•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിമര്‍ശനം ഒരു നല്ല ഗുരുവാണ് !

ഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; ''വിമര്‍ശനം ഒരു നല്ല ഗുരുവാണ്, അതില്‍നിന്നു പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍.'' ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായസഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്. ഇടതുപക്ഷക്കാരായ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും പറയാനുള്ളതുതന്നെയാണ് ബിഷപ്പും പറഞ്ഞത്. പിന്നീടുള്ള വിലയിരുത്തലുകളില്‍ പാര്‍ട്ടിയുടെ ഘടകങ്ങളും ഘടകകക്ഷികളും നേതാക്കന്മാരും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
സാമ്പത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ്‌നയങ്ങള്‍, മാധ്യമവേട്ട, സഹകരണബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയതടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായികസംഘടനകളെ അതിരുവിട്ടു പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍, വലതുവത്കരണനയങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ഇടതിന്റെ തോല്‍വിക്കു നിദാനമെന്നാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടിയത്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികളായിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക, 'കിറ്റ്' രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല തുടങ്ങിയ പരാമര്‍ശങ്ങളെ 'വിവരദോഷി' എന്ന പ്രയോഗത്തിലൂടെ നേരിടുന്നത് ഒരു ഭരണാധികാരിക്കു ഭൂഷണമാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. 
ജനങ്ങള്‍ നല്കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നവമാധ്യമത്തില്‍ പങ്കുവച്ചത്. പാര്‍ട്ടി നല്ലപോലെ തോറ്റു എന്നും പ്രത്യയശാസ്ത്ര ഉള്ളടക്കത്തില്‍ ചോര്‍ച്ചയുണ്ട് എന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. ജനങ്ങളില്‍നിന്നു പാര്‍ട്ടി ഏറെ അകന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പുഫലത്തില്‍ കണ്ടതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കേവലരാഷ്ട്രീയമാണ്. വോട്ടര്‍മാരെ വിലകുറച്ചുകാണരുത്. രാഷ്ട്രീയപ്രവര്‍ത്തനം ജനാഭിമുഖ്യമുള്ളതാകണം. 'രാജാവ് നഗ്‌നനാണ്' എന്നു വിളിച്ചുപറയുമ്പോള്‍ അങ്ങനെയാണോ എന്നു തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതാണ് ഉചിതം. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്നു നോക്കുന്നത് സ്വയം വിലയിരുത്താനും തിരുത്താനും നേര്‍വഴി തിരിച്ചറിയാനും നമ്മെ സഹായിക്കും. 
വിമര്‍ശനമെന്നത് ഒരു സാര്‍വത്രികപ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമര്‍ശനം നടത്താത്തവരും വിമര്‍ശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ ആരുംതന്നെ ഉണ്ടാകില്ല. ഷേക്‌സ്പിയറിന്റെ പ്രസിദ്ധകഥാപാത്രമായ ഈയാഗോ പറയുന്നു: ''ഞാന്‍ വിമര്‍ശകനാകുന്നില്ലായെങ്കില്‍ ഞാന്‍ ആരുമല്ല'': (ക മാ ിീവേശിഴ, ശള ിീ േരൃശശേരമഹ). വിമര്‍ശനം പ്രയോജനപ്രദമാണ്. തിരുത്തലിനും ജാഗ്രതയ്ക്കും അതു വഴിതെളിക്കും. വിമര്‍ശനമില്ലാതെ പോയാല്‍ വഴിപിഴയ്ക്കും. താന്തോന്നിത്തം നടമാടും. വിമര്‍ശനത്തിന്റെ പിന്നിലുള്ള ലക്ഷ്യം ശുദ്ധമാണെങ്കില്‍ അതു സ്വീകരിക്കുന്നതാണ് ഉത്തമം. സ്വയംതിരുത്തലിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട മേഖലകള്‍ കണ്ടെത്തുന്നതിനും അവ പടുത്തുയര്‍ത്തുന്നതിനും ക്രിയാത്മകനിര്‍ദേശങ്ങള്‍ സഹായകരമാണ്.
പലപ്പോഴും സ്തുതിപാഠകരെക്കാള്‍ ഗുണംചെയ്യുന്നത് വിമര്‍ശകരാണ്. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷേ, എന്തോ തകരാറ് ശരീരത്തിലുണ്ടെന്നു നമ്മെ അറിയിക്കുകയാണ് വേദന. വിമര്‍ശനത്തെ ഇത്തരം വേദനപോലെയാണു കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നുണ്ട്. നമ്മുടേതില്‍നിന്നു വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്താന്‍ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. അവരുടെ വീക്ഷണമാണ് വിമര്‍ശനമായി പുറത്തുവരുന്നത്. നമ്മുടെ നിലപാടും മനോഭാവവും തിരുത്തപ്പെടേണ്ടതാണെങ്കില്‍  വിമര്‍ശകന്റേതു സേവനമാണ്; സൃഷ്ടിപരമായ കാഴ്ചപ്പാടാണ്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് മാന്യത. നമുക്കു വിമര്‍ശകരുള്ളപ്പോഴാണ് നമ്മുടെ വിജയസാധ്യത വര്‍ദ്ധിക്കുന്നത്. 
ഭരണാധികാരികള്‍ മാന്യവും കുലീനവുമായ ഭാഷയാണു പ്രയോഗിക്കേണ്ടത്. വിവരവും വിവേകവും സംസ്‌കാരവും അധികാരസ്ഥാനത്തിലിരിക്കുന്നവരില്‍നിന്നുണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. സംസ്‌കാരം എന്ന വാക്കിനര്‍ഥം 'അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. ആ കരുതല്‍ ഭരണാധികാരികള്‍ നഷ്ടപ്പെടുത്തരുത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)