ്യനും പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ദര്‍ശനാത്മകമായ കാഴ്ചപ്പാടുകളോടുകൂടിയ പ്രബുദ്ധസമൂഹം സൃഷ്ടിക്കപ്പെടുന്നു.
വായനയ്ക്കും എഴുത്തിനും രാഷ്ട്രീയമില്ല. അറിവുകളില്‍ എങ്ങനെയാണ് രാഷ്ട്രീയം കലര്‍ത്താന്‍ കഴിയുന്നത്? ചിന്താശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു തടയുകയാണ് ഇത്തരക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്.
വായനയെന്നത് ആനന്ദത്തിനുവേണ്ടിയുള്ള ഉപാധിമാത്രമല്ല. പൂര്‍ണമായും ശാസ്ത്രീയമായ ഒരു പ്രക്രിയയാണ്. നമ്മുടെ ശാരീരികാരോഗ്യം നിലനിര്‍ത്താനും നന്നായി ജീവിക്കാനും പോഷകാഹാരങ്ങള്‍ കഴിക്കണമെന്ന അവബോധം നമുക്കുണ്ട്. അതുപോലെതന്നെ, മനുഷ്യരുടെ തലച്ചോറിലെ ന്യൂറോണുകളെ പ്രവര്‍ത്തനസജ്ജമാക്കി ബുദ്ധിയെ വളര്‍ത്തുന്നതിനും സര്‍ഗാത്മകമായി ചിന്തിക്കുന്നതിനുമുള്ള ഊര്‍ജം ലഭിക്കുന്നത് വായനയില്‍നിന്നാണ്. വായിക്കുമ്പോഴും ചിന്തിക്കുമ്പോഴും മാത്രമാണ് ന്യൂറോണുകള്‍ ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. തീരുമാനങ്ങളെടുക്കാന്‍ പര്യാപ്തമാക്കുന്ന തലച്ചോറിന്റെ സംവിധാനങ്ങളെ ക്രമപ്പെടുത്തുന്നതിലും വായന മുഖ്യപങ്കു വഹിക്കുന്നുണ്ട്.
വായിച്ചുവളരുന്ന കുട്ടികള്‍ക്കുമാത്രമേ സമൂഹത്തില്‍ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയൂ. കുട്ടികളിലേക്കു മാനുഷികമൂല്യങ്ങള്‍സന്നിവേശിപ്പിക്കാനും വായനയോളം മികച്ച പദ്ധതി വേറെയില്ല. വായനയുടെ സര്‍ഗസഞ്ചാരം സമൂഹത്തിനു ഗുണം ചെയ്യും. വായന നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. സര്‍ഗവ്യാപാരമുള്ള മനസ്സിന്റെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്നു.
ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിച്ചേരുന്നവര്‍ വിശാലമായ വായന ശീലമാക്കിയവരാണ്. വായനശീലമുള്ളവര്‍ പക്വതയോടെയും സമചിത്തതയോടെയും പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതായി കാണാം. സങ്കല്പശക്തിയും ഭാവനാശക്തിയും വര്‍ധിപ്പിച്ച് ജീവിതത്തില്‍ വിജയംനേടുന്ന പലരും വായനയുടെ ശക്തി തിരിച്ചറിഞ്ഞവരാണ്.
ചിന്തകനായ ബെര്‍തോള്‍ഡ് 'വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്' എന്നു പറഞ്ഞത് വിശാലമായ അര്‍ഥത്തിലാണ്.
വായന സ്‌കൂളുകളിലും വായനശാലകളിലുംമാത്രം ഒതുക്കുകയല്ല വേണ്ടത്. ഓരോ കുടുംബത്തിലും വായനയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കണം. മുതിര്‍ന്നവരും വായിക്കാന്‍ തയ്യാറാവുകയും കുട്ടികള്‍ക്കു മാതൃക കാട്ടിക്കൊടുക്കുകയും വേണം.
വായന അറിവും തിരിച്ചറിവു മാണ്. ലോകം മുഴുവനും ഒരുപോലെ അംഗീകരിക്കപ്പെട്ട സര്‍ഗകലയാണ് വായന. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി മനുഷ്യരുടെ രക്തത്തിലലിഞ്ഞുചേര്‍ന്നിരിക്കുന്ന വായന ഒരിക്കലും മരിക്കുകയില്ല.
ലേഖനം
വായനയുടെ പുതുകാലം
