•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനുഷ്യത്വത്തെക്കാള്‍ വലിയ സിലബസില്ല

ലോകത്തെ  അദ്ഭുതപ്പെടുത്തിയിരുന്ന ഇടമായിരുന്നു നമ്മുടെ നാട്. വിദ്യാഭ്യാസം, കുടുംബഭദ്രത, അച്ചടക്കം, ധാര്‍മികബോധം, സന്മാര്‍ഗചിന്തകള്‍ തുടങ്ങിയ മൂല്യങ്ങളുടെ ഈറ്റില്ലം. അതിന്റെ ബഹിര്‍സ്ഫുരണമായി കേരളത്തിനു കൈവന്നതാണ്  ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി. രമണീയമായ കാലാവസ്ഥയും സമൃദ്ധമായ വിളകളും വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരും ഈ നാടിന്റെ മുഖമുദ്രയായിരുന്നു.
എന്നാല്‍, ഇന്നു മലയാളക്കരയുടെ സ്ഥിതി എന്താണ്?  ഈ നാട്ടില്‍ രക്ഷയില്ല, ജോലിയും കൂലിയുമില്ല, സൈ്വരജീവിതം സാധ്യമല്ല... പഠനത്തിനു സമാനമായ തൊഴിലും ശമ്പളവുമില്ല... അതുകൊണ്ടുതന്നെ, എങ്ങനെയും വിദേശത്തു പോയി രക്ഷപ്പെടണം എന്നു പറയുന്നത് ഇവിടുത്തെ കൗമാരക്കാരും യുവാക്കളുമാണ്. 
കലാലയാന്തരീക്ഷം ഭീകരവും പൈശാചികവുമായ തലത്തില്‍ കൊണ്ടെത്തിക്കുന്നതും സഹപാഠിയുടെ ജീവിതവും ജീവനും തച്ചുടയ്ക്കുന്നതും ഇവിടുത്തെ യുവാക്കള്‍തന്നെയല്ലേ? പ്രകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പഠനത്തിന്റെയും സര്‍വോപരി മനുഷ്യത്വത്തിന്റെയും കേന്ദ്രമായി മാറേണ്ട സര്‍വകലാശാലകളില്‍ അക്രമവും കൊലവിളിയും നടത്തുന്നതാണോ നമ്മുടെ ഭാവിമക്കള്‍ ഒരുക്കുന്ന വികസനധാര? 'അഹിംസയും സത്യവും എന്റെ രണ്ടു ശ്വാസകോശങ്ങള്‍പോലെയാണ്. അവയെക്കൂടാതെ എനിക്കു ജീവിക്കുക സാധ്യമല്ല' എന്നു പറഞ്ഞും ജീവിച്ചും കാണിച്ചുതന്ന മഹാത്മജിയുടെ നാട്ടില്‍ കലാലയങ്ങള്‍ കലാപകലുഷിതവും മനുഷ്യത്വഹീനവുമായ തലങ്ങളിലേക്കു കൂപ്പുകുത്തുന്നതു ലജ്ജാകരമല്ലേ?
നല്ലവരും ബുദ്ധിമാന്മാരുമായ യുവജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാവിയും അടിസ്ഥാനവും! നമ്മുടെ മക്കള്‍ നല്ലവരായിരിക്കണമെന്ന അടിസ്ഥാനതത്ത്വം നമുക്കു കൈമോശം വരുകയാണോ? പെര്‍ഫോമെന്‍സില്‍മാത്രം മനസ്സുടക്കി വ്യക്തിയിലെ സ്വത്വബോധവും മനുഷ്യത്വവും അവഗണിക്കുകയാണോ? 
സാഹോദര്യം പച്ചപിടിക്കേണ്ട കാമ്പസുകളില്‍ എങ്ങനെയാണു വിദ്വേഷം തലപൊക്കുന്നത്? രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്കും കലാസാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഭരണനേതൃത്വത്തിനും ഇതിലൊക്കെ ഇടപെടാനും കാമ്പസുകളെ രാഷ്ട്രീയവിമുക്തമാക്കാനുമാകില്ലേ? കാമ്പസുകളില്‍ പക്ഷങ്ങളും ചേരികളും സൃഷ്ടിച്ച് കാമ്പസിനുപുറത്തുള്ള രാഷ്ട്രീയമേലാളന്മാര്‍ക്ക് അണികളെ സൃഷ്ടിക്കലാണോ കലാലയങ്ങളുടെ ലക്ഷ്യം?
നാളെയുടെ മക്കള്‍ പരസ്പരം പോരടിച്ചു തകരുന്നവരും തകര്‍ക്കുന്നവരുമാകരുത്. തച്ചുടയ്ക്കാനും തകിടം മറിക്കാനും ഇതരജീവിതങ്ങളെ ഇല്ലാതാക്കാനുമല്ല, സകലരെയും കൈപിടിച്ചുയര്‍ത്താനും നന്മയുടെ പാതയിലേക്ക് ആനയിക്കാനുമാവണം യുവതയുടെ വിദ്യാഭ്യാസവും വികസനവും.
യുവജനതയുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനാവാത്തവിധം ത്വരിതമായിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ യുവജനങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. കലാലയങ്ങളില്‍ വിദ്യാര്‍ഥിക്ഷാമം നേരിടുന്നു. കോഴ്‌സുകള്‍ പലതും നിന്നുപോകുന്നു. തൊഴിലും കാര്‍ഷികപുരോഗതിയും മന്ദീഭവിക്കുന്നു. 
കൊടുംക്രൂരതയെപ്പോലും നമുക്ക് ഒറ്റക്കെട്ടായി അപലപിക്കാനും കുറ്റക്കാരെ മാറ്റിനിര്‍ത്താനും തള്ളിപ്പറയാനും കഴിയുന്നില്ല. എന്തുകൊണ്ട്? സത്യത്തിന്റെ നേര്‍ക്കാഴ്ചയെ അക്രമംകൊണ്ട് ഇല്ലാതാക്കുന്ന പ്രവണത നല്ല സമൂഹത്തിനു നിരക്കുന്നതാണോ? നമ്മുടെ യുവാക്കള്‍ക്കു നല്ലതു ചെയ്തു കൈയടിവാങ്ങാനാവാത്തത് എന്തുകൊണ്ട്? ചില സംഘടനകളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ത്തന്നെ നെഞ്ചിടിപ്പുകൂടുകയും കണ്ണില്‍ ഇരുട്ടു കയറുകയും ചെയ്യുന്നെങ്കില്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിയമംമൂലം നിലയ്ക്കുനിര്‍ത്തേണ്ടതല്ലേ?
വീടും പറമ്പും പണയംവച്ച് ലക്ഷങ്ങള്‍ ലോണെടുത്ത് മക്കളെ വിദേശസര്‍വകലാശാലക
ളില്‍ പഠിക്കാനയയ്ക്കുന്നു നമ്മള്‍. കലാപം അഴിച്ചുവിട്ട്, പഠിക്കാനും ജീവിക്കാനും മറ്റുള്ളവരെ അനുവദിക്കാതെ സംഘടനാപ്രവര്‍ത്തനം നടത്തുന്നവരുടെ സഹോദരീസഹോദരന്മാര്‍തന്നെയല്ലേ വിദേശസര്‍വകലാശാലകളില്‍ പഠിക്കാന്‍ പോകുന്നത്! അവിടെ കലാപരാഷ്ട്രീയവും കാമ്പസ്‌രാഷ്ട്രീയവും ആള്‍ക്കൂട്ടവിചാരണയും മര്‍ദനവുമൊക്കെയുണ്ടോ? നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥയ്ക്കു ചുക്കാന്‍ പിടിക്കുന്നത് നമ്മള്‍തന്നെയാകുമ്പോള്‍ നാമാരെയാണ് ഈ നാട്ടില്‍ രക്ഷയില്ലെന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നത്? പേടിപ്പെടുത്തുന്ന സാമൂഹികാന്തരീക്ഷമുള്ളിടത്തുനിന്നു രക്ഷപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? പഠിച്ചുപഠിച്ചു മൂന്നു ലോകവും കീഴടക്കിയാലും മനുഷ്യരായി ജീവിക്കാനും ഒരു സമഷ്ടിഭാവത്തില്‍ തോളോടുതോള്‍ ചേര്‍ന്നു കാമ്പസുകളിലും തുടര്‍ന്ന് സമൂഹത്തിലും വര്‍ത്തിക്കാനുമാകുന്നില്ലെങ്കില്‍ നിരക്ഷരരെക്കാളും നികൃഷ്ടരാണെന്നു പറയേണ്ടിവരും. 
മൗനം മനഃസാക്ഷിയോടുള്ള വഞ്ചനയാണെന്ന് അറിയുക; സമൂഹത്തെ മൗനത്തിലേക്കു നയിക്കുന്ന 'കഴുകന്മാരും' ഒരു നിമിഷം ജീവന്റെ വിലയെക്കുറിച്ചു ചിന്തിക്കണം. മനുഷ്യരെക്കാള്‍ വലിയ പഠനശാഖയൊന്നുമില്ല. മനുഷ്യത്വത്തെക്കാള്‍ വലിയ സിലബസുമില്ല. ആകാശയാത്രകളും ആഴക്കടല്‍ പര്യവേക്ഷണവും വന്യമൃഗസ്‌നേഹവും മനുഷ്യരെ മറന്നുള്ളതാകാന്‍ പാടില്ല. നീതി പുറംതള്ളാന്‍ പാടില്ല, നന്മയില്‍ ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെന്തിന് തിന്മയില്‍ അടിപിടികൂടി മരിക്കുന്നു? ജ്ഞാനമേറെ സമ്പാദിക്കാനോടുംമുമ്പ് ഒപ്പമോടുന്നവരും മനുഷ്യരാണെന്നോര്‍ക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)